പഠിപ്പിക്കുന്ന കാര്യം താൻ തന്നെ ചെയ്യുന്ന ആളാണ് ഗുരു. ശിഷ്യനു പറഞ്ഞു കൊടുക്കുന്നത് ഗുരുവിന് നന്നായി പറയാൻ കഴിയണം. ഗുരു നന്നായി കാണിച്ചു കൊടുത്താലേ ശിഷ്യന്റെ അഭ്യാസം നന്നാവുകയുള്ളു. പറഞ്ഞുകൊടുക്കുന്നതിലും ചെയ്തു കാണിക്കുന്നതിലും ഗുരുവിന് തികഞ്ഞ വിശ്വാസമില്ലെങ്കിൽ ശിഷ്യൻ വിദ്യയും അഭ്യാസവും ആയി നടക്കും. അങ്ങനെ വിശ്വസിക്കുന്നതു മാത്രം പറഞ്ഞും ചെയ്തും പഠിപ്പിച്ചവരുടെ കണക്കെടുത്താൽ ഒരു കയ്യിലെ വിരലുകൾ തന്നെ അധികമാവും.
ഗാന്ധിയുടേതാണ് ഓർമ്മയിൽ വരുന്ന ഒരു പേർ. സത്യം പറയുക എന്ന പ്രയാസമേറിയ പാഠം അദ്ദേഹം പഠിപ്പിക്കാൻ നോക്കിയപ്പോൾ, നമ്മൾ ആരും പഠിച്ചില്ലെങ്കിലും നമ്മൾ ആരും ചിരിച്ചുമില്ല. അസത്യമേ പറയൂ എന്നു നിർബ്ബന്ധമുള്ളവർ പോലും ഗാന്ധിയെന്ന ഗുരുവിനെ നോക്കി ചിരിച്ചില്ല. അദ്ദേഹം പറയുന്നതൊന്നും നടപ്പില്ലെന്ന് മൂന്നു തരം എന്നു വിശ്വസിക്കുന്നവർക്കും അദ്ദേഹത്തെ ഗൌരവത്തോടെയേ കാണാൻ കഴിഞ്ഞുള്ളു. കാരണം അദ്ദേഹം ഗുരുവായിരുന്നു, അദ്ദേഹത്തിന് ഗൌരവം ഉണ്ടായിരുന്നു. അദ്ദേഹം ചെയ്യുന്നതിലും പഠിപ്പിക്കുന്നതിലും പൊരുത്തമുണ്ടായിരുന്നു.
നമ്മെ നയിക്കുകയും സേവിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന വേറെ കുറെ പേർ പറയൂ. എന്റെ മനസ്സിൽ പെട്ടെന്നു കേറി വരുന്നത് രാജസദൃശമായ ഒരു പേരു തന്നെ. നമ്മുടെ സംവാദം സൌകര്യപൂർണ്ണമാക്കാനുള്ള യത്നത്തിൽ മുഴുകിയിരുന്ന രാജ ഇപ്പോൾ അഴി എണ്ണുന്നു. എന്തിനെന്നോ? നമ്മളെ ഒന്നടങ്കം പറ്റിച്ചതിനു തന്നെ. അദ്ദേഹവും അടുത്തൊരു മുറിയിൽ കഴിയുന്ന കവയിത്രിയും അവരുടെ വയോധികനായ അഛനും പ്രാസം ചേർത്തും ചേർക്കാതെയുമുള്ള പ്രസംഗങ്ങളിൽ സത്യം പറയണമെന്നും ധർമ്മം ആചരിക്കണമെന്നും നമ്മെ ഉൽബോധിപ്പിക്കുകയായിരുന്നു. മറ്റുള്ളവർ സത്യം ആചരിക്കണമെന്നേ അവർക്ക് നിർബ്ബന്ധമുണ്ടായിരുന്നുള്ളു. പാർലമെന്റിലും നിയമസഭയിലും പുറത്തും അവർ സത്യത്തിന്റെ തീപ്പൊരി വിതറി. തണുത്ത തീപ്പൊരിയേറ്റവർ ചിരിച്ചു വിറച്ചുകാണും.
