എന്റെ പേരിൽ പത്രാധിപർക്കുള്ള ആദ്യത്തെ കത്ത് അച്ചടിച്ചുവന്നത് കഴിഞ്ഞയാഴച ആയിരുന്നു. പേർ അച്ചടിച്ചുകാണാൻ മോഹിച്ചിരുന്ന കാലത്ത് ഒന്നോ രണ്ടോ വെളിച്ചം കണ്ടിരുന്നോ? ഓർമ്മയില്ല. കത്തെഴുതിയിട്ടില്ലെന്നല്ല. കത്തുകൾക്കുവേണ്ടി നീക്കിവെച്ച സ്ഥലം നിറക്കാൻ സാധനം തികയാതെ വരുമ്പോൾ, നിരുപദ്രവമായ ‘കൃതികൾ‘ ആ വകയിൽ രചിച്ചിട്ടുണ്ട്, പല പേരുകളിൽ. അത് ഒരു മുറയാക്കി, ചില സഹപ്രവർത്തകരും പേരു മറച്ച് ക്രിയ തുടങ്ങിയപ്പോൾ, പത്രാധിപർക്കുള്ള കത്തുകൾ പത്രാധിപർ തന്നെ എഴുതുന്നത് നിരോധിക്കേണ്ടിവന്നു.
ഒരു വാരികയായിരുന്നു വേദി. അതാത് ആഴ്ചയിലെ കഥകളുടെ ചൂട് ആറും മുമ്പ്, അടുത്തയാഴ്ച അവയെപ്പറ്റി വായനക്കാരുടെ അഭിപ്രായം വരുകയായി. ദൂരവും കാലവും കണക്കാക്കിനോക്കിയപ്പോൾ, കഥ വരും മുമ്പ് വായനക്കാരുടെ അഭിപ്രായം കിട്ടിയാലേ അത്ര വേഗം അത് അച്ചടിച്ചിറക്കാൻ കഴിയുമായിരുന്നുള്ളു. അപ്പോൾ ആ അഭിപ്രായം വായനക്കാരൻ എഴുതിയതാവില്ല. പിന്നെ? അങ്ങനെ എഴുത്തുകാരനോ എഡിറ്ററോ അഭിപ്രായക്കാരൻ കൂടിയായി വേഷം കെട്ടിയാൽ രാവും പകലും തിരിച്ചറിയാതാവും. ഇർവിഗ് വാലസിന്റെ ഒരു നോവലിൽ മേൽക്കൈ നേടാൻ വേണ്ടി, അടിക്കടി പ്രത്യേകവാർത്ത ഉണ്ടാക്കുന്ന ഒരു ഭീകരസംഘത്തെ എഡിറ്റർ തന്നെ രഹസ്യമായി പോറ്റിവളർത്തിയിരുന്ന കാര്യം ഓർത്തു. ഏതായാലും എനിക്കു ചുമതല ഉള്ളിടത്തോളം, പത്രാധിപസംഘത്തിലെ ആരും, എന്താവശ്യത്തിനും, ഞാനറിയാതെ വായനക്കാരുടെ കത്തുകൾ എഴുതിപ്പിടിപ്പിക്കുന്നത് വിലക്കി. .
വായനക്കാരുടെ കത്തുകളുടെ പേരിൽ, മുഖപ്രസംഗം കാരണമല്ല എന്ന് ഓർക്കണം, പണ്ട് സ്റ്റേറ്റ്സ്മാൻ എഡിറ്റർ പ്രാൺ ചോപ്രയുടെ ജോലി പോയി. ആ പത്രത്തിന്റെ ആദ്യത്തെ ഇന്ത്യൻ മുഖ്യപത്രാധിപരായിരുന്നു പ്രാൺ. കമ്യൂണിസത്തോട് പ്രത്യേകപ്രതിപത്തിയൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നിട്ടും അന്നത്തെ ബംഗാളിലെ കമ്യൂണിസ്റ്റ് സർക്കാരിനെ അനുകൂലിക്കുന്ന കുറെ കത്തുകൾ വായനക്കാരുടെ പംക്തിയിൽ പ്രത്യക്ഷപ്പെട്ടു. പ്രാൺ ചോപ്രയെ പാര വെക്കാൻ തക്കം പാർത്തിരുന്ന പാഴ്സിമേധാവികൾ ചുവന്ന വായനക്കാരെ കരുവാക്കി.
