പന്ത്രണ്ടു തിങ്കളാഴ്ചക്കു ശേഷം കണ്ടപ്പോൾ, ഗൌരിയുടെ കണ്ണിൽ അത്ഭുതം നിറഞ്ഞിരുന്നു. അവൾ ഓടിപ്പോയി ഒരു മണി എടുത്തുകൊണ്ടുവന്നു. തിളക്കമില്ലാത്ത, പുറമേ ചിത്രപ്പണിയും പിടിയിൽ വൃത്താകൃതിയിൽ നാലു ദ്വാരങ്ങളുമുള്ള ഒരു മണി. എല്ലാ മണിയെയും പോലെ അതും ശബ്ദിച്ചു. പക്ഷേ ഗൌരിയെ അത്ഭുതപ്പെടുത്തിയത് അതായിരുന്നില്ല. മണിയുടെ വാവട്ടത്തെ ഉരുമ്മിക്കൊണ്ട് അവൾ ഒരു തടിക്കഷണം കറക്കി. കറക്കം വേഗത്തിലായതോടെ, മണിയിൽനിന്ന് ഒരു തരം സീൽക്കാരം പുറപ്പെട്ടു. ആരോ അതിന് ഓം എന്നു പേരിട്ടിരുന്നു.
കൂർഗ്ഗിലെ ബൈലകുപ്പയിൽ ടിബറ്റുകാർ തിങ്ങിപ്പാർക്കുന്ന സ്ഥലത്തുനിന്ന് ഗൌരി സ്വന്തമാക്കിയതായിരുന്നു ഓം മണി. മണിയടിയും മണിയൊച്ചയും മണിനാദവും മണിമുഴക്കവുമൊക്കെ ഏറെ കേട്ടിട്ടുള്ള എന്നെയും ഓം മണി അത്ഭുതപ്പെടുത്തി. അതിന്റെ പരിചിതവും സാധാരണവുമായ കിണികിണി അല്ല, ഒന്നിനൊന്നു ഉയർന്നുപോകുന്ന സീൽക്കാരമായിരുന്നു അത്ഭുതത്തിനു നിദാനം. ധ്യാനത്തിലേക്കും ഭക്തിയിലേക്കും അനിവാര്യമായും നയിക്കുമത്രേ ആ മണിധ്വാനം. ഒരു പക്ഷേ എല്ലാ മണികളുടെയും ഉദ്ദേശവും ഫലവും അതാണെന്നു തോന്നുന്നു: മനസ്സ് ഉറപ്പിച്ചുനിർത്തുക.
ടിബറ്റൻ ലാമകളാണ് അതിന്റെ ആശാന്മാർ. മണികളും പതാകളും എന്നും അവരുടെ പരീക്ഷണവസ്തുവായിരുന്നു. പ്രാർഥന എഴുതിയ പതാക കാറ്റിൽ പറക്കുമ്പോൾ, എണ്ണമറ്റ രീതിയിൽ ഉരുവിടുന്നതിന്റെ ഫലമുണ്ടാകും. ആളുകൾ സഹിക്കേണ്ട അധ്വാനം കാറ്റ് ഏറ്റെടുക്കുന്നുവെന്നാണ് സങ്കല്പം. മണിക്കും അങ്ങനെ ചെയ്യാൻ കഴിയും. ഞങ്ങൾക്ക് ഒരു വിവാഹവാർഷികത്തിന് കിട്ടിയ ഉപഹാരം ഒരു തരം മണി ആയിരുന്നു. പല നീളത്തിലുള്ള കുറെ ചെമ്പുകുഴലുകളുമായി ബന്ധിപ്പിച്ച വൃത്താകൃതിയിലുള്ള ഒരു മരത്തകിടിനെ ചരടിൽ തൂക്കിയിട്ടതാണ് ആ മണി. മൈതാനത്ത് തൂക്കിയിട്ടാൽ, കാറ്റിന്റെ കളികൊണ്ട് ഒരിക്കലും ആവർത്തിക്കാത്ത ശബ്ദം അങ്ങനെ മുഴങ്ങിക്കൊണ്ടിരിക്കും. അതിന്റെ ഈണം പറ്റി പോയാൽ, ബോധത്തിന്റെ സീമക്കപ്പുറം ചെല്ലാമത്രേ. ഞങ്ങൾക്കു കിട്ടിയ ഉപഹാരമണി പുറത്തല്ല, സ്വീകരണമുറിയിൽ തൂക്കിയിട്ടു. സംഭാഷണത്തിനിടയിൽ സന്ദർശകർ ഇടക്കിടെ മണിയുടെ സ്മരണികയിലേക്കു തിരിയും. അതിന്റെ തരംഗത്തിലേറി ഞാൻ ചിലപ്പോൾ ധ്യാനത്തിൽ ലയിക്കാറുണ്ടെന്നു പുളു അടിച്ച് അവരെ രസിപ്പിക്കാൻ നോക്കും.
ആദിമമനുഷ്യന്റെ ആദ്യത്തെ ആശയവിനിമയോപാധികളിൽ ഒന്നായ മണിയുടെ പ്രാഗ്രൂപം കണ്ടെത്തിയത് ചൈനയിൽ ആണെന്ന് നരവംശശാസ്ത്രജ്ഞർ പറയുന്നു. അവിടെ കണ്ടുകിട്ടിയ ആദ്യത്തെ മണിക്ക് രണ്ടായിരത്തഞ്ഞൂറു കൊല്ലം പഴക്കമുണ്ടത്രേ. ചൈനക്കാർ അന്നേ മണി ഉപയോഗിച്ചിരുന്നത് ആധിഭൌതികമായ ആശയവിനിമയത്തിനായിരുന്നു പോലും. ഒരു തരത്തിൽ നോക്കിയാൽ, ഓരോ ആചാരത്തിനും ആവിഷ്ക്കാരത്തിനും, ഉത്ഭവദശയിൽ, ആധിഭൌതികബന്ധം ഉണ്ടെന്നു കാണാം. ഏതു കാലത്തും സ്ഥലത്തും മണി ഒരു ദിവ്യസ്വരം കേൾപ്പിക്കാൻ ഉപയോഗിച്ചിരുന്നു. പാട്രിക് പുണ്യവാളൻ ഭിമ്മാകരമായ ഒരു മണി വലികൊണ്ടുവന്നു, തന്റെ സിദ്ധി തെളിയിക്കാൻ. കാലം ചെന്നതോടെ, ആധിഭൌതികതക്കും ആശയവിനിമയത്തിനും അപ്പുറത്തേക്ക് മണി മുഴങ്ങി.
ഏതു രൂപത്തിലും മണി ആകാം--വട്ടത്തിലും ചതുരത്തിലും ത്രികോണത്തിലും. ഏതു സാമഗ്രികൊണ്ടും മണി പണിയാം--മണ്ണുകൊണ്ടും മരംകൊണ്ടും ലോഹംകൊണ്ടും, പിന്നെ മനുഷ്യൻ ഏറ്റവും ഒടുവിൽ കണ്ടുപിടിച്ചിരിക്കുന്ന പ്ലാസ്റ്റിക്കുകൊണ്ടും. പക്ഷേ ലോഹംകൊണ്ടുള്ള മണിതന്നെയാണ് അടിക്കാൻ സുഖം. മണി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വെങ്കലത്തിന്റെ പേരുതന്നെ മണിലോഹം എന്നാണല്ലോ. മണി ഉണ്ടാക്കാൻ വേണ്ടി ചെമ്പും പിച്ചളയും ഉരുക്കിയെടുത്തുനോക്കിയവരുടെ ഗവേഷണത്തിന്റെ ഫലത്തെ മണിലോഹം എന്നു തന്നെ വിളിക്കണം. വിളക്കും വാർപ്പും ആ ഗവേഷണത്തിന്റെ ഉപഫലമാണെന്നു വരുന്നു, അല്ലേ? എന്റെ സ്കൂളിൽ മണിയായി കെട്ടിത്തൂക്കിയിരുന്നത് ഒരു കഷണം തീവണ്ടിപ്പാളമായിരുന്നു.
മണിയുടെ നിരന്തരമായ ആവർത്തനം കമ്പിൽനിന്നു കമ്പിലേക്ക് കുതിക്കുന്ന കുരങ്ങനെപ്പോലുള്ള ചിന്തയെ ഒതുക്കി നിർത്താനും ദേഹത്തിന്റെ ചൂടും രക്തത്തിന്റെ മർദ്ദവും കുറക്കാനും ഉതകും. ജപമാലയുടെ ആദിമമായ ഉദ്ദേശവും വേറൊന്നല്ല. പക്ഷേ ആ മണികൊണ്ട് മനുഷ്യൻ പിന്നെ വേറെ എന്തെല്ലാം സാധിച്ചിരിക്കുന്നു. മണിയടിച്ച് കാര്യം സാധിക്കുകുയും മണിയടി കേട്ടാൽ പ്രസാദിക്കുകയും ചെയ്യുന്നവരെ നമുക്ക് തലമുറകളായി അറിയാം. പല ക്ലബ്ബുകളിലും ഓരോരോ ആവശ്യത്തിന് വിളിച്ചുകൂവുകയല്ല,
മേശപ്പുറത്തുള്ള മണി അടിക്കുകയാണ് പതിവ്. മണിയടി അവിടെ ഒരേ സമയം ആജ്ഞയായും നിവേദനമായും സ്മരണികയായും മാറുന്നു. അടിക്കുന്നയാൾ യജമാനന്റെയും പൂജാരിയുടെയും ഭാവം കൈക്കൊള്ളുന്നു. ഓർമ്മപ്പെടുത്തുന്നതാണ് പലപ്പോഴും മണി. ആലസ്യത്തിൽ ആണ്ടുപോകുന്ന ആകാശങ്ങളെയും ആളുകളെയും ഒരുപോലെ ഉണർത്താനും ഓരോന്ന് ഓർമ്മപ്പെടുത്താനും നാം മണി അടിച്ചുകൊണ്ടിരിക്കുന്നു.
അമ്മുവിന്റെ ആട്ടിൻ കുട്ടിക്ക് മണി ഉണ്ടായിരുന്നോ? മുറ്റത്തും പറമ്പിലും തുള്ളിച്ചാടുന്ന കുഞ്ഞാടിന് കുടമണി ഉണ്ടായാലേ ഐശ്വര്യം തോന്നുകയുള്ളു. അമ്പലപ്പശുവിനും വണ്ടിക്കാളക്കും എഴുന്നള്ളിക്കുന്ന ആനക്കും കഴുത്തിൽ കിലുങ്ങുന്ന മണി വേണം. അതു കെട്ടുന്ന മനുഷ്യൻ മൃഗത്തിന്റെ നൃത്തത്തിന് പക്കമേളം ഒരുക്കുകയാണോ, അതോ തന്റെ ചൊല്പടിയിൽനിന്ന് മൃഗം വഴി വിട്ടുപോകുന്നില്ല എന്ന് ഉറപ്പു വരുത്താൻ ഒച്ച ഉണ്ടാക്കുകയാണോ? എന്തായാലും മണി എന്തിലുമേറെ ഒരു മുന്നറിയിപ്പാകുന്നു. ഒറ്റക്കു വരുന്ന കുഷ്ഠരോഗിയുടെ കയ്യിലെയോ കഴുത്തിലെയോ മണി കേട്ടാൽ, ഭയമുള്ളവർക്ക് ഓടിയൊളിക്കാം; അല്ലെങ്കിൽ അയാളെ ഓടിക്കാം. കൂട്ടമണിയായാൽ, കൂട്ടമുന്നറിയിപ്പാകും. മരണത്തെപ്പറ്റിയോ ആക്രമണത്തെപ്പറ്റിയോ ഉള്ള മുന്നറിയിപ്പ്.
മരണത്തെ അഞ്ച് ഇന്ദ്രിയങ്ങളുടെയും അനുഭവമായി ചിത്രീകരിച്ചുവരുന്നു. തണുപ്പും ഇരുട്ടുമാണ് മരണത്തിന്റെ പരിചിതരൂപകങ്ങൾ. എന്നാലും മരണത്തിന്റെ ശബ്ദം ഇടപ്പള്ളി മുതൽ കവാബാത്ത വരെ നീണ്ടുനീണ്ടുപോകുന്നു. ഇടപ്പള്ളി കേട്ടത് മരണത്തിന്റെ മണിമുഴക്കം ആയിരുന്നെങ്കിൽ, കവാബാത്ത അതിനെ ഒരു നോവലിൽ മലയുടെ ഒച്ചയിൽ ആവാഹിച്ചു. ഇരമ്പുന്ന മല മരണത്തിന്റെ ഉറക്കം കെടുത്തുന്ന മെറ്റഫർ ആയി. ഓരോ ആലോചനയിലും മണി മുഴങ്ങുന്നതാർക്കുവേണ്ടി എന്ന ചോദ്യം ഉയർന്നു. ഓം മണിയുടെ സ്വരവൈചിത്ര്യം കണ്ടും കേട്ടും അത്ഭൂതം കൊണ്ടുനിൽക്കുന്ന ഗൌരിക്ക് ഉത്തരമില്ലാത്ത ആ ചോദ്യത്തിന്റെ ഭംഗി, അവൾക്കു മനസ്സിലാകുന്ന ഭാഷയിൽ, പറഞ്ഞുകൊടുക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ ഈ തിങ്കളാഴ്ച വരെ.
(malayalam news may ten)
1 comment:
:)
Post a Comment