ആദ്യമേ അബു ഒരു പ്രശ്നമായിരുന്നു. അബു ആർ? മുസ്ലിമോ ക്രിസ്ത്യാനിയോ? രണ്ടായാലും ഒന്നു തന്നെയാണെങ്കിലും, പേരുവഴി അന്നൊക്കെ മതത്തിന്റെ വെവ്വേറെ എടുപ്പുകളിൽ എത്താമായിരുന്നു. മതത്തെ മറച്ചുവെക്കുകയോ മറിച്ചുകാണിക്കുകയോ ചെയ്യുന്നവയായിരുന്നില്ല അന്നത്തെ പേരുകൾ. അതുകൊണ്ട് അബു അബു അല്ല, അബ്രഹാം ആണ് എന്നു തർക്കിക്കാൻ അറിവുള്ള ആരെയും കണ്ടുമുട്ടിയിരുന്നുമില്ല. ഏതോ ഒരു ബ്രിട്ടിഷ് എഡിറ്റർ അബ്രഹാം അബ്രഹാമിനെ അബു അബ്രഹാമും പിന്നെ വെറും അബുവും ആക്കി മാർഗ്ഗം കൂട്ടുകയായിരുന്നുവെന്നു മനസ്സിലാക്കാൻ കുറെ കാലം വേണ്ടി വന്നു. ഇടക്കു പറയട്ടെ, ഒപ്പം ജോലി ചെയ്യുന്നവരുടെ പേരു മാറ്റുകയാണ് പല എഡിറ്റർമാരുടെ ഒരു വിനോദം. മറ്റൊന്നും മാറ്റാൻ വയ്യാത്ത നിലക്ക്, നിസ്സഹായരായ ചിലരുടെ പേരെങ്കിലും മാറ്റിയാൽ അതൊരു നേട്ടമാകും എന്നായിരിക്കും വിചാരം.
കുറുകിയും ചരിഞ്ഞും കാണപ്പെട്ട abu എന്ന ഇംഗ്ലിഷ് ത്ര്യക്ഷരി, എന്നെ സംബന്ധിച്ചിടത്തോളം, അരൂപിയായ എന്തിന്റെയോ നാമം ആയിരുന്നു ഏറെക്കാലം. നാമരൂപങ്ങളെ ബന്ധിപ്പിക്കുന്ന കൺഫ്യൂഷ്യസിന്റെ തലയും നീളം കുറഞ്ഞ ഉടലും ആദ്യമായി കണ്ടതാകട്ടെ, മൂന്നു മാനങ്ങളുള്ള വസ്തുവായിട്ടല്ല, വെറും നിഴൽ ആയിട്ടായിരുന്നു. ടെലിവിഷന്റെ വർണ്ണരാജി കറുപ്പിലും വെളുപ്പിലും ഒതുങ്ങിയിരുന്ന കാലത്ത്, ദൃശ്യപ്രക്ഷേപണം ദൂരദർശന്റെ സ്വന്തമായിരുന്ന കാലത്ത്, മറ്റുള്ളവരുടെ ആട്ടപ്രകാരം നോക്കിയും കോറിയിട്ടും ജീവിച്ചുപോന്ന അബു ഒരേ സമയം അവതാരകനും അഭിമുഖസംഭാഷകനും ആലേഖ്യകാരനും ആയി ഇളകിയാടി. കേളി കേട്ട ചിലരുമായി--അവരിൽ അധികവും അധികാരം വിറ്റും വാങ്ങിയും ഉപജീവനം നടത്തിയിരുന്നവരായിരുന്നു--അബു നടത്തുന്ന സംസാർമായിരുന്നു പരിപാടി.
കസാലയിൽ ഞെളിഞ്ഞിരിക്കുന്ന അതിഥിയോട് കൺഫ്യൂഷ്യസ് എന്തെങ്കിലും കിന്നാരം പറഞ്ഞുകൊണ്ടിരിക്കും. കർണ്ണന്റെ കവചം പോലെ ഉരിയാൻ വയ്യാത്ത കുർത്ത തന്നെയായിരിക്കും വേഷം. ചിലപ്പോൾ നീണ്ട മറുപടി വേണ്ട ചോദ്യമായിരിക്കും ചോദിക്കുക. ചിലപ്പോൾ ഉത്തരമായി മൌനം മതിയാകും. ചോദ്യം കേട്ട് അതിഥി മറുപടിയിലേക്ക് വഴുതി വീഴുമ്പോൾ, കൺഫ്യൂഷ്യസ് മൂലയിൽ വെച്ചിട്ടുള്ള ബ്ലാക് ബോർഡിനടുത്തേക്കു നീങ്ങും. പിന്നെ മൂന്നു കാലിൽ നിൽക്കുന്ന ആ കറുത്ത പലകയിൽ വെളുത്ത വരകൾ തെളിയാൻ തുടങ്ങുകയായി. മൂന്നു നാലു വരയാകുമ്പോഴേക്കും ഇല്ലായ്മയിൽനിന്ന് ഒരു രൂപം പുറപ്പെട്ടുവരും. നെറ്റി ചുളിക്കുകയോ മുഖം
കൂർപ്പിക്കുകയോ ഓട്ടക്കണ്ണിട്ടു നോക്കുകയോ ചെയ്യുന്ന അതിഥിയുടെ രൂപം. സംസാരത്തിനിടയിൽ അതിഥിയിൽ വരുന്ന ഭാവഭേദമാകും ചിത്രത്തിന്റെ സാരം.
ഓരോ വര കോറുന്നതിനിടയിലും അവതാരകൻ ബോർഡിനും അതിഥിക്കുമിടയിൽ സാവധാനം നീങ്ങിക്കൊണ്ടിരിക്കും--ചോദ്യവും വിശദീകരണവും മയത്തിലുള്ള നിരീക്ഷണവുമായി. രൂപത്തിന്റെ ആവിർഭാവം ഒരിക്കലും ഒറ്റയടിക്കായിരുന്നില്ല. ഓരോ വരക്കിടയിലും ഒരുപാട് വാക്കുകൾ മുഴങ്ങി. വാക്കും വരയും കലർന്ന ആ പരിപാടിക്ക് പതിവില്ലാത്ത ഒരു തരം പക്വതയും പൂർണ്ണതയും ഉണ്ടായിരുന്നു. നിർമ്മാണത്തിലെ ഭാവന പോലെ അവതരണത്തിലെ അനായാസതയും അബുവിന്റെ പരിപാടിയെ പൊലിപ്പിച്ചു. അങ്ങനെയൊന്ന് പിന്നീട് കണാനിടയായിട്ടില്ല. അബുവിനെപ്പോലൊരാളെയും എവിടെയും എപ്പോഴും കാണാറില്ലല്ലോ.
നാളികേരപാകത്തിലുള്ള നാടൻ കൃഷിക്കാരനെ നായകനാക്കി അര നൂറ്റാണ്ടോളം ചിത്രം വരച്ച അബുവിനെ ഇന്ത്യൻ എക്സ്പ്രസ്സിന്റെ ആപ്പീസ്സിൽ നേരിൽ കണ്ടപ്പോൾ, പ്രതിഭയുടെ രൂപം ഇത്ര സാധാരണവും സമീപവുമാകാമല്ലോ എന്ന് ഞാൻ അത്ഭുതപ്പെട്ടു.
സർഗ്ഗാത്മകതയും നർമ്മബോധവും ദിവസവും തെളിയിക്കാൻ നിയോഗിക്കപ്പെടുന്നവരാണ് പത്രങ്ങളിലെ കാർട്ടൂണിസ്റ്റുകൾ. കാർട്ടൂൺ വരക്കുന്നവർ ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യണം എന്നാണ് നിർവചനമെങ്കിൽ അബുവിനെ ഉൾപ്പെടുത്താൻ വേറെ വർഗ്ഗം കാണേണ്ടിവരും. അദ്ദേഹം എപ്പോഴെങ്കിലും ചിരിച്ചിരുന്നോ എന്നെനിക്കറിയില്ല. അദ്ദേഹത്തിന്റെ ചിത്രങ്ങൾ--ഹാസ്യചിത്രങ്ങൾ?--പൊള്ളച്ചിരിക്കു വക നൽകിയിരുന്നില്ലെന്നു മാത്രം അറിയാം.
ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഡൽഹി ബ്യൂറോയിൽ കടന്നുവന്ന കൺഫ്യൂഷ്യസിന്റെ വായിൽ പൈപ്പും കയ്യിൽ വലിയ കടലാസ്സിൽ വരച്ചുകൊണ്ടിരുന്ന ചിത്രവും ഉണ്ടായിരുന്നു. അതിനെപ്പറ്റി അഭിപ്രായം ആരായാനായിരുന്നു വരവ്. വാർത്ത ഭക്ഷണവും പാനീയവുമാക്കി ജീവിക്കുന്ന ആരെയും അടുത്തു കിട്ടിയാൽ അബു തന്റെ വരകളിലൂടെ തെളിയുകയും ഒളിയുകയും ചെയ്യുന്ന രാഷ്ട്രീയയാഥാർഥ്യത്തെപ്പറ്റി സംസാരിക്കും. സ്വാഭാവികമായും ബ്യൂറോ ചീഫ് ആയിരുന്ന എച് കെ ദുവ ആയിരുന്നു ആദ്യം അഭിപ്രായം പറയാനുള്ള അവകാശവും ആഗ്രഹവും വിനിയോഗിക്കുക. ഒരു ആചാരം പോലെ ചിരിച്ചിരുന്ന ദുവ പിന്നെ അധികാരത്തിന്റെ പടികൾ കയറിക്കയറിപ്പോയി. എ എൻ ദർ എന്ന സൌമ്യനായ മനുഷ്യൻ, തഴയപ്പെട്ടു കഴിഞ്ഞിരുന്നപ്പോഴും, സൌമ്യമായി അബുവിന്റെ കൃതിയെപ്പറ്റി രണ്ടോ രണ്ടരയോ വാക്ക് ഉച്ചരിച്ചു. അബു അത് പ്രത്യേകശ്രദ്ധയോടെ കേൾക്കുന്നതുപോലെ തോന്നി. വായനയും വ്യാകരണവും തമാശയും ദൌർബ്ബല്യമായിരുന്ന അസീം ചൌധരിയുടെ അഭിപ്രായത്തിനുവേണ്ടിയും അബു കാത്തുനിന്നു. അസീം എങ്ങോട്ടും ഉയരാതെ, എന്നും ഏകാകിയായി കഴിഞ്ഞു. കുൽദീപ് നയ്യാർ മുറിയിൽ ഉള്ള നേരമാണെങ്കിൽ, പുറത്തുവന്ന് കൊള്ളാമെന്നു പറയും. എന്റെ അഭിപ്രായത്തിന് പ്രസക്തി ഉണ്ടായിരുന്നില്ല.
പിന്നെ ഞാൻ അബുവിനെ കാണുന്നത് തിരുവനന്തപുരത്ത് എനിക്കുവേണ്ടി സ്നേഹിതന്മാർ ഒരുക്കിയ ഒരു സൽക്കാരത്തിൽവെച്ചായിരുന്നു. വീണ്ടും കൺഫ്യൂഷ്യസിന്റെ ബിംബം എന്റെ ഓർമ്മയിൽ തള്ളിക്കയറി. കൺഫ്യൂഷ്യസ് വാക്കുകളിൽ കൂടുതൽ പിശുക്കനായിക്കഴിഞ്ഞിരുന്നോ എന്നു തോന്നി. പഴയ അവ്യക്തമായ പരിചയം, അവ്യകതമായ ഭാഷയിൽ, കൂടുതൽ അവ്യക്തമായിക്കൊണ്ടിരുന്ന സായാഹ്നത്തിൽ, ഒരു ക്ലബ്ബിലെ ലഹരി മുറ്റിയ ഉദ്യാനത്തിൽവെച്ചു പങ്കിട്ടു. ഹാസ്യചിത്രകാരൻ അതിനകം എഴുത്തുകാരനായി മാറിയിരുന്നു. അതിനെക്കാൾ പ്രധാനമായി ഞാൻ കണ്ടത് അബു സ്വന്തമാക്കിയ വീടിന്റെ ഭംഗിയായിരുന്നു. തിരുവനന്തപുരത്ത് താമസമാക്കാൻ തീരുമാനിച്ചപ്പോൾ, അബു വേറൊന്നു കൂടി തീരുമാനിച്ചിരുന്നു: തന്റെ വീടിന് തന്റെ ചിത്രങ്ങളോളം തനിമ ഉണ്ടായിരിക്കണം. ഗോൾഫ് ലിങ്ക്‌സിൽ ലാറി ബേക്കർ നിർമ്മിച്ച അബുവിന്റെ വീട് ഭൂമിയുടെ അടയാളമായി.
ആ വീട്ടിൽ ആദ്യം പോയത് ഞാൻ ഏഷ്യാനെറ്റിൽ നടത്തിയിരുന്ന കാഴ്ചവട്ടം എന്ന അഭിമുഖപരിപാടിയിൽ അബു പങ്കെടുക്കാൻ തയ്യാറാകുമോ എന്നറിയാനായിരുന്നു. അബു മടി കൂടാതെ, പക്ഷേ ആവേശമില്ലാതെ, തയ്യാറായി. എത്ര പേർ തന്നെ ഇന്റർവ്യൂ ചെയ്തിരിക്കുന്നു! എത്ര പേരെ താൻ ഇന്റർവ്യൂ ചെയ്തിരിക്കുന്നു! പിന്നെ എന്ത് ആവേശം? ഇന്റർവ്യൂ പതിവുപോലെ പോയി. ചോദ്യങ്ങൾ. ഉത്തരങ്ങൾ. വീണ്ടും ചോദ്യോത്തരങ്ങൾ. മൌനങ്ങൾ. ആയിരം തവണ പറഞ്ഞുപോയ കാര്യങ്ങൾ. അബുവിന്റെ വര കണ്ട് മുറിവേറ്റവരുടെ പരാതികൾ. അങ്ങനെ അധികമാരും മുറിവേറ്റിരുന്നില്ല. കണ്ടവരെയൊക്കെ മുറിവേറ്റി രസിക്കുന്ന കാർട്ടൂണിസ്റ്റ് സാഡിസമായിരുന്നില്ല അബുവിന്റെ കൃതികളുടെ സ്ഥായീഭാവം. വിമർശിക്കപ്പെടുന്നവർക്കും, കാര്യങ്ങളെ വേറൊരു വഴിക്കും കാണാമല്ലോ എന്ന് ഒരേ സമയം സരസമായും ഗംഭീരമായും തോന്നിപ്പിക്കുന്നതായിരുന്നു അബുവിന്റെ വഴി. എന്നിട്ടും അടിയന്തരാവസ്ഥയിൽ ആരൊക്കെയോ മുഷിഞ്ഞു. അതാണല്ലോ അടിയന്തരാവസ്ഥ. ആ അവസ്ഥയിൽ മനുഷ്യർ ചിരിക്കാനോ മോങ്ങാനോ പാടില്ല. അങ്ങനെ--ഏകാധിപത്യത്തിൽ ആളുകൾ ചിരിക്കാറില്ല എന്ന്--പറഞ്ഞുകൊണ്ട് തന്റെ ഹാസ്യവാരിക അടച്ചിട്ടതും ഒരു മലയാളി തന്നെ: ശങ്കർ.
കാഴ്ചവട്ടത്തിലെ സംസാരത്തിനിടയിൽ അബു കയ്യിൽ കിട്ടിയ കടലാസിൽ തലങ്ങും വിലങ്ങും കോറുന്നതു കണ്ടു. ആ വരകൾ ഞാനായി. അടിയിൽ മൂന്നക്ഷരത്തിൽ ഒപ്പിട്ട് അത് എനിക്കു തരുമ്പോൾ അബു പറഞ്ഞു: “ബി ബി സിയിൽ പരിപാടിക്കു വിളിക്കുമ്പോൾ, അവർ എനിക്ക് രണ്ടോ മൂന്നോ സ്കോച്ച് തരും. ഇവിടെ....?” ഇവിടെയും അതു വേണ്ടതാണെന്നും കൂട്ടിന് ഞാനും കൂടാമെന്നും ശശികുമാറിനോടു പറയാമെന്നായി ഞാൻ. പറയാൻ ഇട വന്നില്ല. അതിനിടെ ശശികുമാർ ഏഷ്യാനെറ്റ് വിട്ടു. കാഴ്ചവട്ടം നിൽക്കുകയും ചെയ്തു.
അബുവുമായുള്ള സംസാരമായിരുന്നു ആ പരിപാടിയിലെ അവസാനത്തെ ഇനം. അബു ആർക്കെങ്കിലും ഇരുന്നുകൊടുത്ത അവസാനത്തെ ഇന്റർവ്യൂവും അതായിരുന്നു. നാലാഴ്ച കഴിഞ്ഞ് പ്രക്ഷേപണം നടന്നപ്പോൾ, എന്റെ ഫോണിൽ ആദ്യമായി അബുവിന്റെ ശബ്ദം കേട്ടു. ആ പരിപാടിയുടെ സിഡി കിട്ടാൻ വഴിയുണ്ടോ എന്നായിരുന്നു അന്വേഷണം. തന്റെ മുഖം കാണ്ടും കേട്ടും കൌതുകം തീരാഞ്ഞിട്ടല്ല. എത്രയോ തവണ എത്രയോ പേർ ഇന്റർവ്യു തന്നെ ഇന്റർവ്യൂ ചെയ്തിരിക്കുന്നു! എന്നാലും ഞാനുമായുള്ള സംസാരം കണ്ടപ്പോൾ വേറിട്ട ഒരു അനുഭവം ഉണ്ടായെന്ന് അബുവിന്റെ മകൾ എവിടെനിന്നോ വിളിച്ചു പറഞ്ഞുവത്രേ. അദ്ദേഹമോ ഞാനോ അതു കണ്ടിരുന്നില്ല. അതൊന്ന് കാണാൻ തരപ്പെടുമോ?
തരപ്പെട്ടില്ല. ഒന്നു രണ്ടു തവണ പരിപാടിയുടെ സിഡി സംഘടിപ്പിക്കാൻ ആരെയെല്ലാമോ വിളിച്ചതോർക്കുന്നു. പിന്നി വിളിക്കാൻ പോലും ഓർത്തില്ല. കൌതുകം വേറെ വഴികളിലൂടെ നീങ്ങുകയായിരുന്നു. അബുവുമായുള്ള ബന്ധവും സ്ഥലത്തിന്റെ അകലത്തിൽ മുറിഞ്ഞുപോയി. തേടിപ്പിടിച്ചുകൊടുക്കാൻ പറ്റാതെ പോയ ആ സിഡിയുടെ ഓർമ്മ, യാഥാർത്ഥ്യത്തിന്റെ വികലീകൃതമായ കാർട്ടൂൺ പോലെ ഇന്നും എന്നെ അലോസരപ്പെടുത്തുന്നു.
(for ratnakaran's book: may five)
No comments:
Post a Comment