വിട പറയാൻ കുറെ വാക്കുകൾ
കെ ഗോവിന്ദൻ കുട്ടി
ഇ എൻ മുരളീധരൻ നായർ കഴിഞ്ഞ ദിവസം വീട്ടിൽ വന്നു. കോടതി നടപടിയെപ്പറ്റി എഴുതുന്ന ഒരു ലേഖനം ചർച്ച ചെയ്യാനായിരുന്നു. കോടതിയും കേസുമായി എനിക്ക് അടുപ്പമുണ്ടായിട്ടല്ല, അദ്ദേഹത്തിനു സംസാരിക്കണമെന്ന് തോന്നി, അത്ര മാത്രം. മുരളി നായനാരുടെയും അച്യുതാനന്ദന്റെയും പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. മുതിർന്നവർക്കും കുട്ടികൾക്കും വേണ്ടിയുള്ള മാസികകളും വാരികകളും നടത്തി നഷ്ടം സന്പാദിച്ച ആളാണെന്നത് വേറൊരു സ്വകാര്യകഥ.
കാടും മേടും കയറിപ്പോയ സംസാരം നിരത്തി പോകുന്പോൾ മുരളി ഒരു പുസ്തകം തന്നു പോയി. സൌകര്യമുള്ളപ്പോൾ തിരിച്ചുകൊണ്ടുപൊയ്ക്കൊള്ളാമെന്നൊരു വാഗ്ദാനവും ഉണ്ടായി. വില കൂടിയ ചെറിയ പുസ്തകം. ഞാൻ കേട്ടറിഞ്ഞിട്ടുള്ള ആളാണ് വിഷയം. സാക്ഷാൽ സോക്രട്ടിസ്. എനിക്ക് പരിചയമുള്ള ആളാണ് ഗ്രന്ഥകാരൻ. പോൾ ജോണ്‍സണ്‍. കലയെപ്പറ്റിയും രാഷ്ട്രീയത്തെപ്പറ്റിയും മതത്തെപ്പറ്റിയും പ്രഗൽഭജീവിതങ്ങളെപ്പറ്റിയും എഴുതിയിട്ടുള്ള ജോണ്‍സണ്‍ ഒരിട ന്യു സ്റ്റേറ്റ്സ്മാന്റെ എഡിറ്ററുമായിരുന്നു. അദ്ദേഹത്തിന്റെ കൃസ്താനിറ്റിയുടെ ചരിത്രം പ്രത്യേകം പരാമർശം അര്ഹിക്കുന്നു.
സോക്രട്ടിസിനെപ്പറ്റി ഞാൻ എന്ന് എവിടെയൊക്കെ വായിച്ചുവെന്നോർമ്മയില്ല. വായിച്ചും കേട്ടറിഞ്ഞും പ്രാതസ്മരണീയനായ ആ യവനചിന്തകനെപ്പറ്റി എന്തൊക്കെയോ ഓർമ്മയിൽ തങ്ങിയിരിക്കുന്നു. “നമ്മുടെ കാലത്തിനുവേണ്ട മനുഷ്യൻ” എന്നാ ഉപശീർഷകത്തോടുകൂടിയ ജീവചരിത്രത്തിൽ രസകരമായ പല ധാരണകളും ജോണ്‍സണ്‍ തിരുത്തുന്നുണ്ട്. അദ്ദേഹം തിരുത്താത്തതും എന്നെ കൂടുതൽ ആകർഷിച്ചതുമായ ഉപാഖ്യാനം സോക്രട്ടിസിന്റെ അവസാനത്തെ വക്കുകളെപ്പറ്റിയാണ്. വിഷവും കൊണ്ട് ജയിലിലെ ഉദ്യോഗസ്ഥൻ എത്തിയപ്പോൾ സോക്രട്ടിസ് കൂട്ടുകാരോട് പറഞ്ഞു: “തോഴരേ, നമുക്ക് പിരിയാറായി--നിങ്ങൾ നിങ്ങളുടെ വഴിയേ, ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും, ഞാൻ എന്റെ വഴിയേ മരണത്തിലേക്കും.”
