Saturday, March 5, 2011

ബാലകൃഷ്ണ പിള്ള--ചില ഓർമ്മകൾ

സോമവാരം

സോമവാരം
ബാലകൃഷ്ണ പിള്ള--ചില ഓർമ്മകൾ
കെ ഗോവിന്ദൻ കുട്ടി

“അങ്ങനെയല്ല.” അങ്ങനെയൊരു മറുപടി പലപ്പോഴും കേൾക്കാം. ചോദ്യത്തെ “അതെ” എന്നോ “അല്ല” എന്നോ പറഞ്ഞു നേരിടാൻ ഉറപ്പില്ലാത്തപ്പോഴായിരിക്കും അങ്ങനെയൊരു മറുപടിയിൽ അഭയം തേടുക. ആർ ബാലകൃഷ്ണ പിള്ള ജയിലിൽ പോകുന്ന ദിവസം, ഭാര്യയുടെ ഒരു ചോദ്യത്തിനു മുമ്പിൽ എനിക്ക് അങ്ങനെ അഭയം തേടേണ്ടി വന്നു. എന്റെ മുഖം വായിച്ചെടുക്കുന്നതുപോലെ ഭാര്യ ചോദിച്ചു: “എന്താ, ദുഖമുണ്ടോ?” പരുങ്ങിപ്പരുങ്ങി ഞാൻ പറഞ്ഞു തുടങ്ങി: “അങ്ങനെയല്ല....”

വാസ്തവത്തിൽ അങ്ങനെ ആയിരുന്നില്ല. ഇടമലയാർ കഥയും ബാലകൃഷ്ണയുടെ വഴി വിട്ട വേറെ പല കാര്യങ്ങളും ഞാൻ എത്രയോ എഴുതിയിരിക്കുന്നു. അദ്ദേഹം മാധ്യമങ്ങളുടെ പ്രിയനേതാവായിരുന്ന കാലത്ത്, ആരും അദ്ദേഹത്തെ അലോസരപ്പെടുത്തുന്നതൊന്നും എഴുതാൻ ഇഷ്ടപ്പെടാതിരുന്ന എൺപതുകളുടെ തുടക്കത്തിൽ, ഞാൻ എങ്ങനെയോ അദ്ദേഹത്തിന്റെ അരിശം നേടി. പിന്നെ സ്വയംവർദ്ധകമായ അരിശത്തിൽനിന്ന് രക്ഷ ഇല്ലാതായി. അതിന്റെ ന്യായവും യുക്തിപൂർവകവുമായ ജയിൽ സമാപ്തിയിൽ കൃതാർഥത തോന്നണം. പക്ഷേ, പഴയ ആ വാക്ക് വീണ്ടും വീശട്ടെ, “അങ്ങനെയല്ല.“

സമൃദ്ധിയിൽ കഴിയുന്ന ഒരാൾ തടവറയുടെ അസ്വതന്ത്ര്യവും അസൌകര്യവും അനുഭവിക്കേണ്ടി വരുക. അനുസരിപ്പിച്ചും സ്വന്തം ഇഷ്ടം അവകാശം പോലെ അനുഭവിച്ചും പോരുന്ന ഒരാൾ ജയിലറുടെ സൌജന്യത്തിനു വേണ്ടി കെഞ്ചേണ്ടി വരുക. പൂജപ്പുര ജയിൽ മുറിയിലെ ദൈന്യം ഞാൻ മനസ്സിൽ കണ്ടു. എനിക്ക് അതിൽ കഷ്ടം തോന്നി. നമ്മൾ എന്തിനു വേണ്ടി പണിപ്പെട്ടുവോ, അതിന്റെ ഫലം കാണുമ്പോൾ സന്തോഷിക്കാതിരിക്കുക, ഒരുപക്ഷേ, സന്തപിക്കുക എന്ന യുക്തിരാഹിത്യം ഒരു മാനുഷികഭാവമാകുന്നു. ബാലകൃഷ്ണ പിള്ള ജയിലിൽ പോകുന്നതിനെപ്പറ്റിയുള്ള ചോദ്യം കേട്ടപ്പോൾ എനിക്കുണ്ടായത് ആ മാനുഷികയുക്തിരാഹിത്യമായിരുന്നു. ആഘോഷിക്കണോ, അനുതപിക്കണോ? “അങ്ങനെയല്ല“ എന്നല്ലാതെ എന്തു പറയാൻ?. വി എസ് അച്യുതാനന്ദനാകട്ടെ, അങ്ങനെത്തന്നെയായിരുന്നു. യന്ത്രസഹജമായ കൃതാർഥതയോടെ അദ്ദേഹം ആഘോഷിക്കുക തന്നെ ചെയ്തു. വാക്കുകൾ നീട്ടിയും കുറുക്കിയും വെട്ടിനുറുക്കിയും, ഒച്ച താഴ്ത്തിയും ഉയർത്തിയും പരത്തിയും, അദ്ദേഹം ബാലകൃഷ്ണ പിള്ളയുടെ ജയിൽ പ്രവേശം കൊണ്ടാടി.

