ഇന്നാഫ്രിക്ക, ഇതെൻ നാടവളുടെ
ദുഖത്താലേ ഞാൻ കരയുന്നൂ
എന്നു പഴയ പോലെ പാടേണ്ട കാര്യമില്ല. എന്തായാലും എൻ വി കൃഷ്ണ വാര്യർ പാടിയ ഭാവത്തിൽ പടേണ്ട. ദുഖകാരണം പല ആഫ്രിക്കൻ രാജ്യങ്ങളും നീക്കിക്കൊണ്ടുവരുന്നു. സ്വാതത്ര്യം നേടുന്നു, സമൃദ്ധി തേടുന്നു, പലപ്പോഴും ജയം നേടുന്നു. എന്റെ നോട്ടത്തിൽ, ദുഖിക്കേണ്ട ഒരു കാരണം കഴിഞ്ഞ ആഴ്ച ഉണ്ടായി. നൈജീരിയയിലെ ഫൂട്ബാൾ ടീമിനെ അവിടത്തെ പ്രസിഡന്റ് പിരിച്ചുവിട്ടു. ടീമിന്റെ തോൽവിയായിരുന്നു പിരിച്ചുവിടാനുള്ള കാരണം.
ലോകകപ് മത്സരത്തിൽ നൈജീരിയ മൂന്നു കളികളിൽ പ്രത്യക്ഷപ്പെട്ടു. മൂന്നിലും തോറ്റു. ഫുട്ബാളിനെപ്പറ്റിയുള്ള എന്റെ അറിവ് വേറെ ആരുടേതിനെക്കാളും കുറവാണെങ്കിലും, ഒരു കാര്യം പറയാൻ ഞാൻ ധൈര്യപ്പെടുന്നു: നൈജീരിയയുടെ തോൽവി ദയനീയമായിരുന്നില്ല. ഞാൻ കണ്ട ഒരു കളിയിൽ ആഫ്രിക്ക ഉദിച്ചുയരുന്നതു പോലെ തോന്നി. കപ്പും കിരീടവും തങ്ങൾക്കു വിധിച്ചതാണെന്ന മട്ടിൽ പെരുമാറുന്ന അർജന്റീനയോടു പൊരുതിയപ്പോൾ, നൈജീരിയ തോറ്റതിലല്ല അത്ഭുതം. ഒരു ഗോളിനേ കൊലകൊമ്പന്മാരായ അർജന്റീനക്ക് അവരെ തോല്പിക്കാൻ കഴിഞ്ഞുള്ളു എന്നതായിരുന്നു അത്ഭുതം. നൈജീരിയയുടെ അത്ഭുതാവഹവും ആദരണീയവും ആയ നേട്ടവും അതായിരുന്നു.
എന്നാലും തോൽവി തോൽവി തന്നെ. വാക്കുകൊണ്ടും കണക്കുകൊണ്ടും അതിനെ ജയമാക്കി മാറ്റാൻ പറ്റില്ല. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ, തോൽവിയാണ് തന്റെ കക്ഷിക്ക് നേരിട്ടതെങ്കിൽ, അതും ജയത്തിനു സമമാണെന്നു വരുത്തുന്ന ഒരു തന്ത്രം ഇ എം എസ്സിനുണ്ടായിരുന്നു. കാര്യവും കാരണവും തപ്പിനോക്കിയും, കാണാത്തത് കണ്ടെത്തിയും, കണക്കു നിരത്തിയും പരാജയത്തെ വിജയവും, പുതിയ വിജയത്തിലേക്കുള്ള വഴിയുമൊക്കെയായി അവതരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ അപഗ്രഥനവൈഭവം. അങ്ങനെ ആഢ്യമോ ആര്യമോ ആയ വഴി ആഫ്രിക്കൻ നേതാവ് കണ്ടില്ല. തോറ്റവർ തോറ്റു. അവരെ അദ്ദേഹത്തിനു വേണ്ട. അതുകൊണ്ട് പടിയടച്ച് പിൺഡം വെച്ചു. അത്ര തന്നെ.
വാസ്തവത്തിൽ അത് അത്ര മാത്രമല്ല. നൈജീരിയയിലെ ഫുടബാൾ രാഷ്ട്രീയത്തിന്റെ കാണാപ്പുറമൊന്നും അറിയില്ലെങ്കിലും ഒരു കാര്യം പറയട്ടെ, എവിടെയായാലും എല്ലാവർക്കും പഥ്യം ജയം തന്നെ. പരാജയത്തോട് ആർക്കും പൊരുത്തപ്പെടാൻ ഇഷ്ടമല്ല. ഒരടി കൂടി മുന്നോട്ടു പോയി, പരാജിതനെ പമ്പ കടത്തുന്നതായി നൈജീരിയൻ പ്രസിഡന്റിന്റെ നടപടി. തോൽക്കുന്നവന് നിൽക്കക്കള്ളി ഇല്ലെന്നു വരുന്ന അവസ്ഥയിൽ തീർച്ചയായും ദുഖിക്കണം.
അമേരിക്കയുടെ മനോഭാവമാണിതെന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞുകേൾക്കാം. വിജയത്തിന്റെ കാലവും ദേശവും ആണ് ഇതെന്നത്രേ അമേരിക്കൻ വേദാന്തം. തോറ്റുപോകുന്നവൻ തോൽക്കേണ്ടവനും സഹിക്കേണ്ടവനുമാണ്, ദയയും ദാക്ഷിണ്യവും അർഹിക്കുന്നവനല്ല; അതേപോലെ, ജയിക്കുന്നവൻ കേമൻ, അവനെ കുമ്പിട്ടുവണങ്ങുക: ജനമനശ്ശാസ്ത്രത്തിൽ ഊറിക്കൂടിയ ഭാവമാണതെന്നു തോന്നുന്നു. മറ്റുള്ളവർ അങ്ങനെ പറയും; ഉറക്കെയല്ലെങ്കിലും, അമേരിക്കക്കാരൻ അതു ശരി വെക്കും. ഇംഗ്ലിഷിൽ പ്രചാരം നേടിയ രണ്ടു പ്രയോഗങ്ങൾ ഈ വെളിച്ചത്തിൽ വേണം കാണാൻ. ജയത്തോളം ജയിക്കുന്ന മറ്റൊന്നില്ല. വിജയി എല്ലാം കവരുന്നു. നത്തിംഗ് സക്സീഡ്സ് ലൈക് സക്സസ്. വിന്നർ ടേക്സ് ഇറ്റ് ഓൾ. ആ സുവിശേഷം നൈജീരിയൻ നേതാവിനെയും സ്വാധീനിച്ചതായി കാണാം..
ജീവിതത്തെ കളിയായല്ല, മത്സരമായി മാത്രം കണ്ടാൽ അങ്ങനെയാകാതെ തരമില്ല. മത്സരമാണെങ്കിൽ, ഒരാൾ ജയിക്കണം, മറ്റേയാൾ തോൽക്കണം. എല്ലാവരും ജയിക്കുകയോ എല്ലാവരും തോൽക്കുകയോ ചെയ്യുന്ന കളിയിൽ വിനോദമേയുള്ളു, മത്സരമില്ല. ജയ പാടാൻ കാണികൾ കാത്തിരിക്കുമ്പോൾ, ഭള്ളു പറയാനും ആട്ടിയോടിക്കാനും പിരിച്ചുവിടാനും പാകത്തിൽ ഒരാൾ തോറ്റേ പറ്റൂ--മാനവും സമ്മാനവും വിജയിയുടെ മുന്നിൽ അടിയറവെച്ച്. തോറ്റ ടീമിനെ പിരിച്ചുവിട്ടത് ആ വികാരത്തിന്റെ പാരമ്യത്തിലായിരുന്നു.
ആരും തോറ്റുകൂടെന്നായിരിക്കുന്നു. തോറ്റവർ തുന്നം പാടും, തൂങ്ങിച്ചാവണം. അങ്ങനെ രോഗാതുരമായ ഒരു സാമൂഹ്യഭാവം വളരാൻ അനുവദിച്ചതുകൊണ്ട്, പരീക്ഷക്കാലമായാൽ മനോരോഗവിദഗ്ധനായ എന്റെ മിത്രം സി ജെ ജോണിനെപ്പോലുള്ളവർക്ക് ഇരിക്കപ്പൊറുതിയില്ലാതവും. ഒരു തോൽ വികൊണ്ടൊന്നും ആകാശം ഇടിയുകയോ ഒരു വിജയംകൊണ്ട് പറുദീസ തുറക്കുകയോ ഇല്ലെന്ന് കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ പറഞ്ഞുമനസ്സിലാക്കുന്നതാണ് ഫെബ്രുവരി മുതൽ മേയ് വരെ ഡോക്റ്റർ ജോണിന്റെ പ്രധാനപരിപാടി. പരാജയവുമായി പൊരുത്തപ്പെടാൻ കഴിയാതെ ആത്മഹത്യക്കൊരുങ്ങുന്നവരെ പിന്തിരിപ്പിക്കുന്ന മൈത്രി എന്ന പ്രസ്ഥാനത്തിന്റെ ഉപദേശകനും ജോൺ തന്നെ.
തിരഞ്ഞെടുപ്പുമായി പരിചയമുള്ളവർക്ക് അറിയാം, ജയിക്കുമെന്ന് തുടക്കം മുതലേ പറഞ്ഞു നടന്നാലേ തോൽക്കാതിരിക്കുകയുള്ളു. തുടക്കത്തിലേ തോൽക്കുമെന്നു നിനച്ചിരിക്കുന്നയാളെ ജയിപ്പിക്കുക വിഷമായി കരുതുന്നവരാണ് എല്ലാ സംഘാടകരും. അതുകൊണ്ട് മത്സരത്തിനുമ്പേ ജയത്തിന്റെ അന്തരീക്ഷം ഉണ്ടാക്കാൻ ശ്രമിക്കുന്നു, എതിരാളികൾ എല്ലാവരും. ചിലർ പോസ്റ്റർ പ്രളയം സൃഷ്ടിക്കുന്നു, ചിലർ പണം വാരിയെറിയുന്നു, ചിലർ നിയന്ത്രിതമായ അഭിപ്രായസർവേ ഏർപ്പെടുത്തുന്നു. തങ്ങൾ തോൽക്കുമെന്നു പ്രവചിക്കുന്ന ഏതെങ്കിലും സർവേയെ ആരെങ്കിലും സ്വാഗതം ചെയ്യുന്നതു കേട്ടിട്ടുണ്ടോ? “ജയിക്കാനായ് ജനിച്ചവൻ ഞാൻ“ എന്നയിരിക്കും എല്ലാവരുടെയും മുദ്രാവാക്യം.
ബസ് കണ്ടകറ്ററും യാത്രക്കാരനും തമ്മിൽ കശപിശ ഉണ്ടാകുമ്പോഴത്തെ രംഗം ശ്രദ്ധിച്ചിട്ടില്ലേ? പലപ്പോഴും ഉയരുന്ന ശബ്ദമുള്ള കണ്ടക്റ്ററുടെ പക്ഷം പിടിക്കാനായിരിക്കും മിക്ക യാത്രക്കാർക്കും താല്പര്യം. കണ്ടക്റ്ററും യാത്രക്കാരനും ഒരുപോലെ മറ്റുള്ളവരുടെ ശ്രദ്ധയും പിന്തുണയും നേടാൻ ശ്രമിക്കുന്നതു കാണാം. യാത്രക്കാരൻ അത്ര സമർഥനും കണ്ടക്റ്ററുടെ പെരുമറ്റം അത്ര മോശവുമല്ലെങ്കിൽ, പൊതുവേ പറഞ്ഞാൽ, മിക്കവരും കണ്ടക്റ്ററുടെ പിന്നിലായിരിക്കും കൂടുക. കരുത്തുള്ളവന്റെയും ജയിച്ചുകേറുന്നവന്റെയും പക്ഷം ചേരുന്നതാണ് ജനത്തിന്റെ സ്വഭാവം. ജനക്കൂട്ടത്തെയും അധികാരത്തെയും ബന്ധപ്പെടുത്തി ഗഹനമായ പഠനം നടത്തിയ ഏല്യാസ് കാനേട്ടിയുടെ നിഗമനവും അതു തന്നെ. അതൊന്നും അറിയാതെത്തന്നെ, ജനമനശ്ശാസ്ത്രം മനസ്സിലാക്കി, തോൽക്കാൻ പോകുന്ന സ്ഥാനാർത്ഥിക്കുവേണ്ടി വോട്ടു പാഴാക്കരുതെന്ന് നാട്ടുകാരെ ഉപദേശിക്കുകയും അനുസരിപ്പിക്കുകയും ചെയ്യുന്നവരാണ് വിജയത്തിന്റെ വാസ്തുശില്പികൾ.
തോറ്റവരുടെയും ഒറ്റപ്പെട്ടവരുടെയും നന്മക്കുവേണ്ടി നിലകൊള്ളൂന്നവരുടെ മുദ്രാവാക്യവും വിജയത്തിന്റെ വർദ്ധിതമൂല്യത്തിൽ ഊന്നിയതു തന്നെ. മറ്റുള്ളവർ തുലയട്ടെ, ഞങ്ങൾ ജയിക്കട്ടെ എന്നാണല്ലോ എല്ലാവരുടെയും ആത്മാശീർവാദകമായ ഘോഷണം. മറ്റുള്ളവർ മുർദാബാദ്, ഞങ്ങൾ സിന്ദാബാദ്. അതിന്റെ മാറ്റൊലിയാണ് പുറകേ വരുന്ന പ്രസംഗങ്ങളെല്ലാം. “തോറ്റിട്ടില്ല, തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല” എന്ന് അരങ്ങിൽനിന്നുയരുന്ന ആവർത്തനവിരസമായ ആ ആക്രോശം കേട്ടാലറിയാം, അത് ഉയർത്തുന്നവർ ജയിക്കുന്നവനുവേണ്ടിയേ കൊടി പിടിക്കുകയുള്ളൂ. അവർ പാടുന്നതൊക്കെ വിജയഗാഥ. പരാജിതനുവേണ്ടി ആരെങ്കിലും പാട്ടു പാടുന്ന കാലം എന്നേ കഴിഞ്ഞുപോയി.
പരിണാമത്തിന്റെ രഹസ്യം അതാണെന്നു വാദിക്കാം. മിടുക്കുള്ളവൻ മുന്നോട്ടുപോകും. വരാനിരിക്കുന്ന ലോകം അവന്റേതാകും. ദുർബ്ബലൻ വഴിയിൽ വീഴും. അവനെ പഴിക്കുന്നത് ഫാഷൻ ആകും. പാവപ്പെട്ടവരുടെ കാര്യം പറഞ്ഞ് പലരും ഇപ്പോഴും വിറളി നടിക്കുന്നതു കാണാമെങ്കിലും, അന്ത്യോദയമെന്ന ഗാന്ധിയൻ സങ്കല്പത്തിലല്ല മിക്കവർക്കും അഭിനിവേശം. പണമുണ്ടാക്കാനുള്ള മത്സരത്തിൽ തോറ്റുപോകുന്നവരുടെ വക്കാലത്തെടുക്കാൻ ഇനി അധികം ആളെ കിട്ടില്ല. ജീവിതം മത്സരവും വിജയം പുണ്യവുമായി ഗണിക്കുന്ന സാംസ്ക്കാരികാവസ്ഥയിൽ അതങ്ങനെയേ വരൂ. തോറ്റവരെ പടിയിറക്കിവിട്ട നൈജീരിയൻ പ്രസിഡന്റിന്റെ നടപടി, ആ നിലക്കുനോക്കിയാൽ, സ്വാഭാവികം തന്നെ. എന്നാലും തോറ്റവർക്കും വേണ്ടേ ഇവിടെ ഒരിടം?
(മലയാളം ന്യൂസിൽ സോമവാരത്തിൽ വന്നത്)
No comments:
Post a Comment