പെരുമ്പാവൂരിൽ ഒരു ബസ് യാത്രക്കാരനെ, പോക്കറ്റടിച്ചെന്ന സംശയത്തിൽ, ഒരു പൊലിസുകാരനും കൂട്ടരും കൂടി തല്ലിക്കൊന്നു. അതു കേട്ടപ്പോൾ ഭാര്യയും ഞാനും പഴയൊരു സംസാരത്തിന്റെ പല്ലവി വീണ്ടും ഉരുവിട്ടു. ഇങ്ങനെ പോയാൽ എവിടെയെത്തും? മനുഷ്യനിലെ ഹിംസ്രവാസന കൂടി വരുന്നു. ഭൂതദയ കുറഞ്ഞു വരുന്നു. ചത്തും കൊന്നും മുന്നേറുമ്പോൾ വേദന ലവലേശം തോന്നാതാകുന്നു. അതിനെല്ലാം ഞാൻ എന്റെ അംഗീകാരം കവിതയിലാക്കി: “നരൻ ക്രമാൽ തന്റെ ശവം ചവുട്ടി പോകുന്നൊരിപ്പോക്കുയരത്തിലേക്കോ?”
മനുഷ്യൻ കുറ്റബോധമില്ലാത്ത കൊലയാളിയായി മാറുകയാണെന്ന നിഗമനത്തിൽ ഞങ്ങൾ ചിന്താപരമായ സമധാനം കണ്ടെത്തി. അതോ? ഇതോ? മറ്റേതോ? എന്ന ശങ്ക ഏതായാലും തീർന്നു കിട്ടുന്നുവല്ലോ. ഓരോ ദിവസവും ആ നിഗമനത്തെ സാധൂകരിക്കുന്നതെന്തെങ്കിലും കേൾക്കാം. ചെറുതും വലുതുമായ അക്രമങ്ങൾ. അനിഷ്ടം പറയുന്ന വക്കീലിനെ വിശ്വാസം കൊണ്ടു ഭ്രാന്തായ ചിലർ കോടതി പരിസരത്തു വെച്ച് തല്ലിച്ചതക്കുന്നു. നിയമസഭയുടെ നടുത്തളത്തിൽ നിയമസഭാംഗങ്ങൾ തന്നെ ക്രമപാലകസേനയിലെ ആളുകളെ, സ്ത്രീകളെ ഉൾപ്പടെ, കൈകാര്യം ചെയ്യുന്നു. അവിടവിടെ ആളുകൾ അക്ഷരാർഥത്തിൽ പൊട്ടിത്തെറിക്കുന്നു. അത് സജ്ജീകരിച്ചവർ നാലാൾ കാൺകെയോ അല്ലാതെയോ പൊട്ടിച്ചിരിക്കുന്നു. മറ്റു ചിലർ ചർച്ചയിൽ മുഴുകുന്നു.
ചർച്ചയുടെ സ്ഥായീഭാവം പഴയതു തന്നെ. പണ്ടൊക്കെ എന്തു സമാധാനമായിരുന്നു! “അടുത്തുനിൽപ്പൊരനുജനെ നോക്കാൻ അക്ഷികൾ“ ഉള്ളവരായിരുന്നു എല്ലാവരും. എല്ലാ നന്മകളും അന്നുണ്ടായിരുന്നു. എന്റെ കുട്ടിക്കാലമായിരുന്നു സ്വർഗ്ഗം. അതിനു ശേഷം ആളുകൾ സ്വാർഥരായി. അക്രമം കൂടി. കുടുംബം തകർന്നു. പണ്ടൊന്നും അങ്ങനെ ആയിരുന്നില്ല. പണ്ടത്തെ സ്ഥിതിയുമായി എല്ലാറ്റിനെയും നമ്മൾ ഇട തട്ടിച്ചുനോക്കി പരിതപിക്കുന്നു. ഇന്നലത്തേതിനെക്കാൾ മോശമാണ് ഇന്നത്തെ നില എന്നാണ് സങ്കല്പം. ഗൃഹാതുരത്വം നിറഞ്ഞ, നഷ്ടസ്വർഗ്ഗസ്മരണ ഉയർത്തുന്ന ഈ വികാരഗതിയെ നമ്മൾ നൊസ്റ്റാൽജിയ എന്ന പേരിട്ടു പാടി പുകഴ്ത്തുന്നു. ഹൌ! എന്തൊരു ചൂട്! എന്തൊരു ക്രൂരത! എന്തൊരു അക്രമം! അന്നൊക്കെ, ഗോർക്കി പറഞ്ഞ പോലെ, മനുഷ്യൻ എത്ര മനോഹരപദമായിരുന്നു! ഇന്നോ?
വാസ്തവത്തിൽ അന്നും മനുഷ്യൻ അത്ര മനോഹരപദമൊന്നുമായിരുന്നില്ല. പെരുമ്പാവൂരിൽ ഒരു പാവത്തെ പോക്കറ്റടി സംശയിച്ച് ഒരു പൊലിസുകാരൻ തല്ലിക്കൊന്ന വർത്തമാനം വായിക്കുന്ന നേരത്ത് ഞാൻ മഹാഭാരതം വീണ്ടും വായിക്കുകയായിരുന്നു. യാദൃഛികമണെങ്കിലും പ്രധാനപ്പെട്ടതായിരുന്നു ആ സംഭവവും വായനയും. പഴമയും പുതുമയും ഒത്തുനോക്കാൻ അത് അവസരമുണ്ടാക്കി. നരൻ ക്രമാൽ ചവുട്ടിപ്പോകുന്ന വഴി അളന്നു നോക്കാനും ഇടയായി. മഹാഭാരതം രണ്ടായിരം കൊല്ലം മുമ്പത്തെ കലഹത്തിന്റെയും കൊലയുടെയും കഥയാകുന്നു. അതിൽ എവിടെയും ചോര കാണാം. യുദ്ധപർവങ്ങളിൽ ചോര കൊണ്ടൊരു കളി തന്നെ.
ചോരയും മാംസവും ചെളിയും ചേർന്നു കട്ട പിടിച്ചു കിടക്കുന്ന ബീഭത്സത എത്ര വരച്ചു കാണിച്ചാലും വ്യാസനു മതിയാവില്ല. പക്ഷേ കർണപർവത്തിലെത്തിയപ്പോഴേക്കും ഞാൻ മുഷിഞ്ഞു. ചോരകൊണ്ടും മാംസം കൊണ്ടും മാത്രം ജീവിക്കാൻ പറ്റില്ലല്ലോ. ആവർത്തനവിരസമെന്നു തോന്നാവുന്ന യുദ്ധവിവരണത്തിനിടയിൽ മാറിവരുന്ന മനുഷ്യഭാവങ്ങളിൽ പലതിന്റെയും പാരമ്യം കണ്ടു. ഇതിനെക്കാൾ മ്ലേഛവും ഭയാനകവുമായ ഇതിനുമുമ്പോ ഇനിമേലോ ഉണ്ടാവില്ല എന്ന് ഓരോ വരി കഴിയുമ്പോഴും പറഞ്ഞുപോയി. അതിനിടെ ഒരു തമിഴൻ കുരുക്ഷേത്രത്തിൽ മല്ലടിക്കാൻ ചെന്നിരിക്കുന്നതു കണ്ടു. അഹങ്കാരത്തിന്റെയും അന്ധമായ വീര്യത്തിന്റെയും പ്രകടനം കണ്ടു, ആ പാണ്ഡ്യ രാജാവിന്റെ അങ്കത്തിൽ. പാണ്ഡവപക്ഷത്തു ചേർന്നു പോരിനെത്തിയ അദ്ദേഹത്തെ അശ്വത്ഥാമാവ് കൊന്നു കളഞ്ഞു. ഹിംസയുടെ ഓരോ രംഗത്തിലും വായനക്കാരൻ ആലോചിക്കും, പണ്ടൊന്നും സ്ഥിതി ഇത്ര മോശമായിരുന്നില്ല. അർജ്ജുനൻ യുധിഷ്ഠിരനെ വെട്ടാനൊരുങ്ങിനിൽക്കുന്ന രംഗം വീക്ഷിച്ചു കടന്നു പോകുന്നവർ പിറുപിറുക്കും, പണ്ടൊന്നും മനുഷ്യൻ ഇത്ര അധ:പതിച്ചിരുന്നില്ല.
വാസ്തവത്തിൽ മുമ്പ് ഇതിനെക്കാൾ അധ:പതിച്ചിരുന്നു. ജ്യേഷ്ഠനെ വെട്ടാനൊരുങ്ങുകയല്ല, വെട്ടിക്കൊല്ലുക തന്നെ ചെയ്യുന്ന വീരകഥകളുമായി എത്രയോ പരിചയിച്ചവരാണ് നമ്മൾ മനുഷ്യർ. സംശയിച്ചോ സംശയിക്കാതെയോ കണ്ണിൽ കണ്ടവരെ തല്ലിക്കൊല്ലുന്ന സംഭവവും നമുക്ക് പരിചിതം തന്നെ. അത്തരം രംഗം ഓരോ തവണ കാണുമ്പോഴും പണ്ടൊക്കെ ഇതിനെക്കാൾ ഭേദമായിരുന്നുവെന്ന് സ്വയം വിശ്വസിപ്പിച്ച് സന്തോഷിക്കാൻ ശ്രമിക്കുന്നുവെന്നേയുള്ളു. വാസ്തവത്തിൽ മനുഷ്യൻ കൂടുതൽ അക്രമിയാകുകയല്ല, അക്രമം കുറച്ചുകൊണ്ടുവരുകയാണെന്നതാണ് ചരിത്രസത്യം. കാലക്രമത്തിൽ മനുഷ്യൻ സമാധാനവൽക്കരിക്കപ്പെട്ടതിന്റെ ആ കഥ, കാളിദാസന്റെ ഭാഷയിൽ പറഞ്ഞാൽ, ഏറെ പരിണാമരമണീയമായിരിക്കുന്നു.
വീണ്ടും യാദൃച്ഛികത്വം നോക്കൂ. പെരുമ്പാവൂർകാരനെ ചുമ്മാതെ തല്ലിക്കൊന്നതിന്റെയും മഹാഭാരതത്തിലെ കൊലയുടെയും മനുഷ്യന്റെ അക്രമവാസനയുടെയും കഥ
ഓർത്തിരിക്കുമ്പോൾ അതേ വിഷയത്തെപ്പറ്റി കൂടുതൽ ഉത്സാഹജനകമായ ഒരു പുസ്തകത്തെപ്പറ്റി വായിക്കാനും ഇട വന്നു. കാലക്രമത്തിൽ മനുഷ്യന്റെ അകവും പുറവും സമാധാനവൽക്കരിക്കപ്പെട്ടതിന്റെ ചിത്രണമാണ് ഹാർവർഡ് സർവകലാശാലയിൽ മനശ്ശാസ്ത്രപ്രൊഫസർ ആയ സ്റ്റീവൻ പിങ്കറുടെ Better Angels of our Nature എന്ന പുസ്തകം. ഒറ്റ വാക്യത്തിൽ പറഞ്ഞാൽ, മനുഷ്യൻ നന്നാവുകയാണ്, ചീത്തയാവുകയല്ല, എന്നതാണ് പിങ്കറുടെ പുസ്തകത്തിന്റെ താല്പര്യം.
