Friday, January 8, 2016

വിട പറയാൻ കുറെ വാക്കുകൾ




വിട പറയാൻ കുറെ വാക്കുകൾ
കെ ഗോവിന്ദൻ കുട്ടി


ഇ എൻ മുരളീധരൻ നായർ കഴിഞ്ഞ ദിവസം വീട്ടിൽ വന്നു.  കോടതി നടപടിയെപ്പറ്റി എഴുതുന്ന ഒരു ലേഖനം ചർച്ച ചെയ്യാനായിരുന്നു.  കോടതിയും കേസുമായി എനിക്ക് അടുപ്പമുണ്ടായിട്ടല്ല, അദ്ദേഹത്തിനു സംസാരിക്കണമെന്ന് തോന്നി, അത്ര മാത്രം.  മുരളി നായനാരുടെയും അച്യുതാനന്ദന്റെയും പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.  മുതിർന്നവർക്കും കുട്ടികൾക്കും വേണ്ടിയുള്ള മാസികകളും വാരികകളും നടത്തി നഷ്ടം സന്പാദിച്ച  ആളാണെന്നത് വേറൊരു സ്വകാര്യകഥ.  

കാടും മേടും കയറിപ്പോയ സംസാരം നിരത്തി പോകുന്പോൾ മുരളി ഒരു പുസ്തകം തന്നു പോയി.  സൌകര്യമുള്ളപ്പോൾ തിരിച്ചുകൊണ്ടുപൊയ്ക്കൊള്ളാമെന്നൊരു വാഗ്ദാനവും ഉണ്ടായി.  വില കൂടിയ ചെറിയ പുസ്തകം.  ഞാൻ കേട്ടറിഞ്ഞിട്ടുള്ള ആളാണ് വിഷയം.  സാക്ഷാൽ സോക്രട്ടിസ്.  എനിക്ക് പരിചയമുള്ള ആളാണ് ഗ്രന്ഥകാരൻ.  പോൾ ജോണ്‍സണ്‍.  കലയെപ്പറ്റിയും രാഷ്ട്രീയത്തെപ്പറ്റിയും മതത്തെപ്പറ്റിയും പ്രഗൽഭജീവിതങ്ങളെപ്പറ്റിയും എഴുതിയിട്ടുള്ള ജോണ്‍സണ്‍ ഒരിട  ന്യു സ്റ്റേറ്റ്സ്മാന്റെ എഡിറ്ററുമായിരുന്നു.  അദ്ദേഹത്തിന്റെ കൃസ്താനിറ്റിയുടെ ചരിത്രം പ്രത്യേകം പരാമർശം അര്ഹിക്കുന്നു.

സോക്രട്ടിസിനെപ്പറ്റി ഞാൻ എന്ന് എവിടെയൊക്കെ വായിച്ചുവെന്നോർമ്മയില്ല.  വായിച്ചും കേട്ടറിഞ്ഞും പ്രാതസ്മരണീയനായ ആ യവനചിന്തകനെപ്പറ്റി എന്തൊക്കെയോ ഓർമ്മയിൽ തങ്ങിയിരിക്കുന്നു.  “നമ്മുടെ കാലത്തിനുവേണ്ട മനുഷ്യൻ” എന്നാ ഉപശീർഷകത്തോടുകൂടിയ ജീവചരിത്രത്തിൽ രസകരമായ പല ധാരണകളും ജോണ്‍സണ്‍ തിരുത്തുന്നുണ്ട്.  അദ്ദേഹം തിരുത്താത്തതും എന്നെ കൂടുതൽ ആകർഷിച്ചതുമായ ഉപാഖ്യാനം സോക്രട്ടിസിന്റെ അവസാനത്തെ വക്കുകളെപ്പറ്റിയാണ്.  വിഷവും കൊണ്ട് ജയിലിലെ ഉദ്യോഗസ്ഥൻ എത്തിയപ്പോൾ സോക്രട്ടിസ് കൂട്ടുകാരോട് പറഞ്ഞു:  “തോഴരേ, നമുക്ക് പിരിയാറായി--നിങ്ങൾ നിങ്ങളുടെ വഴിയേ, ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും, ഞാൻ എന്റെ വഴിയേ മരണത്തിലേക്കും.”

ജീവിതത്തിലെന്ന പോലെ മരണത്തിലും ഹാസവും പരിഹാസവും വിട്ടുമാറാത്ത ആളായിരുന്നു സോക്രട്ടിസ്.  വിഷചഷകവുമായെത്തിയ ഉദ്യോഗസ്ഥനെ നോക്കി അദ്ദേഹം പറഞ്ഞു:  “താങ്കൾക്ക് ഇത് പരിചയമുള്ളതണല്ലോ. എനിക്ക് ഇത് നടാടെയാണ്.  വിഷം എങ്ങനെ കഴിക്കണം, പിന്നെ എന്തുണ്ടാകും എന്നൊക്കെ ഒന്ന് പറഞ്ഞു തരൂ.”  അദ്ദേഹം ചിരിക്കാൻ കണ്ട വിഷയം അടുത്തുള്ളവരെ കരയിപ്പിക്കുകയായിരുന്നു.  അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അദ്ദേഹം വിഷം വലിച്ചു കുടിച്ചു.  പിന്നെ മുറിയില ഉലാത്താൻ തുടങ്ങി.  കാലു കഴച്ചപ്പോൾ മലർന്നു കിടന്നു.  പുതപ്പെടുത്ത് മേലാസകലം മൂടി.  മരണം അരിച്ചു കേറുകയായിരുന്നു….

ഒരു നിമിഷം.  ശരീരം ഒന്നിളകി.  പുതപ്പ് അദ്ദേഹം തന്നെ വലിച്ചുമാറ്റി. തല ഉയർത്താതെ, ക്ഷോഭമില്ലാതെ, എന്തോ വിട്ടുപോയതുപോലെ, സോക്രട്ടിസ് ശിഷ്യനായ ക്രിറ്റോയോടു പറയുന്നത് കേട്ടു:  “ക്രിറ്റോ, അസ്കേപ്പിയസ്സിന് ഒരു കോഴിയെ കൊടുക്കാനുണ്ട്.  കൊടുക്കണം.  മറക്കരുത്.”  പിന്നെ താമമുണ്ടായില്ല, ആ അവസാനത്തെ മരണവചനത്തിനു ശേഷം തത്വചിന്തകന്റെ ശരീരം നിശ്ചലമായി.  

രണ്ടായിരത്തി അഞ്ഞൂറോളം കൊല്ലമായി, സോക്രട്ടിസ് ആ വാക്കുകൾ ഉരുവിട്ടിട്ട്. ഇനിയും അതിന്റെ പൊരുളിനെപ്പറ്റിയുള്ള വാദം നിലച്ചിട്ടില്ല.  ഒരു കോഴിയുടെ കടം വീട്ടുന്ന കാര്യമായിരുന്നില്ല അദ്ദേഹത്തിന്റെ അവസാനചിന്ത.  അസ്ക്ലേപ്പിയസ് ഔഷധത്തിന്റെയും രോഗപരിഹാരത്തിന്റെയും യവനദേവനായിരുന്നു.  യവനധന്വന്തരിക്കുള്ള വഴിപാടായിരുന്നു ആ കോഴി.  പക്ഷേ എന്ത് വഹക്ക് നന്ദിയുടെ സൂചനയായി ഒരു കോഴി വഴിപാടു വേണം?  മരണത്തിനു മുന്പാണെങ്കിൽ മനസ്സിലാക്കാം.  അൻപത്തൊന്നു കൊല്ലം ആയുസ്സ് നീട്ടിക്കിട്ടിയതിന് അരിങ്ങോടർ അന്തിമാഹാകാളൻ അന്പലത്തിൽ അൻപത്തൊന്നു വിളക്ക് വെപ്പിച്ചില്ലേ? പിന്നെ ഫലമുണ്ടായില്ല എന്നത് വേറെ കാര്യം.  ഇവിടെയാകട്ടെ, മരണം തുടങ്ങിക്കഴിഞ്ഞു.  കോഴിയെ കൊടുത്താലും കൊടുത്തില്ലെങ്കിലും കണിയാൻ അസ്ക്ലേപ്പിയസ്സിനു വഴിയില്ല.  പിന്നെയെന്തിനീ അവസാനത്തെ വചനവും ദാനവും?  

ഓരോരുത്തരും മനോധർമ്മം പോലെയും മനസ്സിന്റെ നില പോലെയും വ്യാഖ്യാനം തുടരുന്നു.  ജീവിതത്തെപ്പോലെ മരണത്തെയും ചിരിച്ചു പരിശോധിക്കുന്നതായിരുന്നു സോക്രട്ടിസിന്റെ പ്രകൃതം.  മരണത്തെപ്പോലും അങ്ങനെയൊരു ലഘുചിന്തയോടെ നേരിടാൻ ഒരു സോക്രട്ടിസ് തന്നെ വേണം.  പക്ഷേ ഇരുളിന്റെ തത്വശാസ്ത്രജ്ഞനായിരുന്ന നീത്ഷേയുടെ നോട്ടത്തിൽ ആ ലഘുചിന്തയോന്നുമായിരുന്നില്ല സോക്രട്ടിസിന്റെ അന്ത്യപ്രഹേളികയുടെ നിദാനം.  ജീവിതത്തിൽനിന്നുള്ള മോചനത്തിന് സോക്രട്ടിസ് ദേവനോടു നന്ദി പറഞ്ഞതാണത്രേ.  “ജീവിതം ഒരു രോഗമാകുന്നു” എന്നായിരുന്നു നീത്ഷേയുടെ മതം.  പക്ഷേ അത്ര ഇരുണ്ടതായിരുന്നില്ല സോക്രട്ടിസിന്റെ വീക്ഷണം.  വക്രോക്തിയും പരിഹാസവും ആക്ഷേപവും  തന്റെ വീക്ഷണ-സംഭാഷണശൈലിയാക്കിയ യവനചിന്തകൻ, ക്ഷുദ്രമായ ജീവിതത്തെപ്പോലെ, മരണത്തെയും ലാഘവത്തോടെയേ കണ്ടുള്ളു എന്നേ അനുമാനിക്കേണ്ടൂ.  എന്തായാലും, ചർച്ച അടുത്ത സഹസ്രാബ്ദത്തിലേക്കും നീളും.  

അവസാനവചനം കൊണ്ട് കൂടുതൽ പേരു കേട്ടവർ വേറെ പലരുമുണ്ട്.  മരണക്കിടക്കയിൽനിന്ന് വേറൊരു  യവനചിന്തകൻ, ഡയോജിനസ്, പറഞ്ഞതും ലാഘവത്തോടെത്തന്നെ.  എവിടെയും ഔദ്ധത്യത്തോടെ കടന്നു ചെന്നിരുന്ന അലക്സാണ്ടർക്ക് ഒരു കൊട്ടുകൊടുത്തിട്ടായിരുന്നു ഡയോജിനസ്സിന്റെ നിര്യാണം.  ലോകം മുഴുവൻ കീഴടക്കിയ അലക്സാണ്ടർ തത്വചിന്തകനെ കാണാനെത്തി.  “എന്ത് വേണം, പറയൂ.  എനിക്ക് തരാൻ പറ്റാത്തതായി ഒന്നുമില്ല.”  മഹാന്മാർക്കു വാഴുന്ന മട്ടിൽ അലക്സാണ്ടർ കല്പിച്ചു.  നട്ടുച്ചക്ക് ചൂട്ടുമായി മനുഷ്യനെ തേടിയിറങ്ങിയിരുന്ന ആളാണ് ഡയോജിനസ് എന്ന് ചക്രവർത്തി ഓർത്തുകാണില്ല.  കിടന്ന കിടപ്പിൽ ചിന്തകൻ ചക്രവർത്തിയോടു പറഞ്ഞു: “ആ വെയിലിൽ നിന്ന് ഒന്നു മാറി നിന്നാൽ കൊള്ളാം.”  

വെയിലും വെളിച്ചവുമായിരുന്നു മറ്റു ചിലർക്കിഷ്ടം.  സംസ്കൃതത്തെയും കാളിദാസനെയും കണക്കറ്റു സ്നേഹിച്ച ആളായിരുന്നു ജർമ്മൻ ചിന്തകനായ ഗേഥേ.  ആണ്ടുപിറപ്പിലെ പൂക്കളും ആണ്ടറുതിയിലെ പഴങ്ങളും ഒരുമിച്ചുണ്ടായാൽ എങ്ങനെയിരിക്കും, അതു പോലാണ് ശാകുന്തളം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രശസ്തവചനം.  മരണമടുത്തപ്പോൾ സന്ദർശകരുടെ തിരക്കായി.  വിമ്മിഷ്ടമായപ്പോൾ മുറിയിൽ തിക്കിക്കേറിയവരോട് അദ്ദേഹം ആംഗ്യം കാണിച്ചുവത്രേ, മാറി നിൽക്കാൻ.  കൂട്ടത്തിൽ ഇങ്ങനെ മന്ത്രിക്കുകയും ചെയ്തുപോലും:  "വെളിച്ചം, വെളിച്ചം."  അതായിരുന്നു ഗേഥേയുടെ മരണവചനം.  

ഇതിന്റെ നേരേ വിപരീതമാണെന്നു തോന്നും, എനിക്കിഷ്ടപ്പെട്ട വൈലോപ്പിള്ളിയുടെ ചില വരികൾ.  ജീവിതത്തിന്റെ കൊടിപ്പടം താഴില്ലെന്നു വിശ്വസിച്ച അദ്ദേഹത്തിൽനിന്നു വരുന്പോൾ അത്ഭുതം തോന്നുന്നതാണ് "ഇനിയും പുലരാത്തോരല്ലിൽ ഞാനലിഞ്ഞെങ്കിൽ" എന്ന ആഗ്രഹപ്രകടനം.  പക്ഷേ അത് അദ്ദേഹത്തിന്റെ അവസാനവചനമാണെന്നു കൂട്ടേണ്ട.  ഒടുവിലെഴുതിയ കവിതകളിൽ ഒന്നു മാത്രമായിരുന്നു.  വാസ്തവത്തിൽ അന്ത്യവാക്യമെന്നോണം ഒരു കവിതയെഴുതി പോയത് ഇടപ്പള്ളി രാഘവൻ പിള്ളയായിരുന്നു.  മരണത്തിന്റെ മണിമുഴക്കം ഓർമ്മയുണ്ടല്ലോ.  ആ ദൈന്യത്തെ ബൈറൺ ഉച്ചരിച്ച അന്ത്യവചനവുമായി ഇട തട്ടിച്ചു നോക്കുക:  "ഇനി ഞാൻ ഉറങ്ങാൻ പോകുന്നു.  ശുഭരാത്രി."

യേശുവിന്റെ അവസാനത്തെ വചനങ്ങളെപ്പറ്റിയും തർക്കമുണ്ടാകാം.  മരണത്തിന്റെ മുഹൂർത്തത്തിൽ, ഒൻപതാം മണിക്കൂറിൽ ദൈവപുത്രൻ പറഞ്ഞത് തന്നെ ക്രൂശിക്കുന്നവരുടെ അജ്ഞതയെപ്പറ്റിയും അവരോടു പൊറുക്കണമെന്നുമായിരുന്നു.  പിന്നെ അദ്ദേഹം വിലപിക്കുന്നു:  പിതാവേ, നീ എന്നെ എന്തിനു കൈവിട്ടു?  ഏലി ഏലി, ലമാ സബക്താനി. ഒടുവിൽ യേശു മൊഴിഞ്ഞു: ഞാൻ എന്നെ നിന്റെ കരങ്ങളിൽ അർപ്പിക്കുന്നു.  ആ ഒരൊറ്റ മുഹൂർത്തത്തിലിനിന്നായിരുന്നു മഹാനായ കൃസ്തുഭക്തനായിരുന്ന നികോസ് കസ്സാൻസാക്കിസ്സിന്റെ  ഒരു ആഖ്യായികയുടെ ഉത്ഭവം.  തർക്കവും.

"ഹേ രാം!"  ആയിരുന്നില്ല ഗാന്ധിയുടെ അന്ത്യവചനം എന്നു വാദിക്കുന്ന ഒരാളെങ്കിലുമുണ്ട്:  ഗാന്ധിയുടെ സെക്രട്ടറിയായിരുന്ന വി കല്യാണം.  രാമനാമം ജപിച്ചുകൊണ്ടുവേണം മരിക്കാൻ എന്ന് ബാപ്പുവിന് ആഗ്രഹമുണ്ടായിരുന്നു.  പല പ്രാർഥനായോഗങ്ങളിലും ആ ആഗ്രഹം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.  പക്ഷേ അങ്ങനെ പറയാൻ അദ്ദേഹത്തിനു നേരമുണ്ടായില്ല, മരണം വന്നപ്പോൾ.  കല്യാണം പറയുന്നു, "ഒരക്ഷരം പറയാൻ പോലും ഇടയുണ്ടായിരുന്നില്ല."  ഏതോ ഒരു റിപ്പോർടറുടെ ഭാവനാവിലാസം ലോകവിശ്വാസമായി മാറുകയായിരുന്നു.  എന്തായാലും, നമ്മെ സംബന്ധിച്ചിടത്തോളം ഗാന്ധിയുടെ അവസാനവചനം "ഹേ രാം" തന്നെയായിരുന്നു.  അതിന്റെ അർഥവും സംബന്ധവും ചികഞ്ഞുനോക്കുന്നവരും കാണും.  

ചെ ഗുവേര ഗാന്ധിയായിരുന്നില്ല. വെടി വെക്കാൻ വന്ന പട്ടാളക്കാരനെ നോക്കി ചെ പറഞ്ഞു: "എനിക്കറിയാം, നീ എന്നെ കൊല്ലാൻ വന്നിരിക്കുന്നു.  ഭീരു, വെക്ക് വെടി;  നിനക്ക് ഒരാളെയേ കൊല്ലാൻ കഴിയൂ."

ഗാന്ധിയിൽനിന്നും തീർത്തും വ്യത്യസ്തരായിരുന്ന രണ്ടു പേരെ ഓർക്കുക.  മരണത്തിലേക്കു നീണ്ട നിദ്രയിൽ മുഴുകും മുൻപ് ഇൻസ്റ്റൺ ചർച്ചിൽ പറഞ്ഞു: "എനിക്കിതൊക്കെ മടുത്തിരിക്കുന്നു."  മടുപ്പായിരുന്നില്ല, എരിയുന്ന ഭീതിയും അവിശ്വാസവുമായിരുന്നു, ജൂലിയസ് സീസറുടെ മനസ്സിൽ, അവസാനത്തെ വെട്ടേൽക്കുൻപോൾ:  "ബ്രൂടസ്സേ, നീയും?"

അവസാനത്തെ ഒരു വാക്ക് പറയണമെന്നുണ്ടെങ്കിൽ, സോക്രട്ടിസ് പറഞ്ഞ പോലെ പറയണം.  അല്ലെങ്കിൽ നമുക്ക് വേണ്ടി വെളിച്ചത്തിന്റെ പുതിയൊരു വഴി കണ്ടെത്തിയ എഡിസൺ പറഞ്ഞ പോലെയാകാം:  "അവിടെ ഏറെ സുന്ദരമായിരിക്കും."     

.   
           




2015-2016

സോമവാരം
ഗതം ഗതം, ആയാതം ആയാതം
കെ ഗോവിന്ദൻ കുട്ടി

ഓരോ കൊല്ലം പോകുകയും പുതിയൊരെണ്ണം വരുകയും ചെയ്യുന്പോൾ ഒഴിവാക്കാൻ വയ്യത്ത ഒരു വിഷമം ഉണ്ടാകുന്നു. പറഞ്ഞു പഴകിയ കുറേ വാക്കുകൾ എടുത്ത് അമ്മാനമാടേണ്ടിവരുന്നു, ഒരിക്കൽ കൂടി. അയ്യപ്പപ്പണിക്കർ പേരു കേൾപ്പിച്ചുകൊണ്ടു പാടി, "വിഷുക്കാലമല്ലേ, കണിക്കൊന്നയല്ലേ, എനിക്കാവതില്ലൊന്നു പൂക്കാതിരിക്കാൻ." കൊന്നയുടെ ആ നിസ്സഹായതയും വൈരസ്യവും അനുഭവിച്ചറിഞ്ഞാലേ അറിയൂ. 2015 കൊഴിയുകയും 2016 വിടരുകയും ചെയ്തപ്പോൾ നമ്മിൽ ചിലർക്കെങ്കിലും ആ അനുഭവം ഉണ്ടായിട്ടുണ്ടാകും.

കഴിഞ്ഞതിന്റെ നിരൂപണവും വരുന്നതിന്റെ പ്രതിജ്ഞയും പ്രതീക്ഷയും പതിവുപോലെ ഞാനും പങ്കു വെച്ചു. "ഒരു കൊല്ലം കൂടി കഴിയുന്നു, നമ്മൾ എന്തു ചെയ്തു" എന്ന് അല്പം ഖേദത്തൊടെ ഉയരുന്ന പാട്ടിന്റെ വരികൾ പണ്ടേ കേട്ടിരുന്നു. എനിക്കങ്ങനെ കുന്പസാരിക്കണമെന്നൊന്നും തോന്നിയില്ല. പിന്നെ പുതുകൊല്ലത്തിൽ എന്തൊക്കെ ചെയ്യുമെന്ന അടിയന്തരപ്രമേയം. അങ്ങനെയൊന്നും ആണ്ടറുതിയോ ആണ്ടുപിറവിയോ പ്രമാണിച്ച് ഞാൻ പ്രഖ്യാപിക്കാറില്ല. ഒരാഴ്ച്കയും ഒരു മാസവുമൊക്കെ നിലനിൽക്കാവുന്ന പ്രഖ്യാപനങ്ങൾ പരിഹാസമുണ്ടാക്കുന്നു. പ്രേമ മന്മഥൻ ഒട്ടൊക്കെ വിഷാദത്തോടെയോ അരിശത്തോടെയോ എഴുതിക്കണ്ടു, "ഞാൻ പുതിയ പ്രമേയമൊന്നും പാസാക്കുന്നില്ല; ആരും അതു നടപ്പാക്കാറില്ലല്ലോ.”

പഴയ കൊല്ലം തീരും വരെ ഉണർന്നിരിക്കാൻ മനസ്സു വന്നില്ല. ഉണർവു കുറക്കുകയും ഉതിരം കൊള്ളിക്കുകയും ചെയ്യുന്ന ദ്രാവകങ്ങളൊന്നും കൈവശമില്ല. കൂട്ടം കൂടി തിന്നാനും തിണ്ടാടാനുമുള്ള ഉൽസാഹവുമില്ല. ചെറിയാൻ കെ ചെറിയാൻ പഴയൊരു കവിതക്കു കൊടുത്ത തലക്കെട്ടുപോലെ, "ജീവിതം എന്ന ബോറ്" എന്നൊന്നും തോന്നിയിട്ടില്ലെങ്കിലും, രാത്രി പന്ത്രണ്ടടിക്കുന്പോൾ പടക്കം പൊട്ടിക്കാനും ആർപ്പുവിളിക്കാനും വയ്യായിരുന്നു. അതുകൊണ്ട് മയക്കത്തിൽത്തന്നെ പഴയതിനോടു വിട പറയാനും പുതിയതിനെ വരവേൽക്കാനും നിശ്ചയിച്ചു. അതിനുമുന്പ് ഒരര മണിക്കൂർ വായിട്ടലച്ചു, ഏതാണ്ട് യാന്ത്രികമായിട്ട്.

രാമദാസ് ബത്തേരി ആയിരുന്നു കാരണം. പോയ കൊല്ലത്തെ കണക്കെടുക്കുകയായിരുന്നു ഫോണിലൂടെ രാമദാസ്. എന്തോ ആർക്കോ എഴുതിക്കൊടുക്കാനുമുണ്ടായിരുന്നു. മദ്യമായിരുന്നു വിഷയം. കഴിഞ്ഞ കൊല്ലം മുഴുവൻ അതായിരുന്നല്ലോ കേരളത്തിന്റെ ചിന്ത. മദ്യം വർജ്ജിക്കണമെന്നും നിരോധിക്കണമെന്നും നിർബ്ബന്ധിക്കുന്നവർക്കാണ് മുൻതൂക്കം. അതു വഴി ചിലർ പൂസാകുന്നു, ചിലർ കരൾ കലങ്ങി ചാവുന്നു, ചിലരുടെ കുടുംബം തകരുന്നു, ചിലർ പണം കൊയ്യുന്നു, ചിലർ കൈക്കൂലിക്കുവേണ്ടി ഒരംശം ചിലവാക്കുന്നു. നമ്മുടെ ജനാധി പത്യത്തിന്റെ യന്ത്രം തിരിക്കാനുള്ള ഇന്ധനം ഏറ്റവും അധികം ഒഴുകിവരുന്നത് മദ്യത്തിലൂടെയാവും. മദ്യത്തിനെതിരെയുള്ള പ്രസ്ഥാനം കരുപ്പിടിപ്പിക്കാനും മദ്യത്തിന്റെ പണം ഉതകുന്നുണ്ടെന്നുവരുമോ? ആ വഴിക്കൊന്നാലോചിച്ചാലോ എന്നായി രാമദാസ്. മദ്യത്തെ വാഴ്ത്തുന്ന പദ്യവും ആരെങ്കിലും രചിക്കേണ്ടേ?