സ്റ്റേറ്റ്സ്മാനിലും ടൈംസ് ഒഫ് ഇന്ത്യയിലും ഒരു കാലത്ത് വായനക്കാരുടെ പംക്തി സജീവമായിരുന്നു.. ചില്ലറ നാട്ടുപരാതികളല്ല,, ഗഹനമായ ദേശീയ-വിദേശീയപ്രശ്നങ്ങൾ അവിടെ ചർച്ച ചെയ്യപ്പെട്ടു. പ്രധാനലേഖനങ്ങളോളമോ അതിലുമേറെയോ പ്രാധാന്യമുള്ളവയായി രുന്നു വായനക്കാരുടെ നീണ്ട കത്തുകൾ. എഴുതിയിരുന്നവരോ , പ്രശസ്തരും.. മുഖ്യലേഖനത്തിന്റെ അടിയിലേ വരൂ എന്നു കരുതേണ്ട പേരുകൾ വായനക്കാരുടെ കത്തുകളുടെ അടിയിൽ കാണാറായി.. എഴുത്തുകാർക്ക് വായനക്കാരുമാകാം എന്ന നില വന്നു. ചർച്ച കൊഴുത്തു, ചൂടു പിടിച്ചു. അതുകണ്ട് അരിശം--ഒരു പക്ഷേ അസൂയയും--മൂത്ത്, പേട്രിയട് പത്രാധിപർ എടത്തട്ട നാരായണൻ തന്റെ പംക്തിയിൽ പുതിയ മന്ത്രിസഭ ഉണ്ടാക്കാനുള്ള ഫോർമുല നിർദ്ദേശിച്ചു. അതിൽ ആചാര്യ കൃപലാനിക്ക് നീക്കിയിട്ട ചുമതല “പത്രാധിപർക്കുള്ള വായനക്കാരുടെ കത്തുകളു”ടേതായിരുന്നു.. Minister for Letters to Editor എന്ന അപൂർവപദവി. മൂരാച്ചി എന്ന് സഖാക്കൾ മുദ്ര കുത്തിയിരുന്ന, വയോധികനും അധികാരത്തോട് ഇടം തിരിഞ്ഞുനിന്നിരുന്ന പണ്ഡിതനുമായിരുന്ന കൃപലാനി ആയിടെ വായനക്കാരുടെ പംക്തിയിൽ കൂടെക്കൂടെ വരാറുണ്ടായിരുന്നു.
കൃപലാനിയെപ്പോലെയല്ലാത്ത വായനക്കാർ എഡിറ്ററെ സുഖിപ്പിക്കാൻ പല വഴികളും കണ്ടെത്തും. എഡിറ്റർക്കു രസിക്കാവുന്ന ചൂടുള്ള വിഷയം അവതരിപ്പിക്കുക. മറ്റു വായനക്കാരും വ്യാഖ്യാതാക്കളും കയറിയിറങ്ങി കുളമാക്കും മുമ്പ് ആടിയിറങ്ങുക. കണ്ടാൽ കഠോരമെന്നു തോന്നാത്ത രീതിയിൽ എഴുതുക. കത്തായാലും കമനീയമാകണം എന്നത്രേ പത്രപ്രമാണം. വെട്ടാൻ വേണ്ടത്ര വാക്യങ്ങൾ എഴുതിച്ചേർക്കുക. പിന്നെ പത്രാധിപരെ കിളത്തുന്ന വാക്കുകൊണ്ട് സംബോധന ചെയ്യുക.
രാജാവിനോടുള്ളതിനെക്കാൾ അല്പം കുറയും കത്തെഴുതുന്ന വായനക്കാരന് പത്രാധിപരോടുള്ള മതിപ്പ്. ആ സംബോധന കേട്ടു മടുത്ത്, നാഷണൽ ഹെരാൾഡിന്റെ പത്രാധിപർ ചലപതി റാവു വായനക്കാർക്ക് ഒരു കത്തെഴുതി. ജവാഹർ ലാൽ നെഹ്രുവിന്റെ പത്രമായിരുന്നു ആദ്യം ലഖ്നവിൽനിന്നു പുറപ്പെട്ടിരുന്ന നാഷണൽ ഹെരാൾഡ്. പിന്നെ അത് ഡൽഹിയിൽനിന്ന് തുടങ്ങി. അതിന്റെ ഉദ്ഘാടനവേളയിൽ, “വായനക്കാർക്കുള്ള പത്രാധിപരുടെ കത്തി“ൽ ചലപതി റാവു എഴുതി: “എന്നെ കിളത്താൻ നോക്കണ്ട. എനിക്ക് എന്നെപ്പറ്റി നല്ല മതിപ്പുണ്ട്. നിങ്ങൾക്ക് നിങ്ങളോടുള്ള മതിപ്പ് വായനക്കാരുടെ കത്തുകളിൽ തെളിയട്ടെ.” അതൊന്നും തെളിഞ്ഞില്ല. കോൺഗ്രസ് സംസ്ക്കാരം പൊലിഞ്ഞപ്പോൾ, വായനക്കാരും പത്രാധിപരും ഉടമസ്ഥനുമില്ലാതെ നെഹ്രുവിന്റെ പത്രം പൂട്ടി.