സമാധാനത്തിനുവേണ്ടി യുദ്ധം നയിച്ച അബ്രഹാം ലിങ്കൺ നടത്തിയതാണ് നമ്മുടെ പ്രകൃതിയിലെ മാലാഖമാരെപ്പറ്റിയുള്ള ആ പ്രയോഗം. ഭൌതികമായ സാഹചര്യത്തിലും ആന്തരമായ ഭാവത്തിലും ഉണ്ടായ വികാസത്തിന്റെ ഫലമായി, മനുഷ്യൻ കാലക്രമത്തിൽ അക്രമത്തിൽനിന്ന് പിൻ വാങ്ങുന്നതിന്റെയും മനുഷ്യനിൽ കുടി കൊള്ളുന്ന സമാധാനത്തിന്റെ മാലാഖമാർ കൂടുതൽ ഉന്മിഷിത്താകുന്നതിന്റെയും ചിത്രം ഈ പുസ്തകത്തിലൂടെ ഉരുത്തിരിഞ്ഞു വരുന്നു. മുമ്പത്തെക്കാൾ കുറഞ്ഞ തോതിലേ മനുഷ്യൻ ഹിംസ കാണിക്കുന്നുള്ളുവെന്ന് പിങ്കർ സമർഥിക്കുന്നു. നരവംശശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും പരിണാമജീവശാസ്ത്രത്തിന്റെയും പിൻ ബലത്തോടെ നടത്തുന്നതാണ് ഈ സമർഥനം.
മനുഷ്യന്റെ ക്രൂരതയും ഹിംസാവാസനയും കുറഞ്ഞുവരുന്നുവെന്ന് പിങ്കർ ലഘുവായി അങ്ങു പറഞ്ഞുപോകുന്നതല്ല. രസകരമായ കണക്കുകൾ നിരത്താനുണ്ട് അദ്ദേഹത്തിന്. ചരിത്രാതീതകാലത്ത് നടന്ന മനുഷ്യമരണത്തിൽ പതിനഞ്ചു ശതമാനവും നരഹത്യയായിരുന്നുവത്രേ. ചരിത്രത്തിന്റെ ഉദയത്തിനു ശേഷം, സമൂഹമെന്ന ചട്ടക്കൂടിൽ മനുഷ്യൻ ജീവിക്കാൻ തുടങ്ങിയതിനുശേഷം, ഏറ്റവും ഹിംസാത്മകമെന്നു കരുതപ്പെടുന്ന മെക്സിക്കോയിലെ അസ്റ്റെക് സമുദായത്തിൽ, അഞ്ചുശതമാനം ആളുകളേ കൊല്ലപ്പെട്ടിരുന്നുള്ളു. അത് പിന്നെയും കുറഞ്ഞുകൊണ്ടിരുന്നു. യൂറപ്പിൽ ഏറ്റവും രക്തപങ്കിലമായ കാലഘട്ടത്തിൽ പോലും--പതിനെട്ടാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലും--യുദ്ധത്തിൽ ഉണ്ടായത് വെറും മൂന്നു ശതമാനം മരണമായിരുന്നു.
മനുഷ്യന്റെ പ്രകൃതിയിലും സംസ്കൃതിയിലും വന്നുകൂടിയ പരിണാമത്തിന്റെ ഫലമായിരുന്നു ഈ കുറവ്. ചിലർ അതിനെ ഒരു സംസ്കരണപ്രക്രിയയായി കരുതുന്നു. Civilizing Process. പതിനേഴാം നൂറ്റാണ്ടിലെ യൂറപ്പിൽ മർദ്ദനത്തിനും ക്രൂരതക്കും ഹിംസാത്മകമായ ശിക്ഷക്കുമെതിരെ ആ പ്രക്രിയയുടെ ഭാഗമായി ശക്തമായ ഒരു പ്രസ്ഥാനം തന്നെ നിലവിൽ വന്നു. മനുഷ്യനെതിരെയുള്ള അക്രമത്തിനെതിരെ മാത്രമല്ല, മൃഗങ്ങൾക്കെതിരെയുള്ള ഹിംസക്കെതിരെയും മനുഷ്യൻ ശബ്ദമുയർത്തിയതെ ആ സംസ്കരണപ്രക്രിയക്കിടയിലായിരുന്നു. പിന്നെയും പത്തിരുപത് നൂറ്റാണ്ടു മുമ്പ്, യുദ്ധത്തിലെ ചോരപ്പുഴ കണ്ട് നടുങ്ങിയ ഒരു ചക്രവർത്തി മൃഗബലിക്കെതിരെ തിരിഞ്ഞ കഥയുമായി പിങ്കർ അത്ര തന്നെ പരിചയപ്പെട്ടുകാണില്ല. ഉണ്ടായതിനോടെല്ലാം കാരുണ്യം കാണിക്കണമെന്ന ഭൂതദയ ആദർശവും ചിന്താപദ്ധതിയുമായി സ്വീകരിച്ച സാംസ്കാരികസാഹചര്യത്തിൽനിന്ന് ഏറെ കണക്കും കാര്യവും അദ്ദേഹത്തിന്റെ വാദഗതികൾക്ക് ഇട്ടം കൂട്ടാൻ ഉപയോഗിച്ചിട്ടുള്ളതായി തോന്നുന്നില്ല.
എന്തൊക്കെയായാലും, മനുഷ്യൻ നല്ലവനായി വരുന്നുവെന്നു തന്നെയാണ് പിങ്കറുടെ വാദം. ഭൊതികസാഹചര്യത്തിൽ വരുന്ന മാറ്റങ്ങളും ആന്തരമായ ചോദനകളും ആ പ്രക്രിയക്കു നിദാനമാണെന്ന് നേരത്തേ ചൂണ്ടിക്കാട്ടിയല്ലോ. സമൂഹവും ഭരണകൂടവും ഉണ്ടായത് ആ പ്രക്രിയയുടെ ഭാഗമായിട്ടായിരുന്നു. കണ്ണിൽ കണ്ടവരെ കാരണം പറഞ്ഞോ പറയാതെയോ തല്ലിക്കൊല്ലുന്നത് ഭരണകൂടം കൊഴിഞ്ഞു പോകുമ്പോഴായിരിക്കും. സംഘർഷം ഉണ്ടാക്കുന്ന സമൂഹഘടനകളും കാലാവസ്ഥയിലെ വലിയ ഏറ്റക്കുറച്ചിലുകളും ഹിംസ വർദ്ധിക്കാൻ ഇടയാക്കിയിരിക്കും. അവയെ ക്രമീകരിക്കാനുള്ള അഭിലാഷവും ആർജ്ജവവും മനുഷ്യന് ഉണ്ടായാൽ നമ്മൾ ഭയപ്പെടുന്നതു പോലെ തമ്മിൽ തല്ലി ചാവാൻ തയ്യാറായി നിൽക്കുന്ന ഒരു സമൂഹവും, അതിൽ ആളുകളെ തലങ്ങും വിലങ്ങും വെട്ടിവീഴ്ത്തുന്ന ഒരു കൽക്കിയും അവതരിക്കില്ല. സർവനാശത്തിനു വേണ്ട വിത്തു മുഴുവൻ താൻ ശേഖരിച്ചുവെച്ചിട്ടുണ്ടെന്ന മനുഷ്യന്റെ തിരിച്ചറിവു തന്നെയാണ് അടുത്ത യുദ്ധത്തിനെതിരയുള്ള കരുതൽ നടപടി. ഇനി ഒരു യുദ്ധം വയ്യ. കാരണം അതിനു ശേഷം യുദ്ധം ചെയ്യാൻ ആരുമുണാവില്ല.
ഹിംസ കുറക്കാൻ സഹായകമായ സോഷ്യൽ എഞ്ചിനീയറിംഗിനെപ്പറ്റി പിങ്കർ ഉന്നയിക്കുന്ന ഒരു വാദം കൂടി പരാമർശിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. സ്ത്രീശാക്തീകരണം എന്ന വായടപ്പിക്കുന്ന വാക്കുകൊണ്ട് അറിയപ്പെടുന്ന സംസ്കരണപ്രക്രിയ വേണ്ടപോലെ നടക്കുന്ന സമൂഹത്തിൽ ഹിംസ കുറഞ്ഞിരിക്കും. അതുകൊണ്ട് മനുഷ്യനെ നന്നാക്കാൻ നല്ലൊരു വഴി സ്ത്രീയെ അധികാരത്തിലിരുത്തുകയാവും. തർക്കമുണ്ടോ? എങ്കിൽ നമുക്ക് പിങ്കറെ വിളിക്കാം.
(malayalam news oct 17)
No comments:
Post a Comment