കരിമ്പുഴ രാമചന്ദ്രനെ വീണ്ടും കാണുമ്പോൾ അമ്പത്തിമൂന്നു കൊല്ലം കഴിഞ്ഞിരുന്നു. വിമോചനസമരത്തിനിടെ സ്കൂളുകൾ പലതും അടച്ചിട്ടപ്പോൾ, വേറെ സ്കൂൾ നോക്കി പോയതായിരുന്നു രാമചന്ദ്രൻ. അതിനും ഒരു കൊല്ലം മുമ്പ് ഞങ്ങൾ അടുത്തടുത്തിരുന്നു പഠിക്കുകയും പരിഭവിക്കുകയും ചെയ്തു.
അരനൂറ്റാണ്ടിനപ്പുറത്തെ കാര്യങ്ങൾ മിനിയാന്നത്തെ അനുഭവങ്ങൾ പോലെ പീലി വിടർത്തി. മാനസികാസ്പത്രിയുടെ മുന്നിലെ വീട്ടിന്റെ സ്വീകരണമുറിയിൽ ഞങ്ങൾ പഴമകൾ പേർത്തെടുക്കുന്നതു കേൾക്കാൻ, രാമചന്ദ്രന്റെ ഭാര്യ അടുക്കളയിൽനിന്ന് ഇടക്കിടെ എത്തിനോക്കി.
മുന്നിലെ ബെഞ്ചിൽ ചിരങ്ങും ചന്ദനക്കുറിയുമുള്ള രാമചന്ദ്രൻ. പിന്നിൽ ഞാൻ. എണ്ണിയാൽ തീരാത്ത ശ്ലോകങ്ങൾ ആയിരുന്നു അന്നും രാമചന്ദ്രന്റെ ഓർമ്മയിൽ. വാദ്യവും കീർത്തനവും ശീലിച്ച രാമചന്ദ്രൻ ശ്ലോകം മൂളുമ്പോഴോ, എന്തോ, ഓർമ്മയില്ല, വായിൽ നിറയെ പല്ലുള്ള സോഷ്യൽ സ്റ്റഡീസ് മാഷ് കെ ടി ആന്റണി ആഞ്ഞടുക്കുന്നു. ആരെന്തു മൂളിയാലും ചിരിച്ചാലും, തന്നെ “കട്ടപ്പല്ലൻ അന്തോണി” എന്നു വിളിക്കുന്നതായാണ് ആന്റണി മാഷിന്റെ സംശയം. ആ സംശയം ചോദ്യമില്ലാത്ത അടിയായി രാമചന്ദ്രന്റെ പിടലിയിൽ വീണു. ഒന്ന്, രണ്ട്, മൂന്ന്...ഓരോ അടിയിലും, രാമചന്ദ്രന്റെ മനസ്സിൽനിന്ന് ചിരി പൊട്ടി. ഒരു തരം പകർന്നാട്ടമാണ് ചിരി. പകരും. പകർന്നു. മുന്നിൽ അടിയും ചിരിയും കണ്ടപ്പോൾ, എന്നിലും ചിരി ഉണർന്നു. എനിക്കും കിട്ടി അടി. പിന്നെയും പിന്നെയും ചിരി!.
അതോർക്കുന്നതിനിടയിൽ രാമചന്ദ്രൻ ചോദിച്ചു: “ഗോവിന്ദൻ കുട്ടി എങ്ങനെ ചിരിക്കാൻ ശീലിച്ചു?” എന്റെ ചിരിക്കുന്ന ചിത്രം കണ്ടപ്പോൾ, അയാൾ അത്ഭുതപ്പെട്ടു. അയാൾ അര നൂറ്റാണ്ടുമുമ്പ് അടുത്തിടപഴകിയിരുന്ന കുട്ടി ചിരിക്കുമായിരുന്നില്ല—വല്ലപ്പോഴും ആന്റണി മാഷിന്റെ അടി കിട്ടുമ്പോഴൊഴികെ. രാമചന്ദ്രന്റെ ചിരി കവിതയിലേക്കു വലിഞ്ഞതായി തോന്നി. ഫലിതം നിറഞ്ഞ, സാരസ്യം ചാലിച്ചുചേർത്ത രാമചന്ദ്രന്റെ കവിതകൾ ഞാൻ മൂളിനോക്കി. കരിമ്പുഴക്കാരൻ ഒരാൾ അങ്ങനെ എഴുതുന്നതിലെ അസ്വാഭാവികതയെപ്പറ്റി നിരൂപകനായ കെ പി ശങ്കരൻ ഒരിക്കൽ സൂചിപ്പിക്കുകയുണ്ടായി. ശങ്കരന്റെ ഭാഷയിൽ, രാമചന്ദ്രന്റെ കവിത കരിമ്പുഴയല്ല, വെണ്മഴയത്രേ.
ആ വെണ്മഴ നിന്നിരിക്കുന്നു. ജീവിതത്തിന്റെ പ്രാരാബ്ധത്തിൽ, വിരോധാഭാസമായി പറയട്ടെ, കവിത വറ്റിപ്പോയതുപോലെ. എന്റെ മുഖത്ത് പണ്ട് ഇല്ലാതിരുന്ന ചിരി വന്നിരിക്കുന്നതു പോലെ, രാമചന്ദ്രന്റെ മുഖത്തിന്റെ ഓർമ്മയിലെ പാവത്തം, എഴുന്നുനിൽക്കുന്ന കവിളെല്ലുകളിലൂടെ, ഒരു തരം ദാർഢ്യമായി മാറിയിരിക്കുന്നുവെന്നു തോന്നി. ഞങ്ങൾ അതിനെപ്പറ്റി എന്തൊക്കെയോ പറഞ്ഞു. പിന്നെ, ബാനർജി ക്ലബ്ബിന്റെ ശീതളിമയിലേക്കു നീങ്ങി, വൈലോപ്പിള്ളിയെപ്പറ്റി പറഞ്ഞു. ഒരു ദിവസം അദ്ദേഹത്തിന് ജ്ഞാനപീഠം കിട്ടാനിടയുണ്ടെന്നു പറയാൻ ചെന്ന എൻ വി കൃഷ്ണവാര്യരോടും എം ലീലാവതിയോടും അദ്ദേഹം തട്ടിക്കേറിയതോർത്തു. വൈലോപ്പിള്ളിയെ അടുത്തറിഞ്ഞ രാമചന്ദ്രൻ ആ കവിതയിലേക്കും ജീവിതത്തിലേക്കും ഊളിയിട്ടു. കവിതയുടെ കാര്യത്തിലേ വൈലൊപ്പിള്ളിയുടെ മാതൃക സ്വീകരിക്കേണ്ടൂ, ജീവിതത്തിൽ വേണ്ട എന്ന കടവനാട് കുട്ടിക്കൃഷ്ണന്റെ ഉപദേശവും കൂട്ടത്തിൽ കീട്ടു.
അര നൂറ്റാണ്ടിനെ അരക്കൊല്ലത്തിലേക്കൊതുക്കിയ സംസാരത്തിനിടയിൽ, രാമചന്ദ്രന്റെ ശ്ലോകങ്ങൾ ഞാൻ ഉള്ളിൽ ചൊല്ലിനോക്കി. കടവും കളഭവും കിനാവും, പുഴയും പാലവും പരമസത്യവുമൊക്കെ കടന്നുവന്നു. ഒറവങ്കരയുടെയും ശീവൊള്ളിയുടെയും വി കെ ജിയുടെയും വാർപ്പിൽ രൂപം കൊണ്ട ശ്ലോകങ്ങൾ ഒരു കച്ചേരിയായി വളർന്നു. ഭക്തിയും ഫലിതവും അവയിൽ ഇടകലർന്നൊഴുകി. എല്ലാം ശ്ലോകത്തിൽ കഴിക്കാതെ, എന്തേ രാമചന്ദ്രൻ കവിതയുടെ വേറൊരു വഴിയേ പോയില്ല എന്ന് ഞാൻ മനസ്സിൽ ചോദിച്ചു. ഉറക്കെ ചോദിക്കാൻ തോന്നുന്നതിനുമുമ്പേ, രാമചന്ദ്രന്റെ വാക്കുകൾ വീണ്ടും ഓർമ്മയിൽ ഇരച്ചുകയറി: എഴുത്തൊക്കെ നിർത്തിയിരിക്കുന്നു.
കവിതയാണോ ജീവിതം? അതോ മറിച്ചോ? ആ ഗഹനതകളിലേക്കിറങ്ങാൻ ഞാൻ ആളല്ല. അര നൂറ്റാണ്ടിനെ ഒറ്റയടിക്ക് അരപ്പകൽ ആക്കി വെട്ടിച്ചുരുക്കാൻ പറ്റിയതിലെ കവിതയിലായിരുന്നു എനിക്കു രസം. പഴമയുടെ അടിത്തട്ടിൽ ഓരോ തവണ മുങ്ങാംകുളിയിട്ട് പൊങ്ങിവരുമ്പോഴും കവിതയുടെ കിലുക്കം കേൾക്കാം. പണ്ടൊരിക്കൽ, മുപ്പതു കൊല്ലത്തെ ഇടവേളക്കു ശേഷം ഐപ്പുണ്ണി മാഷെ കണ്ടു. അകലെനിന്ന്, സൂര്യനെ ഒരു ശല്യമെന്നോണം കൈകൊണ്ടു മറച്ച്, ഐപ്പൂണ്ണി മാഷ് ചോദിച്ചു: “ഗോവിന്ദൻ കുട്ടി അല്ലേ?” അതിനിടക്കൊന്നും മാഷെ പോയി കാണാതിരുന്നതിൽ എനിക്ക് എന്നോടു തന്നെ പുച്ഛം തോന്നി. എന്റെ മകൻ പിക്കുവിനു തോന്നിയത് അവിശ്വാസമായിരുന്നു. അവൻ പറഞ്ഞു: “എന്നെ ഇപ്പോൽ പഠിപ്പിക്കുന്ന ആൾക്കു പോലും എന്റെ പേർ ഓർമ്മയില്ലല്ലോ.”
ആചാര്യഭാവത്തിൽ ഞാൻ അവന്റെ നേരെ കത്തി വീശി: “ഓരോ ഓർമ്മയും വീണ്ടെടുക്കലാണ് കവിത, കവിതയുടെ വിത. ഓർമ്മയുടെ ഓരോ ശകലവും ഒരു നവീകരണത്തിന്റെ മുദ്രയാകുന്നു; ഓരോ നിമിഷാർദ്ധത്തിലും നടന്നുകൊണ്ടിരിക്കുന്ന ജീവന്റെ പുതുക്കിപ്പണി ആകുന്നു. ഓരോ നിമിഷവും എന്ത് പുതുതായി തോന്നുന്നുവോ, അതാണ് സൌന്ദര്യത്തിന്റെ രൂപം എന്ന മാഘകവിയുടെ നിർവചനം ഓർത്തു. പുതുമയുടെ അനുഭവം മസ്തിഷ്കത്തിലെ കോടാനുകോടി സിരാവിക്ഷേപിണികളെ ഉന്മിഷിത്താക്കുന്നുവെന്ന് പുതിയ ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. ഉറങ്ങിക്കിടക്കുന്ന
ആ സിരാകോശങ്ങൾക്ക് ഉശിരു പകരാൻ പുതിയ പുതിയ മസ്തിഷ്കവ്യായാമങ്ങൾ ആവിഷ്കരിച്ചുവരുന്നു ശാസ്ത്രജ്ഞർ. അവരിൽ ഒരാൾ, ലോറൻസ് കാട്സ്, അതിനു കൊടുത്തിരിക്കുന്ന പേരാണ് ന്യൂറൊബിക്സ്--ഏരോബിക്സ് പോലെ. അതിന്റെ ചുരുക്കം ഇത്രയേ ഉള്ളു: ചെറുതും വലുതുമായ ശരീരചലനങ്ങൾ പുതിയ രീതിയിൽ ചെയ്തുനോക്കുക. വഴി മാറി നടക്കുക, വലതു കൈ എന്ന പതിവു വിട്ട് ഒരു ദിവസം ഇടതു കൈ ഉപയോഗിച്ചു നോക്കുക, മറന്നു പോയത് ഓർത്തെടുക്കുക, ഓർമ്മയുടെ കോശങ്ങൾക്ക് വെല്ലുവിളി ഉയർത്തുക. ആ വെല്ലുവിളി ഉയരാത്ത സ്ഥിതിയാണ് പരമമായ ദുരന്തം. പ്രസാദാത്മകത്വം നിറഞ്ഞ ഒരു ജീവിതകഥ ഈയിടെ ഞാൻ വായിച്ചു. കെ എം മാത്യുവിന്റെ എട്ടാമത്തെ മോതിരം. . ഒരാളൊഴിച്ച് ആരെയും പഴിക്കാതെ, ആരോടും പരിഭവമില്ലാതെ എഴുതിയിരിക്കുന്ന ദീർഘമായ ആ ജീവിതകഥയിൽ ഒരേ ഒരു കാര്യത്തെപ്പറ്റിയേ പേടി പ്രകടിപ്പിച്ചുകണ്ടുള്ളു: ഓർമ്മയുടെ അസ്തമയത്തെപ്പറ്റി.
അത്തരം അനുഭവം ചിലർ ചിലപ്പോൾ വരുത്തിവെക്കുന്നതു കാണാം. പച്ചക്കറിക്കടയിൽ, പാൽ വാങ്ങാൻ നിൽക്കുമ്പോൾ, വണ്ടിയിറങ്ങുമ്പോൾ, അകലേയല്ലാതെ മിന്നി മറയുന്ന രൂപങ്ങളെ കണ്ടിട്ടില്ലേ? അവർ നിങ്ങളെ കാണുന്നു, ഒരു നിമിഷം; അടുത്ത നിമിഷം അവർ തല തിരിക്കുന്നു. നിങ്ങൾ ആലോചിച്ചു കഷണിക്കാൻ തുടങ്ങുന്നു: എന്നെ അയാൾ കണ്ടില്ലേ? കണ്ടെങ്കിൽ മുഖം മറച്ചതെന്തിന്? നിങ്ങൾ കടം വാങ്ങാനോ കൊടുക്കാനോ ഉള്ള ആളാണെങ്കിൽ, അയാൾ ഒന്നുമറിയാത്തപോലെ ഒളിവിൽ പോകുന്നതു മനസ്സിലാക്കാം. അല്ലാത്തപ്പോൾ ഓർമ്മക്കും അറിവിനുമെതിരേ ഓടി മറയുന്ന ആ അധീരതയുണ്ടല്ലോ, അതാണ് പരമമായ ദീനത. ഓരോ പഴമയും ഓർത്തേടുത്തു രസിക്കുമ്പോൾ, ഓർമ്മ പോയെന്ന നാട്യമോരോന്നും മനസ്സിൽ ചളി പുരട്ടുന്നു.
(മലയാളം ന്യൂസിൽ സോമവാരത്തിൽ ജൂൺ 28നു വന്നത്)
No comments:
Post a Comment