Saturday, March 5, 2011

കുടത്തിൽ വീണ്ടും തിരയിളക്കം

മുൻകൂട്ടി ഉത്തരം പറയുന്ന കടംകഥയുടെ കൌതുകം ഉളവാക്കുന്നതാണ് ആ പഴകിയ ചോദ്യം: ഇടതുമുന്നണിയോ ഐക്യമുന്നണിയോ? രണ്ടിലൊന്നേ ആവൂ. രണ്ടായാലും സഹിക്കാം. അതിനപ്പുറം അല്പം ആവേഗം പകരുന്ന ഒന്നുണ്ട് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ.
വാസ്തവത്തിൽ അതിനെ സി പി എമ്മിന്റെ--സി പി എമ്മിലെ എന്നും പറയാം--തിരഞ്ഞെടുപ്പ് എന്നു വിശേഷിപ്പിക്കണം. തള്ളിക്കളഞ്ഞ സഖാവിനെ വീണ്ടും തോളിലേറ്റുമ്പോൾ അണികൾ എങ്ങനെ അടി വെക്കണം എന്ന തീരുമാനം ആയിരിക്കും ഈ തിരഞ്ഞെടുപ്പ്.

മറന്നുതുടങ്ങിയ ആ ഉർദു കവിതയിലെ രൂപകം ആവർത്തിക്കാമെങ്കിൽ, കടൽ നോക്കി, കുടത്തിൽ തിരയിളക്കം കാണാൻ ഉന്നിയ കുട്ടിയായിരുന്നു മിനിയാന്നു വരെ വി എസ് അച്യുതാനന്ദൻ. ഇന്നലെ അദ്ദേഹം രൂപം മാറി. തിരഞ്ഞെടുപ്പിൽ വിളിക്കാവുന്ന മുദ്രാവാക്യങ്ങൾക്കെല്ലാം ദൃശ്യഭാവം നൽകിയ നേതാവായിരിക്കുന്നു അദ്ദേഹം. സദാചാരം, സത്യസന്ധത, ധീരത, പിന്നെ, മേമ്പൊടിക്ക്, വേണമെങ്കിൽ, ഒരു നുള്ള് രക്തസാക്ഷിത്വവും ചേർക്കാം: അതൊക്കെ ഒട്ടൊക്കെ പൊടുന്നനവേ പാർട്ടിയിൽനിന്നും നാട്ടുകാരിൽനിന്നും പതിച്ചുകിട്ടിയിരിക്കുന്ന വി എസ് അല്ലാതെ ആരുണ്ട് ഇപ്പോൾ ഇടതുപക്ഷത്തെ നയിക്കാൻ! തിരഞ്ഞെടുപ്പിന്റെ പതിമൂന്നാം രാവിൽ വി എസ്സിനുണ്ടായ ഈ രൂപാന്തരപ്രാപ്തിയാവും കഴിഞ്ഞ
അഞ്ചുകൊല്ലത്തിനുള്ളിലെ ഒരു നിർണായകരാഷ്ട്രീയസംഭവം.

അതിനോളം പ്രാധാന്യം വേറൊന്നിനുണ്ടെങ്കിൽ, അത് വി എസ്സുമായി ഒരുമിച്ചുപോകാൻ പറ്റില്ലെന്ന മട്ടിലുള്ള പാർട്ടിയുടെ ഔദ്യോഗികവിഭാഗത്തിന്റെ നിലപാടായിരിക്കും. കൂട്ടത്തിൽ പറയട്ടെ, വി എസ്സുമായി ഇനി ഒത്തുപോകാൻ കഴിയില്ലെന്ന് പണ്ടൊരിക്കൽ ഇ എം എസ്സിനോട് അറുത്തുമുറിച്ചു പരാതിപ്പെട്ട കാര്യം ഇ ബാലാനന്ദന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നതു കാണാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആദ്യം
മത്സരിപ്പിക്കുകപോലും വേണ്ടെന്നുവെച്ചിരുന്ന ഒരാൾ മത്സരിച്ചു, മുഖ്യമന്ത്രിയായി, അഞ്ചുകൊല്ലം നേതൃത്വവുമായി കോർത്തുനിന്നു, ഇപ്പോഴിതാ, ഇടതുപക്ഷത്തിന്റെ രക്ഷകനായി മാനം മുട്ടേ വളർന്നു നിൽക്കുന്നു.

എല്ലാവർക്കുമറിയാം, എല്ലായ്പ്പോഴുമെന്നപോലെ, അച്യുതാനന്ദനും പാർട്ടിയും തമ്മിൽ നിലനിന്ന ഈ പഞ്ചവത്സരവിരോധം വെറും രാഷ്ട്രീയാഭിപ്രായവ്യത്യാസമായിരുന്നില്ല. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളായിരുന്നു അതിന്റെ അടിത്തട്ടും മുകൾത്തട്ടും ഒരുപോലെ. അഭിപ്രായവ്യത്യാസം രോഗാകീർണമായ ഒരു വികാരമായി മാറിയിരുന്നു. അത്രയേറെ കാലുഷ്യം പാർവതീപുത്തനാറിലൂടെ ഒലിച്ചുപോയിട്ടും, ആകസ്മികമായി പെയ്തിറങ്ങിയ ജനപ്രീതിയിൽ തിളങ്ങിനിൽക്കുന്ന വി എസ്സിനെ എല്ലാം മറന്ന് തോളേറ്റാൻ അണികൾ നിയോഗിക്കപ്പെടുമ്പോൾ
ആരുടെയെങ്കിലും കാലിടറുമോ എന്നതാണ് പാർട്ടിയുടെ ആത്മപ്രശ്നവും ധർമ്മസങ്കടവും. ഇഷ്ടാനിഷ്ടങ്ങളും ശൈലികളും ഒരു രാവുകൊണ്ടു മാറുമോ? മറിച്ചൊരു ചോദ്യമാകാം. ഉമ്മൻ ചാണ്ടിയെ പറയാൻ കൊള്ളാത്തതെല്ലാം പറഞ്ഞു പോയ കെ മുരളീധരൻ, കഴിഞ്ഞതൊന്നുമോർക്കാതെ വീണ്ടും പുതുപ്പള്ളിയുടെ സമൃദ്ധിക്കുവേണ്ടി വിയർപ്പൊഴുക്കാൻ വന്നില്ലേ? പക്ഷേ പിണറായി വിജയൻ മുരളീധരൻ അല്ലല്ലോ.

ആ പ്രകൃതം ഇടതുമുന്നണിയും ഐക്യമുന്നണിയും തമ്മിലുള്ള അന്തരത്തിലേക്കും വിരൽ ചൂണ്ടുന്നു. എപ്പോഴും കലഹിച്ചും, എന്നാൽ “സോദരർ തമ്മിലെ പോരൊരു പോരല്ല” എന്ന മട്ടിൽ എപ്പോഴും സന്ധി പറഞ്ഞും കഴിയുന്ന ഐക്യമുന്നണിയുടെ മുദ്രയാണ് അനൈക്യം. അത്ര തന്നെ വരും അഴിമതിക്കുള്ള അതിന്റെ പ്രശസ്തി. ഐക്യമുന്നണി സൃഷ്ടിച്ചിട്ടുള്ള അഴിമതിസാഹിത്യം, വൈപുല്യത്തിൽ, വ്യാസന്റേതിനെക്കാൾ കുറയുമായിരിക്കും.
അത്രയേയുള്ളു. അതായിരുന്നു എക്കാലവും ഇടതുമുന്നണീയുടെ ഗുലാൻ. ഇത്തവണത്തെ തിരഞ്ഞെടുപ്പിന് അതെടുത്തു വീശുമ്പോൾ, ടീം ലീഡറും വയോധികനുമായ വി എസ്സിന് ഒരു ഗുലാൻ കൂടി കിട്ടി. പേരറിയാത്ത വിരഹാതുരനായ യക്ഷനെപ്പോലെ ചിലർ രതിരുചികളുടെ പുതിയ
കഥകളുമായി കാടിറങ്ങിവന്നിരിക്കുന്നു. പക്ഷേ ഒന്നുണ്ട്: രതിരുചികളുടെ കാര്യത്തിലായലും, അഴിമതിയുടെയും അന്തച്ഛിദ്രത്തിന്റെയും കാര്യത്തിലായാലും, ഇടതും വലതും ഒരുപോലെ വിളങ്ങുന്നതായി കാണാം.

ശങ്കരന്മാരുടെ നാടായ കേരളത്തിൽ രതിപുരാണം സന്ധ്യാവന്ദനത്തിനുപയോഗിക്കുന്നതിൽ ഒരു തരം വൈരുദ്ധ്യാത്മകതയുണ്ടോ? കേരളം
പലപ്പോഴും നിരുത്തരമായ പ്രശ്നം അവശേഷിപ്പിച്ചുപോകുന്നതുപോലെ, ഇവിടെയും സംഭവിക്കുന്നു: പത്തും പതിനഞ്ചും, അതിൽ കൂടുതലും, പഴക്കമുള്ള കിംവദന്തികൾ പുതിയ സമാചാരം പോലെ പടർന്നു പെരുകുന്നു. “ഇനിയും പലരും ജയിലിൽ പോകും” എന്നാണ് ടീം ലീഡറുടെ ഭീഷണി. കഥകൾ കെട്ടടങ്ങാതെ പുകഞ്ഞുപൊങ്ങുന്നു എന്നതുതന്നെ ഉള്ളിൽ എരിയുന്ന നേരിന്റെ തെളിവാകാം. ഏതായാലും, നേതാക്കളുടെ മാറിവരുന്ന രതിരുചികളും, ആസ്പത്രിയുടെ പേരിലും അണക്കെട്ടിന്റെ പേരിലുമൊക്കെയുള്ള ധനസമ്പാദനരീതികളും നിരന്തരം ചർച്ച ചെയ്യുന്നതായിരിക്കുന്നു സമ്മതിദായകരുടെ സംവേദനശീലം. അതിന്റെ തിരക്കിൽ, നമുക്കും തീവ്രവാദത്തിനുമിടയിൽ ഞരമ്പുപോലൊരു വരമ്പായി
പലപ്പോഴും വർത്തിക്കുന്ന കക്ഷികൾ പൊളിഞ്ഞാൽ, പകരം എന്തു വരും എന്നാലോചിക്കാനിടയില്ല. അവക്കു ബദലായി ചിലർ ചില നേരങ്ങളിൽ
കൂട്ടു പിടിച്ച കക്ഷികൾ ആകട്ടെ, മിക്കപ്പോഴും തീവ്രവാദത്തിലേക്കു വഴുതിപ്പോയതായാണ് ചരിത്രം.

തിരഞ്ഞെടുപ്പ് കൊഴുക്കാൻ ഇതൊക്കെ മതി. പിന്നെന്തെങ്കിലും വേണമെങ്കിൽ, “ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു“ എന്നു പറഞ്ഞ ദൈവത്തെത്തന്നെ നമ്മൾ പിഴുതിറക്കും. എപ്പോഴും നമ്മൾ എവിടെയും കണ്ടെത്തും, പുത്രനുവേണ്ടി വഴി വിടുന്ന പിതാവിനെയും പിതാവിനെ തന്റെ പേരിലുള്ള നരകത്തിൽ വീഴ്ത്തുന്ന പുത്രനെയും. തിരഞ്ഞെടുപ്പിൽ ഒരു മുദ്രാവാക്യമായി പുതുക്കിയെടുക്കാവുന്നതേയുള്ളു ലൂയി
മക്നീസിന്റെ ഈ രോദനം: “ലോകം എന്റെ മകന്റെ കൈകളാൽ ചെയ്ത പാപം പൊറുക്കണേ!“.


(manorama march 4)

No comments: