Friday, January 8, 2016

കത്തുകൾ--എഴുത്തുകാരും വിലാസക്കാരും



കത്തുകൾ--എഴുത്തുകാരും വിലാസക്കാരും
കെ ഗോവിന്ദൻ കുട്ടി


മനുഷ്യാവസ്ഥയെ നിർവചിക്കുന്നതാണ് കത്ത്. മനുഷ്യൻ എഴുതാൻ പഠിച്ചതും അക്ഷരമാല ഉണ്ടാക്കിയതും കത്തിനുവേണ്ടിയാണെന്നു പറയാം. കത്ത് എഴുതുക, വായിക്കുക, ശേഖരിക്കുക, കീറിക്കളയുക--അതൊക്കെയാകുന്നു ആദിമകാലം മുതലേ മനുഷ്യന്റെ വ്യായാമം. പുതിയ നിയമത്തിൽ പേരു പറയാവുന്നവരൊക്കെ കത്തെഴുതുന്നവരാണെന്നു തോന്നുന്നു. മനുഷയപുത്രന്റെ പ്രസ്ഥാനം പ്രചരിപ്പിക്കാൻ ആദ്യം മുന്നിട്ടിറങ്ങിയ പൗലോസിന്റെ ലിഖിതങ്ങൾ ഏറെ. പലതും വിലാസക്കാരുടെ പേരിൽ അറിയപ്പെട്ടു.

യുദ്ധത്തിന്റെ ചരിതമായ മഹാഭാരതത്തിലും രാമായണത്തിലും കത്തു കൈമാറുന്ന ശിപായിമാർ പ്രത്യക്ഷപ്പെടുന്നില്ല. അവിടെ ദൂതിനായി സഞയനും ഉദ്ധവനും കൃഷ്ണനും നേരിട്ടിറങ്ങുകയാണ്. യുദ്ധത്തെയും സമധാനത്തെയും പറ്റിയുള്ള വിവരം പങ്കുവെക്കാൻ കത്തു മതിയാവില്ലെന്നൊരു ധാരണ ഉണ്ടായിരുന്നുവോ എന്തോ?

എഴുതാനുള്ള ലിപികളും സാമഗ്രികളും സാങ്കേതികവിദ്യയും അന്നില്ലായിരുന്നതുകൊണ്ടല്ല, തീർച്ച. നെടുനെടുങ്കൻ ശ്ലോകങ്ങൾ കുറിച്ചെടുക്കാൻ കുടവയറുള്ള കൂലിയെഴുത്തുകാരും ഓലയും ആണിയും അന്നുണ്ടായിരുന്നു. പനയോല വേണോ ഭൂർജ്ജപത്രം വേണോ എന്നേ ആലോചിക്കേണ്ടിയിരുന്നുള്ളു. ശകുന്തള ദുഷ്യന്തനു കത്തെഴുതിയത് താമരയിതളിലായിരുന്നു. ഇഷ്ടികയും മരത്തൊലിയും നീലനദിയുടെ തീരത്ത് എഴുത്തും വായനയുമായി നടന്നിരുന്നവർക്ക് വിട്ടുകൊടുത്തു.

അങ്ങനെയൊക്കെയാണെങ്കിലും കത്ത് മധ്യേഷ്യയിലെവിടെനിന്നോ വന്നതാണെന്നു തോന്നുന്നു. അന്നും ഇന്നും നമ്മുടെ ജീവിതത്തെ മുഴുവൻ ബാധിക്കുന്ന ആ രണ്ടക്ഷരവാക്കിന്റെ തുടക്കം തന്നെ നോക്കുക. നമ്മൾ ഖരമായി ഉപയോഗിക്കുന്ന അതിന്റെ ആദ്യാക്ഷരം ഒന്നുകൂടി അമർത്തി, ഒട്ടൊക്കെ അതിഖരമാക്കിയാൽ, ഹിന്ദിയും ഉർദുവുമായി. കത്ത് അപ്പോൾ ഖത് ആവും. അതിന്റെ ഉറവിടം പേർഷ്യനോ അറബിയോ ആണല്ലോ. വിരഹത്തെ മധുരീകരികുന്ന ഈണത്തിൽ എസ് എ ജമീൽ ജനപ്രിയമാക്കിയ ഗാനപത്രത്തെ കത്തു പാട്ടെന്നല്ല, ഖത്തു പാട്ട് എന്നു തന്നെ പറഞ്ഞാലല്ലേ ശേലുള്ളു?

പതിനെട്ടാം നൂറ്റാണ്ടിൽ ചെസ്റ്റർഫീൽഡ് പ്രഭു തന്റെ മകനയച്ച കത്തുകളായിരിക്കും രമേശ് ചെന്നിത്തല സോണിയ ഗാന്ധിക്കയച്ച കത്തിനെക്കാൾ ആഴമേറിയതും അറിയപ്പെടുന്നതും. ചെസ്റ്റർഫീൽഡ് മകനയച്ച പത്രപരന്പര ലോകത്തിനു മുഴുവൻ ഉപയോഗപ്പെടുമാറ് പ്രസിദ്ധീകരിച്ചത് മകന്റെ ഭാര്യയായിരുന്നു. അവർ അതിനുകൊടുത്ത തലക്കെട്ട് ഇങ്ങനെയായിരുന്നു: "വിശ്വമാനവനും മാന്യനുമാകാനുള്ള കലയെപ്പറ്റി" ചെസ്റ്റർഫീൽഡ് മകനയച്ച കത്തുകൾ. പലരും അതിനെ ലൗകികവിജയത്തിനുള്ള കൈപ്പുസ്ത്റ്റകമായി കണ്ടു. രമേശ് ചെന്നിത്തലയുൾപ്പടെ ആരും തല കുലുക്കി സമ്മതിക്കുമെന്നുറപ്പിക്കാവുന്നതാവും ചെസ്റ്റഫ്രീൽഡിന്റെ കത്തുകളിലെ ഈ വാക്യം: "പ്രഗൽഭനായ മനുഷ്യൻ തന്റെ പ്രാഭവം കാണിക്കുക മാന്യമായ വാക്കിലൂടെയും ഉറച്ച പ്രവൃത്തിയിലൂടെയുമായിരിക്കും."

നമ്മുടെ നൂറ്റാണ്ടിൽ കത്തെഴുതിയും കത്തു കിട്ടിയും പേരെടുത്ത രണ്ടാളുകളേ ഓർക്കുക. അഛനും മകളും. ഒരഛൻ മകൾക്കയച്ച കത്തുകൾ എന്ന പേരിൽ തലമുറകളെയും സ്ഥലകാലസീമകളെയും ബന്ധിപ്പിച്ചുകൊണ്ട് നെഹ്രു ജയിലിൽനിന്നെഴുതിയ കത്തുകളുടെ വിലാസക്കാരിയാകാൻ കഴിഞ്ഞതാണ് ഇന്ദിര ഗാന്ധിയുടെ ഒരു ഭാഗ്യം. ഭാഷയുടെ ഭംഗികൊണ്ടും ചരിത്രാവഗാഹംകൊണ്ടും ശ്രദ്ധിക്കപ്പെട്ട ആ പുസ്തകം കത്തുകളായി രൂപപ്പെടുത്തിയത് എഴുത്തുകാരന്റെ രൂപഭാവഭദ്രതയെപ്പറ്റിയുള്ള സങ്കല്പം സൂചിപ്പിക്കുന്നു. ജനക്കൂട്ടങ്ങളുടെ മനസ്സറിഞ്ഞുനീങ്ങാനും അതേ സമയം തന്റെ ധാർമ്മികമായ നിലപാടിൽ ഉറച്ചുനിൽക്കാനും നെഹ്രുവിനെ പഠിപ്പിച്ച ഗാന്ധി ഒരു കത്തെഴുത്തുകാരനായി അറിയപ്പെട്ടില്ല. പക്ഷേ തനിക്കു കിട്ടിയിരുന്ന നൂറു കണക്കിനു കത്തുകളിൽ ഒന്നുപോലും അദ്ദേഹം മറുകുറി എഴുതാതെ തള്ളിയില്ല.

ഗാന്ധിയുടെ കത്തുകൾ പല രൂപത്തിൽ സഞ്ചരിച്ചു. അധികവും പോസ്റ്റ് കാർഡുകളായിരുന്നു. പിന്നെ ഇൻലന്റും കവറും. എന്റെ കുട്ടിക്കാലത്ത് കവറിനു പറഞ്ഞുകേട്ടിരുന്ന വാക്കാണ് ലക്കോട്ട്. അങ്ങനെയൊരു വാക്ക് ശബ്ദതാരാവലിയിലുണ്ടോ എന്നു പരിശോധിക്കാൻ ഇടയായില്ല, ഇതുവരെ. കാർഡിൽ കത്തെഴുതിയാൽ വിലാസക്കാരനല്ലാതെ ആരെങ്കിലും അതു വായിച്ചെടുക്കുമോ എന്ന ഭയം ആർക്കും ഉണ്ടായിരുന്നില്ല. വായിക്കാൻ പോയിട്ട് അത് വിലാസക്കാർക്ക് എത്തിച്ചുകൊടുക്കാൻ പോലും തപാൽ ശിപായി വേലുവിന്റെ മകന് നേരമുണ്ടായിരുന്നില്ല.

കട്ടിയുള്ള കണ്ണടയും കാക്കി ട്രൗസറുമായി വേലു സൈക്കിളിൽ മണിയടിച്ചു നാടുമുഴുവൻ കറങ്ങി. വേലുവില്ലാത്തപ്പോൾ മടക്കിക്കുത്തിയ മുണ്ടും കാക്കി കുപ്പായവുമണിഞ്ഞ പണിക്കർ പ്രത്യക്ഷപ്പെട്ടു. പണിക്കർ, ചക്രവാളം വരെ നീണ്ടു പോകുന്ന റെയിൽ പാളങ്ങളെ പിൻ തുടർന്ന വിശ്വം എന്ന ഉറൂബ് കഥാപാത്രത്തെപ്പോലെ, അങ്ങനെ നടന്നുകൊണ്ടിരുന്നു. പണിക്കർ പോയപ്പോൾ വേലുവും പോയിരുന്നു. പിന്നെ വന്ന ആൾ ചെറുപ്പക്കാരനും കാക്കി ഇടാൻ മടിച്ചിരുന്ന ആളുമായിരുന്നു. ഒരു ദിവസം അയാളെ പറഞ്ഞയച്ചുവെന്നു കേട്ടു. കത്തുകളെല്ലാം വിലാസക്കാർക്കെത്തിക്കുന്നതിനുപകരം അയാൾ അതൊക്കെ ഓരോന്നായി തോട്ടിലൊഴുക്കിക്കളയുമായിരുന്നത്രേ. ഏറെക്കാലത്തിനുശേഷം കത്തയക്കാൻ തപാല്പെട്ടിയും സ്റ്റാന്പും കാക്കിയും വേണ്ടെന്നായി. അയക്കാനുനുദ്ദേശിക്കുന്ന കത്ത് വീട്ടിൽ വന്നു ശേഖരിച്ച് വിലാസക്കാരനെത്തിച്ച് രശീതി വാങ്ങിക്കുന്ന സന്പ്രദായം ഒരു വിപ്ലവമായിരുന്നു.

ആ സന്പ്രദായത്തിൽ, കൂലിക്കത്ത് എന്ന ഐതിഹാസികപ്രാധാന്യമുള്ള ഒരിനത്തിനു സ്ഥാനമുണ്ടായിരുന്നില്ല. അയക്കാനുള്ള കൂലി നേരത്തേ വസൂലാക്കുന്ന കോരിയർ പ്രസ്ഥാനം വന്നതോടെ സ്റ്റാന്പൊട്ടിക്കാതെ കത്തെഴുതുന്ന ആളുകൾ പരുങ്ങലിലായി. എന്നാലും ചിലർ തപാൽ ആപ്പീസിൽ കൂലി അടിക്കേണ്ട ചില കത്തുകൾ വീഴും. അത് സർക്കാർ ചിലവിൽ കൈകാര്യം ചെയ്യണം. സർക്കാരായതുകൊണ്ട് കൂലിക്കത്തും കീറിക്കളയില്ല. വിലാസം തെറ്റിയെഴുതുന്ന കത്തുകളും കൂലി ആരിൽനിന്നും ഈടാക്കാൻ പറ്റാത്ത കത്തുകളും ഡെഡ് ലെറ്റർ ഓഫിസിലേക്കു പോകും. എന്ത് എങ്ങനെ ചെയ്യണമെന്ന് അവർ ആലോചിക്കട്ടെ. അങ്ങനെ ഒരു നിസ്സഹായത അനുഭവിക്കേണ്ടിവരുന്നില്ല എന്നതാണ് കോരിയർ പ്രസ്ഥാനത്തിന്റെ വിജയം.

നേരത്തേത്തന്നെ കൂലി വാങ്ങി, അയക്കുന്ന ആളെയും കിട്ടേണ്ട ആളെയും ഉറപ്പുവരുത്തുന്ന കോരിയർ ഏജൻസികളിപ്പോലും കുളത്തിലാക്കുന്ന ചിലർ ഊമക്കത്തുകളുടെ പിന്നിൽ അധിവസിക്കുന്നു. എത്ര ശ്രദ്ധിച്ചാലും പിടിക്കപ്പെടാത്ത വിലാസങ്ങളിൽനിന്ന് കത്തുകൾ ഉത്ഭവിക്കാം. അഴിമതി ആരോപണങ്ങൾ ഉന്നയിക്കാനോ ആഭസത്തരങ്ങൾ വിളിച്ചുപറയാനോ ചില പേടിത്തൊണ്ടന്മാരും വിരുതന്മാരും ഉപയോഗിക്കുന്നതാണ് ഊമക്കത്ത് എന്ന തന്ത്രം. സർക്കാർ ആപ്പിസുമായി ബന്ധപ്പെട്ടു ജോലി ചെയ്യുകയും എല്ലാവരെയും സന്തോഷിപ്പിക്കണമെന്നു നിർബ്ബന്ധം പിടിക്കാതിരിക്കുകയും ചെയ്യുന്ന എന്നെപ്പോലുള്ളവർക്ക് അത്തരം പത്രമാരണത്തിന്റെ ഇരയാകേണ്ടിവരും, കൂടെക്കൂടെ. അഹിതമായ രാഷ്ട്രീയബന്ധങ്ങളും ധാർഷ്ട്യവും എന്നിലാരോപിച്ചുകൊണ്ട് എത്രയോ ഊമക്കത്തുകൾ ഡൽഹിവരെ സഞ്ചരിച്ചിരിക്കുന്നു! അവയിൽ ചില ഊമകളെ ഞാൻ ആ ഘട്ടങ്ങളിൽ ചാലപ്പുറത്തും പൂജപ്പുരയിലും പതിവായി കണ്ടിരുന്നു.

കത്തുരാഷ്ട്രീയം പൊടിപൊടിച്ച ഒരു കാലത്ത് അർജ്ജുൻ സിംഗ് എന്ന കോൺഗ്രസ്സുകാരനും നിരാശനായ പ്രധാനമന്ത്രിപദകാംക്ഷിയും തൊട്ടതിനും പിടിച്ചതിനും കത്തെഴുതുന്ന പതിവുണ്ടാക്കി. ഏതാണ്ടൊരു ഓട്ടിസം പിടിച്ച കുട്ടിയെപ്പോലെ അദ്ദേഹം പ്രധാനമന്ത്രിമൽസരത്തിൽ ജയിച്ചുകേറിയ നരസിംഹറാവുവിനെതിരെ ഒളിയന്പും തെളിയന്പും എയ്ത് കത്തെഴുതിക്കൊണ്ടേയിരുന്നു. ചിലപ്പോൾ സോണിയ ഗാന്ധിക്കുള്ള കത്ത് ചോർത്തിക്കൊടുത്തു. മറ്റു ചിലപ്പോൾ "തുറന്ന കത്ത്" എന്ന വികൃതവേഷത്തിൽ അത് മാധ്യമങ്ങൾക്ക് എത്തിച്ചു. തുറന്ന കത്താവുന്പോൾ, വിലാസക്കാരനെത്താതെത്തന്നെ അത് നാലുപാടും വീശാൻ വിധിക്കപ്പെട്ടവർക്ക് വിതരണം ചെയ്യാമല്ലോ.

രമേശ് ചെന്നിത്തല ഉമ്മൻ ചാണ്ടിയെ പഴി പറഞ്ഞ് സോണിയ ഗാന്ധിക്കെഴുതിയ കത്ത് ഊമക്കത്തല്ല, കൂലിക്കത്തല്ല, തുറന്ന കത്തുമല്ല. അങ്ങനെ ഒരു കത്തേ ഇല്ലെന്നും തന്റെ പേരിൽ ഒരു സർ റിയലിസ്റ്റ് ലിഖിതം പോലെ പ്രചരിക്കുന്നതാണ് ഈ അപഖ്യാതിയെന്നും രമേശ് പറഞ്ഞുനോക്കാൻ തുടങ്ങി. അപ്പോൾ ഇതാ വരുന്നു ഹൈ കമാണ്ടിന്റെ വെളിപാട്: "കത്തുണ്ട്. -മെയിൽ രൂപത്തിൽ. ഉടൻ വിശദീകരിക്കാം."

ഇല്ലാത്ത കത്ത് ഉണ്ടാവുകയും ഉള്ള കത്ത് ഇല്ലെന്നു പറയാൻ നോക്കി പരിഹസിക്കപ്പെടുകയും ചെയ്യുന്നതാണ് വർത്തമാനയാഥാർഥ്യം. പക്ഷേ ആഴ്ച്കകളോളം പഴക്കമുള്ള ഒരു കത്ത് വിലാസക്കാരല്ലാത്തവർ കൊണ്ടു നടക്കുന്നതിന്റെ ഗുട്ടൻസ് ഇനിയും തെളിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ഇ മെയിൽ വിലാസത്തിൽ കയറി അടുപ്പമുള്ള ആർക്കും അടിച്ചുവിടാവുന്നതാണ്, കൂട്ടക്കാരിൽ പലർക്കും ഉള്ള മനസ്സിരിലിരിപ്പ് വിവരിക്കുന്ന ഒരു കത്ത്. പക്ഷേ ആഭ്യന്തരമന്ത്രിയുടേതാണ് വിലാസം എന്നോർക്കണം. പിന്നെ ഓർക്കാനൊന്നുകൂടിയുണ്ട്: താൻ അങ്ങനെയൊരു കത്തയച്ചിട്ടില്ലെന്ന് ഒഴുക്കനായി പറയുന്നതല്ലാതെ, കള്ളക്കത്തിന്റെ സൃഷ്ടികർത്താവിനെ മൂന്നുനാൾക്കകം തുറുങ്കിലടക്കുമെന്ന പ്രഖ്യാപനമൊന്നും രമേശിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഏ കെ ആന്റണിയോടൊപ്പം അടിയന്തരമായി അമേരിക്കയിൽ പോകേണ്ടിവന്നത് മറ്റു കാര്യങ്ങളിലേക്കു ശ്രദ്ധ തിരിക്കാൻ ഒരവസരമായി.







No comments: