ആരെന്തു വെട്ടിയാലും അരിശമോ അത്ഭുതമോ തോന്നതായിരിക്കുന്നു. ചിലർ മനസ്സിലാകാത്തതുകൊണ്ടു വെട്ടും. ചിലർ മനസ്സിലായെന്നു ധരിക്കുന്നതുകൊണ്ടു വെട്ടും. ഏറെ മുമ്പല്ല, എന്റെ ഒരു കുറിപ്പിൽ “ആറ്റുകാൽ ക്ഷേത്രത്തിൽ വെടി“ എന്നു കണ്ടപ്പോൾ എഡിറ്റർ “ആറ്റുകാൽ“ വെട്ടി. “ആറ്റുകാൽ“ ഒരു സംജ്ഞാനാമം ആണ്, കുറിപ്പിലെ ഒരു അർദ്ധവിരാമത്തിൽ പോലും അസഭ്യമില്ല എന്നു പറയാൻ ഇടയുണ്ടായില്ല. ആ സ്ഥാപനത്തിന്റെ കാര്യക്കാർ പേരു പൊക്കി തട്ടിക്കയറിയാലോ? തിബത്തിലെ ലാമമാർ ഉപയോഗിക്കുന്ന ഒരുതരം മണിയെപ്പറ്റി എഴുതിയപ്പോൾ അതിന്റെ പേരു പറഞ്ഞുപോയി: “ഓം മണി“. എഡിറ്റർ ഓം മണിയെ വെറും മണിയാക്കി ശുദ്ധീകരിച്ചു. തെളിമ പോകാം, സാരമില്ല. അങ്ങുമിങ്ങും തൊടാതെ പറഞ്ഞാൽ ആർക്കും സൊല്ലയില്ലല്ലോ.
ചില ടെലിവിഷൻ ചാനലുകളിലും പത്രങ്ങളിലും ഇപ്പോഴും ഒരു കുരു അളിയുന്നതു കാണാം. മുങ്ങിച്ചാകാൻ പോയ ഒരാളെ കര കയറ്റി
മിംസിൽ പ്രവേശിപ്പിച്ച കാര്യം റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ, മിംസ് എന്നു പറയില്ല; “സ്വകാര്യ ആസ്പത്രി” എന്നേ പറയൂ. ആർക്കും ചികിത്സ തേടാവുന്ന ഒരു സ്ഥാപനം സ്വകാര്യമാവുന്നതെങ്ങനെ? വാസ്തവത്തിൽ സർക്കാരിന്റേതല്ലാത്തതെന്നേ വിവക്ഷയുള്ളു. ഊരും പേരും പറഞ്ഞാൽ, അവിടെ കേറിച്ചെല്ലേണ്ടവർക്ക് ഉപകാരമാകും, ആശയവിനിമയത്തിന് വ്യക്തത എന്ന കാവ്യഗുണം ഉണ്ടാകും എന്ന വാദമൊന്നും ഏശില്ല. സർക്കാർവഴക്കത്തിലുള്ള നാമധർമ്മം തന്നെ ഇന്നും ആചാരം.
ആകാശവാണി തുടക്കത്തിൽ ഇറക്കിയതാണ് സർക്കാർ നാമധർമ്മം. സ്വകാര്യസംരംഭത്തിന്റെ വാർത്ത കൊടുക്കാൻ പാടില്ലെന്നു മാത്രമല്ല, പേരു പോലും ഉച്ചരിച്ചുകൂട. ഒന്നിന്റെ പേരു പറഞ്ഞാൽ മറ്റൊന്നിന്റെയും പേരു പറഞ്ഞില്ലെങ്കിൽ, പക്ഷഭേദം എന്ന ആരോപണമാകും. അതുകൊണ്ട് സർക്കാരേതരമാണെങ്കിൽ പേരേ പറയേണ്ട. പേരെങ്ങാനും പറഞ്ഞുപോയാൽ, വാണിജ്യപരമായ പരസ്യമായാലോ എന്നായിരുന്നു പേടി. ഇന്നും അതു തീർന്നിട്ടില്ല. വാർത്ത അരിച്ചെടുത്തുവെക്കുമ്പോൾ, സ്വകാര്യനാമം ഒന്നൊഴിയാതെ വെട്ടിക്കളയാൻ എഡിറ്റർ ശ്രദ്ധിക്കണം. കണ്ണൊന്നു തെറ്റി, വേണ്ടാത്ത വാക്ക് ഒന്നു പറഞ്ഞു പോയാൽ, പ്രക്ഷേപണധർമ്മം ലംഘിച്ചെന്ന മുറവിളിയുമായി സഹപ്രവർത്തകർ കള്ളപ്പേരിൽ കത്തെഴുതുകയായി. അങ്ങനെ തലങ്ങും വിലങ്ങും സംജ്ഞാനാമങ്ങൾ വെട്ടി ശീലിച്ച എനിക്ക് ആരെന്തു വെട്ടിക്കണ്ടാലും കുലുക്കമില്ലാതായിരിക്കുന്നു.
