സോമവാരം
ഗതം ഗതം, ആയാതം ആയാതം
കെ ഗോവിന്ദൻ കുട്ടി
ഓരോ കൊല്ലം പോകുകയും പുതിയൊരെണ്ണം വരുകയും ചെയ്യുന്പോൾ ഒഴിവാക്കാൻ വയ്യത്ത ഒരു വിഷമം ഉണ്ടാകുന്നു. പറഞ്ഞു പഴകിയ കുറേ വാക്കുകൾ എടുത്ത് അമ്മാനമാടേണ്ടിവരുന്നു, ഒരിക്കൽ കൂടി. അയ്യപ്പപ്പണിക്കർ പേരു കേൾപ്പിച്ചുകൊണ്ടു പാടി, "വിഷുക്കാലമല്ലേ, കണിക്കൊന്നയല്ലേ, എനിക്കാവതില്ലൊന്നു പൂക്കാതിരിക്കാൻ." കൊന്നയുടെ ആ നിസ്സഹായതയും വൈരസ്യവും അനുഭവിച്ചറിഞ്ഞാലേ അറിയൂ. 2015 കൊഴിയുകയും 2016 വിടരുകയും ചെയ്തപ്പോൾ നമ്മിൽ ചിലർക്കെങ്കിലും ആ അനുഭവം ഉണ്ടായിട്ടുണ്ടാകും.
കഴിഞ്ഞതിന്റെ നിരൂപണവും വരുന്നതിന്റെ പ്രതിജ്ഞയും പ്രതീക്ഷയും പതിവുപോലെ ഞാനും പങ്കു വെച്ചു. "ഒരു കൊല്ലം കൂടി കഴിയുന്നു, നമ്മൾ എന്തു ചെയ്തു" എന്ന് അല്പം ഖേദത്തൊടെ ഉയരുന്ന പാട്ടിന്റെ വരികൾ പണ്ടേ കേട്ടിരുന്നു. എനിക്കങ്ങനെ കുന്പസാരിക്കണമെന്നൊന്നും തോന്നിയില്ല. പിന്നെ പുതുകൊല്ലത്തിൽ എന്തൊക്കെ ചെയ്യുമെന്ന അടിയന്തരപ്രമേയം. അങ്ങനെയൊന്നും ആണ്ടറുതിയോ ആണ്ടുപിറവിയോ പ്രമാണിച്ച് ഞാൻ പ്രഖ്യാപിക്കാറില്ല. ഒരാഴ്ച്കയും ഒരു മാസവുമൊക്കെ നിലനിൽക്കാവുന്ന പ്രഖ്യാപനങ്ങൾ പരിഹാസമുണ്ടാക്കുന്നു. പ്രേമ മന്മഥൻ ഒട്ടൊക്കെ വിഷാദത്തോടെയോ അരിശത്തോടെയോ എഴുതിക്കണ്ടു, "ഞാൻ പുതിയ പ്രമേയമൊന്നും പാസാക്കുന്നില്ല; ആരും അതു നടപ്പാക്കാറില്ലല്ലോ.”
പഴയ കൊല്ലം തീരും വരെ ഉണർന്നിരിക്കാൻ മനസ്സു വന്നില്ല. ഉണർവു കുറക്കുകയും ഉതിരം കൊള്ളിക്കുകയും ചെയ്യുന്ന ദ്രാവകങ്ങളൊന്നും കൈവശമില്ല. കൂട്ടം കൂടി തിന്നാനും തിണ്ടാടാനുമുള്ള ഉൽസാഹവുമില്ല. ചെറിയാൻ കെ ചെറിയാൻ പഴയൊരു കവിതക്കു കൊടുത്ത തലക്കെട്ടുപോലെ, "ജീവിതം എന്ന ബോറ്" എന്നൊന്നും തോന്നിയിട്ടില്ലെങ്കിലും, രാത്രി പന്ത്രണ്ടടിക്കുന്പോൾ പടക്കം പൊട്ടിക്കാനും ആർപ്പുവിളിക്കാനും വയ്യായിരുന്നു. അതുകൊണ്ട് മയക്കത്തിൽത്തന്നെ പഴയതിനോടു വിട പറയാനും പുതിയതിനെ വരവേൽക്കാനും നിശ്ചയിച്ചു. അതിനുമുന്പ് ഒരര മണിക്കൂർ വായിട്ടലച്ചു, ഏതാണ്ട് യാന്ത്രികമായിട്ട്.
രാമദാസ് ബത്തേരി ആയിരുന്നു കാരണം. പോയ കൊല്ലത്തെ കണക്കെടുക്കുകയായിരുന്നു ഫോണിലൂടെ രാമദാസ്. എന്തോ ആർക്കോ എഴുതിക്കൊടുക്കാനുമുണ്ടായിരുന്നു. മദ്യമായിരുന്നു വിഷയം. കഴിഞ്ഞ കൊല്ലം മുഴുവൻ അതായിരുന്നല്ലോ കേരളത്തിന്റെ ചിന്ത. മദ്യം വർജ്ജിക്കണമെന്നും നിരോധിക്കണമെന്നും നിർബ്ബന്ധിക്കുന്നവർക്കാണ് മുൻതൂക്കം. അതു വഴി ചിലർ പൂസാകുന്നു, ചിലർ കരൾ കലങ്ങി ചാവുന്നു, ചിലരുടെ കുടുംബം തകരുന്നു, ചിലർ പണം കൊയ്യുന്നു, ചിലർ കൈക്കൂലിക്കുവേണ്ടി ഒരംശം ചിലവാക്കുന്നു. നമ്മുടെ ജനാധി പത്യത്തിന്റെ യന്ത്രം തിരിക്കാനുള്ള ഇന്ധനം ഏറ്റവും അധികം ഒഴുകിവരുന്നത് മദ്യത്തിലൂടെയാവും. മദ്യത്തിനെതിരെയുള്ള പ്രസ്ഥാനം കരുപ്പിടിപ്പിക്കാനും മദ്യത്തിന്റെ പണം ഉതകുന്നുണ്ടെന്നുവരുമോ? ആ വഴിക്കൊന്നാലോചിച്ചാലോ എന്നായി രാമദാസ്. മദ്യത്തെ വാഴ്ത്തുന്ന പദ്യവും ആരെങ്കിലും രചിക്കേണ്ടേ?
വാഴ്ത്താൻ വിഷമമാണെന്ന് ഞാൻ ആവർത്തിച്ചു. തെറ്റ് ശാരിയാണെന്നു സമർഥിക്കുന്ന ഒരു തർക്കവിഭാഗമുണ്ടല്ലോ. അതിൽനിന്നെന്തെങ്കിലും കടം കൊണ്ട് പറഞ്ഞുനിൽക്കാൻ നോക്കാം. അതിനു മുന്പ് തെറ്റിനെപ്പറ്റിത്തന്നെ മറുപടിക്കിടം കൊടുക്കാതെ രാമദാസിനെ ബോധ്യപ്പെടുത്താനായിരുന്നു ശ്രമം. തലക്കും ഉടലിനും ഒരുപോലെ കേറ്റു വരുത്തുന്നതാണ് മദ്യമെന്ന കാര്യത്തിൽ തർക്കമില്ല. വൈലോപ്പിള്ളിയെ തിരിച്ചിട്ടുപറഞ്ഞാൽ, ഉഞ്ഞാലാക്കാവുന്ന കയറുകൊണ്ട് ഉയിരിന്റെ കൊലക്കുരുക്ക് കെട്ടുന്നതുപോലെയാകും മദ്യപാനം. കുടിച്ചുകലക്കിയ ജീവിതങ്ങളെപ്പറ്റി ഞങ്ങൾ ആലോചിച്ചു. മുപ്പത്തിരണ്ടുവയസ്സിൽ കുടിച്ചു മരിച്ചില്ലായിരുന്നെങ്കിൽ, അതിനകം ഗ്രീസ് മുതൽ ഇന്ത്യവരെ കയ്യടക്കിയ അലക്സാണ്ടർക്ക് ലോകം മുഴുവൻ പിടിയിലൊതുക്കാമായിരുന്നു.
അലക്സാണ്ടറേക്കാൾ കേമനായ കുടിയൻ ഒരാളേ ഉണ്ടായിരുന്നുള്ളു: അദ്ദേഹത്തിന്റെ തന്നെ സേനാനായകനായിരുന്ന ഹെഫെസ്റ്റിയോൺ. കുടിച്ചു കുണ്ഡലം മറിഞ്ഞ സേനനായകന്റെ മൃതദേഹത്തിൽ കിടന്നുരുണ്ടു അലക്സാണ്ടർ. ശോകം മറക്കാൻ മൂക്കറ്റം കുടിച്ചു. ഏതാനും മാസത്തിനകം കുടിച്ചു മരിച്ചു. പഴയ പ്രശാസ്തമരണങ്ങളോരോന്നിനെയും പോലെ, വിഷമോ മദ്യമോ എന്തായിരുന്നു മരണകാരണം എന്ന ചർച്ച ചാനലിനകത്തും പുറത്തും കൊഴുത്തു എന്നതു വേറെ കാര്യം.
കൊല്ലം കൊഴിഞ്ഞുവീഴുന്ന നേരം അനൈശ്വരമായ ഒരു ചിന്തയും രാമദാസുമായി പങ്കുവെച്ചു. അലക്സാണ്ടർ കുടിച്ചുമരിച്ചെങ്കിൽ, കുടിച്ചു കൂത്താടുകയും കണ്ടത്തിൽ കലപ്പ ഇറക്കുകയും ചെയ്ത പുണ്യപുരുഷനായിരുന്നു കൃഷ്ണന്റെ ജ്യേഷ്ഠൻ ബലരാമൻ. അന്യായം കാട്ടിയവനാണെങ്കിലും ദുര്യോധനനോടു ഭീമൻ കാട്ടിയ അനീതിയെച്ചൊല്ലി കെറുവിച്ചിരുന്നു മദ്യം ശീലവും കലപ്പ ആയുധവുമാക്കിയിരുന്ന കൃഷ്ണാഗ്രജൻ. യുദ്ധത്തിന്റെ നിരർഥകതയോർത്ത് അദ്ദേഹം സ്ഥലം വിട്ടു. വീണ്ടും വഴിനീളേ കുടിച്ചുകാണും.
ബലരാമൻ കുടിച്ചാൽ എങ്ങനെ കാണപ്പെടും എന്നൊരു വിവരണത്തിന് കൃഷ്ണദ്വൈപായനൻ പോലും മുതിർന്നിട്ടില്ല. പക്ഷേ, നമുക്കറിയാവുന്ന പോലെ, നന്നായി കുടിക്കുന്പോൾ കണ്ണു കലങ്ങും. അതു നമുക്ക് കാണാം, കലങ്ങുന്ന കരൾ കാണില്ലെന്നു മാത്രം. കുടിച്ചുകലങ്ങിയ കണ്ണുകളോടുകൂടിയ ദേവിയെ അവതരിപ്പിക്കുന്നു ഒരു സ്തോത്രം. അവിടെ മദ്യപാനം ദിവ്യമായ ഒരു മാതൃകയാകുകയാണോ? അതോ പുരുഷൻ നിർവചിക്കുന്ന സൗന്ദര്യബോധം സമൂഹത്തിൽ അടിച്ചേല്പിക്കുകയാണോ? കാളിദാസനും ശങ്കരനും ഒരുപോലെ ചാർത്തിക്കൊടുത്തിട്ടുള്ള ഒരു ദേവീസ്തവത്തിൽ "മദാലസ"യും "മഞ്ജുളവാഗ്വിലാസ"യും വാഴ്ത്തപ്പെടുന്നതു കേട്ടിട്ടില്ലേ? സ്ത്രീകളുടെ ദേവീസങ്കല്പം അതുപോലായിരിക്കുമോ? അതിനെതിരെ സ്ത്രീവാദികൾ ബഹളമുണ്ടാക്കത്തതിൽ അത്ഭുതം തോന്നുന്നു.
പിന്നെ ഞാൻ മദ്യത്തെയും ബോധത്തെയും പറ്റി ഞാൻ രൂപപ്പെടുത്താൻ ശ്രമിക്കുന്ന ഒരു തിയറിയായി സംസാരവിഷയം. കൊല്ലത്തിന്റെ അവസാനമണിക്കൂറുകളിൽ രാമദാസിന് അത് ലഹരിയായോ എന്തോ? എല്ലാവർക്കും വല്ലപ്പോഴുമൊക്കെ മിനുങ്ങിയാൽ കൊള്ളാമെന്നുണ്ടാവും എന്നാണ് എന്റെ അനുമാനം. പണ്ടൊരിക്കൽ ഒരു ശസ്ത്രക്രിയക്കുവേണ്ടി ബോധം കെടുത്തി ഏറെ കഴിഞ്ഞിട്ടും പഴയ പോലെ ബോധം തിരിച്ചുകിട്ടാതായ അനുഭവം ഓർക്കുന്നു. തല കുത്തനെ നിൽക്കുന്നതു പോലെ. പഠിക്കാത്ത പണി പതിനെട്ടും പയറ്റിയിട്ടും കട്ടിലിൽ കിടക്കുന്ന ഞാൻ നിവർന്നുനിൽക്കുന്നതുപോലെ. ഡോക്റ്റർ പറഞ്ഞു, കുറച്ചിട കഴിഞ്ഞാൽ ശരിയായിക്കൊള്ളും. ശരിയായി കഴിഞ്ഞപ്പോൾ എനിക്കു തോന്നി, പ്രൊപ്പഫെനോൾ എന്ന മരുന്നിന്റെ ഫലം ഒന്നുകൂടി അനുഭവിക്കാൻ പറ്റുമോ?
എല്ലാവർക്കും വേണമെന്നു തോന്നുന്നതാണ് ആ അനുഭവം: തല കീഴായിനിന്ന് ലോകത്തെ കാണുക. ഊഞ്ഞാലാടുന്നവരുടെ ചിത്തവൃത്തി എന്തായിരിക്കും? ആകാശവും ഭൂമിയും കറങ്ങുന്നതു കാണുക, അതു തന്നെ. മാനത്തു പറന്നും ആഴത്തിൽ ഊളിയിട്ടും വട്ടം കറങ്ങിയും രസിക്കുന്നവർ പറയാൻ വയ്യാത്ത എന്തോ ലഹരി കൊതിക്കുന്നവരല്ലേ? സോമരസം അശിച്ച് രസിക്കുന്ന മുനിമാർ നമ്മുടെ പൂർവികരോ സമകാലികരോ? അവനവനെ സഹിക്ക വയ്യാതെ ഇത്തിരി നേരം വേറൊരാളായി, വേറെ എന്തെങ്കിലുമായി, മാറുകയാണ് രസം. ആ രസം അനുഭവിക്കാത്തവർ പോലും അതിനെ വിസ്തരിച്ചു വിവരിക്കുന്നതു കാണാം. "മദകരമധു നുകർന്നു മേൽക്കുമേൽ" വിഹരിക്കുന്ന ജി ശങ്കരക്കുറുപ്പും "സാഹിതിയുടെ വാതിലിൽ മുട്ടും സ്നേഹിതനല്ലോ മദ്യം" എന്നു സ്ഥാപിക്കുന്ന വൈലോപ്പിള്ളിയും ലഹരിയുടെ മറ്റൊരു മുഖം അവതരിപ്പിക്കുന്നു.
ചിന്ത ചെറുതായൊന്നു കിറുങ്ങുന്നതുപോലായി കൊല്ലത്തിന്റെ അവസാനമായപ്പോഴേക്കും. അകലെ എവിടെയോ പൊട്ടുന്ന പടക്കത്തിന്റെ അകലം തിട്ടപ്പെടുത്താൻ വയ്യായിരുന്നു. നേരം പുലർന്നപ്പോൾ കാലഗണനയിൽ വ്യത്യാസം വന്നിരിക്കുന്നു. ദിവസവും മാസവും കൊല്ലവും മാറിയിരിക്കുന്നു. പുതിയ കൊല്ലം സന്തോഷവും സന്പൽസമൃദ്ധിയും ഉണ്ടാവട്ടെ എന്ന ആശംസ തലങ്ങും വിലങ്ങും പറന്നു നടക്കുന്നു. പഴഞ്ചൻ മട്ടിൽ ആയുരാരോഗ്യസൗഖ്യം നേർന്നതുകൊണ്ട് കൊല്ലം പുതുതാകുകയോ സന്തോഷം പെരുകുകയോ ചെയ്യില്ലെന്നു തോന്നിയപ്പോൾ ഹാപ്പി ന്യൂ ഇയർ എന്നതിനു പകരം വെറും ന്യൂ ഇയർ എന്നു പ്രയോഗിച്ചുനോക്കി. അതാകട്ടെ വെളുക്കാൻ തേച്ച് പാണ്ടാക്കിയതുപോലെയായി.
വെയിൽ മൂക്കാൻ തുടങ്ങിയപ്പോൾ കണ്ണീൽ പെട്ടത് നേപ്പാളിൽ വീണ്ടും ഭൂമി കുലുക്കം ഉണ്ടായെന്ന വാർത്തയായിരുന്നു. പഴയതുപോലെ തകർപ്പനായില്ലെന്ന ആശ്വാസമായിരുന്നു പുതിയ ഭൂകന്പവാർത്തയുടെ വിശേഷം. പക്ഷേ പിന്നെ വായിക്കാൻ കിട്ടിയ ന്യൂ യോർക്കറിലെ ലേഖനം പേടിപ്പെടുത്തുന്നതായിരുന്നു. ശാന്തസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് അടിക്കടലില്ലിൽ ലക്ഷക്കണക്കിനു നാഴിക ഇളകിവരുന്നുവത്രേ. അതൊന്നു വലത്തോട്ടു നീങ്ങിയാൽ കാലിഫോർണിയയും സമീപപ്രദേശങ്ങളും താളവും ചുവടും തെറ്റും. ഭൂകന്പത്തിന്റെ ദൈർഘ്യവും സാന്ദ്രതയും ഏറും. വാസ്തവത്തിൽ എത്രയും നീണ്ടുനിൽക്കുന്നുവോ അത്രയും ശക്തി കൂടും ഭൂകന്പത്തിന്. ഇനി വരാൻ പോകുന്നത് ഇതുവരെ വന്നതിനെക്കാൾ വലിയ ഭൂകന്പമാകുമെന്ന് അറിവുള്ളവർ മുന്നറിയിപ്പു നൽകുന്നു. പേടി പടർത്തുന്ന ആ ലേഖനം അവസാനിക്കുന്നത് ഇങ്ങനെ ലളിതകോമളമായ പദാവലിയോടെയാണ്: "ആ കുലുക്കം എപ്പോൾ എവിടെ വരും, നമ്മൾ എന്തു ചെയ്യും എന്നു കണക്ക് കൊട്ടിയിരിക്കുന്നു ഭൂഗർഭശാസ്ത്രജ്ഞന്മാർ.”
ആശംസ നേരാൻ പറ്റിയ, ആശംസ നേരേണ്ട, മുഹൂർത്തം ഇതു തന്നെ. "അഹോ ഉദഗ്രരമണീയാ പൃഥ്വീ" എന്ന കവിവചനത്തിൽ തെളിയുന്ന ഭൂമിയുടെ രാമണീയകം നീണാൾ നിലനിൽക്കട്ടെ. സമാധാനിപ്പിക്കാൻ വേണ്ടി സ്വതന്ത്ര രാധാകൃഷ്ണൻ, ഞാൻ പകർത്തിയയച്ച ഭൂകന്പം വായിച്ചിട്ട്, ഒഴുക്കനായി പറഞ്ഞു: "നമ്മുടെ പ്രായത്തിൽ അതിനെപ്പറ്റി വേവലാതിപ്പെടണോ?" വേണം. കഴിഞ്ഞതു കഴിഞ്ഞു, വരാനിരിക്കുന്നതിനെപ്പറ്റി ആലോചിക്കുക എന്നു പറഞ്ഞതുകൊണ്ടായില്ല. ആയിരം തലമുറകൾക്കപ്പുറം പിറക്കുന്ന നമ്മുടെ പൗത്രിയുടെ നന്മക്കുവേണ്ടി പ്രാർഥിക്കുന്പോഴേ നമ്മുടെ നിലനില്പിന് അർഥമുണ്ടാവുകയുള്ളു.
No comments:
Post a Comment