പാലാട്ട് മോഹൻ ദാസിന് എന്തു പറ്റുമെന്നറിയില്ല. ശിക്ഷിച്ചേ തീരൂ എന്നാണ് അവകാശസമിതിയുടെ നിലപാട്. നിയമസഭയോട് അങ്ങനെ കളിക്കുകയോ? സഭയിലെ ഒരു നടപടിയുടെ ദൃശ്യം പകർത്തിയ വീഡിയോ ആവശ്യപ്പെട്ട ഒരാൾക്ക് കൊടുക്കണമെന്ന നിർദ്ദേശമാണ് പൊല്ലാപ്പ് ആയത്. വിവരാവകാശക്കമ്മിഷൻ അധ്യക്ഷനായിരുന്ന മോഹൻ ദാസിന്റെ നിർദ്ദേശം തെറ്റാണെന്നു മാത്രമല്ല, അതു പിൻവലിക്കാൻ കൂട്ടാക്കാത്തതിന് അദ്ദേഹത്തെ ശിക്ഷിക്കണമെന്നും സമിതി തീർപ്പു കല്പിച്ചിരിക്കുന്നു.
ഔപചാരികമായി ലേഖനം ചെയ്യപ്പെട്ട വീഡിയോ പുറത്തൊരാൾക്ക് കൊടുക്കാതിരിക്കാൻ നിയമസഭക്ക് അവകാശമുണ്ടെന്ന തീരുമാനമാണ് ആ തീർപ്പിന്റെ അടിസ്ഥാനം. പുറത്തൊരാൾക്ക് കൊടുക്കാൻ വയ്യാത്തതായി പുറത്തുള്ളവരുടെ പ്രതിനിധികളുടെ കൂട്ടമായ നിയമസഭക്ക് എന്തുണ്ട്? ആരെയും കാണിക്കാൻ ഉദ്ദേശമില്ലെങ്കിൽ, പിന്നെ എന്തിന് അതു രേഖപ്പെടുത്തിവെക്കുന്നു? സമൂഹത്തിന്റെ സുരക്ഷ അപകടത്തിലാവുമെന്ന ഘട്ടത്തിൽ മാത്രമേ എന്തും രഹസ്യമാക്കിവെക്കേണ്ടൂ എന്നാണ് ലിബറൽ ചിന്ത. അതൊന്നും വലിയൊരു ചർച്ചക്ക് വിഷയമായിട്ടില്ല, ഇതു വരെയും.
അവകാശസമിതിയുടെ നിർദ്ദേശം വേണമെങ്കിൽ സഭക്ക് തള്ളാവുന്നതേയുള്ളു. അതിന് സാധ്യത കാണുന്നില്ല. സമിതിക്കു മുഴുവൻ നാണക്കേടാവില്ലേ? ശിക്ഷ കുറഞ്ഞതാകാം, കൂടിയതാകാം. ലളിതമായ ഒരു അപലപനത്തിൽ ഒതുക്കാം, കുറ്റവാളിയെ സഭയിൽ വിളിച്ചുവരുത്തിശാസിക്കാം, തടവിലിടാം. എന്തായാലും നേരിടാൻ തയ്യാറായി നിൽക്കുന്നു മോഹൻ ദാസ്. താൻ ചെയ്തത് ശരിയാണെന്ന ഉറപ്പും അതു തിരുത്താനോ മാപ്പു പറയാനോ തയ്യാറല്ലെന്ന നിലപാടിലെ സ്ഥൈര്യവും ധൈര്യവും അധികം ആളുകളിലും കാണുന്നതല്ല. ചമ്പാരൺ സമരത്തിനിടയിൽ പ്രതിക്കൂട്ടിലെത്തിയ ഗാന്ധി, താൻ ചെയ്തത് തെറ്റാണെന്നു കോടതിക്ക് തോന്നുന്നുണ്ടെങ്കിൽ ശിക്ഷിക്കാമെന്നല്ലാതെ, മാപ്പു പറയിക്കാൻ നോക്കണ്ട എന്നു പറഞ്ഞതോർമ്മ വരുന്നു. ചേറൂസിനെയും ഓർമ്മ വരുന്നു.
പാലക്കാട്ടെ ഒരു പത്രാധിപരായിരുന്നു ചേറൂസ്. അദ്ദേഹം നിയമസഭയുടെ അവകാശം ലംഘിച്ചതായി പരാതി ഉണ്ടായി. സി എം സുന്ദരത്തിന്റേതായിരുന്നു പരാതി. ഏതോ ചടങ്ങിൽ വെച്ച് ചേറൂസ് സുന്ദരത്തെ എച്ചിൽക്കൈകൊണ്ട് അടിച്ചെന്നോ പിടിച്ചെന്നോ ഒക്കെ കേട്ടിരുന്നു. ഏതായാലും അവകാശലംഘനം നടന്നിട്ടുണ്ടെന്ന് സമിതി വിധിച്ചു. ചേറൂസ് അത് നിഷേധിച്ചില്ലെന്നതു പോട്ടെ, ശിക്ഷ ഏറ്റുവാങ്ങാൻ സഭയിലെത്തണമെന്ന കല്പന ചെവിക്കൊള്ളുകപോലും ഉണ്ടായില്ല. അപ്പോൾ പിന്നെ സഭക്ക് വെറുതെയിരിക്കാൻ പറ്റുമോ? കുറ്റവാളിയെ കൂട്ടിക്കൊണ്ടുവരാൻ പൊലിസിനെ വിട്ടു.
പൊലിസ് അകമ്പടിയോടെ തലസ്ഥാനത്തേക്കു പുറപ്പെട്ട പത്രാധിപർ ചേറൂസിന് അതൊരു ആഘോഷമായിരുന്നു. സർക്കാർ ചിലവിൽ അദ്ദേഹവും സ്വന്തം ചിലവിൽ കുടുംബവും യാത്രയായി. തിരുവനന്തപുരത്ത് സ്പീക്കറുടെ മുറിക്കു പിന്നിൽ ഇരിപ്പുറപ്പിച്ച ചേറൂസ്, നടപടി തുടങ്ങും മുമ്പ്, പത്രക്കാരോട് വാ തോരാതെ സംസാരിച്ചു. നടപടി തുടങ്ങിയപ്പോൾ, കാണാൻ കുടുംബം സന്ദർശകഗ്യാലറിയിൽ കയറി.
ശാസന മാത്രമായിരുന്നു ശിക്ഷ. സഭാതലത്തിന്റെ പിന്നിൽ നടുവിലായി, പ്രത്യേകം തയ്യാറാക്കിയ കൂട്ടിൽ പ്രതി തല കുനിച്ച് മിണ്ടാതെ നിന്നു. സെക്രട്ടറി കുറ്റപത്രവും ശാസനയും വായിച്ചു. സഭ നിർന്നിമേഷം കേട്ടിരുന്നു; രണ്ടു മിനുറ്റു നേരത്തെ ചടങ്ങിനുശേഷം സഭ പുതിയ ബഹളത്തിലേക്ക് വഴുതി വീണു. ശാസന കേൾക്കുമ്പോൾ ചേറൂസിന്റെ കുനിഞ്ഞ മുഖത്ത് പുഞ്ചിരി പൊടിഞ്ഞിരുന്നോ? കാണികൾക്ക് കൌതുകമായിരുന്നു.. തനിനിറം കൃഷ്ണൻ നായർക്കേ അങ്ങനെ ഒരു ശിക്ഷ മുമ്പ് കൊടുത്തിരുന്നുള്ളുവത്രേ.. അദ്ദേഹവും മാപ്പ് ചോദിച്ചുകാണില്ല.
മാപ്പ് ചോദിച്ചാലും രക്ഷപ്പെടുമായിരുന്നില്ല ഇന്ദിര ഗാന്ധി. അവരെ ഒരു പാഠം പഠിപ്പിച്ചേ അന്നത്തെ ജനത അടങ്ങുമായിരുന്നുള്ളൂ.. പഴയ ഒരു മാരുതിച്ചോദ്യമായിരുന്നു വിഷയം. മാർക്സിസ്റ്റ് സൂപ്പർ സ്റ്റാർ ജ്യോതിർമയ് ബസുവിന്റേതായിരുന്നു ചോദ്യം. അവസരം വന്നപ്പോൾ മറുപടിയിലെ തെറ്റ് അബദ്ധവും അവകാശലംഘനവുമാണെന്നു കണ്ടെത്തി, സമർ ഗുഹയുടെ നേതൃത്വത്തിലുള്ള സമിതി. അധ്യാപകനും ചിന്തകനും സോഷ്യലിസ്റ്റുമായ ഗുഹക്ക് രണ്ടു കാര്യത്തിൽ തികഞ്ഞ തീർച്ചയായിരുന്നു.. ഒന്ന്, ഇന്ദിര കുറ്റക്കാരിയാണെന്ന്.. രണ്ട്, നേതാജി ബോസ് മരിച്ചിട്ടില്ലെന്ന്.
ഗുഹയുടെ റിപ്പോർട്ട് പരിഗണിച്ച ലോക് സഭ ഇന്ദിരക്കു കൊടുത്ത ശിക്ഷ പരമാവധി കടുത്തതായിരുന്നു. സഭാംഗത്വം റദ്ദാക്കാനും കുറ്റവാളിയെ ജയിലിൽ അയക്കാനുമുള്ള പ്രമേയം ചിലർ ആർത്തുവിളിച്ചു പാസാക്കി.. പക്ഷേ ബസുവിന്റെ പാർട്ടി ഇറ്ടം തിരിഞ്ഞുനിന്നു. റായ്ബറേലിയിൽ തോറ്റതിനുശേഷം ചിക്കമകളൂരിൽനിന്ന് വീണ്ടും ജയിച്ചുവന്നിരിക്കുകയായിരുന്നു മുൻ പ്രധാനമന്ത്രി. അങ്ങനെ ജനങ്ങൾ തിരഞ്ഞെടുത്തയച്ച ഒരാളുടെ അംഗത്വം അവകാശലംഘനത്തിന്റെ പേരിൽ റദ്ദാക്കുന്നത് ജനവിധിയെ നിരാകരിക്കുന്നതുപോലായിരിക്കുമെന്ന് മാർക്സിസ്റ്റ് പാർട്ടി വാദിച്ചു.
അതുകൊണ്ടൊന്നും ജനത അടങ്ങിയില്ല. അടിയന്തരാവസ്ഥയിലെ ചെയ്തികൾക്ക് എങ്ങനെയെങ്കിലും പകരം വീട്ടാൻ ആറ്റുനോറ്റിരിക്കുകയായിരുന്നു ജനതയിലെ നേതാക്കൾ. ശിക്ഷ വിധിച്ചുകൊണ്ടുള്ള പ്രമേയം പാസാകുന്നതിനു തൊട്ടുമുമ്പ്, പ്രതി നടത്തിയ പ്രസംഗം പ്രസ് ഗ്യാലറിയിലിരുന്നു കേട്ടത് ഓർത്തുപോകുന്നു. അത്ഭുതലോകത്തിലെ ആലീസിന്റെ തല കൊയ്യാൻ വന്നവരെയൊക്കെ പരാമർശിച്ചുകൊണ്ട് ഇന്ദിര ചെയ്ത പ്രസംഗം തിരിച്ചുവരവിന്റെ വിളംബരമായിരുന്നു.. ജയിലിലേക്കു നീങ്ങുമ്പോൾ അവർ അനുഗൃഹീതയായി കാണപ്പെട്ടു.
നേരത്തേ പല വട്ടം നോക്കിയതാണ് തീഹറിലെ തടവിലാക്കാൻ. നടന്നില്ല. വെറുതെ തടവിലാക്കിയാൽ പോര, ന്യൂറംബർഗ് മാതൃകയിൽ വിചാരണ ചെയ്തു ശിക്ഷിക്കണമെന്നായിരുന്നു ആഭ്യന്തരമന്ത്രി ചരൺ സിംഗിന്റെ ആഗ്രഹം. വിചാരണപോലൊരു അന്വേഷണം ഷാ കമ്മിഷനിൽ നടക്കുമ്പോൾ, കമ്മിഷനെത്തന്നെ അലോസരപ്പെടുത്തിക്കൊണ്ട് ചരൺ തന്റെ ആഗ്രഹം നിറവേറ്റാൻ നോക്കി. ഇന്ദിരയെ അറസ്റ്റ് ചെയ്തു. കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ, ജീപ്പ് നിർത്തിച്ച് അവർ ചാടിയിറങ്ങി, ഒരു കലുങ്കിൽ ഇരിപ്പായി. പിച്ചള കെട്ടിയ വടി പിടിച്ചുകൊണ്ട്, നക്ഷത്രം പിടിപ്പിച്ച കാക്കി അണിഞ്ഞ ഉദ്യോഗസ്ഥന്മാർ പരസ്പരം നോക്കി. ഇളകിവരുന്ന ജനക്കൂട്ടത്തെ കണ്ടപ്പോൾ, അവർ അസ്വസ്ഥരായി.
അതിനു പക തീർക്കുന്നതുപോലെയായിരുന്നു അവകാശലംഘനത്തിന്റെ പേരിലുള്ള ശിക്ഷ. ന്യൂറംബർഗ് മാതൃക പിൻതുടരാൻ ആഗ്രഹിച്ച ചരൺ സിംഗിനു സന്തോഷമായി.. ഒരർഥത്തിൽ ഇന്ദിരക്കും സന്തോഷത്തിനു വകയുണ്ടായിരുന്നു.. അതായിരുന്നു ജനതയുടെ പിന്നിലെ ചോർച്ചയുടെയും ഇന്ദിരയുടെ ഉയിർത്തെഴുനേല്പിന്റെയും തുടക്കം. അതിനിടെ അതേ ന്യൂറംബർഗുകാരൻ ഇന്ദിരയുടെ സഹായത്തോടെ പ്രധാനമന്ത്രി ആവുകയും, കുരങ്ങു കളിപ്പിക്കപ്പെടുകയും, ഒടുവിൽ പാർലമെന്റിൽ കയറുക പോലും ചെയ്യാതെ രാജി വെച്ചോടുകയും ചെയ്തത് വേറെ കഥ.
കഥയല്ല, കാര്യം കാര്യമായിത്തന്നെ പറയണം. അവകാശങ്ങൾക്കുവേണ്ടി നൂറ്റാണ്ടുകളായി നടക്കുന്ന സമരങ്ങളുടെ മുദ്രാവാക്യങ്ങളാണ് ജനാധിപത്യത്തിന്റെ ശ്വാസം. അധികാരത്തിൽ ഇരിക്കുകയും കിടക്കുകയും ചെയ്യുന്നവരുടെ അവകാശങ്ങൾ പിന്നെയും പിന്നെയും കൊഴുക്കുന്നതാണ് അതിന്റെ അപചയം.
(മലയാളം ന്യൂസിൽ സോമവാരത്തിൽ ജൂൺ ഏഴിനു വന്നത്)
No comments:
Post a Comment