എന്തും പരസ്യമാകാം. മാനനഷ്ടമാകാം. പ്രകോപനമാകാം. ആനുകൂല്യമാകാം. അങ്ങനെയാകാവുന്നതൊന്നും പറഞ്ഞുകൂടെന്ന മാനുവൽ മുറുകെപ്പിടിച്ചാൽ പിന്നെ പ്രസക്തിയുള്ളതൊന്നും പറയാൻ പറ്റില്ലെന്നുവരുമെന്നാവും യുക്തി. സംഭവിക്കുന്നതോ മറിച്ചും. പത്രത്തിന്റെ ഒരു ഭാഗം വിലക്കെടുത്ത്, അതിൽ ഇഷ്ടമുള്ള വർത്തമാനം എഴുതിച്ചേർക്കുന്നതാണ് പുതിയൊരു വിപണനതന്ത്രം. അതിനെക്കാൾ പുതിയതാണ് പത്രത്തിന്റെ ഒരു ഭാഗവും വിലക്കെടുക്കാതെ, അതിന്റെ ഏതു ഭാഗത്തും അതിലെ ലേഖകന്മാരെക്കൊണ്ടുതന്നെ പ്രതിഫലം നൽകുന്ന ആൾക്കു വേണ്ടത് എഴുതിപ്പിക്കുന്ന വേല. അവിടെ എഡിറ്റർ ഒന്നും വെട്ടുകയില്ല. പണം വന്നാൽ, എഡിറ്ററുടെ മേലെയും പറക്കും.
പരസ്യം എത്രയാകാം, വാർത്ത എത്രയാകാം എന്നൊരു അംശബന്ധം പണ്ടുണ്ടായിരുന്നു. എല്ലാ അലിഖിതനിയങ്ങളെയും പോലെ, അതും മാറി, മറന്നു. കൊള്ളാത്തതെന്നു തോന്നുന്ന പരസ്യം വെട്ടാനും എഡിറ്റർമാർ മുതിർന്നിരുന്നതിന്റെ കഥകൾ ഓർക്കുന്നു. ഞാൻ ഇറക്കിയ ഒരു വിശേഷാൽ പ്രതിയിൽ അമിതോദാരമായി പരസ്യം ചെയ്യാൻ തയ്യാറായ ഒരു വ്യവസായിയുടെ ഉല്പന്നം എന്താണെന്നു നോക്കാൻ കൌതുകം തോന്നി. ഒരു സർവരോഗഹരൌഷധമായിരുന്നു പുള്ളിക്കാരന്റെ പൊടിക്കൈ. പാതി വായനയിൽ മനസ്സിലായി, ഇതാ വെള്ളം ചേർക്കാത്ത നുണ. പണം പോയാലും അതു വേണ്ടെന്നു ഞാൻ നിശ്ചയിച്ചു. അതു വേണമെന്നു നിർബ്ബന്ധമുണ്ടായിരുന്ന ജനറൽ മാനേജരുമായി സൌഹൃദം തകർക്കുന്ന മട്ടിൽ ശണ്ഠ കൂടുകയും ചെയ്തു. ഇന്ന് അങ്ങനെ ഒരു ശണ്ഠ ഉണ്ടാവില്ല. പരസ്യം എല്ലാവർക്കും പഥ്യമായിരിക്കുന്നു. നുണ വെട്ടിക്കളയാൻ അതിജീവനശേഷിയുള്ള എഡിറ്റർ ഒരുമ്പെടുകയില്ല. വാർത്തയിൽ വരുന്ന ചില സംജ്ഞാനാമങ്ങൾ വെട്ടിമാറ്റാനേ എഡിറ്റർക്ക് അധികാരവും താല്പര്യവും ഉള്ളു.
സദാചാരഭ്രമവും അധികാരമോഹവും രോഗമാകുമ്പോൾ സമൂഹത്തിന്റെ വചനവും പെരുമാറ്റവും നിയന്ത്രിക്കാൻ നീക്കമുണ്ടാകും എന്നതാണ് ചരിത്രം. തന്റെ പേരു പറഞ്ഞ് ആളുകൾ ചിരിക്കുന്നുവെന്നു കേട്ടപ്പോൾ, സാംബിയയിലെ ഒരു ഭരണാധികാരി തന്റെ പേരിനു തന്നെ നിരോധനം ഏർപ്പെടുത്തി. കനാൻ ബനാന എന്നായിരുന്നു പേർ. പേരു പറയാതെ ചിരിച്ചാൽ എന്തു ചെയ്യണമെന്ന ചിന്ത ഏകാധിപത്യത്തിൽ ഉദിച്ചിരുന്നില്ല. ബനാനയുടെ ചുവടു പിടിച്ച് അടിയന്തരാവസ്ഥയിൽ ചിലർ “ഫെബ്രുവരി 29“ കണ്ടിടത്തെല്ലാം വെട്ടിക്കളഞ്ഞു. ചോ രാമസ്വാമി ഷാ കമ്മിഷനിൽ വെളിപ്പെടുത്തിയതാണ് വിവരം. അദ്ദേഹത്തിന്റെ പത്രമായ തുഗ്ലക്കിന്റെ ഒരു ലക്കം “ഫെബ്രുവരി 29ന് മൊറാർജി ദേശായിക്ക് ജന്മദിനാശംസകൾ” ആശംസിക്കുന്നതായിരുന്നു. ആ വാക്കുകൾ പല വട്ടം പല ക്രമത്തിൽ സെൻസർക്കു സമർപ്പിച്ചു. എല്ലാം വെട്ടിപ്പോയി. പിന്നെ വാക്കുകൾ കുറച്ചു; എന്നിട്ടും വെട്ടിപ്പോയി. ഒടുവിൽ വെറും “ഫെബ്രുവരി 29“ സമർപ്പിച്ചു. ബുദ്ധിമാനായ സെൻസർക്ക് അറിയാമായിരുന്നു അതിലെയും സൂത്രം. അങ്ങനെ ആ തീയതിയും എഴുതാൻ പാടില്ലെന്നു വിധി ഉണ്ടായി.
വയോധികനായ, താടിയും മുടിയും നീട്ടിയ, എ ഡി ഗോരേവാല എന്ന ഐസിഎസ്സുകാരൻ നടത്തിയിരുന്ന വാരികയിൽനിന്ന് ഭരണഘടനയിലെ മുഖവാക്യം പോലും നീക്കം ചെയ്തു എന്നു കേട്ടപ്പോൾ, ഒരിക്കലും ചിരിക്കാത്ത ജസ്റ്റിസ് ജെ സി ഷായുടെ ചുണ്ടിൽ ചിരി പടരുന്നുണ്ടായിരുന്നു. Opinion എന്ന ആ വാരികയിൽ ഭരണഘടന അച്ചടിച്ചതുകൊണ്ട് ആകാശം ഇടിഞ്ഞുവീഴുമായിരുന്നില്ല. പക്ഷേ അധികാരവും സാമൂഹ്യധർമ്മവും നിയന്ത്രിക്കാൻ അവകാശപ്പെട്ടവരെന്നു സ്വയം ധരിക്കുന്നവർക്ക് എന്തു കണ്ടാലും പേടിയാകും.
അതൊക്കെ ഓർത്തോർത്ത്, ആരും എന്തും വെട്ടിക്കളഞ്ഞാൽ എനിക്ക് അരിശമോ അത്ഭുതമോ തോന്നാതായിരിക്കുന്നു. നമുക്ക് നമ്മുടെ നിരോധനങ്ങൾ കൊണ്ടാടാം. നിരോധിച്ചാൽ നീങ്ങുന്നവയെല്ലാം നീങ്ങിപ്പോകട്ടെ. ധനവും നിരോധനവും കണ്ടും കേട്ടും കമന്റ് അടിക്കാൻ നിയമിക്കപ്പെട്ടിരുന്നവരായിരുന്നല്ലോ ബീർബലും നമ്പ്യാരും. അവരുടെ അടക്കിപ്പിടിച്ച ചിരി ആവാഹിച്ചെടുത്ത്, നമുക്ക് നമ്മുടെ നിഷേധങ്ങൾ ആഘോഷിക്കാം.
(thejas may six kalakshepam)
No comments:
Post a Comment