വായനക്കാരുടെ പംക്തിയിൽ തങ്ങളുടെ ചിന്തകൾ—ഒന്നുമില്ലെങ്കിൽ പേരെങ്കിലും-- അടിക്കടി അച്ചടിച്ചുവരാത്തതിനെപ്പറ്റിയുള്ള വിചാരങ്ങളും വ്യാഖ്യാനങ്ങളും നാം ഏറെ കേട്ടിരിക്കുന്നു. പത്രാധിപരുടെ ആശയപരമായ പിന്തിരിപ്പത്തമോ അദ്ദേഹത്തിന്റെ ആപ്പീസ്സിൽ ധീരനും പണ്ഡിതനുമായ വയനക്കാരനെതിരെ നടക്കുന്ന ഗൂഢാലോചനയോ ചില കത്തുകൾ വെളിച്ചം കാണാത്തതിനു കാരണമായി രിക്കാം. അതിനെ മറി കടക്കാൻ ചില വേന്ദ്രന്മാർ ബന്ധപ്പെട്ട അസിസ്റ്റന്റ് എഡിറ്ററെ എങ്ങനെ സ്വാധീനിക്കാം എന്ന് അന്വേഷിക്കുന്ന കാലം ഉണ്ടായിരുന്നു. പലപ്പോഴും എവിടെയെങ്കിലും ഒതുക്കണം എന്ന് എഡിറ്റർ നിശ്ചയിക്കുന്ന ആൾക്കായിരിക്കും വായനക്കാരുടെ കത്തുകളുടെ ചുമതല.
ആ ചുമതല കാര്യമായി എടുത്തിരുന്നു ചില അസിസ്റ്റന്റ് എഡിറ്റർമാർ. പ്രാൺ ചോപ്രയെ വീഴ്ത്തിയ കത്തുകൾ തിരഞ്ഞെടുതിരുന്നത് അങ്ങനെ തഴയപ്പെട്ട ഒരു അസിസ്റ്റന്റ് എഡിറ്റർ ആയിരുന്നോ എന്നറിയില്ല. വാക്കുകളും ചിന്തകളും അമ്മാനമാടിയിരുന്ന സി പി രാമചന്ദ്രൻ ഹിന്ദുസ്ഥാൻ ടൈംസിൽ ആ ചുമതല വഹിച്ചിരുന്നു കുറെ കാലം. ധിഷണാപർമായ അർഹത മറ്റാരെക്കാളും ഉണ്ടായിരുന്നിട്ടും അദ്ദേഹം അതിനെക്കാൾ ഉയർന്നില്ലെന്നത് വേറെ കാര്യം. ഇന്ത്യൻ എക്സ്പ്രസ്സിൽ എന്റെ സഹപ്രവർത്തകനായിരുന്ന കത്തുകളെ മാത്രമല്ല അതെഴുതിയിരുന്നവരെയും തികഞ്ഞ ഗൌരവത്തോടെ കണ്ടിരുന്നു. വായനക്കാരുടെ സാഹിത്യമാണെങ്കിലും വള്ളി-പുള്ളി-വിസർഗ്ഗം തെറ്റാതെ വരണമെന്ന് അസിമിന് നിർബ്ബന്ധമായിരുന്നു.
അദ്ദേഹത്തിന്റെ ക്യാബിനിൽ സന്ദർശനത്തിനെത്തുന്നവരിൽ അധികവും “എഴുതുന്ന“ വായനക്കാരായിരുന്നു.. ബദലൂ റാം ഗുപ്ത, പ്രഫുൽ ഗൊരാഡിയ തുടങ്ങിയ നിത്യന്മാർ അവരിൽ പെടും. ഏതു വിഷയവും അവർ കൈകാര്യം ചെയ്യും, തികഞ്ഞ വൈദഗ്ധ്യത്തോടെ. തഴയാൻ വയ്യത്തതായിരുന്നു അവരുടെ കത്തുകൾ. വ്യവസായിയായ ഗൊരാഡിയ അച്ചടക്കമില്ലാത്ത എഴുത്തുകാരനായിരുന്നില്ല. അദ്ദേഹം തന്റെ കത്തുകളെല്ലാം സമാഹരിച്ച് ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിച്ചു. പ്രകാശനകർമ്മം ഉണ്ടായതായി ഓർക്കുന്നില്ല. അവിടവിടെ അതിന്റെ നിരൂപണം കണ്ടു.
കേരളത്തിൽ ഒരിടക്ക് പത്രാധിപർക്ക് കത്തുകളെഴുതി തല ഉയർത്തിനിന്നിരുന്നവരാണ് എസ് പി നായരും സി എ ജി മുളകുന്നത്തുകാവും മാഞ്ചുക്കുട്ടി മേനോനും. നായരുടെ കത്തുകൾ എന്റെ എഡിറ്ററായിരുന്ന എസ് കെ അനന്തരാമന്റെ മിത്രമായി മാറി. എളുപ്പത്തിൽ സൌഹൃദത്തിനു വഴങ്ങുന്ന ആളായിരുന്നില്ല എസ് കെ എ എന്നു പറഞ്ഞാൽ മതിയല്ലോ നായരുടെ പ്രാഗൽഭ്യം മനസ്സിലാക്കാൻ. മലയാളത്തിലും ഇംഗ്ലിഷിലും ആഴവും പരപ്പുമേറിയ കത്തുകൾ സ്ഥിരമായി എഴുതിയിരുന്നവർ എത്രയോ കാണും. പെട്ടെന്ന് ഓർമ്മയിൽ വന്നത് ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ.
ബംഗളൂരിലെ ടൈംസ് ഒഫ് ഇന്ത്യയിൽ ഒരു ദിവസം വന്ന കത്തുമായി എന്റെ സഹായി വാസു കള്ളചിരിയുമായി വന്നു. “ഇതു വായിച്ചോ?” വായിച്ചിരുന്നില്ല. ഒരു സ്ത്രീ ആയിരുന്നു എഴുത്തുകാരി. സ്ത്രീയുടെ കത്തായതുകൊണ്ട് കൂടുതൽ താല്പര്യമൊന്നും തോന്നിയില്ല. വാസുവിന്റെ നിർബ്ബന്ധം കാരണം ഞൻ അത് വായിച്ചു. കൊള്ളാം. അത്ര തന്നെ. പരിചിതമായ വാക്കുകൾ. വിശേഷിച്ചൊന്നും പറയാതെ ഞാൻ അത് നന്ദിയോടെ വാസുവിന് തിരിച്ചു കൊടുത്തു. അയാൾ എന്നെ വിടാതെ കൂടി. ഇത് എവിടെയെങ്കിലും നേരത്തേ വായിച്ചതായി ഓർമ്മയുണ്ടോ? ഓർമ്മയില്ല. പക്ഷേ വായനക്കാരുടെ കത്തുകൾ ഒരേ സമയം പല പത്രങ്ങൾക്കും അയച്ചുകൊടുക്കും. തൊട്ടടുത്ത ദിവസങ്ങളിൽ രണ്ടു പത്രങ്ങളിൽ ഒരേ കത്ത് അച്ചടിച്ചുവരാം. എഴുതിയ ആൾ മാത്രമേ അത് ശ്രദ്ധിക്കുകയോ കാര്യമായെടുക്കുകയോ ചെയ്യാറുള്ളു.
അങ്ങനെ എന്തെങ്കിലും സംഭവിച്ചതാകാം എന്നു പറഞ്ഞ് ഞാൻ മറ്റു വിഷയങ്ങളിലേക്കു കടക്കാൻ തിടുക്കം കാട്ടി. എന്നിട്ടും വാസു വിടുന്ന ലക്ഷണമുണ്ടായിരുന്നില്ല. അയാൾ നാലു ദിവസം മുമ്പത്തെ ഇന്ത്യൻ എക്പ്രസ്സിന്റെ മുഖപ്രസംഗം എടുത്തു കാട്ടി. അക്ഷരം പ്രതി അതായിരുന്നു ആ സ്ത്രീയുടെ ടൈംസ് ഒഫ് ഇന്ത്യയുടെ പത്രാധിപർക്കുള്ള കത്ത്. അപ്പോൾ അതിലെ വാദവും വാക്കും പരിചിതമായി തോന്നിയതിൽ അത്ഭുതം തോന്നിയില്ല. ആ മുഖപ്രസംഗം ഞാൻ എഴുതിയതായിരുന്നു.
(ജൂൺ മൂന്നിന് തേജസ്സിൽ കാലക്ഷേപം എന്ന പംക്തിയിൽ വന്നത്)
No comments:
Post a Comment