എം ആർ നാരായണ പിള്ളയുടെയും ബി ജി കുറുപ്പിന്റെയും പി എസ് നായരുടെയും മറ്റും
അപസർപ്പകനോവലുകളായിരുന്നു എന്റെ ഇഷ്ട വായന. അത്ഭുതതസ്കരനും ഉരുക്കു മനുഷ്യന്റെ
രഹസ്യവും ദേശസേവിനിയും ആ മൂശയിൽ വിടർന്ന വേറെ ഏറെ നോവലുകളും ഞാൻ
ശ്വാസമടക്കി വായിച്ചു തീർത്തിരുന്നു. കുറ്റവാളികളെ പിടി കൂടാൻ ചാത്തു എന്ന കുശിനിക്കാരന്റെ
വേഷം കെട്ടിയ രഹസ്യാന്വേഷണവിദഗ്ദ്ധനും അപകടകാരികളുടെ നടുവിൽ പെട്ടപ്പോൾ സിഗററ്റ്
ലൈറ്റർ തോക്കാണെന്ന മട്ടിൽ അവർക്കു നേരേ ചൂണ്ടി കടന്നു കളഞ്ഞ വീരനായകനും എന്റെ
ആരാധനാമൂർത്തികളായിരുന്നു. രാഷ്ട്രീയക്കാരും മാധ്യമങ്ങളൂം
മനുഷ്യാവകാശപ്രവർത്തകരും--ഇടക്കു പറയട്ടെ, അവ്കാശപ്രവർത്തകർ രണ്ടുതരമുണ്ട്,
മനുഷ്യാവകാശപ്രവർത്തകരും മേനക ഗാന്ധിയെപ്പോലുള്ള
മൃഗാവകാശപ്രവർത്തകരും--അവരെ വേട്ടയാടുമെന്ന് അന്നൊന്നും ധരിച്ചില്ല.
സ്വകാര്യതയിൽ നുഴഞ്ഞു കയറുന്നു, മനുഷ്യാവകാശം ലംഘിക്കുന്നു, വിലാസങ്ങളും വചനങ്ങളും
വിശ്വാസങ്ങളും ചോർത്തുന്നു, നിയമത്തെ കാറ്റിൽ പറത്തുന്നു--അങ്ങനെ അങ്ങനെ പോകുന്നു
അവർക്കെതിരെ ഉയരുന്ന ആരോപണങ്ങൾ. രണ്ടു വസ്തുതകൾ ഈ ആരോപണങ്ങളെ
സവിശേഷമാക്കുന്നു. ഒന്ന്, രഹസ്യാന്വേഷണം തുടങ്ങിയ കാലത്തു തുടങ്ങിയവയാണ് ഈ
ആരോപണങ്ങൾ. രണ്ട്, അവയിൽ പലതും പല തോതിൽ വാസ്തവവുമാകുന്നു. മൂന്നാമതൊരു
കാര്യം കൂടി പറയണമെങ്കിൽ, വസ്തുതയുടെ അംശം ഏറെയുള്ള ഈ ആരോപണങ്ങൾ
കല്പാന്തകാലം വരെ തുടരുകയും ചെയ്യും.
തിരഞ്ഞെടുപ്പു തന്ത്രം മെനയുമ്പോൾ, എതിരാളികളുടെ ഉള്ളിലിരിപ്പ് മനസ്സിലാക്കാൻ ചിലരുടെ
ഫോൺ ചോർത്തിയതായിരുന്നു അമേരിക്കൻ പ്രസിഡന്റായിരുന്ന റിച്ചർഡ് നിക്സന്റെ
ലജ്ജാവഹമായ നിഷ്ക്രമണത്തിനു കാരണം. വാസ്തവത്തിൽ ഫോൺ ചോർത്തിയതല്ല, ചോർത്തിയ
വിവരം ചോർന്നതായിരുന്നു യഥാർഥകാരണം. ഫോൺ ചോർത്തുകയും അതു വഴി കിട്ടിയ
വിവരത്തിന്റെ വെളിച്ചത്തിൽ എതിരാളികളെ രാഷ്ട്രീയമായി വക വരുത്താൻവക കഴിയുകയും
ചെയ്തിരുന്നെങ്കിൽ നിക്സൺ വീണ്ടും ഒരു വട്ടം കൂടി വൈറ്റ് ഹൌസിൽ കൊമ്പു കുലുക്കി
ആടുമായിരുന്നു. വിവരം ചോർന്നതോടെ സ്വകാര്യതയിലേക്കുള്ള നുഴഞ്ഞു കയറ്റവും
മനുഷ്യവകാശലംഘനവുമൊക്കെ കൊടുങ്കാറ്റായി. വിവരമുള്ള രഹസ്യാന്വേഷകരൊക്കെ അന്നേ
ഉള്ളിൽ പറഞ്ഞു കാണും: ചോർത്തണം, ചോർത്തുന്ന കാര്യം ചോരരുത്.
നിക്സണും എത്രയോ മുമ്പും പിമ്പും ഇതു പോലെ എത്രയെത്ര ചോർത്തൽ ചർച്ച എന്റെ ചുരുങ്ങിയ
കാലഘട്ടത്തിൽ തന്നെ കേട്ടിരിക്കുന്നു! അധികാരം വിട്ടൊഴിഞ്ഞിരിക്കേ ജഗജ്ജീവൻ റാമും
ചന്ദ്രശേഖറും വിശ്വനാഥ് പ്രതാപ് സിംഗും തങ്ങളുടെ ഫോൺ
ചോർത്തുന്നുവെന്നു വിലപിച്ചിരുന്നു. ഇങ്ങേയറ്റത്ത്, ബേബി ജോണിന്റെ രാഷ്ട്രീയതന്ത്രങ്ങൾ
രഹസ്യമായി വീക്ഷിക്കാൻ ചുമതലപ്പെട്ട ഒരു ഉദ്യോഗസ്ഥന്റെ കഥ ഓർമ്മ വരുന്നു.
രഹസ്യാന്വേഷണവിദഗ്ദ്ധൻ എപ്പോഴും പാത്തും പതുങ്ങിയും പതുങ്ങാതെയും ബേബി ജോണിന്റെ
പുറകേ കൂടി. ഒരിക്കൽ ബേബി ജോൺ തന്റെ നിഴൽ പോലെ നടന്നിരുന്ന ആളുടെ നേരേ തിരിഞ്ഞ്
ചോദിച്ചു: “ആരാണ്? എന്താണ് കാര്യം?” ബേബി ജോണിന്റെ ആജാനുബാഹുത്വം കണ്ടു വിരണ്ട
പൊലിസുകാരൻ, യാന്ത്രികമായ വേഗത്തിൽ, അറ്റൻഷൻ അടിച്ച് സല്യൂട്ടുമായി നിന്നു.
വിറച്ചുകൊണ്ട് ഇങ്ങനെ പറാഞ്ഞു പോലും: “സർ, വിവരം മനസ്സിലാക്കാൻ അയച്ചതാണ് , സർ.”
ചിരിച്ചുകൊണ്ട് ബേബി ജോൺ അയാളെ പറഞ്ഞു വിട്ടു. ഇന്റലിജൻസ് മേധാവിയായിരുന്ന എ വി
വെങ്കിടാചലം അയാളെ വെറുതേ വിട്ടുവോ എന്നറിയില്ല. സ്വാമി തലയിൽ വെച്ച് ഒരിക്കൽ ഇങ്ങനെ
പറഞ്ഞു: “ഈ മന്തുകാലന്മാരെക്കൊണ്ട് ഞാൻ തോറ്റു.“ സ്വാമിയെ സമാധാനിപ്പിക്കാൻ ഞാൻ വി
കെ എന്റെ ഒരു മൊഴി ഉദ്ധരിച്ചു: “ഏതു ജനക്കൂട്ടത്തിലും തിരിച്ചറിയാവുന്നവരായി ഒരു കൂട്ടരേ ഉള്ളൂ:
രഹസ്യാന്വേഷകർ.”
അവരിൽ ചിലർ കാട്ടിക്കൂട്ടുന്ന തമാശകൾ ഒരിക്കൽ അവരിൽ ഒരാൾ തന്നെ പറഞ്ഞു തന്നു.
ഒരിക്കലും അവസാനിക്കാത്ത ആ മന്തുകാലന്മാരുടെ തമാശകളിൽ ഒന്ന് ഇതായിരുന്നു. എൻ സൂപ്പി
ഒരു ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ കാണപ്പെട്ടു. ഉടനേ റിപ്പോർട് പോയി: “കെ
എം സൂപ്പി ഡൽഹിക്കു പോകുന്നു.” വായിച്ച് അപഗ്രഥിക്കാനിരുന്ന ഉദ്യോഗസ്ഥന്റെ കണ്ണു
തള്ളിപ്പോയി. എന്നോ മരിച്ചു പോയ സോഷ്യലിസ്റ്റ് നേതാവ് ചെറുപ്പക്കാരനായ മുസ്ലിം ലീഗ്
നേതാവായി വീണ്ടും വന്നിരിക്കുന്നോ? പ്രസ് ക്ലബ്ബിന്റെ പുറത്തളത്തിലും നാലാൾ കൂടുന്ന
മറ്റിടങ്ങളിലും ചുരുക്കെഴുത്തുമായി കറങ്ങുന്നവരെ കാണുമ്പോൾ ഞാൻ സൂപ്പിയെ ഓർക്കും.
അളകാപുരി ഓഡിറ്റോറിയത്തിൽ ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസംഗം നടക്കുമ്പോൾ, തിരക്കൊഴിഞ്ഞ്
മാറിനിന്നിരുന്ന എന്റെ കണ്ണിൽ ചുരുക്കെഴുത്തുകാരന്റെ നിഴൽ വീണു. ജീവനകലയിലും
കരകൌശലത്തിലും രഹസ്യമായി ചോർത്തെയെടുക്കേണ്ടതായി എന്തെങ്കിലുമുണ്ടോ? തന്റെ
യോഗത്തിൽ രഹസ്യപ്പോലിസ് ഉണ്ടെന്നു കേട്ടാൽ ഗുരു ലഘുവായെങ്കിലും ചൂടാകാതിരിക്കുമോ?
“എന്റെ പിന്നിൽ രഹസ്യപ്പൊലിസിനെ വിട്ടിരിക്കുന്നു” എന്ന മുറവിളി എന്നും നല്ലൊരു
രാഷ്ട്രീയതന്ത്രമായിരുന്നു.
വാസ്തവത്തിൽ രഹസ്യാന്വേഷകന്റെ ദൌത്യം വേറൊന്നല്ല. ആരോരുമറിയാതെ ലോകത്ത്
നടക്കുന്നതൊക്കെ മനസ്സിലാക്കുക, അവ തമ്മിൽ പരസ്പരബന്ധമുണ്ടെങ്കിൽ അത് ഇഴ
പിരിച്ചുനോക്കുക, അതു വഴി തുറക്കപ്പെടുന്ന സാധ്യതകൾ അനുമാനിച്ചെടുക്കുക--ഇതൊക്കെയാണ്
അപസർപ്പകവിദ്യ. അത്തരം അനുമാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും, അതിനിടയിൽ ആ
അനുമാനങ്ങൾ ശുദ്ധവങ്കത്തരമാക്കിത്തീർക്കാൻ കരു നീക്കുകയും ചെയ്യുന്നതും അടുത്ത പടിയിലെ
അപസർപ്പകവിദ്യതന്നെ. ചാരനെ ചാരവൃത്തിയുടെ കെണിയിലാക്കുന്ന സൂപ്പർ ചാരവിദ്യ.
സാമാന്യമായ
അർഥത്തിൽ മനസ്സിലാക്കപ്പെടുന്ന നിയമത്തിന്റെയും ചട്ടത്തിന്റെയും മര്യാദയുടെയും ലംഘനം
ഇതിലെല്ലാം കാണും. പക്ഷേ അതങ്ങനെയാണെന്ന് നാലാൾ അറിയരുതെന്നുമാത്രം.
ചോർത്തൽ ഇന്റലിജൻസിന്റെ ഒരു പ്രധാനഭാഗമാകുന്നു. എന്റെ മകന്റെ മക്കളുടെ ഫോട്ടോ
അച്ചടിച്ച ഒരു കലണ്ടർ ഈയിടെ എനിക്ക് കിട്ടുകയുണ്ടായി. പുറത്ത് അതെന്താണെന്ന്
എഴുതിയിരുന്നെങ്കിലും ആരോ അത് ചോർത്തിനോക്കി.
ചോർത്തിയതിന്റെ ലക്ഷണവും അവശേഷിപ്പിച്ചു. ഞാൻ സ്വകാര്യതയുടെ ലംഘനത്തെപ്പറ്റി ഒന്നും
പറയാൻ പോയില്ല. എന്നു തന്നെയല്ല, മകൻ പറഞ്ഞിരുന്നു, യാത്ര ചെയ്യുമ്പോൾ പെട്ടി
പൊളിക്കാതിരിക്കണമെങ്കിൽ അത് പൂട്ടാതെ വിടുകയാവും നല്ലത്. കളിപ്പാട്ടുകളും കുപ്പികളും
കുടകളുമല്ലാതെ അല്പം ആപൽക്കരമായ സാധനങ്ങളും പെട്ടികളിൽ അടക്കം ചെയ്ത് അയക്കുന്ന
കാലമായതുകൊണ്ട് നേരിയ സംശയം തോന്നിയാൽ പോലും പെട്ടി പൊളിക്കേണ്ടത് ആവശ്യമായി
വരും. പക്ഷേ വൃത്തി കെട്ട ജോലി വെടിപ്പായി ചെയ്യാൻ കഴിയണം. എന്നാലേ
അപസർപ്പകവീരൻ തികഞ്ഞ അറിയപ്പെടായ്മയിൽ മറഞ്ഞ്, ശ്ലാഘനീയമായ വിജയം
വരിക്കുകയുള്ളു.
(malayalam news jan 23)
No comments:
Post a Comment