സോമവാരം
മനുഷ്യയുഗം ഇനി എത്ര?
കെ ഗോവിന്ദൻ കുട്ടി
പേരറിയാത്ത ഒരു കവിയുടെ സംസ്കൃതശ്ലോകം ഏ ആർ രാജരാജവർമ്മയുടെ പരിഭാഷയായി നമ്മൾ എന്നേ പരിചയിച്ചിരിക്കുന്നു: രാത്രി ഇപ്പോൾ തീരും; നേരം പുലരും; സൂര്യൻ ഉദിക്കും; ഈ പൂവ് ഇപ്പോൾ വിടരും--മൊട്ടിനകത്തിരുന്ന് വണ്ട് ഇങ്ങനെ മനോരാജ്യം കണ്ടുകൊണ്ടിരിക്കേ, ആന ആ താമരവള്ളിയെത്തന്നെ പിഴുതു കളഞ്ഞു. അത്രയേ ഉള്ളു മനുഷ്യന്റെയും മനുഷ്യസ്വപ്നത്തിന്റെയും സ്ഥിതിയും. വലിയ വലിയ ആക്രമണങ്ങളും അരങ്ങേറ്റങ്ങളും ആലോചിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്റെ യുഗം തന്നെ അടുത്തുതന്നെ തീരുമെന്നാണ് ഒരു ഭാവന. പത്തുമുപ്പത്തഞ്ചു കൊല്ലത്തിനുള്ളിൽ മനുഷ്യൻ ഇല്ലാതാകും, അല്ലെങ്കിൽ മറ്റൊന്നായി തീരുമെന്ന് വേറൊരു ഭാവന. അങ്ങനെ അത്ര പെട്ടെന്നൊക്കെ സംഭവിച്ചാൽ, എന്റെ മകളുടെ ഇളയ മകൾ ഉമ പത്തു വയസ്സുള്ള കുട്ടിയുടെ അമ്മയാകാനല്ലേ ഇടയുള്ളു എന്നാണ് എന്റെ പരിമിതമായ ആലോചന.
മനുഷ്യന്റേതു മാത്രമെന്നു പറയാവുന്ന ഒരു അവയവം ബുദ്ധിയും ബോധവുമൊക്കെയുള്ള മസ്തിഷ്ക്കമാണ്. ചിലർ അതിൽ സർഗ്ഗശക്തി കാണുന്നു, ചിലർ അതിൽ ആത്മാവിനെ ദർശിക്കുന്നു, ചിലർ അതിനെ മൃഗങ്ങൾക്കില്ലാത്ത വിശേഷബുദ്ധിയുടെ പേടകമെന്നു വിശേഷിപ്പിക്കുന്നു. അതുകൊണ്ടാകാം, മസ്തിഷ്ക്കം ഇപ്പോഴും മാറ്റിവെക്കാൻ വയ്യാത്ത അവയവമായി അവശേഷിക്കുന്നു. ഒരു തല പോയാൽ വേറൊരു തല പൊങ്ങിവരുന്ന പുരാണകഥയിൽ മസ്തിഷ്ക്കം മാറ്റിവെക്കുന്ന ശസ്ത്രക്രിയയുടെ പ്രാഗ്രൂപം വായിച്ചെടുക്കാം, ശരി തന്നെ. കുതിരയുടെ തല മാറ്റിവെച്ച കഥ മസ്ത്ഷ്ക്കശത്രക്രിയയിലെ ഒരു ഐതിഹ്യമായി നിലനിൽക്കുന്നുവെന്നതും ശരി. പക്ഷേ, വേറെ എന്തെല്ലാം മാറ്റിവെച്ചാലും, തല മാറ്റിവെക്കുന്ന കാര്യം ആരും ആലോചിക്കുന്നില്ല. മനുഷ്യന്റെ സ്വകീയത അതിൽ കുടികൊള്ളുന്നു.
അത് അത്ര സ്വകീയമൊന്നുമല്ലെന്നു തെളിയിക്കുന്നതാണ് സ്വിറ്റ്സർലന്റുകാരനായ ഹെൻറി മർക്രാം നയിക്കുന്ന മനോ-മസ്തിഷ്ക്കസ്ഥാപനത്തിലെ ഗവേഷണം. അദ്ദേഹത്തിന്റെ സവിശേഷമായ വർണ്ണബോധംകൊണ്ടോ എന്തോ, ഗവേഷണസംരംഭത്തിന് നില്ലമനസ്സ് എന്നു പേരിട്ടിരിക്കുന്നു. ഐ ബി എമ്മിന്റെ സൂപ്പർ കമ്പ്യൂട്ടർ ഉപയോഗിച്ച്, ഒരു സസ്തനജീവിയുടെ തലച്ചോറിലെ ഓരോ ന്യൂറോണും കൃത്രിമമായി ഉണ്ടാക്കിയെടുക്കാൻ ആറുകൊല്ലം മുമ്പ് തുടങ്ങിയതാണ് ഗവേഷണം. പത്തുകൊല്ലം കൂടി കഴിഞ്ഞാൽ ഒരു കൃത്രിമമനുഷ്യമസ്തിഷ്ക്കം രൂപപ്പെടുത്താൻ കഴിയുമെന്നാണ് പ്രവചനം. അതോടുകൂടി മസ്തിഷ്ക്കത്തിന്റെ സ്വകീയതയെച്ചൊല്ലിയുള്ള മനുഷ്യഗർവ്വമൊക്കെ അടങ്ങും.
അങ്ങനെ മനുഷ്യൻ തന്നെ രൂപകല്പന ചെയ്തെടുക്കുന്ന കൃത്രിമമനുഷ്യമസ്തിഷ്ക്കത്തെ മനുഷ്യന്റെ മണ്ടത്തരങ്ങളും മഹാചിന്തകളുമൊക്കെ പഠിപ്പിക്കാൻ എത്ര കാലമെടുക്കുമെന്നാണ് കൃത്രിമബുദ്ധി വികസിപ്പിക്കുന്ന യജ്ഞത്തിൽ മുഴുകിയിരിക്കുന്ന പലരുടെയും ആലോചന. കൃത്രിമമസ്തിഷ്ക്കം മറുപാട്ടു പാടുകയും പ്രേമിക്കുകയും അസൂയ കൊള്ളുകയും ആരാധിക്കുകയും ചെയ്യുമോ
എന്ന് ഇപ്പോൾ ആർക്കും പറയാനാവില്ല. പക്ഷേ ദൈവത്തിന്റെ സവിശേഷസൃഷ്ടിയെന്ന് ചിലർ കരുതുന്ന മനുഷ്യന്റെ യുഗം അവസാനിപ്പിക്കുന്ന പല പടികളിൽ പ്രധാനപ്പെട്ട ഒന്നായിരിക്കുമെന്ന് എല്ലാവരും പറയും.
എന്തൊരു വിരോധാഭാസമാണെന്നു നോക്കൂ. കൃത്രിമബുദ്ധിയും കൃത്രിമമസ്ത്ഷ്ക്കവുമൊക്കെ വികസിപ്പിച്ചെടുത്ത്, മനുഷ്യൻ മരണത്തെ, മർത്യതയെ, അതിവർത്തിക്കാൻ ശ്രമിക്കുമ്പോൾ മനുഷ്യനല്ലാതായി മാറുമെന്നതാണ് സത്യം. മരണത്തിനു വിധേയമായ മൃഗശരീരത്തിൽ അനശ്വരമായ ആത്മാവ് പിണയുമ്പോഴുണ്ടാകുന്നതാണ് മനുഷ്യനെന്ന് പ്രശസ്തമായ ഒരു കാവ്യസങ്കല്പമുണ്ട്. അതാണല്ലോ മനുഷ്യന്റെ ദൈന്യവും. താർക്കികമായി, ചിലർ ചോദിക്കുന്നു: ആ ദൈന്യം എന്തിനു പൊറുക്കുന്നു? ആ ആത്മാവിനെ ഒരു റോബോട്ടിൽ പിണച്ചിട്ടാൽ കാര്യം കഴിഞ്ഞില്ലേ? അതൊക്കെ പറയാൻ എന്തെളുപ്പം എന്നു മാത്രം പറയരുത്. കാരണം റോബോട്ടുകളുടെ എണ്ണവും കഴിവും കൂടിക്കൂടിവരുന്നു. കളിക്കളത്തിലും കളരിയിലും റോബോട് മനുഷ്യനെക്കാൾ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്നു. സാധാരണഭടന്മാരോടൊപ്പം എത്രയോ റോബോട്ടുകളും അഫ്ഘാനിസ്ഥാനിൽ യുദ്ധം ചെയ്യുന്നുണ്ടത്രേ. അവ മരിക്കുന്നില്ല. അമർത്യത, പക്ഷേ, മനുഷ്യന്റെ ചിരന്തനമായ ഒരു കാല്പനികഭാവം, വീരമൃത്യുവിനെപ്പറ്റിയുള്ള ചിന്തയും സ്വപ്നവും, പൊളിച്ചുകളയും.
അമർത്യതയിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമായി, കൃത്രിമബുദ്ധിവികസനത്തിൽ ഏർപ്പെട്ടിട്ടൂള്ളവർ കഴിഞ്ഞ കൊല്ലം കാലിഫോർണിയയിൽ സംഘടിപ്പിച്ച സമ്മേളനത്തിലെ ചർച്ചാവിഷയം ജീവിതദൈർഘ്യം എങ്ങനെ എത്ര കൂട്ടാമെന്നതായിരുന്നു. വയസ്സാകുന്ന പ്രക്രിയയെ തടുക്കുന്ന ജീവശാസ്ത്രപരവും അല്ലാത്തതുമായ തന്ത്രങ്ങൾ മെനജ്ജെടുത്തുകഴിഞ്ഞുവെന്ന് അവകാശപ്പെടുന്ന പ്രതിഭാശാലികളും പറ്റിപ്പുകാരും കൊയ്ത്തു നടത്തുന്നതാണ് നമ്മുടെ കാലഘട്ടം. മരണം നിർവചിക്കുന്നതാണ് ജീവിതം എന്ന പഴയ സങ്കല്പത്തെ പുച്ഛിച്ചുതള്ളുന്നവരിൽ പ്രധാനിയാണ് ഓബ്രി ഗ്രേ എന്ന ബ്രിട്ടിഷ് ജൈവശാസ്ത്രജ്ഞൻ. യന്ത്രത്തിനപ്രാപ്യമായ നിഗൂഢതകൾ ഉൾക്കൊള്ളുന്നതാണ് മനുഷ്യജീവൻ എന്ന വിശ്വാസത്തെ പരിഹസിക്കുന്നവരും ഏറെയുണ്ട്. മനുഷ്യൻ ചെയ്യുന്നതെന്തും കമ്പ്യുട്ടറിനെക്കൊണ്ട് കൂടുതൽ നന്നായും കൂടുതൽ വേഗത്തിലും ചെയ്യിക്കാമെന്നു പ്രഖ്യാപിക്കുന്നു റേയ്മണ്ട് കുർസ്വെൽ എന്ന
കൃത്രിമബുദ്ധിനിർമ്മാതാവ്.
ഏതാണ്ട് അര നൂറ്റാണ്ടു മുമ്പ്, പാട്ടുകാരെയും ശാസ്ത്രജ്ഞന്മാരെയും ഒരുപോലെ അന്ധാളിപ്പിക്കുകയുണ്ടായി കുർസ്വെൽ. അവരെ ഒരു പാട്ടു കേൾപ്പിച്ചിട്ട് അന്ന് സ്കൂളിൽ പഠിച്ചിരുന്ന കുർസ്വെൽ പറഞ്ഞു, “ഞാൻ ഒളിപ്പിക്കുന്ന രഹസ്യം എന്തെന്നു പറയൂ.” എല്ലാവരും മിഴിച്ചിരിക്കുമ്പോൾ പയ്യൻ പറഞ്ഞു, “നിങ്ങൾ കേട്ട പാട്ടു പാടിയത് മനുഷ്യനല്ല, ഞാൻ തന്നെ ഉണ്ടാക്കിയ കമ്പ്യൂട്ടർ ആണ് പാട്ടുകാരൻ.” അതിനുശേഷം അര നൂറ്റാണ്ടിനുള്ളിൽ ആറ്റിലൂടെ ഒലിച്ചുപോയ വെള്ളംകൊണ്ട് ഭൂമിയിൽ മൂവായിരം വട്ടം പ്രളയം ഉണ്ടാക്കാൻ കഴിയും. അതിനിടെ കൃത്രിമബുദ്ധിയുടെ സാധ്യതകൾ ഏറെ വിപുലമായിരിക്കുന്നു. വരുന്ന ദശകത്തിൽ മനുഷ്യബുദ്ധിക്കു സമമായ ബുദ്ധി കൃത്രിമമായി സൃഷ്ടിക്കാൻ കഴിയും. പിന്നെ ഒരു ഇരുപത്തഞ്ചു കൊല്ലം കൂടി കഴിയുമ്പോഴേക്കും, മനുഷ്യൻ കൃത്രിമമായി ഉണ്ടാക്കുന്ന ബുദ്ധിയുടെ അളവ് മനുഷ്യബുദ്ധിയുടെ അളവിനെക്കാൾ ആയിരം കോടി മടങ്ങായിരിക്കുമെന്നാണ് കുർസ്വെലിന്റെ കണക്കുകൂട്ടൽ.
മരണത്തെ അതിജീവിക്കുക, ജൈവബുദ്ധിയുടെ സീമകളെ അതിവർത്തിക്കുക--അതു രണ്ടുമായാൽ നാം ഇന്നറിയുന്ന നാം ഉണ്ടാവില്ല. പൊയ്പോയതിനെച്ചൊല്ലി പരിതപിക്കാനോ, ഒമർ ഖയ്യാം പറഞ്ഞതുപോലെ, “ഞാനും നീയും കവിതാപുസ്തകവും ഒരു കോപ്പ കള്ളും” ഉണ്ടെങ്കിൽ ലോകം കീഴടക്കാമെന്നു മോഹിക്കാനോ, |വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്നേഹബന്ധങ്ങളൂഴിയിൽ” എന്ന് ഓ എൻ വിയോടൊത്ത് പാടാനോ പറ്റില്ല. ഗൃഹാതുരത്വവും കവിതയും പ്രണയവും അതിവർത്തിക്കപ്പെടുന്നതാവും കൃത്രിമബുദ്ധിയിലൂടെ ഉരുത്തിരിയുന്ന അസ്തിത്വം. “കളിയും ചിരിയും കരച്ചിലുമായ് കഴിയും നരനൊരു യന്ത്രമായാൽ” എന്തു സംഭവിക്കുമെന്ന് ഇടശ്ശേരി പണ്ടേ ആശങ്കപ്പെട്ടിരുന്നു.
മനുഷ്യയുഗത്തിന്റെ അന്ത്യത്തെപ്പറ്റിയുള്ള ഈ ചിന്തയെല്ലാം ഭ്രാന്തഭാവന മാത്രമാണെന്നു സമാധാനിക്കുന്നവർ ഏറെ. സമാധാനിക്കട്ടെ; ഭൂമിയിൽ സന്മനസ്സുള്ളവർക്കാണ് സമാധാനമെന്ന് അഭിമാനിക്കട്ടെ. ലോകാവസാനത്തെപ്പറ്റി ദുരന്തപ്രവചനം നടത്തി പൊളിഞ്ഞുപാളീസായവരെ പരിഹസിച്ച് നാം സമാധാനിക്കാറില്ലേ, അതുപോലെ. പക്ഷേ ആത്മാനുരാഗത്തിനടിപ്പെടാതെ, കഴിഞ്ഞ അമ്പതുകൊല്ലത്തെ മാറ്റം വിലയിരുത്തിയാൽ ഒന്നു ബോധ്യപ്പെടും: മനുഷ്യൻ ഏറെ മാറിയിരിക്കുന്നു. ഇനി വരുന്ന മാറ്റം ഉണ്ടായതിന്റെ നൂറു മടങ്ങായിരിക്കും, ആയിരം മടങ്ങു വേഗത്തിൽ.
(malayalam news feb 22)
No comments:
Post a Comment