Friday, January 8, 2016

വീണ്ടും കുറെ മദ്യവിചാരം



വീണ്ടും കുറെ മദ്യവിചാരം
കെ ഗോവിന്ദൻ കുട്ടി


മനുഷ്യവാസമുള്ള ലോകം മിക്കവാറും പിടിച്ചടക്കിയ ശേഷം കുടിച്ചു മരിക്കുകയായിരുന്നു അലക്സാണ്ടർ. കുടിയിൽ അലക്സാണ്ടറെ കടത്തിവെട്ടാൻ പ്രാപ്തൻ ഒരാളേ ഉണ്ടായിരുന്നുള്ളു: സേനാനായകൻ ഹെഫാസ്റ്റ്യൻ. കുടി കാരണമോ എന്തോ ചക്രവർത്തിയുടെ പ്രിയപ്പെട്ട സൈന്യധിപൻ നേരത്തേ മരിച്ചു പോയി.

അലക്സാണ്ടറെ ദൈവമായി കണക്കാക്കാൻ മടിച്ച അറേബ്യിയ ആക്രമിക്കാൻ കോപ്പുകൂട്ടുകയായ്രിരുന്നു ക്രിസ്തുവിനുമുന്പ് മുന്നൂറ്റി ഇരുപത്തിമൂന്നിലെ ഒരു ജൂൺ വൈകുന്നേരം അദ്ദേഹം. പടയുടെ മുന്നേറ്റക്രമങ്ങളും ഭടന്മാരുടെ നീക്കങ്ങളൂം അദ്ദേഹം നിർണയിക്കുകയും വിശദീകരിക്കുകയും ചെയ്തു. അതിനിടെ ഒന്നു വീശണമെന്നു തോന്നി. ഉഷാറായി തിരിച്ചു വരുന്പോഴേക്കും ഒരു ദുർന്നിമിത്തം ഉണ്ടായി. തല തിരിഞ്ഞ ഒരു പടയാളി ചക്രവർത്തിയുടെ കിരീടം എടുത്ത് തലയിൽ വെച്ചുനോക്കി. ആപത്തിന്റെ അടയാളമായിരുന്നു ആ വിവരക്കേട്.

ഉമ്മൻ ചാണ്ടിയും സുധീരനും അതിൽനിന്നു മനസ്സിലാക്കാവുന്ന ഒരു കാര്യം: കുടിയുടെ വിശേഷങ്ങളിൽ ഇടപെടുന്പോൾ കസാലയുടെ സ്ഥിതിയും കുതികാൽ വെട്ടിന്റെ സാധ്യതകളും കണക്കിലെടുക്കണം.

അവസാനത്തെ ആക്രമണത്തിനു മുന്പായി, നാവികമേധാവിയായ നിയാർക്കസിനെ സോപ്പിടാൻ ചക്രവർത്തി ഒരു വിരുന്നൊരുക്കി. അലക്സാണ്ടർ പതിവു പോലെ കുടിച്ചു കുന്നൻ കായയായി. അത്താഴം കഴിഞ്ഞ് പോകുന്പോൾ മീഡിയസ് എന്ന ആശ്രിതന്റെ വിരുന്നിൽ കൂടി പങ്കെടുത്തിട്ടു വേണം പള്ളിക്കുറുപ്പ് തുടങ്ങാൻ എന്ന് അപേക്ഷ ഉണ്ടായി. വെള്ളം കണ്ടാൽ വിടാത്ത കുതിരയായിരുന്നു അലക്സാണ്ടർ. മീഡിയസ്സിന്റെ മദ്യവും അകത്താക്കി കിടന്നപ്പോൾ, അത് അവസാനത്തെ അത്താഴമാകുമെന്ന് അദ്ദേഹം അറിഞ്ഞിരുന്നില്ല. രാവിലെ പനി വന്നു. പനി കൂടിക്കൂടി പോയി. പിന്നെ മരിച്ചു.

സുധീരനും ചാണ്ടിക്കും ചരിത്രസത്യം പോലെ എടുത്തു വിളന്പാവുന്ന മറ്റൊരു കാര്യം: കുടിച്ചാൽ പനി വരാം. തട്ടിപ്പോകാം. അലക്സാണ്ടറാണെങ്കിൽ പോലും അധികാരം നഷ്ടപ്പെടാം. അതുകൊണ്ട് മദ്യം വാറ്റരുത്, വിൽക്കരുത്, വീശരുത്.

അലക്സാണ്ടറുടേ ഉദാഹരണത്തിൽനിന്ന് പഠിക്കാവുന്ന രണ്ടു പാഠങ്ങൾ കൂടി എഴുതി പിടിപ്പിക്കാം. ഒന്ന്, ലോകം പിടിച്ചടക്കാൻ നോക്കുന്നത് ബുദ്ധിയല്ല. രണ്ട്, ലോകം പിടിച്ചടക്കുന്പോൾ, പിടിയിലായ സ്ഥലം നോക്കി നടത്താൻ ഏർപ്പാടുണ്ടാക്കണം. അങ്ങനെ ഒന്നും നോക്കി നടത്തുന്നതിൽ അലക്സാണ്ടർക്ക് ഉൽസാഹമുണ്ടായിരുന്നില്ല. നാടും മേടും കയ്യേറുക, പിന്നെ വന്ന വഴിക്ക് മടങ്ങുക. അതായിരുന്നു അദ്ദേഹത്തിന്റെ ചിട്ട. ഭരണവും കൈകാര്യകർതൃത്വവും അദ്ദേഹത്തിനു പറഞ്ഞിട്ടുള്ളതായിരുന്നില്ല.

കുടിയനായ അലക്സാണ്ടർ മറ്റുള്ളവർ കുടിക്കണമെന്നു നിർബ്ബന്ധിച്ചിരുന്നോ എന്നറിയില്ല. ഇഷ്ടമില്ലാത്തവരും സുധീരന്മാരും അലക്സാണ്ടാറുടെ സദസ്സിൽ പൂസായി അഭിനയിച്ചിരുന്നിരിക്കണം. രാജാവിനെ രസിപ്പിക്കുന്നതാകണമല്ലോ സദസ്യരുടെ ചരണവും പരിചരണവും. അധികാരം പിടിച്ചെടുക്കുകയും അടക്കുകയും ചെയ്യുന്നവരുടെ സ്വഭാവം സ്വതവേ മറ്റുള്ളവരെക്കൊണ്ട് തങ്ങളെ അനുകരിപ്പിക്കുകയാണല്ലോ. അതിനപ്പുറം, പിടിച്ചടക്കപ്പെടുന്നവരുടെ ഇഷ്ടവും ശീലവും എന്താണോ, അതിനെതിരായി പ്രവർത്തിക്കാൻ അവരെ പ്രേരിപ്പിക്കുക.

ഉദാഹരണം: കാലാ പാനീ എന്ന ചിത്രത്തിൽ ആന്തമാനിലെ ജയിലിൽ പാർക്കുന്ന ഒരു സ്വാതന്ത്ര്യഭടനെക്കൊണ്ട് ഇറച്ചി തീറ്റിക്കാൻ നോക്കുന്ന ഒരു രംഗം ഉണ്ട്. താൻ ഇറച്ചി തിന്നുന്ന കൂട്ടത്തിലല്ല എന്നു ശഠിച്ചപ്പോൾ, ഇറച്ചിയല്ല, അമേധ്യം തന്നെ തീറ്റിക്കുമെന്നായി അധികാരത്തിനെ കാവൽക്കാരൻ. ഒടുവിൽ തീട്ടം തിന്നേണ്ടിവന്നയാൾ കടലിൽ ചാടി ചത്തു.
അധികാരം പിടിച്ചടക്കുന്നവരുടെ രീതി ഉദാഹരിക്കാൻ ഇക്കാര്യം ഉന്നയിച്ചുവെന്നേയുള്ളു. അധികാരികളുടെ നാൾ വഴി പേരേടു നോക്കിയാൽ ഇതിനു സമാനമായ പ്രവൃത്തികൾ പലതും കാണാം.

അധികാരത്തിന്റെ അത്ര തന്നെ രൗദ്രമല്ലാത്ത വഴിയാണ് ഇഷ്ടപ്പെട്ടതും ശീലിച്ചതുമായ സാധനങ്ങളും സേവനങ്ങളും നിഷേധിക്കുക. ഭാഷയിലൂടെയും വേസത്തിലൂടെയും എന്ന പോലെ ഭക്ഷണത്തിലൂടെയും സാംസ്കാരികപരിക്രമം നടക്കുന്നതു കാണാം ചരിത്രത്തിലുടനീളം. നികുതി കൊടുക്കുന്നതും വഴി നടക്കുന്നതും പുര കെട്ടുന്നതും ക്രമീകരിക്കുന്നതു പോലെ, അധികാരത്തിന്റെ അവകാശമാകുന്നു സംസാരിക്കുന്ന ഭാഷയും കഴിക്കുന്ന ഭക്ഷണവും നിയന്ത്രിക്കുന്നത് എന്ന ധാരണ ആഴത്തിൽ വേരോടിയിരിക്കുന്നു. പച്ച മലയാളത്തിൽ പറഞ്ഞാൽ, നിങ്ങൾ എന്തു കഴിക്കണം, എന്തു കുടിക്കരുത് എന്നു നിശ്ചയിക്കുന്നത് ഞാനായിരിക്കും എന്നർഥം.

കെന്റക്കി ഫ്രൈഡ് ചിക്കൻ കെന്റക്കിയിലല്ലാത്ത പാചകശാലകളിൽ ഉണ്ടാക്കിയാൽ എങ്ങനെയിരിക്കുമെന്ന് കോഴികളെ അപ്പാടെ വിഴുങ്ങുന്ന വന്പൻ കോഴികൾ പറഞ്ഞു തരും. സ്വാദെന്തായാലും കെന്റക്കിയെന്ന പേരിലുള്ള കോഴിയെ പൊരിച്ചോ പച്ചക്കോ ഇവിടെ വിൽക്കാൻ പാടില്ലെന്ന് ഒരു കൂട്ടർ നിർബ്ബന്ധിച്ചാലോ? പശുവിന്റെ ഇറച്ചി വിൽക്കാനോ തിന്നാനോ പാടില്ലെന്ന് വേറൊരു കൂട്ടർക്കും നിർബ്ബന്ധിക്കാം? ആരോഗ്യകാരണം വേണമെങ്കിൽ എടുത്തും വിളന്പാം, ഇഷ്ടം പോലെ.

സസ്യാഹാരം കഴിക്കുന്നവരുടേ ഇടയിൽ വയറിലെ അർബ്ബുദം അധികം കാണുന്നില്ല എന്നു കേൾക്കുന്നു. മാംസ്യാഹാരം നിർബ്ബന്ധമായുള്ളവർക്കത്രേ കൂടുതൽ ആപൽസാധ്യത. ചില ജീവികൾക്ക് ചിലർ കല്പിക്കുന്ന പവിത്രത അതോടൊപ്പം എഴുതുക. അപ്പോൾ മനുഷ്യന്റെ അന്നമായി മൃഗങ്ങളെ കൊല്ലുന്ന ഏർപ്പാട് നിർത്തണമെന്ന് വാദിക്കുന്ന പ്രസ്ഥാനത്തിന് വലിയ കരുത്തായി. അങ്ങനെ ഒരു വാദവുമായി ബിംബിസാരന്റെ യാഗശാലയിൽ കയറിച്ചെന്ന ഗൗതമബുദ്ധന്റെ വചനം പുസ്തകത്തിലെ അക്ഷരമായി അവസാനിച്ചു. വെള്ളം അതിന്റെ വിതാനം കണ്ടെത്തുന്നു എന്ന ബലതന്ത്രതത്വം പോലെ, ഭക്ഷണം അതിന്റെ രീതി സ്വയം ഉണ്ടാക്കുന്നുവെന്നു കരുതണം. ദോശയും ഇഡ്ഡലിയും കെന്റക്കിയിൽ എന്തുകൊണ്ട് ഹരമായിട്ടില്ല എന്നാലോചിക്കാൻ ഈ തത്വത്തിന്റെ പിൻ ബലം വേണമെങ്കിൽ അതുമാകാം.

മനുഷ്യന്റെ അന്നത്തിനായി വധിക്കപ്പെടുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും വക്കാലത്തുമായി നടക്കുന്നവർ കെ പി സി സി പ്രസിഡന്റായാലത്തെ സ്ഥിതി എന്താകും? അമേരിക്കൻ പ്രസിഡന്റ് ചെയ്തിട്ടുള്ളതു പോലെ, ജൈവധർമ്മം എന്നു വിളിക്കാവുന്ന ബയോ എതിക്സ് ക്രമീകരിക്കാനും ചിന്താവിഷയമാക്കാനും സ്ഥിരമായ ഒരു സമിതി ഉണ്ടാക്കുമായിരിക്കാം. കിളികളെയും നാൽക്കാലികളെയും ചുട്ടു തിന്നാമോ? തിന്നാനുള്ളവയായതുകൊണ്ട്, അവയുടെ തൂക്കവും വലുപ്പവും കൂട്ടാനുള്ള വഴികൾ കണ്ടെത്തണം. അങ്ങനെ ചെയ്യുന്പോൾ ഭാരം കൂടി പറക്കാനുള്ള കഴിവ് കിളികൾക്ക് നഷ്ടമാകും. പറക്കാത്ത കിളികളെ തിന്നാൽ, കിളികളെ തിന്നുന്നതുകൊണ്ടുള്ള ഗുണം പോലും ഇല്ലാതാകുമെന്ന് വാദിക്കുന്നു പീറ്റർ സിംഗറെപ്പോലുള്ള ജൈവധർമ്മവിചക്ഷണർ.

അങ്ങനെ ഒരു സമിതി ആലോചിച്ചു നിശ്ചയിക്കേണ്ടതാണ് നമ്മൾ എന്തു കുടിക്കരുത്, എന്തു കഴിക്കണം എന്ന ചോധ്യത്തിനുള്ള ഉത്തരം. ജൈവധർമ്മസമിതിയുടെ രൂപത്തിലല്ലെങ്കിലും അങ്ങനെ ഒരു ചോദ്യം ഉന്നയിക്കാനും ഉത്തരം കണ്ടെത്താനും വിദൂരമായ ഒരു ശ്രമം ഭരണഘടനയുടെ നിർമ്മാണത്തോടൊപ്പം ഇന്ത്യയിലും തുടങ്ങി. പൂർണമായ മദ്യനിരോധനമാണ് ആശാസ്യം എന്ന് ഭരണഘടനയിൽ മാർഗനിർദ്ദേശകതത്വമെന്ന നിലയിൽ എഴുതിവെക്കുകയുമുണ്ടായി.
അത് മാർഗനിർദ്ദേശകതത്വം മാത്രമാക്കാനുള്ള കാരണം അന്നേ വ്യക്തമായിരുന്നു: പൗരന്റെ അഭിരുചിയെയും അവകാശത്തെയും ബാധിക്കുന്ന ആ വ്യ്വസ്ഥ അത്ര എളുപ്പത്തിലൊന്നും നടപ്പാക്കാൻ പറ്റില്ല.

ഭരണപരമായ സാധ്യാസാധ്യതകൾ വിശദമായി ചർച്ച ചെയ്യുന്നില്ല. കള്ളവാറ്റ് പൊടിപൊടിക്കും, സ്പിരിറ്റ് ഒഴുക്ക് എട്ടു വഴിക്കും നടക്കും എന്നൊക്കെ എല്ലാവർക്കും അറിയാം. ബിയറും വൈനും നിരോധിക്കുമെന്ന വിളംബരം വൈകാതെ വരും എന്നാണ് സൂചന. മധുരകോമളകാന്തപദാവലികൊണ്ട് അലങ്കരിച്ചെഴുന്നള്ളിക്കുന്ന കള്ളിന്റെ കാര്യമോ? കള്ളൂം ചെത്താതാകുമോ, കുടിക്കാതാകുമോ? പട്ടാളത്തിലും പള്ളിയിലും മെസ്സും അൾത്താരയും വരണ്ടുപോകുമോ? അതോ അപ്പം മതി, വീഞ്ഞു വേണ്ട എന്നും കുടിക്കാത്ത കൂലിപ്പട്ടാളം മതി എന്നും നാം തൃപ്തിയോടെ സുധൂരമായി നിശ്ചയിക്കുമോ? അതിനെക്കാളൊക്കെ പ്രധാനം ഞാൻ എന്തു കുടിക്കരുതെന്ന് തീരുമാനിക്കാനുള്ള അവകാശം കയ്യടക്കുന്ന അധികാരത്തിന്റെ ആപത്താകുന്നു.

No comments: