ഒന്നും മാറുന്നില്ല. എല്ലാം നിത്യമായ ആവർത്തനമെന്ന് നീത്ഷേയുടെ പഴയ വചനം. അദ്ദേഹം പറഞ്ഞതൊക്കെ അപ്പടി വിഴുങ്ങണമെന്നല്ല. ദൈവം മരിച്ചു എന്നു പ്രഖ്യാപിച്ച ആളാണ്. രണ്ടു തരത്തിൽ പാളിപ്പോയതാണ് ആ പ്രഖ്യാപനം. ഒന്നാമതായി, മരിച്ചു എന്നു പറയുമ്പോൾ അതുവരെയെങ്കിലും ജീവിച്ചിരുന്നു എന്നൊരു സമ്മതിപത്രം ആ പ്രഖ്യാപനത്തിൽ അടങ്ങിയിരിക്കുന്നു. രണ്ടാമതായി, ആ പ്രഖ്യാപനത്തിനുശേഷം രണ്ടോളം നൂറ്റാണ്ട് പിന്നിട്ടിട്ടും, ആളുകൾ ദൈവത്തിന്റെ പിന്നാലെത്തന്നെ കൂടിയിരിക്കുന്നു. അവരിൽ റിച്ചാർഡ് ഡോക്കിൻസിനെപ്പോലുള്ള ശാസ്ത്രചിന്തകരുടെ ശ്രമം ദൈവം മിഥ്യയാണെന്നു വരുത്തിത്തീർക്കാനാണെന്നു മാത്രം.
അതു പോലെയല്ല ഒന്നും മാറുന്നില്ല, അല്ലെങ്കിൽ, എല്ലാം ആവർത്തനമാകുന്നു, എന്ന തിയറിയുടെ സാരവും ഭാരവും. ടി വി രാജേഷ് നിയമസഭയിൽ അക്രമം കാണിച്ച ചെറിയ സംഭവം എടുക്കുക. അത് വെറും ആരോപണമാണെന്നും, അതല്ല പത്തര മാറ്റ് സത്യമാണെന്നും മറ്റുമുള്ള കോലാഹലത്തിലേക്കു കടക്കുന്നില്ല. അതല്ല ഇവിടത്തെ ഉദ്ദേശവും. ഇഷ്ടമല്ലാത്ത നടപടിയെ തടികൊണ്ട് എതിർക്കുന്ന പ്രവണതക്ക് ഉദാഹരണമായി അതു ചൂണ്ടിക്കാണിക്കുന്നുവെന്നേയുള്ളു.
ഇഷ്ടമല്ലാത്ത നടപടി ഉണ്ടായാൽ എങ്ങനെ നേരിടും? സാമൂഹ്യപരിവർത്തനത്തിന്റെ ആണിക്കല്ലായ ആ ചോദ്യം ഇന്നും ഇന്നലെയും കേട്ടു തുടങ്ങിയതല്ല. ഇഷ്ടമല്ലാത്തതിനെ തല്ലിത്തകർക്കാനാണ് ആദിമവാസന. വല്ലപ്പോഴുമൊക്കെ വല്ലതിനെയും തകർക്കാൻ പറ്റുമെങ്കിലും, ഇഷ്ടപ്പെടാത്തതിനെയൊക്കെ നേരിടാൻ തല്ലു തന്നെ വഴി എന്ന വിചാരം വിലപ്പോവില്ല. അങ്ങനെ ഇഷ്ടപ്പെടാത്തതിനെയെല്ലാം തല്ലി നന്നാക്കാൻ പറ്റില്ല. പറ്റിയാലും ഇല്ലെങ്കിലും, തല്ലുമ്പോൾ സമൂഹം വേദനിക്കുന്നു. അതുകൊണ്ട് യേശുവും ഗാന്ധിയും പറഞ്ഞു: അസ്വീകാര്യമായതിനെ, അന്യായമായതിനെ, അഹിംസകൊണ്ട് നേരിടുക.
ഗാന്ധി അഹിംസയെ ആയുധമാക്കിയെടുക്കുന്നതിന് അഞ്ചാറു പതിറ്റാണ്ടുമുമ്പാണ് സായുധവിപ്ലവമെന്ന ആദർശം മാർക്സ് ഉന്നയിച്ചത്. ലണ്ടനിൽ ഒരു വായനശാലയിലിരുന്ന് വെട്ടും കൊലയും വിപ്ലവവും ഉപദേശിച്ച അദ്ദേഹത്തിന്റെ വിചാരധാരക്ക് പെട്ടെന്നൊരു ആക്കം കിട്ടി. അനീതിക്കെതിരെ ആയുധമെടുക്കുന്നതു കാണുമ്പോൾ ആരും കയ്യടിച്ചു പോകും. വെടി വെച്ചും കരാട്ടെ കാട്ടിയും നമ്മുടെ സുരേഷ് ഗോപി എന്ന ഒറ്റയാൾ പട്ടാളം കള്ളന്മാരെയും കൊള്ളക്കാരെയുമൊക്കെ വക വരുത്തുന്നതു കാണുമ്പോൾ നമ്മൾ കയ്യടിക്കാറില്ലേ, അതു പോലെ. നമുക്കറിയാം, ഒരാളെക്കൊണ്ടു പറ്റുന്നതല്ല ആ പണിയൊന്നും. എന്നാലും, ആരാനും തല്ലു കൊള്ളുമ്പോഴും അനീതിക്കെതിരെ ആക്രോശമുയരുമ്പോഴും, കാണാനെന്തൊരു ചേല്!
സ്പീക്കർ കാർത്തികേയന്റെയോ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയോ എന്തെങ്കിലും നീട്ടോ നിലപാടോ ശരിയായില്ലെന്നോ ഇഷ്ടപ്പെട്ടില്ലെന്നോ ഇരിക്കട്ടെ. അതിനെതിരെ പ്രതിഷേധവുമായി മുന്നോട്ടു പോകാം. എന്നാലും, അവസാനത്തെ വാക്കു വന്നാൽ, ഇഷ്ടമല്ലെങ്കിലും മുറുമുറുപ്പോടെ ആ വാക്കിന്റെ മുറക്കു പോകുകയാണ് സമാധാനത്തിന്റെയും പ്രായോഗികതയുടെയും മാർഗ്ഗം. അസ്വീകാര്യമായതുമായി സമരസപ്പെട്ടു പോകുന്നതാണ് സംസ്ക്കാരത്തിന്റെ ഒരു വശം. വീട്ടിലും പാർട്ടിയിലും നടക്കുന്നതും അതു തന്നെയല്ലേ? ഒരാൾക്കോ ഒരു വിഭാഗത്തിനോ ഇഷ്ടമല്ലാത്ത തീരുമാനം വന്നാൽ, അതിനെതിരെ തല്ലും തള്ളുമായി മുന്നേറുന്നതല്ലല്ലോ സായുധമാർഗ്ഗം ഉപദേശിക്കുന്ന തത്വശാസ്ത്രങ്ങളുടെ പോലും രീതി.
നിയമസഭയിലും പുറത്തും ഈയിടെ കണ്ട പ്രതിഷേധരംഗങ്ങളെ ആ വെളിച്ചത്തിൽ വേണം വിലയിരുത്താൻ. പൊലിസിനെക്കൊണ്ട് അടിപ്പിച്ചും പൊലിസിനെ അടിച്ചും തങ്ങൾക്ക് ഇഷ്ടപ്പെട്ട സാമൂഹ്യക്രമം സൃഷ്ടിക്കാൻ കഴിയുമെന്ന വിചാരമാണ് ഇന്നും നമ്മുടെ കമ്യൂണിസത്തിന്റെ കാതൽ. അതുകൊണ്ടാണല്ലോ എം വി ജയരാജനെപ്പോലെയും ടി ശിവദാസമേനോനെപ്പോലെയുമുള്ളവർ കാലഹരണപ്പെട്ട കോമാളിത്തവുമായി മത്സരിച്ചിറങ്ങിയിരിക്കുന്നത്. ഒരാൾ പറയുന്നു, തങ്ങൾക്ക് ഇഷ്ടമല്ലാത്ത ഒരു ഉദ്യോഗസ്ഥനെ യൂനിഫോറത്തിലല്ലാതെ കണ്ടാൽ തല്ലാം. അയാളെ കടത്തിവെട്ടാൻ വേണ്ടി വേറൊരാൾ പറയുന്നു, യൂനിഫോറത്തിലായാലും ആ ഉദ്യോഗസ്ഥനെ തല്ലുക. വിപ്ലവം വെറും വായുകോപമയി മാറുമ്പോൾ നേതാക്കൾ ഇങ്ങനെയായിരിക്കും സംസാരിക്കുക.
അവർ ഉത്തരം പറായേണ്ട കുറെ ചോദ്യങ്ങൾ ഉണ്ട്. അങ്ങനെ എത്ര പേരെ തല്ലാം? തല്ലിയാൽ തിരിച്ചും കിട്ടില്ലേ? എല്ലാവരും തമ്മിലടിയായാൽ സ്ഥിരമായ സമരവും ചോര ചൊരിച്ചിലുമാവില്ലേ സമൂഹത്തിന്റെ സ്ഥിതി? തല്ലു കൊള്ളാൻ വിധിക്കപ്പെട്ട സമൂഹശത്രുക്കൾക്കും എന്തെങ്കിലും പറയാനുണ്ടാവില്ലേ? എന്റെ ഭാഗം നിങ്ങൾ സ്വീകരിച്ചില്ലെങ്കിൽ നിങ്ങളെ തല്ലുമെന്ന നിലപാടിനെയല്ലേ നമ്മൾ ഫാസിസം എന്നു വിളിച്ചു പോരുന്നത്? ഇഷ്ടമില്ലാത്ത ആളുകളുടെ വഴി തടയുമെന്നു പറയുന്നത് ആ പ്രവണതയുടെ തുടക്കമല്ലേ? അത്തരം ചോദ്യങ്ങളൊന്നും ഒരു പക്ഷേ സൂപ്പർ വിപ്ലവത്തിനിറങ്ങിയിരിക്കുന്ന ജയരാജനും ശിവദാസ മേനോനും ചോദ്യങ്ങളാവില്ല.
മുമ്പും ഇതൊക്കെ ഏതാണ്ട് ഇങ്ങനെത്തന്നെയായിരുന്നു. രണ്ടു രംഗങ്ങൾ ഓർക്കട്ടെ. രണ്ടും നിയമസഭയിൽ അരങ്ങേറിയവ. രണ്ടും കമ്യൂണിസത്തിന്റെ സങ്കല്പം
ആവർത്തിച്ചവതരിപ്പിക്കുന്നവ. രണ്ടിലും എം വി രാഘവൻ മുഖ്യ കഥാപാത്രമായിരുന്നു, ആദ്യം മുന്നണിപ്പടയാളിയായും പിന്നെ വർഗ്ഗവഞ്ചകനയും. നിയമസഭയുടെ
എൺപതുകളിലെ ചരിത്രം രേഖപ്പെടുത്തുമ്പോൾ, അവ എഴുതിപ്പിടിപ്പിക്കാൻ വിളർത്ത ലിപികൾ ഏറെ വേണ്ടി വരും.
എം വി രാഘവൻ പാർട്ടിയിൽ കത്തിക്കാളി നിൽക്കുന്ന കാലമായിരുന്നു. ശരിയോ തെറ്റോ, ഒരു സന്ദർഭത്തിൽ, രാഘവനും വേറെ ചിലരും നിയമസഭയിൽ നിന്ന് നാലഞ്ചു ദിവസത്തേക്ക് സസ്പെന്റ് സസ്പെൻഡ് ചെയ്യപ്പെട്ടു. സ്പീക്കർ വക്കം പുരുഷോത്തമൻ പുറപ്പെടുവിച്ച സസ്പെൻഷൻ കല്പന അംഗീകരിക്കുന്നില്ലെന്നും, ബലമായി സഭയിൽ കയറി നടപടികളിൽ പങ്കു കൊള്ളണമെന്നും പാർട്ടി തീരുമാനിച്ചു. തന്റെ കല്പന നടപ്പിലാക്കാൻ സ്പീക്കർ എത്ര ആളെ സംഘടിപ്പിച്ചാലും അതിനെ വെട്ടിമാറ്റി സഭയിൽ കയറാൻ പറ്റുമോ എന്ന് ആ തീരുമാനം എടുക്കുമ്പോൾ നേതൃത്വം ആലോചിച്ചു കാണില്ല. അതോ, ആ സാഹസപ്രതിഷേധവും ആളുകൾക്ക് ചിരിക്കാനുള്ള ഒരു പ്രഹസനമായിരുന്നുവോ? സ്പീക്കർക്കും മുഖ്യമന്ത്രിക്കും ഒന്നും ചെയ്യാൻ വയ്യെന്ന സ്ഥിതി വന്നാൽ ഉളവാകുന്ന അരാജകത്വം എങ്ങനെ നേരിടുമെന്ന് ആലോചിക്കാൻ
ആർക്കും ബാധ്യത ഉണ്ടായിരുന്നതായി തോന്നിയില്ല.
പാർട്ടിയുടെ തീരുമാനത്തിന്റെ ബലത്തിൽ രാഘവനും കൂട്ടരും ജാഥയായി നിയമസഭയിലെത്തി. വാതിൽക്കൽ വെളുത്ത യൂനിഫോറമണിഞ്ഞ ക്രമപാലകർ നിരന്നു നിന്നു. അവരെ വകഞ്ഞു മാറ്റി ഉള്ളിൽ കേറാനുള്ള രാഘവന്റെയും മറ്റും ശ്രമം അവർ ബലമായി തടഞ്ഞു. ആ ബലാബലത്തിൽ ഉന്തും തള്ളുമല്ലാതെ കാര്യമായൊന്നും നടന്നില്ലെന്നത് അത്ഭുതമായി തോന്നുന്നു. തിരിഞ്ഞുനോക്കുമ്പോൾ, എന്തൊരു ശാരീരികമായ പ്രകോപനമായിരുന്നു പ്രതിപക്ഷത്തിന്റേത്? അനായുധരായ ക്രമപാലകർ തള്ളീക്കയറുന്ന സസ്പെൻഡ് ചെയ്യപ്പെട്ട അംഗങ്ങളെ തടഞ്ഞതേയുള്ളു. അടി വീഴാവുന്നതായിരുന്നു രംഗം. അതുണ്ടായില്ലെന്നത് ജനധിപത്യത്തിന്റെയും അഹിംസയുടെയും വിജയം. വാതിലിന്റെ ചില്ലിൽ തട്ടിയോ മറ്റോ മുറിഞ്ഞ കയ്യിലെ ചോര ഒലിപ്പിച്ചുകൊണ്ട് നടന്നിരുന്ന നല്ലവനായ കെ കൃഷ്ണൻ കുട്ടിയുടെ മുഖം ഇപ്പോഴും
ഓർക്കുന്നു. ഏതായാലും നിയമസഭയുടെ ക്രമത്തെപ്പറ്റി നമ്മുടെ കമ്യൂണിസ്റ്റ് നേതൃത്വം അനുവർത്തിക്കുന്ന നയം നിത്യമായ ആവർത്തനമായി തുടരുന്നതു പോലെ.
രണ്ടാമത്തെ രംഗത്തിൽ എം വി രാഘവൻ ഏകാംഗമായിരുന്നു. പാർട്ടിയിൽ നിന്ന് പുറത്തായി. അദ്ദേഹം കണ്ണൂരിൽ സംഘടിപ്പിച്ചുയർത്തിയ ആസ്പത്രിയിൽനിന്നും പുറത്തായി. അത് പാർട്ടി പിടിച്ചെടുത്തു. പിടിച്ചെടുക്കാൻ അദ്ദേഹത്തിന്റെ തന്നെ കയ്യൊപ്പ് കള്ളൊപ്പായി ഇട്ട ഓഹരിപത്രങ്ങൾ വിതരണം ചെയ്തു. ആ കള്ളക്കമ്മട്ടം വിശദീകരിക്കാനുള്ള ഒരു ശ്രമവും ഫലിക്കാതിരുന്നപ്പോൾ, രാഘവൻ ഖിന്നനും ക്രുദ്ധനുമായി. അതിനെയൊക്കെ ലാഘവത്തോടെ ന്യായീകരിച്ചുകൊണ്ടു പോയ ആഭ്യന്തരമന്ത്രി ടി കെ രാമകൃഷ്ണൻ രാഘവൻ കൈമാറാൻ ശ്രമിച്ച കള്ളൊപ്പിട്ട ഓഹരിപത്രങ്ങൾ നോക്കാൻ പോലും തയ്യാറായില്ല. അക്ഷമനായ രാഘവൻ ആ രേഖ രാമകൃഷ്ണന്റെ ഷർട്ടിനുള്ളിൽ കുത്തിക്കയറ്റാൻ ശ്രമിച്ചു. അതോടെ കോടിയേരി ബാലകൃഷ്ണനും കൂട്ടരും ഇളകി.
തല്ലാൻ തന്നെയായിരുന്നു അവരുടെ പുറപ്പാട്. അനഭിമതനായ രാഘവനെ, നേതാവിന്റെ ഷർട്ടിൽ പിടിച്ച രാഘവനെ, തല്ലുകയല്ലാതെ എന്തു ചെയ്യും, വിപ്ലവം ഫലപ്രദമാക്കാൻ? ബാലകൃഷ്ണനും ഗോപി കോട്ടമുറിക്കലും(എറണാകുളത്ത് ഈയിടെ പീഡനത്തിനു ശിക്ഷിക്കപ്പെട്ടയാൾ) ഉണ്ണിക്കൃഷ്ണപിള്ളയും സായുധവിപ്ലവത്തിനുവേണ്ടി ആയുധമില്ലാതെയുള്ള അടവുകൾ പലതും പയറ്റി. സ്പീക്കർ വർക്കല രാധാകൃഷ്ണൻ നോക്കിക്കൊണ്ടിരിക്കേ നടുത്തളത്തിൽ തല്ല് നടക്കുകയായിരുന്നു. എന്നു വെച്ചാൽ
മാർക്സിസ്റ്റ് അംഗങ്ങളിൽ തല്ലിന്റെ ആശാന്മാരായവരെല്ലാം കൂടി രാഘവനെ വളഞ്ഞിട്ടു തല്ലുകയായിരുന്നു എന്നർഥം. രാഘവനെ ചവിട്ടാൻ പൊങ്ങിയ ഒരു കാൽ തന്റെ മേലാണ് വീണതെന്ന് ആർ ബാലകൃഷ്ണ പിള്ള മോങ്ങുന്നതു കേട്ടു.
ആ കരണത്തിന്റെയും പ്രതികരണത്തിന്റെയും ആവർത്തനമല്ലേ ഇപോഴും നടക്കുന്നത്? ഇഷ്ടമല്ലാത്തതിനെ എതിർക്കുക. എതിർപ്പിൽ എന്ത് ആരോപണവും ഉന്നയിക്കുക. എതിർപ്പ് കൂടുതൽ ഫലപ്രദമാക്കാൻ, തള്ളും തല്ലും പ്രയോഗിക്കുക. ഇതാണ് വഴിയെന്നും ഈ വഴി ലക്ഷ്യത്തിലെത്തിക്കുമെന്നുമുള്ള ചിന്തയാണ് ഇന്നും നമ്മുടെ കമ്യൂണിസത്തിന്റെ മൌഢ്യവും പ്രാകൃതത്വവും. സുരേഷ് ഗോപിയുടെ ഒറ്റക്കുള്ള അടികൊണ്ടു മാത്രം നിലവിൽ വരുന്ന സത്യവും നീതിയും പോലെ, വിപ്ലവത്തിന്റെ മുദ്രാവാക്യങ്ങൾ കേൾക്കാൻ ചേലുള്ളതു മാത്രമായി അവശേഷിക്കുമെന്ന് ആ ചിന്തയുടെ ചുമടുമായി നടക്കുന്നവർ ഇനിയും സമ്മതിക്കില്ല.
(malayalam news oct 25)
No comments:
Post a Comment