ജീവിതത്തിലെന്ന പോലെ മരണത്തിലും ഹാസവും പരിഹാസവും വിട്ടുമാറാത്ത ആളായിരുന്നു സോക്രട്ടിസ്. വിഷചഷകവുമായെത്തിയ ഉദ്യോഗസ്ഥനെ നോക്കി അദ്ദേഹം പറഞ്ഞു: “താങ്കൾക്ക് ഇത് പരിചയമുള്ളതണല്ലോ. എനിക്ക് ഇത് നടാടെയാണ്. വിഷം എങ്ങനെ കഴിക്കണം, പിന്നെ എന്തുണ്ടാകും എന്നൊക്കെ ഒന്ന് പറഞ്ഞു തരൂ.” അദ്ദേഹം ചിരിക്കാൻ കണ്ട വിഷയം അടുത്തുള്ളവരെ കരയിപ്പിക്കുകയായിരുന്നു. അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അദ്ദേഹം വിഷം വലിച്ചു കുടിച്ചു. പിന്നെ മുറിയില ഉലാത്താൻ തുടങ്ങി. കാലു കഴച്ചപ്പോൾ മലർന്നു കിടന്നു. പുതപ്പെടുത്ത് മേലാസകലം മൂടി. മരണം അരിച്ചു കേറുകയായിരുന്നു….
ഒരു നിമിഷം. ശരീരം ഒന്നിളകി. പുതപ്പ് അദ്ദേഹം തന്നെ വലിച്ചുമാറ്റി. തല ഉയർത്താതെ, ക്ഷോഭമില്ലാതെ, എന്തോ വിട്ടുപോയതുപോലെ, സോക്രട്ടിസ് ശിഷ്യനായ ക്രിറ്റോയോടു പറയുന്നത് കേട്ടു: “ക്രിറ്റോ, അസ്കേപ്പിയസ്സിന് ഒരു കോഴിയെ കൊടുക്കാനുണ്ട്. കൊടുക്കണം. മറക്കരുത്.” പിന്നെ താമമുണ്ടായില്ല, ആ അവസാനത്തെ മരണവചനത്തിനു ശേഷം തത്വചിന്തകന്റെ ശരീരം നിശ്ചലമായി.
രണ്ടായിരത്തി അഞ്ഞൂറോളം കൊല്ലമായി, സോക്രട്ടിസ് ആ വാക്കുകൾ ഉരുവിട്ടിട്ട്. ഇനിയും അതിന്റെ പൊരുളിനെപ്പറ്റിയുള്ള വാദം നിലച്ചിട്ടില്ല. ഒരു കോഴിയുടെ കടം വീട്ടുന്ന കാര്യമായിരുന്നില്ല അദ്ദേഹത്തിന്റെ അവസാനചിന്ത. അസ്ക്ലേപ്പിയസ് ഔഷധത്തിന്റെയും രോഗപരിഹാരത്തിന്റെയും യവനദേവനായിരുന്നു. യവനധന്വന്തരിക്കുള്ള വഴിപാടായിരുന്നു ആ കോഴി. പക്ഷേ എന്ത് വഹക്ക് നന്ദിയുടെ സൂചനയായി ഒരു കോഴി വഴിപാടു വേണം? മരണത്തിനു മുന്പാണെങ്കിൽ മനസ്സിലാക്കാം. അൻപത്തൊന്നു കൊല്ലം ആയുസ്സ് നീട്ടിക്കിട്ടിയതിന് അരിങ്ങോടർ അന്തിമാഹാകാളൻ അന്പലത്തിൽ അൻപത്തൊന്നു വിളക്ക് വെപ്പിച്ചില്ലേ? പിന്നെ ഫലമുണ്ടായില്ല എന്നത് വേറെ കാര്യം. ഇവിടെയാകട്ടെ, മരണം തുടങ്ങിക്കഴിഞ്ഞു. കോഴിയെ കൊടുത്താലും കൊടുത്തില്ലെങ്കിലും കണിയാൻ അസ്ക്ലേപ്പിയസ്സിനു വഴിയില്ല. പിന്നെയെന്തിനീ അവസാനത്തെ വചനവും ദാനവും?
ഓരോരുത്തരും മനോധർമ്മം പോലെയും മനസ്സിന്റെ നില പോലെയും വ്യാഖ്യാനം തുടരുന്നു. ജീവിതത്തെപ്പോലെ മരണത്തെയും ചിരിച്ചു പരിശോധിക്കുന്നതായിരുന്നു സോക്രട്ടിസിന്റെ പ്രകൃതം. മരണത്തെപ്പോലും അങ്ങനെയൊരു ലഘുചിന്തയോടെ നേരിടാൻ ഒരു സോക്രട്ടിസ് തന്നെ വേണം. പക്ഷേ ഇരുളിന്റെ തത്വശാസ്ത്രജ്ഞനായിരുന്ന നീത്ഷേയുടെ നോട്ടത്തിൽ ആ ലഘുചിന്തയോന്നുമായിരുന്നില്ല സോക്രട്ടിസിന്റെ അന്ത്യപ്രഹേളികയുടെ നിദാനം. ജീവിതത്തിൽനിന്നുള്ള മോചനത്തിന് സോക്രട്ടിസ് ദേവനോടു നന്ദി പറഞ്ഞതാണത്രേ. “ജീവിതം ഒരു രോഗമാകുന്നു” എന്നായിരുന്നു നീത്ഷേയുടെ മതം. പക്ഷേ അത്ര ഇരുണ്ടതായിരുന്നില്ല സോക്രട്ടിസിന്റെ വീക്ഷണം. വക്രോക്തിയും പരിഹാസവും ആക്ഷേപവും തന്റെ വീക്ഷണ-സംഭാഷണശൈലിയാക്കിയ യവനചിന്തകൻ, ക്ഷുദ്രമായ ജീവിതത്തെപ്പോലെ, മരണത്തെയും ലാഘവത്തോടെയേ കണ്ടുള്ളു എന്നേ അനുമാനിക്കേണ്ടൂ. എന്തായാലും, ചർച്ച അടുത്ത സഹസ്രാബ്ദത്തിലേക്കും നീളും.
അവസാനവചനം കൊണ്ട് കൂടുതൽ പേരു കേട്ടവർ വേറെ പലരുമുണ്ട്. മരണക്കിടക്കയിൽനിന്ന് വേറൊരു യവനചിന്തകൻ, ഡയോജിനസ്, പറഞ്ഞതും ലാഘവത്തോടെത്തന്നെ. എവിടെയും ഔദ്ധത്യത്തോടെ കടന്നു ചെന്നിരുന്ന അലക്സാണ്ടർക്ക് ഒരു കൊട്ടുകൊടുത്തിട്ടായിരുന്നു ഡയോജിനസ്സിന്റെ നിര്യാണം. ലോകം മുഴുവൻ കീഴടക്കിയ അലക്സാണ്ടർ തത്വചിന്തകനെ കാണാനെത്തി. “എന്ത് വേണം, പറയൂ. എനിക്ക് തരാൻ പറ്റാത്തതായി ഒന്നുമില്ല.” മഹാന്മാർക്കു വാഴുന്ന മട്ടിൽ അലക്സാണ്ടർ കല്പിച്ചു. നട്ടുച്ചക്ക് ചൂട്ടുമായി മനുഷ്യനെ തേടിയിറങ്ങിയിരുന്ന ആളാണ് ഡയോജിനസ് എന്ന് ചക്രവർത്തി ഓർത്തുകാണില്ല. കിടന്ന കിടപ്പിൽ ചിന്തകൻ ചക്രവർത്തിയോടു പറഞ്ഞു: “ആ വെയിലിൽ നിന്ന് ഒന്നു മാറി നിന്നാൽ കൊള്ളാം.”
വെയിലും വെളിച്ചവുമായിരുന്നു മറ്റു ചിലർക്കിഷ്ടം. സംസ്കൃതത്തെയും കാളിദാസനെയും കണക്കറ്റു സ്നേഹിച്ച ആളായിരുന്നു ജർമ്മൻ ചിന്തകനായ ഗേഥേ. ആണ്ടുപിറപ്പിലെ പൂക്കളും ആണ്ടറുതിയിലെ പഴങ്ങളും ഒരുമിച്ചുണ്ടായാൽ എങ്ങനെയിരിക്കും, അതു പോലാണ് ശാകുന്തളം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രശസ്തവചനം. മരണമടുത്തപ്പോൾ സന്ദർശകരുടെ തിരക്കായി. വിമ്മിഷ്ടമായപ്പോൾ മുറിയിൽ തിക്കിക്കേറിയവരോട് അദ്ദേഹം ആംഗ്യം കാണിച്ചുവത്രേ, മാറി നിൽക്കാൻ. കൂട്ടത്തിൽ ഇങ്ങനെ മന്ത്രിക്കുകയും ചെയ്തുപോലും: "വെളിച്ചം, വെളിച്ചം." അതായിരുന്നു ഗേഥേയുടെ മരണവചനം.
ഇതിന്റെ നേരേ വിപരീതമാണെന്നു തോന്നും, എനിക്കിഷ്ടപ്പെട്ട വൈലോപ്പിള്ളിയുടെ ചില വരികൾ. ജീവിതത്തിന്റെ കൊടിപ്പടം താഴില്ലെന്നു വിശ്വസിച്ച അദ്ദേഹത്തിൽനിന്നു വരുന്പോൾ അത്ഭുതം തോന്നുന്നതാണ് "ഇനിയും പുലരാത്തോരല്ലിൽ ഞാനലിഞ്ഞെങ്കിൽ" എന്ന ആഗ്രഹപ്രകടനം. പക്ഷേ അത് അദ്ദേഹത്തിന്റെ അവസാനവചനമാണെന്നു കൂട്ടേണ്ട. ഒടുവിലെഴുതിയ കവിതകളിൽ ഒന്നു മാത്രമായിരുന്നു. വാസ്തവത്തിൽ അന്ത്യവാക്യമെന്നോണം ഒരു കവിതയെഴുതി പോയത് ഇടപ്പള്ളി രാഘവൻ പിള്ളയായിരുന്നു. മരണത്തിന്റെ മണിമുഴക്കം ഓർമ്മയുണ്ടല്ലോ. ആ ദൈന്യത്തെ ബൈറൺ ഉച്ചരിച്ച അന്ത്യവചനവുമായി ഇട തട്ടിച്ചു നോക്കുക: "ഇനി ഞാൻ ഉറങ്ങാൻ പോകുന്നു. ശുഭരാത്രി."
യേശുവിന്റെ അവസാനത്തെ വചനങ്ങളെപ്പറ്റിയും തർക്കമുണ്ടാകാം. മരണത്തിന്റെ മുഹൂർത്തത്തിൽ, ഒൻപതാം മണിക്കൂറിൽ ദൈവപുത്രൻ പറഞ്ഞത് തന്നെ ക്രൂശിക്കുന്നവരുടെ അജ്ഞതയെപ്പറ്റിയും അവരോടു പൊറുക്കണമെന്നുമായിരുന്നു. പിന്നെ അദ്ദേഹം വിലപിക്കുന്നു: പിതാവേ, നീ എന്നെ എന്തിനു കൈവിട്ടു? ഏലി ഏലി, ലമാ സബക്താനി. ഒടുവിൽ യേശു മൊഴിഞ്ഞു: ഞാൻ എന്നെ നിന്റെ കരങ്ങളിൽ അർപ്പിക്കുന്നു. ആ ഒരൊറ്റ മുഹൂർത്തത്തിലിനിന്നായിരുന്നു മഹാനായ കൃസ്തുഭക്തനായിരുന്ന നികോസ് കസ്സാൻസാക്കിസ്സിന്റെ ഒരു ആഖ്യായികയുടെ ഉത്ഭവം. തർക്കവും.
"ഹേ രാം!" ആയിരുന്നില്ല ഗാന്ധിയുടെ അന്ത്യവചനം എന്നു വാദിക്കുന്ന ഒരാളെങ്കിലുമുണ്ട്: ഗാന്ധിയുടെ സെക്രട്ടറിയായിരുന്ന വി കല്യാണം. രാമനാമം ജപിച്ചുകൊണ്ടുവേണം മരിക്കാൻ എന്ന് ബാപ്പുവിന് ആഗ്രഹമുണ്ടായിരുന്നു. പല പ്രാർഥനായോഗങ്ങളിലും ആ ആഗ്രഹം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ അങ്ങനെ പറയാൻ അദ്ദേഹത്തിനു നേരമുണ്ടായില്ല, മരണം വന്നപ്പോൾ. കല്യാണം പറയുന്നു, "ഒരക്ഷരം പറയാൻ പോലും ഇടയുണ്ടായിരുന്നില്ല." ഏതോ ഒരു റിപ്പോർടറുടെ ഭാവനാവിലാസം ലോകവിശ്വാസമായി മാറുകയായിരുന്നു. എന്തായാലും, നമ്മെ സംബന്ധിച്ചിടത്തോളം ഗാന്ധിയുടെ അവസാനവചനം "ഹേ രാം" തന്നെയായിരുന്നു. അതിന്റെ അർഥവും സംബന്ധവും ചികഞ്ഞുനോക്കുന്നവരും കാണും.
ചെ ഗുവേര ഗാന്ധിയായിരുന്നില്ല. വെടി വെക്കാൻ വന്ന പട്ടാളക്കാരനെ നോക്കി ചെ പറഞ്ഞു: "എനിക്കറിയാം, നീ എന്നെ കൊല്ലാൻ വന്നിരിക്കുന്നു. ഭീരു, വെക്ക് വെടി; നിനക്ക് ഒരാളെയേ കൊല്ലാൻ കഴിയൂ."
ഗാന്ധിയിൽനിന്നും തീർത്തും വ്യത്യസ്തരായിരുന്ന രണ്ടു പേരെ ഓർക്കുക. മരണത്തിലേക്കു നീണ്ട നിദ്രയിൽ മുഴുകും മുൻപ് ഇൻസ്റ്റൺ ചർച്ചിൽ പറഞ്ഞു: "എനിക്കിതൊക്കെ മടുത്തിരിക്കുന്നു." മടുപ്പായിരുന്നില്ല, എരിയുന്ന ഭീതിയും അവിശ്വാസവുമായിരുന്നു, ജൂലിയസ് സീസറുടെ മനസ്സിൽ, അവസാനത്തെ വെട്ടേൽക്കുൻപോൾ: "ബ്രൂടസ്സേ, നീയും?"
അവസാനത്തെ ഒരു വാക്ക് പറയണമെന്നുണ്ടെങ്കിൽ, സോക്രട്ടിസ് പറഞ്ഞ പോലെ പറയണം. അല്ലെങ്കിൽ നമുക്ക് വേണ്ടി വെളിച്ചത്തിന്റെ പുതിയൊരു വഴി കണ്ടെത്തിയ എഡിസൺ പറഞ്ഞ പോലെയാകാം: "അവിടെ ഏറെ സുന്ദരമായിരിക്കും."
.
No comments:
Post a Comment