Friday, January 8, 2016

പുളി പഴകും തോറുമേറിടും






കെ കരുണാകരൻ മരിച്ചിട്ട് എത്ര കൊല്ലമായി?  മലയാറ്റൂർ രാമകൃഷ്ണൻ മരിച്ചിട്ട് പതിനഞ്ചു കൊല്ലമായി.  അതിനെക്കാളേറെയായി ജെ സി ഡാനിയൽ മരിച്ചിട്ട്.  അവരെ ചുമ്മാ പ്രതിയോഗികളാക്കിയ ചേലങ്ങാട്ട് ഗോപാലകൃഷ്ണനെ എനിക്കറിയില്ല.  അദ്ദേഹം പോയിട്ട് എത്രകാലമായെന്നും അറിയില്ല.  അദ്ദേഹത്തിന്റെ പഴയഒരു പുസ്ത്കം പഴയൊരു പുളി പുതുക്കിയെടുക്കുന്നുവെന്നു മാത്രം മനസ്സിലാക്കുന്നു.  കാലപ്പഴക്കം കൊണ്ട് ഒന്നിന്റെയും പുളി മാറണമെന്നില്ലെന്ന സത്യം എന്റെ പുതിയ അറിവാകുന്നു.

കരുണാകരനെയും മലയാറ്റൂരിനെയും എനിക്കറിയാം.  ആദ്യത്തെയാളുടെ ആദ്യത്തെ ജീവിതകഥ എഴുതിയ ആളാണ് ഞാൻ.  രണ്ടാമത്തെ ആൾ എന്നെപ്പറ്റിയും ഒരധ്യായം  എഴുതിപ്പിടിപ്പിച്ചു, അദ്ദേഹത്തിന്റെ ഓർമ്മകളുടെ ആൽബത്തിൽ.  അദ്ദേഹം സി പി ഐ എന്ന അഖിലലോകകക്ഷിയുടെ ഔപചാരികാംഗത്വം വേണ്ടെന്നുവെച്ചപ്പോൾ രാജിപത്രം എഴുതിയത് ഞാനായിരുന്നു എന്നൊരു കഥ പ്രചാരത്തിലുണ്ടെന്ന് മലയാറ്റൂർ തന്നെ പറഞ്ഞ് ഞാൻ അറിഞ്ഞു..

ഇത്രയും ആത്മകഥ വിളമ്പാൻ തോന്നിയത് അവരിൽ ആരോപിച്ചിട്ടുള്ള ജാതിക്കുമ്മിക്കമ്പത്തെപ്പറ്റി രണ്ടു വാക്കു പറയാൻ അവസരം ഉണ്ടാക്കാൻ വേണ്ടിയാണ്.  സർക്കാർ യന്ത്രത്തിൽ രണ്ടു തരത്തിൽ മുഴുകിയിരുന്നവരാണ് കരുണാകരനും മലയാറ്റൂരും.  അതിനെ തരം പോലെ  പ്രവർത്തിപ്പിക്കുന്നതും നിലപ്പിക്കുന്നതും ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതഹരം.  അതിന്റെ കളികളും കമ്മട്ടങ്ങളും മാത്രമേ വേണ്ടിയിരുന്നുള്ളു ആ കളിയഛന് നേരപോക്കാൻ.  രാഷ്ട്രീയത്തിലെ ദൈനന്ദിനഷഡ് യന്ത്രങ്ങളെ  പ്പറ്റിയല്ലാതെ, കലയെപ്പറ്റിയോ കഥകളിയെപ്പറ്റിയോ ജെ സി ഡാനിയൽ തുടങ്ങിവെച്ച സിനിമയെപ്പറ്റിയോ  ഉള്ള വാർത്തയൊന്നും അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചടക്കിയിരുന്നില്ല.

മലയാറ്റൂർ സർക്കാർ യന്ത്രത്തിൽ പെട്ടുപോയതായിരുന്നു.  കഥയും കലയും സിനിമയും നുരഞ്ഞുയരുന്ന സൌഹൃദങ്ങളുമായിരുന്നു എന്നും  അദ്ദേഹത്തിന്റെ രാപകലുകളുടെ ഉള്ളടക്കം.  മഹിതോദാരമായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യമെന്നു പറഞ്ഞുകൂടാ.  പക്ഷേ മലയാറ്റൂർ എഴുതുന്നതെന്തും  ആരും വായിച്ചുപോകുമായിരുന്നു.  അദ്ദേഹത്തിന്റെ  സിനിമാസങ്കല്പവും അതുപോലെ സാധാരണവും അധൈഷണികവും ആയിരുന്നെന്നു പണ്ഡിതർ വിലയിരുത്തിയേക്കും.  ആ നിലപാടിലേ അദ്ദേഹം സാംസ്ക്കാരികവിഭാഗം കൈകാര്യംചെയ്തിരുന്നപ്പോൾ ഓരോന്നിനെയും വിലയിരുത്തിയിരുന്നുള്ളുവെന്നും സമ്മതിക്കണം.  അദ്ദേഹം തന്നെ അതു തുറന്നു സമ്മതിക്കുമായിരുന്നു, അവസരം ഉണ്ടായിരുന്നെങ്കിൽ.

എന്നാൽ കരുണാകരനോ മലയാറ്റൂരോ നായരെയും നാടാരെയും പട്ടരെയും പുലയനെയും  ജാതിനോക്കി വിലയിരുത്തിയിരുന്നുവെന്നു പറഞ്ഞാൽ അതൊരു മരണാനന്തരനിന്ദയായിരിക്കും.  ജാതിയെ രാഷ്ട്രീയക്കലിക്ക് നല്ലപോലെ ഉപയോഗപ്പെടുത്തിയ ആളാണ് കരുണാകരൻ.  നായന്മാരുടെ പാർട്ടിയിലെ നാലാൾ അഞ്ചു വഴിക്കു നീങ്ങുന്നതുകണ്ടപ്പോൾ, അവരിൽ ഓരോരുത്തരുടെയും വിശ്വസ്തനാകാനുള്ള കളി കളിച്ചു അദ്ദേഹം.  ഈഴവരുടെ പാർട്ടിയിലും അതു തന്നെ നടന്നു.  തമ്മിൽ തെറി പറഞ്ഞൂ വലഞ്ഞ ഗുരുവിന്റെയും ശിഷ്യന്റെയും നന്ദിയും വിശ്വാസവും അദ്ദേഹത്തിനായിരുന്നു.  ഗുരുവായൂരമ്പലത്തിൽ പഞ്ചവാദ്യം കൊട്ടാൻ പറയന്  അവസരം വേണമെന്ന വാദവുമായി സ്വാമി ഭൂമാനന്ദ രംഗത്തെത്തിയപ്പോൾ പൊട്ടിത്തെറിച്ച വികാരം എത്ര അയത്നലളിതമായാണ് ലീഡർ കൈകാര്യം ചെയ്തത്!  വിവാദം മൂക്കുമ്പോൾ,  വാശി പിടിക്കുന്ന കുട്ടികളെ അഛനമ്മമാർ കൈകാര്യം ചെയ്യുന്നതുപോലെ, ശ്രദ്ധ മറ്റൊന്നിലേക്കു തിരിക്കുകയായിരുന്നു വിവാദവല്ലഭനായ കരുണാകരന്റെ ശൈലി.  ഗുരുവായൂർ ഊട്ടുപുരയിൽ  ഹരിജനങ്ങളോടൊപ്പമിരുന്ന് അദ്ദേഹം ജാതിക്കോമരങ്ങളെയും അതുപോലുള്ള മറ്റു മരങ്ങളെയും നേരിട്ടു.  നായരെയോ പട്ടരെയോ അനുകൂലിക്കുന്ന ആളായി  അദ്ദേഹം അറിയപ്പെട്ടില്ല.  രാഷ്ട്രീയവൈരികൾ അദ്ദേഹത്തിനെതിരെ ഒട്ടൊക്കെ ഫലപ്രദമായിത്തന്നെ എടുത്തെറിയാൻ കണ്ട ആരോപണാസ്ത്രങ്ങൾ വിരളമല്ല.  അവയിൽ പെടാത്തതാണ് നാടാർ വിരോധം.  മലയാറ്റൂരിന്റെ സൌന്ദര്യചിന്തയെപ്പറ്റിയും ഭക്ഷണക്രമത്തെപ്പറ്റിയും രാഷ്ട്രീയസങ്കല്പത്തെപ്പറ്റിയും അഭിപ്രായഭേദം ഉള്ളവർ ഏറെയുണ്ടാകാം, അദ്ദേഹം കലാകാരന്മാരെ ജാതി നോക്കി പന്തി തിരിച്ചോ പന്തിക്കു പുറത്തോ ഇരുത്തിയിരുന്നുവെന്ന് അദ്ദേത്തെ അറിഞ്ഞിരുന്നവർ ആരും പറയില്ല.