വാഴ്ത്താൻ വിഷമമാണെന്ന് ഞാൻ ആവർത്തിച്ചു. തെറ്റ് ശാരിയാണെന്നു സമർഥിക്കുന്ന ഒരു തർക്കവിഭാഗമുണ്ടല്ലോ. അതിൽനിന്നെന്തെങ്കിലും കടം കൊണ്ട് പറഞ്ഞുനിൽക്കാൻ നോക്കാം. അതിനു മുന്പ് തെറ്റിനെപ്പറ്റിത്തന്നെ മറുപടിക്കിടം കൊടുക്കാതെ രാമദാസിനെ ബോധ്യപ്പെടുത്താനായിരുന്നു ശ്രമം. തലക്കും ഉടലിനും ഒരുപോലെ കേറ്റു വരുത്തുന്നതാണ് മദ്യമെന്ന കാര്യത്തിൽ തർക്കമില്ല. വൈലോപ്പിള്ളിയെ തിരിച്ചിട്ടുപറഞ്ഞാൽ, ഉഞ്ഞാലാക്കാവുന്ന കയറുകൊണ്ട് ഉയിരിന്റെ കൊലക്കുരുക്ക് കെട്ടുന്നതുപോലെയാകും മദ്യപാനം. കുടിച്ചുകലക്കിയ ജീവിതങ്ങളെപ്പറ്റി ഞങ്ങൾ ആലോചിച്ചു. മുപ്പത്തിരണ്ടുവയസ്സിൽ കുടിച്ചു മരിച്ചില്ലായിരുന്നെങ്കിൽ, അതിനകം ഗ്രീസ് മുതൽ ഇന്ത്യവരെ കയ്യടക്കിയ അലക്സാണ്ടർക്ക് ലോകം മുഴുവൻ പിടിയിലൊതുക്കാമായിരുന്നു.

അലക്സാണ്ടറേക്കാൾ കേമനായ കുടിയൻ ഒരാളേ ഉണ്ടായിരുന്നുള്ളു: അദ്ദേഹത്തിന്റെ തന്നെ സേനാനായകനായിരുന്ന ഹെഫെസ്റ്റിയോൺ. കുടിച്ചു കുണ്ഡലം മറിഞ്ഞ സേനനായകന്റെ മൃതദേഹത്തിൽ കിടന്നുരുണ്ടു അലക്സാണ്ടർ. ശോകം മറക്കാൻ മൂക്കറ്റം കുടിച്ചു. ഏതാനും മാസത്തിനകം കുടിച്ചു മരിച്ചു. പഴയ പ്രശാസ്തമരണങ്ങളോരോന്നിനെയും പോലെ, വിഷമോ മദ്യമോ എന്തായിരുന്നു മരണകാരണം എന്ന ചർച്ച ചാനലിനകത്തും പുറത്തും കൊഴുത്തു എന്നതു വേറെ കാര്യം.

കൊല്ലം കൊഴിഞ്ഞുവീഴുന്ന നേരം അനൈശ്വരമായ ഒരു ചിന്തയും രാമദാസുമായി പങ്കുവെച്ചു. അലക്സാണ്ടർ കുടിച്ചുമരിച്ചെങ്കിൽ, കുടിച്ചു കൂത്താടുകയും കണ്ടത്തിൽ കലപ്പ ഇറക്കുകയും ചെയ്ത പുണ്യപുരുഷനായിരുന്നു കൃഷ്ണന്റെ ജ്യേഷ്ഠൻ ബലരാമൻ. അന്യായം കാട്ടിയവനാണെങ്കിലും ദുര്യോധനനോടു ഭീമൻ കാട്ടിയ അനീതിയെച്ചൊല്ലി കെറുവിച്ചിരുന്നു മദ്യം ശീലവും കലപ്പ ആയുധവുമാക്കിയിരുന്ന കൃഷ്ണാഗ്രജൻ. യുദ്ധത്തിന്റെ നിരർഥകതയോർത്ത് അദ്ദേഹം സ്ഥലം വിട്ടു. വീണ്ടും വഴിനീളേ കുടിച്ചുകാണും.

ബലരാമൻ കുടിച്ചാൽ എങ്ങനെ കാണപ്പെടും എന്നൊരു വിവരണത്തിന് കൃഷ്ണദ്വൈപായനൻ പോലും മുതിർന്നിട്ടില്ല. പക്ഷേ, നമുക്കറിയാവുന്ന പോലെ, നന്നായി കുടിക്കുന്പോൾ കണ്ണു കലങ്ങും. അതു നമുക്ക് കാണാം, കലങ്ങുന്ന കരൾ കാണില്ലെന്നു മാത്രം. കുടിച്ചുകലങ്ങിയ കണ്ണുകളോടുകൂടിയ ദേവിയെ അവതരിപ്പിക്കുന്നു ഒരു സ്തോത്രം. അവിടെ മദ്യപാനം ദിവ്യമായ ഒരു മാതൃകയാകുകയാണോ? അതോ പുരുഷൻ നിർവചിക്കുന്ന സൗന്ദര്യബോധം സമൂഹത്തിൽ അടിച്ചേല്പിക്കുകയാണോ? കാളിദാസനും ശങ്കരനും ഒരുപോലെ ചാർത്തിക്കൊടുത്തിട്ടുള്ള ഒരു ദേവീസ്തവത്തിൽ "മദാലസ"യും "മഞ്ജുളവാഗ്വിലാസ"യും വാഴ്ത്തപ്പെടുന്നതു കേട്ടിട്ടില്ലേ? സ്ത്രീകളുടെ ദേവീസങ്കല്പം അതുപോലായിരിക്കുമോ? അതിനെതിരെ സ്ത്രീവാദികൾ ബഹളമുണ്ടാക്കത്തതിൽ അത്ഭുതം തോന്നുന്നു.

പിന്നെ ഞാൻ മദ്യത്തെയും ബോധത്തെയും പറ്റി ഞാൻ രൂപപ്പെടുത്താൻ ശ്രമിക്കുന്ന ഒരു തിയറിയായി സംസാരവിഷയം. കൊല്ലത്തിന്റെ അവസാനമണിക്കൂറുകളിൽ രാമദാസിന് അത് ലഹരിയായോ എന്തോ? എല്ലാവർക്കും വല്ലപ്പോഴുമൊക്കെ മിനുങ്ങിയാൽ കൊള്ളാമെന്നുണ്ടാവും എന്നാണ് എന്റെ അനുമാനം. പണ്ടൊരിക്കൽ ഒരു ശസ്ത്രക്രിയക്കുവേണ്ടി ബോധം കെടുത്തി ഏറെ കഴിഞ്ഞിട്ടും പഴയ പോലെ ബോധം തിരിച്ചുകിട്ടാതായ അനുഭവം ഓർക്കുന്നു. തല കുത്തനെ നിൽക്കുന്നതു പോലെ. പഠിക്കാത്ത പണി പതിനെട്ടും പയറ്റിയിട്ടും കട്ടിലിൽ കിടക്കുന്ന ഞാൻ നിവർന്നുനിൽക്കുന്നതുപോലെ. ഡോക്റ്റർ പറഞ്ഞു, കുറച്ചിട കഴിഞ്ഞാൽ ശരിയായിക്കൊള്ളും. ശരിയായി കഴിഞ്ഞപ്പോൾ എനിക്കു തോന്നി, പ്രൊപ്പഫെനോൾ എന്ന മരുന്നിന്റെ ഫലം ഒന്നുകൂടി അനുഭവിക്കാൻ പറ്റുമോ?

എല്ലാവർക്കും വേണമെന്നു തോന്നുന്നതാണ് ആ അനുഭവം: തല കീഴായിനിന്ന് ലോകത്തെ കാണുക. ഊഞ്ഞാലാടുന്നവരുടെ ചിത്തവൃത്തി എന്തായിരിക്കും? ആകാശവും ഭൂമിയും കറങ്ങുന്നതു കാണുക, അതു തന്നെ. മാനത്തു പറന്നും ആഴത്തിൽ ഊളിയിട്ടും വട്ടം കറങ്ങിയും രസിക്കുന്നവർ പറയാൻ വയ്യാത്ത എന്തോ ലഹരി കൊതിക്കുന്നവരല്ലേ? സോമരസം അശിച്ച് രസിക്കുന്ന മുനിമാർ നമ്മുടെ പൂർവികരോ സമകാലികരോ? അവനവനെ സഹിക്ക വയ്യാതെ ഇത്തിരി നേരം വേറൊരാളായി, വേറെ എന്തെങ്കിലുമായി, മാറുകയാണ് രസം. ആ രസം അനുഭവിക്കാത്തവർ പോലും അതിനെ വിസ്തരിച്ചു വിവരിക്കുന്നതു കാണാം. "മദകരമധു നുകർന്നു മേൽക്കുമേൽ" വിഹരിക്കുന്ന ജി ശങ്കരക്കുറുപ്പും "സാഹിതിയുടെ വാതിലിൽ മുട്ടും സ്നേഹിതനല്ലോ മദ്യം" എന്നു സ്ഥാപിക്കുന്ന വൈലോപ്പിള്ളിയും ലഹരിയുടെ മറ്റൊരു മുഖം അവതരിപ്പിക്കുന്നു.

ചിന്ത ചെറുതായൊന്നു കിറുങ്ങുന്നതുപോലായി കൊല്ലത്തിന്റെ അവസാനമായപ്പോഴേക്കും. അകലെ എവിടെയോ പൊട്ടുന്ന പടക്കത്തിന്റെ അകലം തിട്ടപ്പെടുത്താൻ വയ്യായിരുന്നു. നേരം പുലർന്നപ്പോൾ കാലഗണനയിൽ വ്യത്യാസം വന്നിരിക്കുന്നു. ദിവസവും മാസവും കൊല്ലവും മാറിയിരിക്കുന്നു. പുതിയ കൊല്ലം സന്തോഷവും സന്പൽസമൃദ്ധിയും ഉണ്ടാവട്ടെ എന്ന ആശംസ തലങ്ങും വിലങ്ങും പറന്നു നടക്കുന്നു. പഴഞ്ചൻ മട്ടിൽ ആയുരാരോഗ്യസൗഖ്യം നേർന്നതുകൊണ്ട് കൊല്ലം പുതുതാകുകയോ സന്തോഷം പെരുകുകയോ ചെയ്യില്ലെന്നു തോന്നിയപ്പോൾ ഹാപ്പി ന്യൂ ഇയർ എന്നതിനു പകരം വെറും ന്യൂ ഇയർ എന്നു പ്രയോഗിച്ചുനോക്കി. അതാകട്ടെ വെളുക്കാൻ തേച്ച് പാണ്ടാക്കിയതുപോലെയായി.

വെയിൽ മൂക്കാൻ തുടങ്ങിയപ്പോൾ കണ്ണീൽ പെട്ടത് നേപ്പാളിൽ വീണ്ടും ഭൂമി കുലുക്കം ഉണ്ടായെന്ന വാർത്തയായിരുന്നു. പഴയതുപോലെ തകർപ്പനായില്ലെന്ന ആശ്വാസമായിരുന്നു പുതിയ ഭൂകന്പവാർത്തയുടെ വിശേഷം. പക്ഷേ പിന്നെ വായിക്കാൻ കിട്ടിയ ന്യൂ യോർക്കറിലെ ലേഖനം പേടിപ്പെടുത്തുന്നതായിരുന്നു. ശാന്തസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് അടിക്കടലില്ലിൽ ലക്ഷക്കണക്കിനു നാഴിക ഇളകിവരുന്നുവത്രേ. അതൊന്നു വലത്തോട്ടു നീങ്ങിയാൽ കാലിഫോർണിയയും സമീപപ്രദേശങ്ങളും താളവും ചുവടും തെറ്റും. ഭൂകന്പത്തിന്റെ ദൈർഘ്യവും സാന്ദ്രതയും ഏറും. വാസ്തവത്തിൽ എത്രയും നീണ്ടുനിൽക്കുന്നുവോ അത്രയും ശക്തി കൂടും ഭൂകന്പത്തിന്. ഇനി വരാൻ പോകുന്നത് ഇതുവരെ വന്നതിനെക്കാൾ വലിയ ഭൂകന്പമാകുമെന്ന് അറിവുള്ളവർ മുന്നറിയിപ്പു നൽകുന്നു. പേടി പടർത്തുന്ന ആ ലേഖനം അവസാനിക്കുന്നത് ഇങ്ങനെ ലളിതകോമളമായ പദാവലിയോടെയാണ്: "ആ കുലുക്കം എപ്പോൾ എവിടെ വരും, നമ്മൾ എന്തു ചെയ്യും എന്നു കണക്ക് കൊട്ടിയിരിക്കുന്നു ഭൂഗർഭശാസ്ത്രജ്ഞന്മാർ.”

ആശംസ നേരാൻ പറ്റിയ, ആശംസ നേരേണ്ട, മുഹൂർത്തം ഇതു തന്നെ. "അഹോ ഉദഗ്രരമണീയാ പൃഥ്വീ" എന്ന കവിവചനത്തിൽ തെളിയുന്ന ഭൂമിയുടെ രാമണീയകം നീണാൾ നിലനിൽക്കട്ടെ. സമാധാനിപ്പിക്കാൻ വേണ്ടി സ്വതന്ത്ര രാധാകൃഷ്ണൻ, ഞാൻ പകർത്തിയയച്ച ഭൂകന്പം വായിച്ചിട്ട്, ഒഴുക്കനായി പറഞ്ഞു: "നമ്മുടെ പ്രായത്തിൽ അതിനെപ്പറ്റി വേവലാതിപ്പെടണോ?" വേണം. കഴിഞ്ഞതു കഴിഞ്ഞു, വരാനിരിക്കുന്നതിനെപ്പറ്റി ആലോചിക്കുക എന്നു പറഞ്ഞതുകൊണ്ടായില്ല. ആയിരം തലമുറകൾക്കപ്പുറം പിറക്കുന്ന നമ്മുടെ പൗത്രിയുടെ നന്മക്കുവേണ്ടി പ്രാർഥിക്കുന്പോഴേ നമ്മുടെ നിലനില്പിന് അർഥമുണ്ടാവുകയുള്ളു.