കിന്നാരം പറയുമ്പോൾ എന്തും പറയാം. കറുത്ത പെണ്ണ് എന്നും കരിങ്കുഴലി എന്നും പറയാം. ലൈൻ അടിക്കുന്നവനെ ഒരുത്തൻ എന്നു പറയാം. പക്ഷേ മറ്റേ കക്ഷിയെയോ? ഒരുത്തി എന്നു പറയരുത്. പൊല്ലാപ്പ് ആകും. അച്യുതാനന്ദൻ സിന്ധുവിനെ ഒരുത്തി ആക്കിയത് അതൊന്നും ആലോചിച്ചിട്ടാവില്ല. വായിൽ തോന്നി, അതു പാടി--അത്ര തന്നെ.
ആരാണ് ഒരുത്തി? ഒരു സ്ത്രീ? വെറും തത്ഭവം? എങ്കിൽ പിന്നെ തത്സമമായ ഒരു വാക്കെടുത്തെറിഞ്ഞാൽ മലമ്പുഴ കലങ്ങേണ്ടതില്ല. പക്ഷേ കലങ്ങാം. ഒരുത്തിയിൽ ഒരു സ്ത്രീയോടുള്ള പരാക്രമ്മല്ല, പുഛമാണ് ഇളിച്ചുകാട്ടുന്നതെന്ന് പലർക്കും അപ്പോഴേ തോന്നി. പഴഞ്ചനായ മനുവിന്റെ കല്പന പോലെ, സ്ത്രീയെ, പൂജിച്ചില്ലെങ്കിലും, ഒരുത്തിയാക്കരുതെന്ന് സ്ത്രീവാദക്കാർ പോലും ശഠിക്കും. ഒരു സ്ത്രീയും ഒരുത്തിയും തമ്മിൽ അഭേദം കല്പിച്ചതാണ് കുഴപ്പം. ശ്രേഷ്ഠവും നികൃഷടവും തമ്മിലുള്ള ഭേദം തിരിച്ചറിയാത്തതെന്നും പറയാം.
പണ്ടൊരു സമരനായകനും ഇതു പോലൊരു അക്കിടി പറ്റി. പാകിസ്താനെ ആദ്യം പരാജയത്തിലേക്കു നയിച്ച പട്ടാളത്തലവനായിരുന്നു അദ്ദേഹം. ജനറൽ അയൂബ് ഖാൻ. ഈറ പിടിച്ച ജനറൽ ഒരിക്കൽ ശത്രുരാജ്യത്തിന്റെ തലവിയായ ഇന്ദിരയെപ്പറ്റി പറഞ്ഞു: That Woman. ആ സ്ത്രീ. വെറും വസ്തുസ്ഥിതികഥനം. സൈനികമായ കൃത്യതയുള്ള പ്രയോഗം. പക്ഷേ അതായി പിന്നെ അയൂബിന്റെ പ്രശസ്തിക്കു കാരണം. പാക് പട അന്നു തോറ്റത് അതുകൊണ്ടാവണമെന്നില്ല. എന്നാലും ആ സ്ത്രീ ആയി അയൂബിന്റെ പരാജയം. ആ പ്രയോഗമായി അദ്ദേഹത്തിന്റെ മേൽ വിലാസം.
അതൊന്നും അറിയാൻ മെനക്കെട്ടിരുന്നയാളല്ല പി സീതി ഹാജി. കൂസലില്ലായ്മയുടെ കാര്യത്തിൽ അദ്ദേഹം അച്യുതാനന്ദനുമായി കട്ടക്കു കട്ടക്കു നിൽക്കും. സീതി ഹാജി ഓർമ്മിക്കപ്പെടുന്നത് രണ്ടു വാക് വികൃതികൊണ്ടാണെന്നു തോന്നുന്നു. മഴ പെയ്യാൻ കാടു വേണമെങ്കിൽ, അറബിക്കടലിൽ മഴ പെയ്യുന്നതെങ്ങനെ എന്നതായിരുന്നു അദ്ദേഹത്തിന്റെ പണ്ഡിതോചിതമായ ചോദ്യം. രണ്ടാമത്തെ വികൃതി കാടിനെ സ്നേഹിച്ച ഒരു കവിയെപ്പറ്റിയുള്ള പ്രയോഗമായിരുന്നു. കാടിനെയും കവിയെയും പറ്റി പറഞ്ഞുപോയപ്പോൾ സീതി ഹാജി കാടു കയറി. അയൂബ് ഖാന്റെ അമളിയൊന്നും ഓർക്കാതെ ആ മരവ്യാപാരി കവിയെപ്പറ്റി പറഞ്ഞു: “ഒരു പെണ്ണ്....”
സഭ കത്തി. സ്ത്രീപുരുഷഭേദമെന്യേ ആളുകൾ ഒരു പെണ്ണ് എന്ന അകവിതയെ അപലപിച്ചു. “എന്തിനോ വെറും പാവം ഒരു പെണ്ണിനെ സൂര്യചന്ദ്രതാരകൾ പോലും നോക്കിനിന്നുപോം മട്ടിൽ” എന്നൊക്കെ കാവ്യമാകാം. പക്ഷേ ഒരു സ്ത്രീയെ ഒരു പെണ്ണ് എന്നു വിളിക്കുന്നത് കാര്യം വേറെ. ഒരു സ്ത്രീ ഒരു പെണ്ണല്ല എന്നു മനസ്സിലാക്കാൻ സീതി ഹാജിക്ക് ഏറെ നേരം വേണ്ടി വന്നില്ല. അദ്ദേഹം സുല്യം പറഞ്ഞ് പിൻ വാങ്ങി. എന്നിട്ടും പിന്നാമ്പുറങ്ങളിൽ ഇങ്ങനെ ഒരു സംസാരം തുടർന്നു: ഒരു പെണ്ണ് എന്നു പറഞ്ഞാൽ ഹലാക്ക് ആയി; ഓൾ എന്നു പറഞ്ഞാൽ ആർക്കും എതിർപ്പൊട്ടുമില്ല. ഓൾ എന്നു കേട്ടാൽ ചൊടിക്കാത്തതും ഒരുത്തി എന്നു കേട്ടാൽ വിറ കൊള്ളുന്നതും നമ്മുടെ രാഷ്ട്രീയഭൂമിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വേണം ഇടതട്ടിച്ചുനോക്കാൻ.
ഒരുത്തിയെപ്പറ്റിയോർക്കുമ്പോൾ ഒരു യുദ്ധം ഓർമ്മയിൽ വരുന്നു. ഒരു സ്ത്രീയോടു കാണിച്ച കാടത്തത്തിന്റെ പരിണാമമായിരുന്നു ആ യുദ്ധം. ആ ആക്ഷേപത്തിൽനിന്നും വസ്ത്രാക്ഷേപത്തിൽനിന്നും പുറപ്പെട്ട ശപഥവും ചോരപ്പുഴയും എളുപ്പം നിലക്കുന്നതായിരുന്നില്ല. ആക്ഷേപം, ഒരുത്തിയായും അല്ലാതെയും, തുടരുന്നു. ഇനിയത്തെ പരിണാമം?
(malayala manorama march)
No comments:
Post a Comment