Friday, January 8, 2016

വസ്ത്രാക്ഷേപം, ഒരു വ്യത്യാസത്തോടെ




വസ്ത്രാക്ഷേപം, ഒരു വ്യത്യാസത്തോടെ
കെ ഗോവിന്ദൻ കുട്ടി


വീണ്ടും വസ്ത്രാക്ഷേപം കഴിഞ്ഞയാഴ്ച വിഷയമായി.  ഒരു വ്യത്യാസമേയുള്ളു.  പണ്ട് ഉടുപ്പ് ഉരിയലായിരുന്നു വിഷയമെങ്കിൽ, കഴിഞ്ഞയാഴ്ചത്തെ വർത്തമാനം എന്ത് ഉടുപ്പ് ആരു തയ്ക്ക്കും എന്നായിരുന്നു.  വെള്ളാപ്പള്ളീ നടേശന്റെ ശരീരത്തിനും മനസ്സിനും ചേരുക കാക്കി നിക്കറും വെള്ള ബനിയനും, അല്ലെങ്കിൽ കൈ തെറുത്തുവെച്ച ഷർട്ടും, ആണെന്നത്രേ വി എസ് അച്യുതാനന്ദന്റെ കണക്ക്.  ആ കണക്കനുസരിച്ച് വെള്ളാപ്പള്ളി ശംഖുമുഖം കടപ്പുറത്ത് നിക്കറിട്ട് ഇറങ്ങും.  തൊപ്പിയും  കറുത്ത ഷൂസും വടിയുമുണ്ടായിരിക്കുമോ എന്ന് വി എസ് പറഞ്ഞില്ല.  

ഇതൊക്കെ ആരു തുന്നിക്കൊടുക്കും എന്നൊരു വേവലാതി വേണ്ട.  അതിന്റെ ശീലവും പരിശീലനവും ഉള്ള ആളാണ് വി എസ് എന്ന് വെള്ളാപ്പള്ളി ഓർമ്മിപിച്ചു.  പണ്ടേ ശീലിച്ചപോലെ, ദേഷ്യം വന്ന് തല തിരിഞ്ഞ ഭീമസേനനെപ്പോലെ, അരക്കു താഴെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രയോഗം.  അച്യുതാനന്ദൻ പണ്ടെടുത്ത തൊഴിലിനെ ആക്ഷേപിക്കും മട്ടിൽ സംസാരിക്കാൻ വെള്ളാപ്പ്പള്ളിക്കേ പറ്റൂ.  ഇവിടെ രണ്ടു കൊച്ചുകാര്യം പറയണം.  ഒന്ന്, വെള്ളാപ്പള്ളീയോട് തിരിച്ചും ചിലതൊക്കെ പറയാം, ചോദിക്കാം.  രണ്ട്, ഇത്തരം അരക്കു കീഴെയുള്ള പ്രയോഗത്തിൽ വി എസ്സും മോശക്കാരനല്ല.  അതൊക്കെ പോട്ടെ, വഷ്റ്റ്രവിചാരത്തിലേക്ക് കടക്കാം.

വി എസ്സും വെള്ളാപ്പള്ളിയും ഓർക്കാതെ പോയ ഒരു വസ്തുത ചൂണ്ടിക്കാട്ടട്ടെ.  നമ്മുടെ പൊലിസ് പണ്ടേ വലിച്ചു കീറിയ കാക്കി നിക്കർ ഇരിഞ്ഞു കളയാൻ സംഘപരിവാർ ഒടുവിലൊടുവിൽ നിശ്ചയിക്കിരിക്കുന്നു എന്നാണ് വാർത്ത.  ഈ യൂനിഫോം സംഘം സ്വീകരിച്ച മുപ്പതുകളിൽ ഉപദേശം കൊടുക്കാൻ പറ്റുന്ന പരുവത്തിലായിരുന്നു ഞാനെങ്കിൽ, നിക്കറിന്റെയും ഷർട്ടിന്റെയും ഷൂസിന്റെയും അഭാരതീയത്വത്തെപ്പറ്റി ഞാൻ ഉപന്യസിക്കുമായിരുന്നു.  എന്റെ നോട്ടത്തിൽ ഭാരതീയത്വം മാത്രമല്ല, അഴകും കുറവാണ് നിക്കറിന്.  എഴുപതും എഴുപത്തഞ്ചും പ്രായമായ മുതുക്കന്മാർ നിക്കറിട്ട് മാർച്ച് ചെയ്യുന്ന രംഗം മനസ്സിൽ കണ്ടു നോക്കൂ.  

പഴയ കൗപീനത്തിന്റെ പരിഷ്കരിച്ച പതിപ്പിനു തന്നെയാണ് ശോഭ എന്നു ഞാൻ വാദിക്കും.  കൊള്ളാവുന്ന കളരിയിലൊക്കെ ഇന്നും അഭ്യാസികൾ തറ്റുടുത്താണ് ചുവടുവെപ്പ്.  നിക്കറിട്ട് ഓതിരം കടകം ചൊല്ലിയാലത്തെ അഭംഗി പറഞ്ഞറിയിക്കാൻ പറ്റുമോ?  നിക്കറിനോടുള്ള ആ വിരോധംകൊണ്ടാണ് അത് ഉരിഞ്ഞു കളയാൻ സമയാമാകും മുന്പു തന്നെ ഞാൻ മുണ്ടിലേക്ക് കയറിയത്.  ബെർമ്യൂഡ എന്ന പേരിൽ വിശ്വവിജയം നേടിയ നിക്കർ ഒരിക്കൽ പോലും ഞാൻ ധരിച്ചുനോക്കിയിട്ടില്ല, അമേരിക്കയിൽ പത്തു തവണ പോയി വന്നിട്ടുണ്ടെങ്കിലും.  

കൗപീനത്തിൽനിന്നു കൗമാരത്തിലേക്ക് കടന്നപ്പോൾ, എന്റെ പ്രധാനവ്യഥ വള്ളി പിടിപ്പിച്ച നിക്കർ ഇടണമെന്നതായിരുന്നു.  എല്ലാവരും കൂടി എന്നെ വള്ളിയുള്ള നിക്കറിലിട്ട് കൊച്ചാക്കി.  വള്ളിയില്ലാത്ത നിക്കറിട്ടാലേ വലുതാവുതുകയുള്ളു എന്ന ധാരണ അന്നേ എന്റെ മനസ്സിൽ വേരൂന്നിയിരുന്നു.  നിക്കറിലെ ബട്ടനുകളും തയ്യലുകളും കീശകളും തൊട്ടറിഞ്ഞ് ആസ്വദിക്കുമായിരുന്നു ഞാൻ അന്നൊക്കെ.  അങ്ങനെയൊരു നിക്കർ ചിന്ത വർഗസമരത്തിലും ഈഴവമികവിലും മാത്രം ശ്രദ്ധ ഊന്നിയിട്ടുള്ള വിസ്സും വെള്ളാപ്പള്ളിയും പുലർത്തിയിരുന്നോ ആവോ?  ഉണ്ടാകാൻ സാധ്യത കുറയും.

ലോകമാകെ പല ഭാവത്തിലും രൂപത്തിലും നിരങ്ങിനീങ്ങുന്ന നിക്കറിൽ എന്തെല്ലാം ഫാഷനുകളാണ് വന്നിരിക്കുന്നതെന്നു നോക്കുക.  കീശകളിൽ.  ബട്ടണുകളിൽ.  സിബ്ബുകളിൽ.  ലൂപ്പുകളിൽ....എവിടെയൊക്കെ പുതിയ പുതിയ ഫാഷൻ എത്തിപ്പിടിച്ചിരിക്കുന്നു!  അതൊക്കെ വേണമെന്ന് വെള്ളാപ്പള്ളി ശഠിക്കുകയോ അചുതാനന്ദൻ ചെയ്തുകൊടുക്കയോ ചെയ്യുമെന്നു വിചാരിക്കരുത്.  എന്റെ ദുഖം അതല്ല.  ഇത്രയൊക്കെ പരിവർത്തനഭംഗി നിക്കറിനുണ്ടായിട്ടും, അതു വലിച്ചെറിഞ്ഞ്, മുണ്ടിൽനിന്നുദിക്കുന്നൂ ലോകം, മുണ്ടിനാൽ വൃദ്ധി തേടുന്നൂ, എന്ന വിചാരത്തോടെ മുണ്ടിലേക്കു മാറിയ എനിക്ക് ഒരു ഫാഷനും ഉൾക്കൊള്ളാനില്ല.  കവിഞ്ഞാൽ കരയിൽ ഒരു വ്യത്യാസം കാണും.  അല്ലെങ്കിൽ കരയില്ലാതെയാവും.  ഒറ്റക്കു പകരം ഇരട്ടയാകാം.  ഇംഗ്ലിഷിൽ, സിംഗിളിനു പകരം ഡബ്ബിൾ.  അത്രയൊക്കെയേ മുണ്ടൽ ഫാഷനുള്ളു.  വക്കു തെറുത്തതാകാം, തെറുക്കാത്തതാകാം.  എല്ലാം ഒരു പോലിരിക്കും, പരിണാമരമണീയത ഒട്ടുമില്ലാതെ.  

ഒരു ഫാഷനും അനുവദിക്കാതെ നീങ്ങുന്ന ഈ മുണ്ടിന്റെ തടവറയിൽ ഞാൻ ജീവിക്കുന്നു.  വൈദേശികത്വവും സന്പന്നതയും  നമ്മെ ഏറെ ബാധിക്കാതിരുന്ന കാലത്ത് മുണ്ട് ഒറ്റ് മുണ്ടായിരുന്നു.  അതും കണ്ണിക്കാൽ വരെ എത്താറില്ല.  വീട്ടിലും ചുറ്റുവട്ടത്തും കറങ്ങുന്പോൾ അതു തന്നെ വേണ്ട. കോണകവും മുട്ടിറങ്ങാത്ത തോർത്തുമായിരുന്നു സാധാരണവേഷം.  കോണകം മാത്രമായാൽ, തരം പോലെ, അതുടുത്തവനെ എരപ്പാളിയെന്നും കൗപീനധാരിയെന്നും വിളിക്കും.  അകലെയെങ്ങാനും പോകുന്പോഴേ വലിയ മുണ്ടും രണ്ടാം മുണ്ടും ധരിക്കുകയുള്ളു.  

ബിലാത്തിക്കാരും സംഘബന്ധുക്കളും ഒരു പോലെ നവ്യവും ഭവ്യവുമാക്കിയ ഷർട് ഒരു കുടിയേറ്റക്കാരൻ തന്നെ.  ഒന്നാം സ്വാതന്ത്ര്യസമരത്തിനു ശേഷം പിറന്ന എന്റെ മുത്തഛൻ ഷർട് ധരിച്ചിട്ടേയില്ല.  കോളറില്ലാത്തതും കുറുകിയ കയ്യുള്ളതുമായിരുന്നു ഒരു കാലത്ത് കുപ്പായം.  കുഞ്ഞുണ്ണീമാഷൊക്കെ ധരിക്കുന്ന കുപ്പായം ചിത്രത്തിൽ കവിത പോലെ കണ്ടിട്ടില്ലേ?  പിന്നെ കയ്യിനും ഉടലിനും നീളം കൂടിയ ജുബ്ബയായി.  വലുതായി തോന്നിക്കാനും അവൈദേശികനാകാനും ആയിരിക്കണം, എനിക്ക് ജുബ്ബ ഇഷ്ടമായിരുന്നു.  അരക്കോളർ ജുബ്ബ കെങ്കേമം.  കുട്ടിക്കാലത്ത് അമ്മയും വളർന്നപ്പോൾ ഭാര്യയും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്ന എന്റെ വസ്ത്രബോധത്തിൽ ജുബ്ബ് അനുവദിക്കപ്പെട്ടില്ല.  ആ അനുഭവം മിൻ നിർത്തി, പിതാവും ഭർത്താവും പുത്രനും പോറ്റുന്നവളാകണം സ്ത്രീ എന്നു നിഷ്കർഷിച്ച മനുവിനെതിരെ ഞാൻ കണ്ട ആദ്യ സാക്ഷ്യപത്രം എന്റേതു തന്നെയായിരുന്നു.  

പിന്നെ ഷർട്ടുകൾക്ക് ഫാഷൻ ആയി, പുതിയ പുതിയ പേരുകൾ ആയി.  അതു ധരിച്ചു ഞെളിഞ്ഞു കാണിക്കുന്നവർക്ക് വലിയ വേതനമായി. തുണിയിലും ബട്ടണീലും സിബ്ബിലുമൊക്കെ വന്ന മാറ്റങ്ങളോ?  നിങ്ങൾ ധരിച്ചിരിക്കുന്ന ഷർട്ടിന്റെ പേരു നോക്കി നിങ്ങളുടെ ആത്മാവിന്റെ സ്വരൂപം അളന്നു തിട്ടപ്പെടുത്താം.  ടൈ കെട്ടാൻ പറ്റിയ കോളറുള്ള ഷർട്.  അരക്കോളറുള്ള ഷ്ർട്.  ഇറുകിയ ഷർട്.  അയഞ്ഞ ഷർട്.  എന്റെ പൊന്നേ, ഓരോ ദിവസവും ഓരോ തരം ഷർട് ഇറങ്ങുന്നു.  ആളുകൾ അതു കണ്ടുരസിക്കുന്നു, രസിക്കുന്നുവെന്നു ധരിക്കുന്നു.  

അച്യുതാനന്ദൻ പതിവായി ജുബ്ബ ധരിക്കുന്നു.  വെള്ളാപ്പള്ളി ഷർടും.  രണ്ടു പേരും ശ്രദ്ധിച്ചോ എന്നറിയില്ല, സംഘപരിവാർ നിക്കറിനുപകരം നീണ്ട കാലുറകൾ സ്വീകരിച്ചിരിക്കുന്നു എന്നു മാത്രമല്ല, ഷർടിന്റെ രൂപഭാവനകളിലും വ്യത്യാസം വന്നു തുടങ്ങിയിരിക്കുന്നു.  ടെലിവിഷനിൽക്കൂടിയാണ് ഇതിന്റെ വരവ് എന്നു തോന്നുന്നു.  നമ്മുടെ രാഷ്ട്രീയമോഡലുകളൊന്നും അതേറ്റെടുത്തിട്ടില്ല, ഇതുവരെ.  താമസിയാതെ അവർക്കും തുടങ്ങേണ്ടി വരും, പുതിയ മട്ടിലുള്ള മേലങ്കി ധരിച്ച എഴുന്നള്ളത്ത്.  

ഷർടെന്തായാലും കൊള്ളാം, നീളമില്ലാത്ത കയ്യാകാം, അരക്കോളറാകാം, കോളറേ ഇല്ലാതാകാം, എന്തുതരവുമാകാം, അതിനുമേൽ ഒരു ജാക്കറ്റ് ഫിറ്റു ചെയ്യുകയാണ് ഇപ്പോഴത്തെ പ്രവണത. ജാക്കറ്റ് എന്നു പറഞ്ഞാൽ സ്യൂട്ടിന്റെ ഭാഗമായി വരുന്നതല്ല.  നെഹ്രുവിന്റെ പേരിൽ ഒരു കാലത്ത് അതറിയപ്പെട്ടിരുന്നു.  ജവാഹർ ജാക്കറ്റ്.  നെഹ്രുവിന്റെ പേരുള്ളതുകൊണ്ട് നെഹ്രുവാണ് ഇന്തയ്യുടെ ശാപം എന്നു വാദിക്കുന്നവർ അതു ധരിക്കാൻ മടിക്കുമോ ആവോ?  ഒരു കാര്യം എന്തായാലും തീർച്ച.  വെറും ഷർട് ഇട്ടാൽ മതിയാവില്ല.  അതിനുമുകളിൽ ഒരു ജാക്കറ്റും പിടിപ്പിക്കണം, മര്യാദക്കാരനായി തോന്നണമെങ്കിൽ.  ധരിക്കുന്നവർ ഉദ്ദേശിക്കുന്നില്ലെങ്കിലും, ഒരു തരം ഭാരതീയതയും ഞാൻ അതിൽ കാണുന്നു.  സ്ത്രീവേഷത്തിൽ അതങ്ങനെ പടർന്നുപിടിച്ചിട്ടില്ല.  പെണ്ണുങ്ങളും ആണുങ്ങളും ഒരുപോലത്തെ വസ്ത്രം--പതിവായി അഭാരതീയശൈലിയിൽ--ധരിക്കുന്നതാണ് അഭിലഷണീയം എന്നൊരു വാദമുണ്ടെന്നു തോന്നുന്നു.  

നരവംശശാസ്ത്രജ്ഞനും തയ്യൽക്കാരനും മാത്രമല്ല വസ്ത്രം ഉണ്ടാക്കുന്ന വിധം പഠിക്കുന്നവർ.  സമൂഹജീവിതത്തിൽ മാന്യ്ശ്രേണി വരച്ചിടാനും വസ്ത്രം വേണം.  അടിയാളൻ യജമാനനെ വന്ദിക്കാൻ മുണ്ടുകൊണ്ട് എന്തൊക്കെ കാണീക്കുന്നു?  സ്ത്രീകൾ വസ്ത്രം ധരിക്കാനുള്ള അവകാശത്തിനുവേണ്ടി റൗക്കസമരം തന്നെ നടത്തുകയുണ്ടായി.  വസ്ത്രമേ ധരിക്കാതെ നൃത്തം ചെയ്യുന്ന സ്ത്രീകളെ കാണാൻ ഓട്ടവയിലെ ഒരു ബാറിൽ പോയതോർക്കുന്നു.  മറ്റൊരിടത്ത്, ടൊറൊന്റോയിൽ, ഉച്ചക്ക് ഉണ്ണാൻ ഒരു ക്ലബ്ബിൽ പോയപ്പോൾ, ഷർടു മാത്രം ധരിച്ച എന്നെ അനുവദീക്കില്ലെന്നായി പരിചാരകൻ.  അടുത്ത ശ്വാസത്തിൽ അദ്ദേഹം പറഞ്ഞു, "ഞങ്ങളുടെ  ശേഖരത്തിലുള്ള ഒരു ജാക്കറ്റ് തരാം, സ്വീകരിക്കുമോ?" സൗന്ദര്യബോധത്തിന്റെയും കാലാവസ്ഥയുടെയും മാറിവരുന്ന ആവശ്യമായി അതിനെ കണ്ടാൽ മതി.  അതിലോരോന്നിലും പിടിച്ചുകയറാൻ പറ്റും, പരിവർത്തനവാദികൾക്കും പരിണാമവൈർകൾക്കും ഒരുപോലെ.  



      

No comments: