ജൂലൈ നാല്
ചുരുളന്‍ മുടിയും കറുത്ത നിറവും ഉരുണ്ട മാംസപേശികളുമുള്ള താങ്കായി, കാല്‍ മുട്ടുവരെത്തുന്ന തോര്‍ത്തുടുത്ത്, മുറ്റത്ത് വിചാരണ കാത്തു നിന്നു. കണ്ടു രസിക്കാന്‍ ഒരു കൊച്ചു നാട്ടുകൂട്ടമുണ്ടായിരുന്നു.
"കുണ്ടനിടവഴിയുടെ ഓരത്തുവെച്ച് നീ മീനാക്ഷിയമ്മയോട് കിന്നാരം പറയാന്‍ ചെന്നോ..." മുടി കെട്ടിയ കുഞ്ഞിക്കുട്ടന്‍ നായരുടെ ചോദ്യം മറുപടി തേടി ആയിരുന്നില്ല. ചോദ്യം തീരും മുമ്പ്, എല്ലാം പൊറുക്കുന്ന ഭൂമിയില്‍ കണ്ണു നട്ട് നില്‍ക്കുന്ന പ്രതിയുടെ മേല്‍ നായരുടെ പുളിവാര്‍ ആഞ്ഞു വീണു.... ഒന്ന്, രണ്ട്, മൂന്ന്.
വിധിയും ശിക്ഷയും കഴിഞ്ഞപ്പോള്‍ ചിലര്‍ താങ്കായിയുടെ കുറുമ്പിനെപ്പറ്റിയും ചിലര്‍ അടി അയാള്‍ക്ക് ഏശാത്തതിനെപ്പറ്റിയും നായരുടെ ഊക്കിനെപ്പറ്റിയും പിറുപിറുത്തുകൊണ്ട് പിരിഞ്ഞുപോയി. "എന്തെടാ" എന്നൊരു അര്‍ഥമില്ലാത്ത സംബോധന എറിഞ്ഞുകൊണ്ട് നായരും ആരുടേയോ വഴിക്കു പോയി.
ഒടുവില്‍ കാലിലെ വടു തലോടിക്കൊണ്ട് സ്ഥലം വിടുമ്പോള്‍ താങ്കായി ഒച്ചയില്ലതെ ചോദിച്ചു കാണുമോ, "ആഗസ്റ്റ് പതിനഞ്ചിന്‍റെ അര്‍ഥം എനിക്കെന്ത്?" ജൂലൈ നാലിനെപ്പറ്റി അതു പോലൊരു ചോദ്യം ചോദിച്ചിരുന്നു പത്തൊമ്പതാം നൂറ്റാണ്ടില്‍ അമേരിക്കന്‍ അടിമകളുടെ മോചനത്തിനു വേണ്ടി പട പൊരുതിയ ഫ്റെഡറിക് ഡഗ്ലസ്. ജോര്‍ജ് വാഷി ടണും തോമസ് ജെഫേര്‍സണും മറ്റും നയിച്ചു നേടിയ അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്‍റെ ആണ്ടുല്‍സവമാണ് ജൂലൈ.
പ്രസിഡന്‍റ് അബ്രഹാം ലിങ്കണ്‍ കറുത്ത വര്‍ഗക്കാര്‍ക്കു വേണ്ടി ചെയ്ത കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നില്ലെങ്കിലും നാടിന്‍റെ നന്മക്കും അഖണ്ഡതക്കും വേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കു ചേരുന്ന കറുത്ത പൌരന്മാര്‍ക്ക് വോട്ടവകാശം നല്‍കാന്‍ ലിങ്കള്‍ മടിക്കുന്നു എന്നായിരുന്നു ഫ്രെഡറിക്കിന്‍റെ പരാതി. സമരതന്ത്രത്തില്‍ ഗാന്ധിയുടെ പൂര്‍വസൂരിയായിരുന്നു രണ്ട് ഉടമകളുടെ അടിമയായ ഡഗ്ലസ്. ദക്ഷിണാഫ്രിക്കയില്‍ തീവണ്ടി കയറാന്‍ പോയപ്പോള്‍ പൊലിസുകാരന്‍ മുന്‍ പല്ല് ചവിട്ടിക്കൊഴിച്ച അനുഭവം ഡഗ്ലസ്സിന് തന്‍റെ നാട്ടില്‍ നേരിടേണ്ടിവന്നതിന്‍റെ സമാന്തരസംഭവമായിരുന്നു. എന്നിട്ടും സമാധാനം പുലര്‍ത്തിക്കൊണ്ടു മതി പോരാട്ടം എന്ന നിലപാടില്‍ ഉറച്ചുനിന്നു.
മികച്ച എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന അദ്ദേഹത്തോട് ആരോ ചോദിച്ചു, അടിമകളുടെ ഭാഗം ചേരാത്തവരുമായി എന്തിനു സംവദിക്കുന്നു, സഹകരിക്കുന്നു ആരോ ചോദിച്ചപ്പോള്‍ നിര്‍വിശങ്കമായിരുന്നു അദ്ദേഹത്തിന്‍റെ ഉത്തരം: "നല്ല കാര്യത്തിന് ആരോടും ചേരാം; ചീത്ത കാര്യത്തിന് ആരോടും ചേരില്ല." "ഒരു അമേരിക്കന്‍ അടിമയുടെ ജീവിതം" എന്നതുള്‍പ്പടെ അദ്ദേഹം മൂന്ന് ആത്മകഥകള്‍ എഴുതി. അസാധാരണമായ നിമ്നോന്നതകളിലൂടെ കടന്നുപോയ ഡഗ്ലസിന്‍റെ ജീവിതത്തില്‍ നൈരാശ്യം മുഴുത്ത മുഹൂര്‍ത്തങ്ങളില്‍ തനിക്കു സ്വാതന്ത്ര്യം കിട്ടിയിട്ടെല്ലെന്ന് അദ്ദേഹം ആത്മഗതത്തില്‍ പറഞ്ഞിരുന്നു. 1947 ആഗസ്റ്റ് പതിനഞ്ചിന് ഇന്ത്യക്ക് കിട്ടിയത് സ്വാതന്ത്ര്യമല്ല എന്നൊരു നിലപാട് നമ്മളില്‍ ചിലരും കരുതിയിരുന്നല്ലോ. അവര്‍ പിന്നെ ആഗസ്റ്റ് പതിനഞ്ചിന്‍റെ അര്‍ഥം ചോദ്യം ചെയ്യാതായി.
പ്രകോപനം സൃഷ്ടിക്കുന്ന സന്ദര്‍ഭങ്ങള്‍ കൂടെക്കൂടെ ഉണ്ടായെങ്കിലും ഡഗ്ലസ് അദ്ദേഹത്തിന്‍റേതായ ശാന്തിമന്ത്രം ജപിക്കാനും സമാധാനത്തിന്‍റെ പാത വഴി മുന്നേറാനും മനസ്സിരുത്തി. മാര്‍ടിന്‍ ലൂഥര്‍ കിംഗും ഗാന്ധിയും അദ്ദേഹത്തിന്‍റെ മാനസസന്തതികളായി കരുതാം. അവരുടേതില്‍നിന്ന് എത്രയോ യാതനാപൂര്‍ണമായിരുന്നു ഡഗ്ലസിന്‍റെ ജീവിതത്തിന്‍റെ ആദ്യപാദം എന്നോര്‍ക്കുക. അടിമയായ അമ്മക്കു പിറന്ന ഡഗ്ലസിന്‍റെ പിതാവു തന്നെയായിരുന്നു ആദ്യത്തെ യജമാനന്‍. പിന്നെ ആര്‍ക്കോ വിറ്റു. പുതുതായി വന്ന ഡഗ്ലസ് എന്ന അടിമയുടെ ഉടമസ്ഥന്‍റെ സഹോദരി കരുണയുള്ളവരായിരുന്നു. തന്‍റെ വളര്‍ച്ചയില്‍ അവര്‍ക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം ഉള്ളുരുകി എഴുതി വെച്ചു. ആ വളര്‍ച്ച വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള അവസര, വരെയെത്തി. അത്തരമൊരു മത്സരത്തില്‍ അതു വരെ ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ എത്തിയിരുന്നില്ല. ഓബാമയുടേത് സമീപചരിത്രം.
അമേരിക്കന്‍ അടിമത്തത്തിന്‍റെ ഗര്‍ഹണീയത കീഴളരോടുള്ള ഇന്ത്യന്‍ വ്യവഹാരം എളുപ്പത്തില്‍ പറഞ്ഞൊപ്പിക്കാന്‍ പറ്റില്ല. നമുക്കുന്‍ ഉണ്ടായിരുന്നു അടിമച്ചന്ത. വയനാട്ടിലെ കാടിനിടയില്‍ വള്ളിക്കാവില്‍ അടിമകളെ വിലക്ക് കൈമാറുന്ന പതിവ് കെ പാനൂര്‍ കേരളത്തിലെ ആഫ്രിക്ക എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഏറെ കാലത്തിനുശേഷം കണ്ടുമുട്ടിയപ്പോള്‍ പാനൂര്‍ പറഞ്ഞു, "ഇപ്പോള്‍ അത് കേരളത്തിലെ അമേരിക്കയാണ്. ആദിവാസികളെല്ലാം നഗരപ്രഭുക്കളായെന്നല്ല, അടിമകളുടെ ഉടമകള്‍ കേമന്മാരായെന്നേയുള്ളു."
അടിമവേല നടക്കുന്നുവെന്ന വിവരം ഔദ്യോഗികമായി സ്ഥിരപ്പെടുത്തിയത് എല്ലാവരും സ്വഭാവേന തള്ളിപ്പറയുന്ന അടിയന്തരാവസ്ഥക്കാലത്താണ്. അടിമകളെ മോചിപ്പിക്കലായിരുന്നു അന്നത്തെ ഇരുപതിന പരിപാടിയിലെ ഒരിനം. അന്യാധീനപ്പെട്ട അവരുടെ ഭൂമി തിരിച്ചുകൊടുപ്പിക്കാന്‍ നടപടി പ്രഖ്യാപിക്കപ്പെട്ടു. എന്നോടൊരു മുതിര്‍ന്ന നേതാവ് ചോദിച്ചു, "ഇതൊക്കെ എവിടെ നടപ്പാവാന്‍ പോകുന്നു.?" ആഗസ്റ്റ് പതിനഞ്ചിന്‍റെ മിച്ചം അവര്‍ക്കും കിട്ടാറാക്കണമെന്ന അഭിലാഷമാണ് ജൂലൈ നാല് അമേരിക്കന്‍ അടിമക്ക് എന്ത് അര്‍ഥം സംവേദിക്കുന്നു എന്ന ഡഗ്ലസിന്‍റെ ചോദ്യത്തിലും ത്രസിക്കുന്ന അനുഭവം.
താങ്കായി ആരുടെയും അടിമയായിരുന്നില്ല. അടിമയല്ലെങ്കിലും ഓരോ തറവാട്ടുകാരോട് തലമുറകളായി ചേര്‍ന്നു നില്‍ക്കുന്ന വേലക്കാരെ ആ തറവാടിന്‍റെ വിലാസത്തില്‍ തിരിച്ചറിയുന്ന സമ്പ്രദായമുണ്ടായിരുന്നു. റിച്മണ്ടിലെ ഒരു ബ്ലക് മ്യൂസിയത്തില്‍ പ്രദര്‍ശന സഹായിയായ ഒരു ഒരു ചെറുപ്പക്കാരിയോട് ചോദിച്ചു, അവരുടെ പേരും അവിടത്തെ പ്രധാന പ്രദര്‍ശനശാലയുടെ പേരും ഒന്നായതിനെപ്പറ്റി. കുടുംബങ്ങളായി അവര്‍ അവരുടെ യജമാനന്മാരുടെ വിലാസത്തിലേ അറിയപ്പെടൂ. ഡഗ്ലസിന്‍റെ മാറി മാറി വന്ന പേരുകളില്‍ ആ പാരമ്പര്യം ഒളിഞ്ഞിരിക്കുന്നു.
അടിമകളല്ലാത്ത ദലിതരോടുള്ള പെരുമാറ്റം ഇന്നും സമത്വത്തില്‍ ഊന്നിയുള്ളതല്ല. അടൂര്‍ ഗോപാലകൃഷ്ണന്‍റെ വിധേയന്‍ പെട്ടെന്ന് ഓര്‍മ്മ വരുന്നു. കര്‍ണാടകത്തിന്‍റെ പല ഭാഗത്തുനിന്നും അങ്ങനെയൊരു മേല്‍-കീഴ് ബന്ധം ഉറച്ചുവരാത്തതില്‍ കേരളമെന്ന പുണ്യഭൂമിക്ക് ചരിതാര്‍ഥമാകാം. സര്‍വാണി സദ്യക്ക് ഊണു കഴിക്കാന്‍ പോയി ആട്ടുകേട്ടു മടങ്ങിയവരുടെ കഥയോര്‍ത്തുകൊണ്ടായിരുന്നു സിദ്ധലിംഗയ്യയുമായി എന്‍റെ ആദ്യസമാഗമം. ആ സംഭവം അസാധരണമായി തോന്നിയില്ല അദ്ദേഹത്തിന്.
ദലിതരെ ചൂഷണം ചെയ്യുന്നതിനെ അപലപിക്കുന്ന സിദ്ധലിംഗയ്യയുടെ കവിതകള്‍ പ്രശസ്തമായിരുന്നു. ഒരു ലോകത്തിന്‍റെയും ഒരു ജീവിതത്തിന്‍റെയും പക ഉള്ളിലൊതുക്കിയായിരുന്നു അദ്ദേഹത്തിന്‍റെ ഉദീരണം. താന്‍ എങ്ങനെ എത്ര തവണ സദ്യശാലയില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു എന്നത്രേ അദ്ദേഹത്തിന്‍റെ പ്രതികരണം. മനുഷ്യരെ കാളകള്‍ക്കു പകരം നുകത്തില്‍ കെട്ടി നിലം ഉഴുന്ന കീഴ് വഴ്ജക്കമുണ്ടായിരുന്നു. ആകാശം പിളര്‍ക്കുന്ന വിധം കാവ്യാക്രോശം നടത്തിയിരുന്ന സിദ്ധലിംഗയ്യ പക്ഷേ മാറിപ്പോയിരുന്നു. ഡഗ്ലസിന്‍റെ ചിന്താപദ്ധതിക്ക് ഒരു സാംക്രമികസ്വഭാവമുണ്ടെന്നു തോന്നുന്നു.
ജൂലൈ നാലിന്‍റെ പ്രസക്തിയും പ്രാധാന്യവും ചോദ്യം ചെയ്യുന്ന തായിരുന്നു അദ്ദേഹത്തിന്‍റെ ഒര്‍ പ്രശസ്തപ്രഭാഷണം. അങ്ങനെയൊരു ഉദീരണം താങ്കായിയെപ്പോലുള്ളവരുടെ ഭാഗത്തുനിന്ന്, ആഗസ്റ്റ് പതിനഞ്ചിന്‍റെ വ്യാപ്തിയും അര്‍ഥവും അംഗികരിക്കാതെ, ഉയര്‍ന്നില്ലെന്നത് നമ്മുടെ അനുഭവതീവ്രത കുറഞ്ഞതുകൊണ്ടാകാം. ഡഗ്ലസ് പറഞ്ഞു: മിക്ക കാര്യങ്ങളിലും മറ്റുള്ളവരുടെ താല്‍പര്യമനുസരിച്ച് എന്നോടുള്ള പെരുമാറ്റം നിശ്ചയിക്കുമ്പോള്‍ എനിക്ക് ലിബര്‍ടി ഇല്ലാതാവുന്നു. അത്രയൊക്കെ വേദനിച്ചിട്ടും ഒരു ദിവസം അദ്ദേഹത്തെ പണം കൊടുത്തു വാങ്ങിയ തോമസ് ഔള്‍ഡ് എന്ന രണ്ടാം യജ്ജമാനനെ കാണാന്‍ പോയി. പഴയ യജമാനന്‍ ഖിന്നനായിരുന്നു. കന്മഷമില്ലാതെ, പഴയ ഉടമ വിട പറയും മുമ്പ്, ഡഗ്ലസ്സ് അദ്ദേഹത്തെ കണ്ടു പോന്നു. അതായിരുന്നു ഫ്രഡറിക് ഡഗ്ലസ്.
No comments:
Post a Comment