കോമൺ വെൽത് കളിയിലായാലും വേറെ എന്തു കളിയിലായാലും, സത്യം കളിക്കാനും കബളിപ്പിക്കാനും കൊള്ളാവുന്ന വിഷയമാണെന്ന് പയറ്റി മനസ്സിലാക്കിയ വേറൊരാളാണ് ഏതോ ഒരു തുണ്ടം നാടിന്റെ രാജത്വം അവകാശപ്പെടുന്ന കൽമാഡി. ജയിലിൽ പല സൌകര്യങ്ങളും അവിഹിതമായി അടിച്ചെടുക്കാൻ അദ്ദേഹത്തിനുള്ള സാമർഥ്യം ഒന്നു വേറെത്തന്നെ. ഇപ്പോൾ കൽമാഡിയുടെ രാജകീയമായ ശ്രമം അധർമ്മം ആചരിച്ചില്ലെന്നു സ്ഥാപിക്കാനല്ല, ചെയ്തുപോയ അധർമ്മം തനിക്ക് ഓർമ്മയോ ബോധമോ ഇല്ലാത്തപ്പോൾ ഉണ്ടായതാണെന്ന് തെളിയിക്കാനാണ്. കൊലയും കൊള്ളിവെപ്പും ബോധം മറഞ്ഞപ്പോൾ ചെയ്തുപോയതാണെന്നു വരുത്താമെങ്കിൽ, ശിക്ഷ കുറയും. മനശ്ശാസ്ത്രവും നിയമശാസ്ത്രവും ഒത്തുപിടിക്കുന്നതാണ് ആ വേദി.
ഒരേ ആളുടെ ഉള്ളിൽ ഇരിക്കുന്ന രണ്ടോ മൂന്നോ ആളുകൾ തമ്മിൽത്തമ്മിൽ അറിയാതെയും പരസ്പരവിരുദ്ധമായും പെരുമാറുന്ന മാനസികസ്ഥിതിയാണ് multiple personality syndrome. ആ സ്ഥിതിയിൽ അകപ്പെടുന്ന ആളിലെ ഒരു വ്യക്തി കൊലപാതകം ചെയ്യുമ്പോൾ അയാളിലെത്തന്നെ വേറൊരു വ്യക്തി അത് അറിയുന്നില്ല, ഓർക്കുന്നില്ല. അതുകൊണ്ട് അയാളെ വെറുതെ വിടണമെന്ന് ഒരു വാദം ഉയർത്താം. അങ്ങനെ ഒരു സന്ദർഭം കൈകാര്യം ചെയ്യുന്ന ആലിസ്റ്റർ മാക് ലീന്റെ ഒരു നോവൽ പണ്ടൊരിക്കൽ വായിച്ചതോർക്കുന്നു. സുരേശ് കൽമാഡി അങ്ങനെ ഓർമ്മക്കുറവിന്റെ ആനുകൂല്യം അല്ലെങ്കിൽ അനുഗ്രഹം തേടി രക്ഷപ്പെടുമോ എന്നറിയില്ല. എന്തായാലും, ജയിലിലും പുറത്തും എവിടെയും, സത്യം പറയുന്നതും ധർമ്മം ആചരിക്കുന്നതും ആണ് നല്ലതെന്ന് അദ്ദേഹവും എന്നും നമ്മോട് പറഞ്ഞുകൊണ്ടിരിക്കും. അദ്ദേഹത്തെപ്പോലെ അഴിക്കുള്ളിൽ കേറുന്നവരിൽനിന്ന് അതു കേൾക്കുമ്പോൾ നമ്മൾ അനുസരിക്കുമോ, ചിരിക്കുമോ?
എന്തിനു തീഹാർ വരെ പോകുന്നു? പൂജപ്പുരയിൽ ഒരു കൊല്ലം കഴിയാൻ വിധിക്കപ്പെട്ട ഒരാൾ നമ്മോട് എന്തെല്ലാം പ്രസംഗിച്ചു നടന്നു? കേരളത്തിന്റെയും കർഷകരുടെയും ഒക്കെ നന്മയുടെ പേരിൽ അദ്ദേഹം പാറിച്ച തീപ്പൊരി ചില്ലറയല്ല. ഏതോ വൈദ്യുതിവിദ്യ നീണ്ട ഒരു കേസ്സായപ്പോൾ ഒടുവിൽ അദ്ദേഹം, സുപ്രീം കോടതിയിൽ എത്തിയപ്പോൾ, പെട്ടുപോയി. എന്നിട്ടും നിരപരാധിത്വത്തിനു ശിക്ഷിപ്പെടുന്നയാളാണ് താൻ എന്ന് പുള്ളിക്കാരൻ വിലപിച്ചുകൊണ്ടിരിക്കുന്നു. പാവങ്ങൾക്കുവേണ്ടി നമുക്ക് ജനനീതിയുടെ മുദ്രാവാക്യം ചൊല്ലിത്തരുന്ന വേറൊരാൾ സി ബി ഐ കോടതിയിൽ കേസ്സു പറഞ്ഞു തുടങ്ങിയതേയുള്ളു. സത്യം പറയാൻ നമ്മെ പഠിപ്പിക്കുകയും നമുക്ക് അവകാശപ്പെട്ട പണം അടിച്ചുമാറ്റുകയും ചെയ്തവർ വെട്ടിൽ വീഴുന്നത് രാഷ്ട്രീയത്തിന്റെയോ വിശ്വാസത്തിന്റെയോ നിറത്തിന്റെ അടിസ്ഥാനത്തിലല്ല. സത്യത്തെയും ദേശാഭിമാനത്തെയും പറ്റി വേദഭാഷയിൽ സംസാരിക്കുന്ന ഒരു കർണ്ണാടകക്കാരന്റെ തൊപ്പി തെറിച്ചത് ഇന്നലെയാണ്. കരിങ്കല്ലു വിറ്റ് കറുത്ത കോടികൾ നേടിയതിന് അദ്ദേഹം അകത്താകുന്നത് എന്ന് എന്നു നോക്കിയിരിക്കാം.
പാർലമെന്റിൽനിന്നും പ്രസംഗവേദികളിൽനിന്നും നമ്മെ ഓരോന്നങ്ങനെ ആഹ്വാനം ചെയ്യുന്ന മഹാത്മാക്കൾ മാത്രമല്ല, നമ്മെ ആനന്ദിപ്പിക്കുകയും മാതൃകാപുരുഷന്മാരുടെ വേഷം കെട്ടി നമ്മെ പ്രബുദ്ധരാക്കുകയും ചെയ്യുന്ന കലാതിലകങ്ങളും ഓരോരോ കള്ളത്തരം കാണിച്ചതിന്റെ കഥകൾ അല്പാല്പം പുറത്തുവന്നുകൊണ്ടിരിക്കുന്നു. സിനിമയിൽ തോക്കെടുത്തും എടുക്കാതെയും നീതിക്കും സത്യത്തിനും വേണ്ടി ബഹളം വെക്കുന്ന അവരുടെ കഥാപാത്രങ്ങളെവിടെ? നമ്മുടെ ആവശ്യത്തിനു വിനിയോഗിക്കാൻ നികുതി രൂപത്തിൽ തരേണ്ട പണം കൊടുക്കാതെ വിലസുന്ന വെള്ളിത്തിരയിലെ ആ നായകശില്പങ്ങളെവിടെ? ഇരുപതു കേന്ദ്രങ്ങളിൽ ഇരുനൂറ് ഉദ്യോഗസ്ഥന്മാർ പല ദിവസങ്ങളായി നടത്തിയ മിന്നൽ പരിശോധനയിൽ തെളിയാവുന്ന നികുതി വെട്ടിപ്പിന്റെ കഥ കേൾക്കുമ്പോൾ, മമ്മുട്ടിയും മോഹൻ ലാലും അവതരിപ്പിച്ച ധീരരും സത്യസന്ധരുമായ വേഷങ്ങൾ ഓർത്ത് ചിലർ ചിരിക്കുമായിരിക്കും. കല്പനയിൽ താലോലിച്ചും നമിച്ചും കൊണ്ടു നടന്നിരുന്ന ചില വിഗ്രഹങ്ങൾ ചിന്നിച്ചിതറുന്നതു കണ്ട് ചിലർ കരയുമായിരിക്കും.