ബാലകൃഷ്ണ പിള്ളയുടെ ആദ്യത്തെ കനഡ യാത്രയെപ്പറ്റിയുള്ള ഒരു കൊച്ചുകഥയുമായിട്ടായിരുന്നു എന്റെ തുടക്കം. പിന്നെ അദ്ദേഹം വൈദ്യുതി ബോർഡിന്റെ വിദേശ കാർ ഉപയോഗിച്ചതും, വയർലസ് സെറ്റ് വീട്ടിൽ കൊണ്ടു വെച്ചതും, എയർ കണ്ടിഷനർ സ്ഥാപിച്ചതും, ഇടമലയാറിൽ കൊടി കാണിച്ച ഡ്രൈവറെ സ്ഥലം മാറ്റിയതും, എഞ്ചിനീയർമാരെ വിരട്ടിയതും, കരാർ കാര്യങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചതും, അങ്ങനെ അങ്ങനെ പലതും കഥയായി. അരിശം സ്വയം വർദ്ധിക്കുകയായിരുന്നു. ഒടുവിൽ, വികാസ് ഭവനിൽ, നിയമസഭയുടെ ഒരു വിഷയസമിതിയുടെ യോഗത്തിൽ വെച്ച്, അംഗങ്ങൾ അദ്ദേഹത്തെ ഘെരാവോ ചെയ്തു. അതാകട്ടെ, നിയമസഭാംഗങ്ങൾ മന്ത്രിയെ ഘെരാവോ ചെയ്യുന്ന ആദ്യത്തെ സംഭവമായിരുന്നു അതിൽ പിന്നെ അങ്ങനെയൊന്നുണ്ടായതായി കേട്ടിട്ടുമില്ല. ആലോചനമുതൽ എനിക്കറിയാമായിരുന്നതായിരുന്നു ആ ഘെരാവോ പരിപാടി. സ്വതവേ കുലുക്കമില്ലാത്ത ബാലകൃഷ്ണ പിള്ളയെ ഒട്ടൊക്കെ ഉലച്ചതായിരുന്നു ആ ഘെരാവോ.

തിരിഞ്ഞുനോക്കുമ്പോൾ, അജയ്യനെന്നു തോന്നിയിരുന്ന ബാലകൃഷ്ണ പിള്ളക്കെതിരെ രണ്ടു ചേരിയിലും പുകഞ്ഞുവന്നിരുന്ന അമർഷത്തിന്റെ നാന്ദിയായിരുന്നു ആ ഘെരാവോ എന്നു തോന്നുന്നു. അന്നു തുടങ്ങിയ അദ്ദേഹത്തിന്റെ കഷ്ടകാലം പിന്നെപ്പിന്നെ ഒന്നിനൊന്നു വഷളായി. പമ്മിപ്പമ്മിയിരുന്നവർ അവസരം കിട്ടിയപ്പോൾ അദ്ദേഹത്തെ തിരിഞ്ഞു വെട്ടി. ഒരു പ്രസംഗത്തിനിടെ ഒരു മൂച്ചിനു പറഞ്ഞുപോയ ഒരു വാക്കിന്റെ പേരിൽ, അദ്ദേഹത്തെ ഭീകരവാദിയായി ചിത്രീകരിക്കുകയും മന്ത്രിസ്ഥാനത്തുനിന്ന് തെറിപ്പിക്കാൻ കരുക്കൾ നീങ്ങുകയും ഉണ്ടായി. പ്രസംഗത്തിനുശേഷം, രാഷ്ട്രീയരോഷം പതഞ്ഞുനുരഞ്ഞപ്പോൾ, കോഴി കൂവുന്നതിനുമുമ്പ്, പത്രോസിനെപ്പോലെ, അദ്ദേഹം മൂന്നു വട്ടം തന്റെ പഞ്ചാബ് മോഡൽ വിവാദപ്രയോഗം കയ്യൊഴിഞ്ഞു. എല്ലാവരും അദ്ദേഹത്തെ വളഞ്ഞിട്ടു പിടിക്കാൻ വട്ടം കൂട്ടുകയായിരുന്നു.

അവിടെ തുടങ്ങി ബാലകൃഷ്ണ പിള്ളയുടെയും എന്റെയും സൌഹൃദം. നാക്കുപിഴയെന്നു പറഞ്ഞു തള്ളേണ്ട, താൻ തന്നെ കയ്യൊഴിയുകയും ഖേദിക്കുകയും ചെയ്യുന്ന ഒരു പ്രസ്താവത്തിന്റെ പേരിൽ ഒരു പ്രസംഗകനെ ക്രൂശിക്കരുതെന്നായിരുന്നു എന്റെ വാദം. ബാലകൃഷ്ണ പിള്ളയുടെ സൌഹൃദം കൈവന്നതൊഴിച്ചാൽ, അതുകൊണ്ട് ഫലം ഒന്നുമുണ്ടായില്ല. സൌഹൃദത്തെപ്പറ്റി പറയുമ്പോൾ, ഒരു കാര്യം കൂടി കുറിക്കണം. കൂറുള്ളവർക്കുവേണ്ടി, വേണ്ടപ്പെട്ടവർക്കുവേണ്ടി, എന്തെങ്കിലും ചെയ്യാൻ അദ്ദേഹം ചട്ടം അങ്ങുമിങ്ങും വളച്ചെന്നിരിക്കും. എതിർക്കുന്നവർക്കെതിരെ എന്തും ചെയ്യാനും ചട്ടത്തെ അതുപോലൊക്കെ ചെയ്യും. ബാക്കിപത്രം നോക്കുമ്പോൾ, നന്ദികേടും വൈരാഗ്യവും നേടാൻ അത്ര നല്ല വഴി വേറെ കാണില്ല.

സൌഹൃദത്തിന്റെ കാലത്ത്, ഒരിക്കൽ ഞങ്ങൾ അദ്ദേഹത്തിന്റെ കാറിൽ കണ്ണൂർ വരെ യാത്ര ചെയ്തു. അദ്ദേഹത്തെ നഖശിഖാന്തം എതിർത്തിരുന്ന എം വി രാഘവൻ സി പി എം വിടുകയും, ഐക്യജനാധിപത്യമുന്നണിയുടെ ഭാഗമാകുകയും ബാലകൃഷ്ണപിള്ളയുമായി ചങ്ങാത്തം പണിയുകയും ചെയ്തിരുന്നു. എം വി ആറിന്റെ തിരഞ്ഞെടുപ്പുത്സവം കാണാൻ പോയതായിരുന്നു ബാലകൃഷ്ണ പിള്ളയും ഞാനും. എം വി ആറിന് പിന്തുണ മാത്രമല്ല എന്തോ സഹായവും അദ്ദേഹം നൽകിയതായി ഓർക്കുന്നു. മടങ്ങിപ്പോരുമ്പോൾ, മയ്യഴിയിൽ കാർ നിർത്തി. ഡ്രൈവറെ വിട്ട് എനിക്കു കുടിക്കാൻ എന്തോ വരുത്തി. ഇരുട്ടിയപ്പോൾ, കോഴിക്കോട്ട് ഗസ്റ്റ് ഹൌസിൽ, ഒരേ മുറിയിലിരുന്ന്, പണ്ട് പരോളിലിറങ്ങിയ തടവുകാർ വെട്ടിക്കൊന്ന കലക്റ്റർ കനോലിയുടെയും കുടുംബത്തിന്റെയും--ഇപ്പോൾ ഗസ്റ്റ് ഹൌസ് നിൽക്കുന്ന സ്ഥലത്ത് ഒരിക്കൽ കലക്റ്ററുടെ ബംഗളാവ് ആയിരുന്നു--കഥ മൊത്തിക്കുടിച്ചുകൊണ്ടിരുന്നപ്പോൾ, ബാലകൃഷ്ണ പിള്ള പറഞ്ഞു: “എനിക്ക് ഇതൊന്നും ശീലമില്ല.”

പിന്നെ ജോലിയുടെ പുതിയ ശീലങ്ങളുമായി ഞാൻ വഴി മാറിപ്പോയി. സൌഹൃദങ്ങൾ മങ്ങിയ ഓർമ്മകളായി. ഒരിക്കൽ ആരുടെയോ തടുക്കാൻ വയ്യാത്ത നിർബ്ബന്ധത്തിനു വഴങ്ങി, ശുപാർശയുമായി ബാലകൃഷ്ണ പിള്ളയെ കാണേണ്ടി വന്നു. മന്ത്രിയായിരുന്നില്ല, പക്ഷേ അദ്ദേഹത്തിന്റെ വാക്ക് നടപ്പായിരുന്ന ചില സ്ഥലങ്ങൾ അപ്പോഴും ഉണ്ടായിരുന്നു. ഒരു ശിപായിയുടെ സ്ഥലം മാറ്റം ആയിരുന്നു കാര്യം. അതെത്രയോ നിസ്സാരമായിരുന്നു, അദ്ദേഹത്തിന്റെ നോട്ടത്തിൽ. ഒരു ടെലഫോൺ വിളി. രണ്ടാമതൊരു വിളി വേണ്ടി വന്നില്ല. എന്റെ ആദ്യത്തെ വിളിയിൽ തന്നെ വേണ്ടപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു, “അത് ഏർപ്പടാക്കുന്നു. അതിനായി ഇനി വിളിക്കേണ്ടി വരില്ല.” ചെറിയ കാര്യം. വലിയ നന്ദി. അങ്ങനെ അധികം ഓർക്കാനില്ല.

ഓർക്കാനുള്ളത് ബാലകൃഷ്ണ പിള്ളയെ വിടാതെ പിന്തുടർന്ന പഴയ ആരോപണങ്ങളുടെയും കേസുകളുടെയും കഥയായിരുന്നു. അതിലൊന്നിന്റെ പരിണാമത്തിൽ, അദ്ദേഹം ജയിലിൽ ആയി. കുറ്റം തെളിഞ്ഞാൽ കുറ്റവാളികൾ ശിക്ഷിക്കപ്പേടുന്നതാണ് നിയമം. നിയമം നടപ്പാവുമ്പോൾ ചിരിക്കണോ കരയണോ? പഴയ വാക്ക് വീണ്ടും ഉപയോഗിക്കട്ടെ, “അങ്ങനെയല്ല.” കൊലയാളിയെ തൂക്കിക്കൊല്ലാൻ വിധിച്ച ശേഷം ന്യായാധിപൻ പേന പൊട്ടിച്ചുകളഞ്ഞിരുന്നെന്നു കേട്ടിട്ടുണ്ട്. ന്യായം പുലരുമ്പോഴും വേദന തോന്നാം. അതു തോന്നത്തവരായും ചിലർ കാണും, ചിരിക്കുകയും കോക്രി കാണിക്കുകയും ചെയ്യുന്ന ചിലർ, അച്യുതാനന്ദനെപ്പോലെ.

(malayalam news march 1)

No comments: