കനകം മൂലം കാമിനിമൂലം
“ഞാൻ അന്നേ പറഞ്ഞിരുന്നല്ലോ” എന്നൊരു ഔദ്ധത്യത്തോടെ തട്ടിമൂളിക്കുന്ന സ്വഭാവമാകും മനുഷ്യന്റെ ഏറ്റവും വലിയ ദൌർബല്യം. തനിക്കെല്ലാം അറിയാം, മൂന്നു കാലവും തന്റെ കാഴ്ചപ്പാടിൽ ഒതുങ്ങും എന്നൊക്കെ ഭാവിക്കാത്ത ആരെയും കാണില്ല. ഇംഗ്ലിഷിൽ I-told-you-so മനോഭാവം പേരു കേട്ടതാണ്, ബോറടിപ്പിക്കുന്നതുമാണ്. മലയളത്തിൽ നമ്മൾ അങ്ങനെ അതിനെ പേരിട്ടു വിളിച്ചിട്ടില്ല. എന്നാലും “അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ, പോരണ്ടാന്ന്” എന്നും മറ്റുമുള്ള പാട്ടുകളിൽ പോലും കത്തിക്കേറിനിൽക്കുന്നത് ആ ദൌർബല്യം തന്നെ. ഗണേശ് കുമാർ രാജി വെക്കുമെന്ന് അപ്പോഴേ ഞാൻ പറഞ്ഞില്ലേ എന്നു പറയുമ്പോൾ ആ ദൌർബല്യം എന്നെ കീഴടക്കുന്നുവെന്ന് ഞാൻ അറിയുന്നു.
അഛനും മകനും തമ്മിൽ ഇങ്ങനെ അടിക്കുമ്പോൾ, ഇങ്ങനെ ഒരേ മേഖലക്കുവേണ്ടി ഇടയുകയും ഇടിച്ചുവീഴ്ത്താൻ ഒരുങ്ങിനിൽക്കുകയും ചെയ്യുമ്പോൾ ഗണേശൻ രാജി വെച്ചൊഴിയേണ്ടിവരുമെന്നു പറയാൻ ത്രികാലജ്ഞാനമൊന്നും വേണ്ട. അതില്ലാതെത്തന്നെ ഞാൻ അങ്ങനെ പ്രവചിച്ചുവെന്നു മനസ്സിലാക്കുക. പ്രവ്ചനം തെറ്റാതിരിക്കാൻ ഞാൻ ഒരു സൂത്രവും പ്രയോഗിച്ചു: ഗണേശൻ രാജി വെക്കാതിരിക്കണമെങ്കിൽ ബാലകൃഷ്ണ പിള്ള ഒഴിഞ്ഞുപോകണം. അങ്ങനെ ചുമ്മാതൊന്നും ഒഴിഞ്ഞുപോകുന്ന ആളല്ല പുള്ളിക്കാരൻ എന്ന് പിള്ളയെ അറിയുന്നവർക്കറിയാം. പക്ഷേ യാമിനി തങ്കച്ചിയുടെ ചവിട്ടുകൊണ്ടിട്ടാകും ഗണേശൻ പോകുക എന്നു ഗണിക്കാനുള്ള ജ്ഞാനം എന്റെ തലയോടിന്റെ പുറത്തേ കിടപ്പുള്ളു.
ബാലകൃഷ്ണ പിള്ള എന്ന പാർട്ടിയുടെ ഇംഗിതത്തിനു വഴങ്ങാത്തതുകൊണ്ട്, പാർട്ടിയുടെ നിർദ്ദേശപ്രകാരം ഗണേശൻ ഇറങ്ങുകയോ മുഖ്യൻ ഗണേശനെ ഇറക്കുകയോ ചെയ്തതല്ല. പിള്ള പതിനട്ടടവും പയറ്റിയിട്ടും ഗണേശനോ മുഖ്യനോ ഗൌനിച്ചില്ല. യാമിനിയുടെ ഒരൊറ്റ ചവിട്ടു മതി, ഗണേശൻ ഉരുണ്ടു പോയി. ചവിട്ടിന്റെ കഥ അവിശ്വസിക്കേണ്ട..പറഞ്ഞത് ഗണേശൻ തന്നെ. ആപ്പിസ് മുറിയിൽ കസാലയിൽ ഇരിക്കുമ്പോൾ, ഗണേശന്റെ മുഖത്തും മുതുകിലും യാമിനി ഇടിക്കുന്നു; ഗണേശൻ താഴെ വീഴുന്നു; വീണേടത്തു വെച്ച് ഗണേശനെ യാമിനി ചവിട്ടുന്നു. അതോടെ അദ്ദേഹം നിശ്ചയിച്ചു വിവാഹം വേർ പെടുത്താൻ എന്ന് അദ്ദേഹത്തിന്റെ തന്നെ മൊഴി. ചവിട്ടു കൊണ്ട് തുടർന്നുപോകേണ്ടതല്ലല്ലോ ഒരു ബന്ധവും.
യാമിനിയുടെ മൊഴിയിലും അടിയുടെയും ഇടിയുടെയും കുത്തിന്റെയും ഒച്ച കേൾക്കാം. പൊലിസു പോലും അതു കേട്ടിരിക്കുന്നു. മ്യൂസിയം പൊലിസ് കേൾക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന ഒച്ച മുഖ്യൻ കേട്ടില്ലെന്നു വരില്ല. പാതിരാവിനോടടുപ്പിച്ച് മുഖ്യന്റെ വസതിയിൽ യോഗമായി. ഗണേശൻ രാജിയുമായി എത്തി. പിള്ള പഠിച്ചതും പഠിക്കാത്തതുമായ പണിയൊക്കെ നോക്കിയിട്ടും പറ്റാത്തത് യാമിനിയുടെ ഒരു പരാതികൊണ്ട് പറ്റി. ഒരു പരാതികൊണ്ട് എന്ന് തീർത്തു പറഞ്ഞുകൂടാ. നേരത്തേ പരാതി മുഖ്യനോടു പറഞ്ഞതാണെന്നും അത് അദ്ദേഹം ഗൌനിച്ചില്ലെന്നും യാമിനി തന്നെ പറഞ്ഞിട്ടുണ്ട്. മുഖ്യനോട് ആദ്യം പരാതിപ്പെട്ടതിനും ഒടുവിൽ പൊലിസിൽ മൊഴി നൽകിയതിനുമിടക്ക് ഉണ്ടായതാണോ ഗണേശനു കിട്ടിയ യാമിനിയുടെ ചവിട്ട് എന്ന് അറിയില്ല. എന്തായാലും ഒടുവിൽ മന്ത്രി ഗണേശനെ ചവിട്ടി പുറത്താക്കിയിരിക്കുന്നു എന്നുവേണം കരുതാൻ.
നമുക്കു നാണമില്ലേ ഇങ്ങനെ ചവിട്ടു കൊള്ളുകയും അതു പറഞ്ഞു നടക്കുകയും ചെയ്യുന്ന അളുകളെ മന്ത്രിമാരാക്കാൻ? ചവിട്ടി പുറത്താക്കിയാലേ പോകൂ എന്നു ശഠിക്കുന്ന ഇവരെ താങ്ങുന്ന ജനത്തിനു വിധിച്ചിട്ടുള്ളതല്ല ആധിപത്യം. ആട്ടും തുപ്പും ചവിട്ടുമൊക്കെ കഴിഞ്ഞിട്ട് ഇപ്പോൾ ഇതാ കേൾക്കുന്നു, ആരും ആരോടും പരാതിപ്പെടാതെ, സ്വത്ത് രമ്യമായി പങ്കിട്ട്, കേസൊന്നുമില്ലാതെ ബന്ധപ്പെട്ടവർ, എന്നു വെച്ചാൽ ബന്ധം തകർക്കുന്നവർ, പിരിഞ്ഞു പോകാൻ പോകുന്നു. ജാമ്യമില്ലാത്ത കേസെടുക്കാനുള്ള പീഡനപരാതി കൊടുത്ത ആളാണ് യാമിനി. അതിനെപ്പറ്റി പൊലിസും പട്ടാളവും കമ്മിഷനുമൊക്കെ ആശങ്കാകുലരായി അന്വേഷണം നടത്തുന്നു. എന്തുകൊണ്ടോ, സ്ത്രീവാദികളുടെ സംയുക്തപ്രസ്താവനകൾ വന്നില്ല. വരും, വരാതിരിക്കില്ല. അതിന്റെ പ്രവാഹത്തിലാണ് മന്ത്രി ഒലിച്ചുപോയതെന്നും കേൾക്കുമാറാകാം.
പക്ഷേ യാമിനി തന്നെ നിലത്തിട്ടു ചവിട്ടി എന്നു വിലപിക്കുന്ന ഗണേശനും ഗണേശൻ തന്നെ ഉപദ്രവിച്ചുവെന്ന് പരാതിപ്പെട്ടിരിക്കുന്ന യാമിയും വിചാരിച്ചാൽ ഇല്ലാതാകുന്നതാണോ അവരുടെ പരാതിക്ക് അടിസ്ഥാനമായ സംഭവം? ജാമ്യമില്ലാത്ത കേസിൽ ഗണേശനെ പിടി കൂടുകതന്നെ വേണം. അല്ലെങ്കിൽ യാമിനിയുടെ പരാതി കെട്ടിച്ചമച്ചതാണെന്ന് തെളിയണം. യാമിനി തന്നെ താഴെയിട്ടു ചവിട്ടി എന്ന മന്ത്രിയുടെ മൊഴി നുണയാണെന്നു തെളിഞ്ഞാൽ പിന്നെ അതിനു കേസ് വേറെ വേണ്ടി വരും. ഇതൊന്നും സ്വത്തു പങ്കിടാൻ ഒരു ഫോർമുല കണ്ടെത്തുകയും അതു കോടതിയിൽ സമർപ്പിക്കുകയും ചെയ്താൽ മാറുന്ന സാഹചര്യമല്ല. നമ്മുടെ മുമ്പിലുള്ള തർക്കം യാമിനിക്കു കിട്ടേണ്ട ഗണേശന്റെ സ്വത്തിനെപ്പറ്റിയല്ല. അതൊരു സിവിൽ കേസായി അവർ തമ്മിലടിച്ചു തീർക്കട്ടെ. നമ്മുടെ മുമ്പിലുള്ള കേസ് ഗണേശൻ യാമിനിയെ--മറിച്ചും--മർദ്ദിച്ചെന്ന പരാതിയാണ്. അവർ രണ്ടു പേരും പണം പങ്കുവെച്ചാൽ ക്രിമിനൽ കേസ് ഇല്ലാതാകുന്നതെങ്ങനെ?
ഗണേശൻ പിള്ളയുടെ വാശിക്കു മുന്നിൽ അടയറവു പറഞ്ഞൊഴിയുകയോ പിള്ള ഇംഗിതം നടക്കാതെ കളി നിർത്തുകയോ ചെയ്തിരുന്നെങ്കിൽ, അതൊരുതരം റിക്കോറ്ഡ് ആകുമായിരുന്നു. ഗിന്നസ് ബൂക്കിലൊക്കെ കയറിക്കൂടാമായിരുന്ന അഛൻ-മകൻ കിടമത്സരം ആയി അത് വിലയിരുത്തപ്പെടാമായിരുന്നു. ഷാജഹാനും ഔരംഗസേബും തമ്മിലുണ്ടായതുപോലുള്ള അടി അത്ര പതിവായി പരസ്യമായി ഉണ്ടാവാറില്ലല്ലോ. അതുകൊണ്ട് പിള്ള-ഗണേശ് ശണ്ഠ ഒരു പ്രത്യേകവിഭാഗത്തില്പെട്ടതാകുമായിരുന്നു. സ്ത്രീവിഷയത്തിൽ ഒരാൾ പുറത്തുപോകുന്നതോ പുറത്തുപോകാതിരിക്കുന്നതോ പുത്തരിയുമല്ല, പഴയരിയുമല്ല.
ഗണേശന്റെ കാര്യത്തിൽ നന്നേ പുതുതായി തോന്നുന്ന എന്തെങ്കിലുമുണ്ടെങ്കിൽ, ചവിട്ടുകൊണ്ട് പുറത്തുപോകുന്നതായിരിക്കും.
സ്ത്രീവിഷയത്തിൽ അധികാരം പോകുന്നത് പണ്ടേക്കുപണ്ടേ നടന്നിരുന്ന കാര്യമാണ്. കലരിപ്പില്ലാത്ത പെണ്വിഷയത്തിൽ അധികാരം പോയതുപോലെ തോന്നിയ ആളാണ് ബിൽ ക്ലീന്റൺ. എങ്ങനെയദ്ദേഹം പിടിച്ചുനിന്നു എന്ന് അദ്ദേഹം പോലും അത്ഭുതപ്പെടുന്നുണ്ടാവും. അത്ര അകലെയൊന്നും പോകേണ്ട, നമ്മുടെ നാട്ടിൽ തന്നെ ഉണ്ടായല്ലോ കയ്യും കലാശവും കാട്ടലും കസാല തെറിക്കലും.
നീലലോഹിതദാസൻ നാടാരെ ആരും മറ്ന്നിട്ടുണ്ടാവില്ല. അദ്ദേഹം ഹിന്ദിയിൽ ഡോറ്ററേറ്റ് ഉള്ള ആളാണ്. ഹേമവത് നന്ദൻ ബഹുഗുണയുടെ ചെറുഗുണയായി കേരളത്തിൽ വേരു പിടിച്ച ആളാണ്. എം എൻ ഗോവിന്ദൻ നായരെ തോല്പിച്ച ആളാണ്. നാടാർ കാർഡ് ഫലപ്രദമായി കളിച്ചവരിൽ നേശമണിക്കുശേഷം ആദ്യമായി പറയുക നീലലോഹിതദാസൻ നാടാരുടെ പേരായിരിക്കും. സിരകളിൽ നീലരക്തം ഉണ്ടെന്നു തെളിയിക്കാൻ വെമ്പിയിരുന്ന അദ്ദേഹം പക്ഷേ സെക്രട്ടറിയെ കേറി പിടിക്കാൻ പോയെന്നോ മറ്റോ കേസുണ്ടായി. മന്ത്രിപ്പണി പോയി.
പി ജെ ജോസഫ് ഇന്നും സമ്മതിക്കില്ല, അദ്ദേഹത്തിന്റെ കൈ വിമാനത്തിൽ മുന്നിലിരുന്ന സ്ത്ര്രീയുടെ ദേഹത്ത് മുട്ടിയെന്നും, അദ്ദേഹം തന്നെ മുങ്കൈ എടുത്ത് മുട്ടിച്ചതാണെന്നും. കുറച്ചിട പിടിച്ചുനിന്നു, വിമാനം പറന്നുയരുന്ന കോണും യാത്രക്കരൻ കൈ പൊക്കുമ്പോഴത്തെ കോണും മറ്റും വായുവിൽ വരച്ചുനോക്കി അപകടം വന്നിരിക്കാനുള്ള സാധ്യത വിവരിച്ചുകൊണ്ട്. ഒടുവിൽ അതൊന്നും വിലപ്പോവാതെ വന്നപ്പോൾ മന്ത്രിപ്പണി പോയി. പിന്നെ കാലഗതിയിൽ ജോസഫിന് സദാചാരത്തിന്റെ സാക്ഷ്യപ്ത്രം എങ്ങനെയോ കൈവന്നു. അധികാരം വീണ്ടും തരപ്പെട്ടു.
ഗണേശനോ ജോസഫോ അല്ല പെൺകാര്യത്തിൽ കുടുങ്ങി കഴ്റ്റപ്പെടുന്ന ആദ്യത്തെ കേരളകോൺഗ്രസ്സുകാർ. കേരള കോൺഗ്രസ് ഉണ്ടായതു തന്നെ പെണ്വിഷയത്തിൽനിന്നാണെന്നു പറയാം. തന്റെ കാലശേഷം അങ്ങനെയൊരു കർഷക-ക്രൈസ്തവ-തിരുവിതാംകൂറീയകക്ഷി ഉണ്ടാകാൻ ഇടവരുത്തിയ പി ടി ചാക്കോ എന്തുകൊണ്ടും അമ്പതുകളിൽ നിറഞ്ഞുനിന്ന ആളായിരുന്നു. പീച്ചിക്കു പോകുമ്പോൾ അദ്ദേഹത്തിന്റെ വണ്ടി ഒരു കാളവണ്ടിയിൽ മുട്ടിയത് തീരെ ചിന്ന വിഷയമായിരുന്നു. കാറിൽ ഒരു സ്ത്രീ ഉണ്ടായിരുന്നുവെന്ന വാർത്ത ആ മുട്ടൽ ഒരു മുട്ടൻ സംഭവമാക്കി മാറ്റി. കോൺഗ്രസ്സിലെ ഉൾപ്പോർ ചാക്കോവിനെ അതിന്റെ രക്തസാക്ഷിയാക്കി. അദ്ദേഹത്തിന്റെ പേരു പറഞ്ഞ്, “ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ” എന്നു പറഞ്ഞ് കെ എം ജോർജ്ജും കെ എം മാണിയും ആർ ബാലകൃഷ്ണ പിള്ളയും മറ്റും രംഗത്തെത്തി. ഇപ്പോൾ ബാലകൃഷ്ണപിള്ളയുടെ മകൻ അങ്ങനെ ഒരു വിഷയത്തിൽ പെട്ടിരിക്കുന്നു. പിള്ളക്കു കൂസലില്ല. തന്നെ ജനിപ്പിച്ചതും താൻ തന്നെ ആണെന്നു ഗണേശൻ പറഞ്ഞാൽ പോലും വിരോധമില്ലെന്നാണ് പിള്ളയുടെ സംസാരം. “കനകം. മൂലം കാമിനി മൂലം കലഹം” എന്നു പറഞ്ഞ് ഗണേശാനു നേരേ വിരൽ ചൂണ്ടുന്നവർക്ക് അഛന്റെ നേരേയും ഓട്ടക്കണ്ണിട്ടുനോക്കാം. അപ്പോൾ പക്ഷേ “കനക്ം മൂലം” എന്ന പ്രയോഗത്തിനായിരിക്കും പ്രസക്തി എന്നു മാത്രം.
No comments:
Post a Comment