അതെങ്ങനെയായാലും, സത്യം പറയണമെന്നും ധർമ്മം ആചരിക്കണമെന്നും നമ്മുടെ നായകവേഷങ്ങളും നേതൃപരിഷകളും നമ്മോടു പറഞ്ഞുകൊണ്ടിരിക്കും. അവരെ ഗുരുക്കളായോ ഗാന്ധിമാരായോ കാണേണ്ട. പരസ്യത്തിലെ മോഡലുകളായി കണ്ടാൽ മതി. മോഡലുകളെപ്പോലെ അവർ നമ്മുടെ സാമൂഹ്യജീവിതത്തിന്റെ അവിഭാജ്യഭാഗമായിരിക്കുന്നു. തുണിയും മണിയും കെണിയും വിൽക്കാനുള്ള പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്ന രൂപങ്ങളുടെ വാക്കുകൾ അവർ അറിഞ്ഞു പറയുന്നതാണെന്ന് നമ്മൾ വിശ്വസിക്കാറില്ലല്ലോ. ഒരു പരസ്യവാക്യത്തെയും അതു പറയുന്ന വേഷക്കാരന്റെ വിശ്വാസപ്രമാണമായി നമ്മൾ കണക്കാക്കാറില്ലല്ലോ. നമ്മൾ കണ്ടും കേട്ടും ഇരിക്കുന്നതുകൊണ്ടുണ്ടായതാണ് അവരുടെ കരുത്ത്. അതവർ നമുക്കെതിരെത്തന്നെ എടുത്തു വീശുന്നു. പലതരം വെട്ടിപ്പുകളിൽ പുള്ളികളാകുന്നു. എന്നാലും അവരിൽനിന്നു സത്യവാചകം ഉൾക്കൊള്ളാൻ നമ്മൾ ഉളുപ്പില്ലാതെ നിന്നുകൊടുക്കുന്നു. പൊതുമുതൽ അടിച്ചുമാറ്റുന്നവരുടെ ഗോഷ്ഠികൾ കണ്ട് കയ്യടിക്കാൻ ഇനി ഞങ്ങളെ കിട്ടില്ലെന്ന് ഒരു സംഘടനയും പറയുകയില്ല.
(malayalam news aug 2)
2 comments:
Then [url=http://papoziw.abgefahrene-website.de/novolog-flexpen-patient-assistance/]flexpen size[/url] hem ill [url=http://papoziw.abgefahrene-website.de/pantoprazole-$4.00/]pantoprazole 10[/url] vaulted unmistakably [url=http://papoziw.abgefahrene-website.de/bactroban-2-cream/]bactroban ointment used for[/url] tubes laugh [url=http://papoziw.abgefahrene-website.de/novation-hospira-heparin/]hospira[/url] state elegantly [url=http://papoziw.abgefahrene-website.de/what-is-malarone/]buy malarone[/url] search gloat [url=http://papoziw.abgefahrene-website.de/berna-products/]berna dean he's mine[/url] blue endurance [url=http://papoziw.abgefahrene-website.de/bacteriostatic/]bacteriostatic saline v s lidocaine[/url]
Today is good poorly, isn't it?
Post a Comment