എന്നാലും അവർ അനുവർത്തിച്ചതായി അന്തരിച്ച ചേലങ്ങാട് ഗോപാലകൃഷ്ണൻ എന്നൊരു സിനിമാചരിത്രകാരൻ പറയുന്ന നയത്തിന്റെയും നിലപാടിന്റെയും പേരിൽ പുളിച്ച ചർച്ച പൊങ്ങിവന്നിരിക്കുന്നു.  കൊള്ളാവുന്ന,  വിവാദാതീതമായ, സിനിമ ഉണ്ടാക്കുന്ന കമൽ  ആ നിലപാടിനെപ്പറ്റിയുള്ള  കഥയുടെ ചുവടു പിടിച്ച് അവഗണിക്കപ്പെട്ട ഡാനിയലിനെ പാടിപ്പുകഴ്ത്തിയൊരുക്കിയിരിക്കുന്ന കരുണാകരനും മലയാറ്റൂരിനും വൈരികൾ നൽകാത്ത അവമതി വൈകിയാണെങ്കിലും നൽകിയിരിക്കുന്നു.  സംഭവങ്ങളെയും ആളുകളെയും സന്തുലിതബോധത്തോടെ കാണാറുള്ള കമലിന്  നോട്ടം ഒരു നിമിഷം പിഴച്ചുവെന്നുണ്ടോ?  

പഴയൊരു വിധിയോ വീക്ഷണമോ പുളിക്കുന്ന ചരിത്രമായി പുനർവിചരണക്കു വരുന്നത് അസാധാരണമല്ല.  ഡാനിയലിനെപ്പറ്റി മലയാറ്റൂരും കരുണാകരനും  ധരിച്ചുവെച്ചിരുന്നതെല്ലാം പാഴായിരുന്നുവെന്ന പ്രചാരണത്തിന്റെ ഘട്ടത്തിൽത്തന്നെ കർണാടകത്തിൽ കെ ജെ ഷാ എന്ന തത്വചിന്തകനെപ്പറ്റി പൊരിയുന്ന ചർച്ചക്ക് രസ്കരമായ യാദൃഛികതയുണ്ട്.  ഷായെപ്പറ്റി ഞാൻ ആദ്യം കേൾക്കുകയാണ്.  പക്ഷേ അദ്ദേഹം വലിയൊരു   ദാർശനികനായിരുന്നത്രേ.  വിറ്റിംഗ്സ്റ്റൺ എന്ന കേംബ്രിഡ്ജ് പ്രൊഫസറുടെ അരുമശിഷ്യനായിരുന്നു ഷാ എന്നു കേൾക്കുന്നു.  പ്രൊഫസറുടെ വിലപ്പെട്ട കൃതികൾ മരണാനന്തരം അച്ചടിപ്പിക്കാൻ മുൻ  കൈ എടുത്തത് അദ്ദേഹമായിരുന്നു.  അദ്ദേഹത്തെപ്പറ്റി വൈകിവന്ന ഒരു അപവാദത്തിനു മറുപടിയുമായി മകൾ വീരവല്ലി രംഗത്തെത്തിയിരിക്കുന്നു.

അഭിനയവും സിനിമയും കലർന്നതാണ് വിവാദം.  അതുയർത്തിയ പുസ്തകം പുറത്തിറങ്ങിയിട്ട് രണ്ടു കൊല്ലമായി.  അതിനു നിദാനമായ സംഭവം നടന്നിട്ടോ  പത്തിരുപതു കൊല്ലവും.  ഗീ‍ീശ് കർണാഡിന്റെ ആത്മകഥയിലാണ് ഷായെപ്പറ്റിയുള്ള ആരോപണം ഉന്നയിക്കപ്പെട്ടത്.  ഗിരീശ് കേന്ദ്രസംഗീത നാടകക്കാദമിയുടെ അധ്യക്ഷ്നായിരുന്നപ്പോൾ ഷായെ ഒരു സെമിനാറിന്റെ ചുമതല ഏല്പിക്കുകയുണ്ടായി.  വിഷയം പഴയതു തന്നെ: ഭരതന്റെ  നാട്യശാസ്ത്രം.  ആരോപണവും പഴയ ശീലിലുള്ളതുതന്നെ.  ഷാ തന്റെ സിൽബന്തികളെ സൽക്കരിക്കാൻ ആ അവസരം ഉപയോഗപ്പെടുത്തിയത്രെ.  പറയുന്നതാകട്ടെ, ഷായുടെ പ്രശംസകനായിരുന്ന കർണാഡും.  അഛന്റ് ഭാഗം ഏറ്റുപിടിച്ചിരിക്കുകയാണ് മകൾ, കാൽനൂറ്റാണ്ടിന്റെ പഴക്കം കൊണ്ടു പുളിച്ചുപോയിരിക്കുന്ന വിവാദത്തിനിടയിൽ.

വേറൊരു തലത്തിൽ പഴകിയ കാര്യങ്ങൾ പുറത്തെടുത്തു പുളിപ്പിക്കാൻ വൈദഗ്ധ്യം നേടിയവരാണ് മലയാളികൾ.  പത്തുമുപ്പതുകൊല്ലത്തിനുശേഷമാണ് വയനാട്ടിൽ   വർഗീസ് എന്ന തീവ്രവാദിയെ വെടിവെച്ചുകൊന്നതാണെന്ന പുതിയ വെളിപ്പെടുത്തലിന്റെ വെളിച്ചത്തിൽ ഒരു പഴയ ഐ ജി ജയിലിലായത്.  ഒന്നും കൂസാതെ നാലുപേരെ നമ്പറിട്ടു കൊന്ന കഥ  എത്രയോ കൊല്ലത്തിനുശേഷം പുറത്തിറക്കിയ ഇടുക്കിയിലെ രാഷ്ട്രീയക്കാരൻ അങ്ങനെ കുരുക്കിലാവുമെന്നു കരുതിക്കാണില്ല.  ഒരു മൂച്ചിനു തട്ടി മൂളിച്ചതാണ്.  എത്ര പഴകിയാലും പുളി വിട്ടു മാറണമെന്നില്ല.

സാഹിത്യത്തിലുള്ള എന്റെ മുറി അറിവുവെച്ചുകൊണ്ട് ഞാനും നോക്കിയിരുന്നു പഴയതിലെ പുളിപ്പിക്കുന്ന കാര്യങ്ങൾ പറഞ്ഞുണ്ടാക്കാൻ.  എല്ലാവർക്കും അറിയാവുന്നതാണ് ഗീതഗോവിന്ദത്തിന്റെ ഭംഗികൾ.  ഞെരളത്ത് രാമപ്പൊതുവാൾ അതു ചൊല്ലുന്നതു കേട്ടാൽ ഭക്തിയില്ലാത്തവരും ഒരു നിമിഷം നിശ്ശബ്ദരാകും. പക്ഷേ അർഥം തേടിച്ചെന്നാലോ? വെറും രതിയും “തടമുല തഴുകലും” മാത്രമല്ല, വിപരീതരതിയും ജയദേവന്റെ പരാമർശത്തിൽ  വരുന്നതുകാണാം.  ഭക്തിയാണോ ആ വരികൾ ഉദ്ദീപിപ്പിക്കുക എന്ന ചോദ്യം കുറെ കാലമായി എന്റെ മനസ്സിൽ ഇഴഞ്ഞു നറ്റക്കുന്നു.  പക്ഷേ അതൊന്നും വിവാദമാകാതെ, ദാർശനികചർച്ചയിൽ മുങ്ങിപ്പോകുന്നതായാണ് അനുഭവം.  കൃഷ്ണന്റെ തുടയുടെ വർണനത്തിൽ തുടിക്കുന്ന മേല്പത്തൂരിന്റെ ഭാവത്തെപ്പറ്റിയും ഞാൻ ആലോചിക്കായ്കയല്ല.  ഉപനിഷത്തുകളെ സുന്ദരിമാരോടുപമിക്കുന്നതിലെ  പുരുഷലൈംഗികഭാവനയെപ്പറ്റിയും ഞാൻ ചിലരോടൂ ച്ച്ഃഓദിക്കുകയുണ്ടായി. “ഓ, അങ്ങനെയൊരു ഭാവവുമുണ്ടോ,“ എന്ന മറുപടി കേട്ടതല്ലാതെ ഒന്നുമുണ്ടായില്ല.  എന്നാലും, ഞാൻ ആശിക്കുന്നു, ഇതൊക്കെ മിടുക്കന്മാർ വിചരിച്ചാൽ വിവാദമാക്കാവുന്നതേയുള്ളു.  വിവാദമായാൽ, കമലിന്റെ സിനിമ കാണാൻ കൂറ്റുതൽ ആളുകൾ തിരക്കിട്ടേക്കാമെന്നതുപോലെ, കൂറ്റുതൽ നാരായണീയവും ഗീതഗോവിന്ദവും അച്ചടിക്കപ്പെടാം.

No comments: