ചെന്നെയിൽ ഇന്ത്യ ടുഡേയുടെ ചുമതല ഒഴിഞ്ഞു പോരുമ്പോൾ, ചിത്രകാരനായ നരസിം എനിക്ക് ഒരു ഉപഹാരം തന്നു: എന്റെ രൂപം വരച്ച ഒരു പലക. എനിക്ക് സന്തോഷം തോന്നി--എന്റെ രൂപം കണ്ടതുകൊണ്ടല്ല, അത് വരച്ചുണ്ടാക്കാൻ നരസിം മെനക്കെട്ടതോർത്തപ്പോൾ. നരസിമിന് എന്നോട് ആവശ്യമില്ലാത്ത ഒരുതരം കടപ്പാട് തോന്നിയിരുന്നു. ആപ്പീസ് രാഷ്ട്രീയത്തിന്റെ പേക്കൂത്തിൽ അരുക്കാക്കപ്പെട്ടിരുന്ന നരസിമിനെ പ്രസക്തിയുള്ള ഒരു ചിത്രകാരനാക്കാൻ ഞാൻ സഹായിച്ചു. അത് എന്റെ ജോലിയുടെ ഭാഗമായിരുന്നു. അതിന്റെ പേരിൽ കടപ്പാടൊന്നും ആർക്കുമില്ല. നല്ലവനായ നരസിം എന്നാലും എന്നെപ്പറ്റി എപ്പോഴും നല്ലതു മാത്രം പറഞ്ഞു. പക്ഷേ നരസിം നല്ലതെന്നു കരുതി ചെയ്തത് എനിക്ക് ഒരു തരം പാരയായി.
നരസിം വരച്ച എന്റെ രൂപവുമായി വീട്ടിൽ എത്തിയപ്പോൾ ആലോചനയായി. എന്റെ ചിത്രം എവിടെ പ്രതിഷ്ഠിക്കും? ചില്ലിട്ട ഫോട്ടോകൾ ചുമരിൽ നിരത്തി തറച്ചുവെക്കുന്ന പതിവ് ഒരു കാലത്തുണ്ടായിരുന്നു. പിന്നെ ആ മട്ട് പഴഞ്ചനായി. എന്നാലും അവനവന്റെയും ബന്ധപ്പെട്ടവരുടെയും ഫോട്ടോകൾ ഒന്നോ രണ്ടോ അവിടവിടെ കുത്തിനിർത്തുന്ന ഏർപ്പാട് തുടർന്നു പോന്നു. ജീവിതം അസംബന്ധമാണെന്നു തോന്നുമ്പോൾ, ചുമരിലോ മേശപ്പുറത്തോ വെച്ചിട്ടുള്ള അവനവന്റെ രൂപം കണ്ട് കൺ കുളിർപ്പിക്കാമല്ലോ.
എന്റേതാകട്ടെ, അങ്ങനെ കുളിർക്കുന്ന കണ്ണല്ല. നരസിം വരച്ചുവെച്ച കാരിക്കച്ചർ കണ്ടുകൊണ്ടിരിക്കാനോ അതു വഴി പുളകം കൊള്ളാനോ എനിക്ക് വയ്യായിരുന്നു. തലതിരിഞ്ഞ എന്റെ അഹങ്കാരത്തിന്റെ തള്ളിച്ച കൊണ്ടാകാം, അങ്ങനെ ചെയ്യുന്നത് മോശമാണെന്നും എനിക്കുണ്ടെന്ന് മറ്റുള്ളവർ വിചാരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ആത്മവത്തക്കു ചേർന്നതല്ല അതെന്നും ഞാൻ എന്നോടു തന്നെ പറഞ്ഞു നോക്കി. പക്ഷേ, എന്റേതല്ലേ, പടം കുപ്പത്തൊട്ടിയിൽ ഇടാൻ വയ്യ. അപ്പോൾ പിന്നെ അത് എവിടെ നാട്ടി നിർത്തും? പുസ്തകങ്ങളുടെ ഇടയിൽ ആരും പെട്ടെന്നു കാണാത്ത മട്ടിൽ അവനെ തിരുകിക്കയറ്റി. അങ്ങനെ എന്റെ പടം നോക്കി നുണ പറയാനുള്ള അവസരം സന്ദർശകർക്ക് നിഷേധിക്കപ്പെട്ടു.
എന്റെ പടം കണ്ടാൽ അരിശം വരുന്നതിൽ ഞാൻ തന്നെ പരിതപിച്ചു. പണ്ടൊരു യവനനായകൻ ഉണ്ടായിരുന്നു ഇതു പോലെ. നാർസിസസ്. അയാൾ കുളക്കരയിൽ കുന്തിച്ചിരുന്ന് തന്റെ പ്രതിബിംബത്തിൽ കണ്ണു നട്ട് ആലോചനയിൽ മുഴുകുമായിരുന്നു. അധികം കഴിയും മുമ്പേ പ്രതിബിംബത്തിലേക്ക് ഒരു കല്ല് വലിച്ചെറിയും. പ്രതിബിംബം ഓളങ്ങളീൽ അലിഞ്ഞലിഞ്ഞില്ലാതാവും. തന്റെ പ്രതിബിംബം നന്നായില്ലെന്ന വേദനയായിരിക്കാം നാർസിസസ്സിന്റെ പ്രേരണ. ആ വക പ്രേരണയൊന്നും എനിക്കില്ല. എന്റേതല്ലാത്ത പ്രതിബിംബങ്ങൾ കാണാനാണ് ഇഷ്ടം എന്നു മാത്രമേയുള്ളു. പക്ഷേ എല്ലാവരും അങ്ങനെയല്ല.
ഉദ്ദേശം എന്തൊക്കെയായാലും, ദാർശനികവ്യാഖ്യാനം എങ്ങനെയെല്ലാമായലും, നാരായണഗുരുവും അവനവന്റെ രൂപം കണ്ട് രസിച്ചിരുന്നു. ഒരു ക്ഷേത്രത്തിൽ കണ്ണാടി പ്രതിഷ്ഠിച്ചുകൊണ്ട് അദ്ദേഹം തന്റെ അദ്വൈതതത്വം വിളംബരം ചെയ്തു. അവനവൻ ആത്മസുഖത്തിനാചരിക്കുന്നവ അപരന്ന് സുഖത്തിനായ് വരേണം എന്നൊരു നിർബ്ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു. അതിൽനിന്ന് വേണ്ട പാഠം പഠിക്കാതെ ആളുകൾ ചുളുവിൽ കിട്ടാവുന്നിടത്തൊക്കെ അദ്ദേഹത്തിന്റെ രൂപങ്ങൾ കല്ലിലോ ചുണ്ണാമ്പിലോ സിമന്റിലോ കൊത്തിവെച്ചു. ആരാധകരുടെയും കാക്ക പിടുത്തക്കാരുടെയും വഴി അതു തന്നെയാകുന്നു: രൂപം വരക്കുക, വാർക്കുക, കൊത്തിവെക്കുക. ചിത്രമായോ പ്രതിമയായോ കലണ്ടറിലും കവലയിലും നാണയത്തിലുമൊക്കെ നമ്മുടെ ആരാധനാമൂർത്തിയെ ഊട്ടിയുറപ്പിക്കുക. ജീവിച്ചിരിക്കുന്ന ആളാണ് പ്രതിമയുടെയോ ചിത്രത്തിന്റെയോ സ്വരൂപമെങ്കിൽ, അയാൾ ആരാധകരുടെ വലയിൽ, അല്ലെങ്കിൽ വേലയിൽ, വീണു പോകും. നല്ലവനായ നരസിം എന്റെ ചിത്രം വരച്ച് എനിക്കു തന്നെ സമ്മാനിച്ചപ്പോൾ ഇതൊന്നും ഓർക്കാതിരുന്നില്ല.
ഇതൊക്കെ ഇപ്പോൾ ഓർക്കാനുണ്ടായ കാരണം മായാവതിയുടെ ആത്മവിദ്യയുടെ പ്രകടനമാണ്. തന്റെയും തന്റെ ആചാര്യനായ കൻശി റാമിന്റെയും പടവും പ്രതിമയും നിറച്ച് ഭൂമിയെ സുന്ദരമാക്കണമെന്നാണ് അവരുടെ വ്രതം. ഡൽഹിക്കടുത്ത നോയിഡയിലും ലക്നവിലുമൊക്കെ മായാവതിയുടെയും കൻശി റാമിന്റെയും പ്രതിമകൾ ഒഴിവുള്ള ഇടത്തെല്ലാം കയറിപ്പറ്റിക്കഴിഞ്ഞു. അമേരിക്കയിലെ വില്യംസ്ബർഗ്ഗിൽ പ്രസിഡന്റായിരുന്നവരുടെ പ്രതിമകൾ നിരത്തിയ ഒരു പാർക്കിൽ പോയത് ഓർക്കുന്നു. മായാവതി അങ്ങനെ ഒരു പാർക്ക് ഉണ്ടാക്കുകയാണെങ്കിൽ, എല്ലാ പ്രതിമകളും ഒരാളുടേതായിരിക്കും: അവരുടേതു തന്നെ. പണം ചിലവാക്കാൻ സർക്കാർ ഖജനാവുള്ളപ്പോൾ എന്തുകൊണ്ട് അങ്ങനെ ആയിക്കൂടാ?
കണ്ണാടി കാണ്മോളവും തന്നുടെ മുഖം സുന്ദരമാണെന്നു കരുതുന്നവരെയാണ് കവി കളിയാക്കിയത്. മായാവതി അവരിൽ പെടില്ല. കണ്ണാടി നോക്കാതെത്തന്നെ അവർക്ക് അവരുടെ മുഖം കാണാൻ കഴിയും. പ്രതിമകളായും പത്രപരസ്യങ്ങളായും അവരുടെ മുഖം നാടെങ്ങും വിളങ്ങുന്നു. പത്രത്തിന്റെയോ പരസ്യത്തിന്റെയോ ഉള്ളുകള്ളിയൊന്നും അത്ര പിടിയില്ലാത്ത എന്റെ ഭാര്യ ഒരിക്കൽ ചോദിച്ചു, മായാവതിയുടെ പടം എല്ലാ മലയാളപത്രങ്ങളുടെയും മുഴുത്താളുകളിൽ അച്ചടിച്ചുവിടുന്നതെതിനാണ്? പത്രങ്ങൾക്ക് പണം ഉണ്ടാക്കാനാണെന്ന മൌലികസത്യം ഞാൻ പറഞ്ഞില്ല. അറിയാൻ വയ്യാത്ത ഭാഷയിലെ ഒരു പത്രം നിവർത്തി അതിൽ വന്നിരിക്കുന്ന തന്റെ ചിത്രം നോക്കി നിർവൃതി കൊള്ളുന്ന മായാവതിയെ ഞാൻ മനസ്സിൽ കണ്ടു. അത് ഭാര്യയുടെ മനസ്സിലേക്കും
പകർത്തി. മായാവതിയുടെ ചിത്രം അടിച്ചുവിടുമ്പോൾ ഹരം കയറുന്നത് അവർക്കു മാത്രമല്ലെന്ന് ഞാൻ പതുക്കെ പറഞ്ഞു.
ആരാന്റെ പ്രതിമ കണ്ടാൽ ചുവപ്പു കണ്ട സ്പാനിഷ് കാളയെപ്പോലെ കലി കയറുന്നവർ പലരുണ്ട്. അവരിൽ ഞാനുമുണ്ടെന്നു കൂട്ടിക്കോളൂ. മായാവതിയുടെ പ്രതിമകൾ സമ്മതിദായകരെ സ്വാധീനിക്കാനിടയുണ്ടെന്ന് ഒരു കൂട്ടർ വാദിക്കുന്നു. ആ വാദത്തിൽ കഴമ്പുണ്ടെന്നു കണ്ടിട്ടാവണം, സമ്മതിദായകർ കാണാത്ത വിധം ആ പ്രതിമകളൊക്കെ മറച്ചുപിടിക്കണമെന്നൊരു നിബന്ധന വന്നിരിക്കുന്നു. ആദ്യം നീലത്തുണികൊണ്ട് കുറെ പ്രതിമകൾ ചുറ്റിക്കെട്ടി. അപ്പോഴതാ വരുന്നൂ വേറൊരു വാദം: നീല മായാവതിയുടെ
പാർട്ടിയുടെ പതാകയുടെ നിറമത്രേ. അതിനർഥം പ്രതിമ മറച്ചാൽ മാത്രം പോരാ, ഒരു തരത്തിലും ആശയബന്ധം സ്ഥാപിക്കാത്ത രീതിയിലാവണം മറക്കുന്നത്. അങ്ങനെ മായാവതിയുടെ പ്രതിമകളെ മഞ്ഞ ഉടുപ്പിക്കുന്ന തിരക്കിലായിരിക്കുന്നു ഉത്തരപ്രദേശത്തിലെ ഉദ്യോഗസ്ഥന്മാർ. എന്തായാലും, പ്രധാനമന്ത്രിയായില്ലെകിൽ പോലും, സ്വന്തം പ്രതിമകൾ ഏറ്റവുമധികം പ്രതിഷ്ഠിച്ച നേതാവെന്ന ഖ്യാതി അവർക്ക് അവകാശപ്പെട്ടതായിരിക്കും.
ഒരു പക്ഷേ മായാവതി ഓർക്കാത്ത ഒരു ചരിത്രഗതിയുണ്ട്. പ്രതിമകളുടേ സ്വരൂപങ്ങളും പ്രതിബിംബങ്ങളുടെ ബിംബങ്ങളും അധികാരത്തിൽനിന്ന് ഇറങ്ങുമ്പോൾ പലപ്പോഴും പിന്മുറക്കാർ കശപിശ കൂടും. പ്രതിമകളും പ്രതിബിംബങ്ങളും തച്ചുടക്കും. കമ്യൂണിസ്റ്റ് സാമ്രാജ്യത്തിലും പല പശ്ചിമേഷ്യൻ രാജ്യങ്ങളിലും ഉണ്ടായ കലാപങ്ങളിൽ ജനരോഷം ആദ്യം ഏറ്റുവാങ്ങിയത് ഭ്രഷ്ടരായ നേതാക്കളുടെ പ്രതിമകളായിരുന്നു. റിപ്പന്റൻസ് എന്ന ഒരു റഷ്യൻ സിനിമയിൽ, എല്ലാം നഷ്ടപ്പെടുകയും തീരാത്ത യാതന അനുഭവിക്കുകയും ചെയ്യുന്ന ഒരു സ്ത്രീ, പക പോക്കാൻ വേണ്ടി, ശവമഞ്ചത്തിനുള്ളിൽനിന്ന് അന്തരിച്ച നേതാവിന്റെ ജഡം ഓരോ രാതിയിലും പുറത്തെടുത്തു വെക്കുന്ന ദൃശ്യമുണ്ട്. മരിച്ചിട്ടാണെങ്കിലും ഇയാളെ ഞാൻ വിശ്രമിക്കാൻ വിടില്ലെന്നായിരുന്നു വിചാരണക്കിടയിൽ അവരുടെ വാദം. അതിനുമുമ്പും പലരും പ്രതിമകളോടും ജഡങ്ങളോടും ആളുകൾ പക തീർത്തിരുന്നു. ഫോർമോസസ് മാർപ്പാപ്പയുടെ മൃതദേഹം കുഴി തോണ്ടി പുറത്തെടുത്ത്, ഔപചരികമായി വീണ്ടും വിചാരണക്കും ശിക്ഷക്കും വിധേയമാക്കി പിന്നീട് മാർപ്പാപ്പയായ എസ്തപ്പാൻ ആറാമൻ. അതുകൊണ്ട് പ്രതിമ വഴി അനശ്വരത്വം നേടാമെന്ന മായാവതിയുടെ വിചാരം എവിടെ എങ്ങനെ വിലപോവുമെന്ന് കണ്ടറിയണം.
(malayalam news jan 16)
No comments:
Post a Comment