മാറുന്ന കൂറും കുറ്റവും
കുറ്റമെന്താണെന്നറിയില്ല. ന്യായാധിപൻ ആരാണെന്നറിയില്ല. വിചാരണ നടക്കുന്നു, ശിക്ഷ വരാനിരിക്കുന്നു, തന്റെ ഭാഗം പറയാൻ ഒരു വഴിയും കാണാതെ പ്രതി കഷണിക്കുന്നു. ആ നിസ്സഹായതയാണ് കാഫ്കയുടെ ജോസഫ് കെ എന്ന കഥാപാത്രം അനുഭവിക്കുന്നതെങ്കിൽ, നമ്മുടെ നാട്ടിലും കാലത്തും കുഴങ്ങുന്നത് ന്യായാധിപരും പൊലിസുകാരുമാകുന്നു. പല്ലിളിക്കുന്ന പ്രതികളുടെ മുന്നിൽ നാണം കെട്ടുനിൽക്കേണ്ടതാണ് പൊലിസുകാരുടെ ഗതികേട്.
ടി പി ചന്ദ്രശേഖരൻ കൊലക്കേസിൽ, പ്രതികൾക്കനുകൂലമാകും വിധം കൂറു മാറാത്തവരായി ഏതു സാക്ഷിയുണ്ടാകും എന്നേ ഇനി അന്വ്വേഷിക്കേണ്ടതുള്ളു. തങ്ങൾ പഴുതെല്ലാം അടച്ച് ഹാജരാക്കിയിരുന്ന സാക്ഷികൾ കൂട്ടത്തോടെ കൂറു മാറുമ്പോൾ, ആർക്കെന്തു ചെയ്യാൻ കഴിയും എന്നതായിരിക്കും പൊലിസിന്റെ ഇപ്പോഴത്തെ മനോഗതം. ഒരു സാക്ഷിയുടെ മൊഴി അവിശ്വാസ്യമാണെന്ന നിഗമനത്തിൽ ന്യായാധിപന് എത്തിച്ചേരാം, വസ്തുനിഷ്ഠമായി സാഹചര്യവും രേഖയും വിലയിരുത്തിയിട്ട്. പക്ഷേ ഔപചാരികമായി അവതരിപ്പിക്കപ്പെട്ട സാക്ഷിമൊഴിയെല്ലാം പാഴായിരുന്നുവെന്ന് സാക്ഷികൾ തന്നെ രണ്ടാം വട്ടം ആണയിട്ടു പറഞ്ഞാൽ ന്യായാധിപൻ എന്തു ചെയ്യും? സാക്ഷി കൂറു മാറിയെന്ന സ്വയം പ്രഖ്യാപനത്തെ തള്ളി, ആദ്യത്തെ മൊഴിയുടെ പിൻബലത്തിൽ തന്നെ വിധി എഴുതാമോ? അതും ഇത്രയേറെ സാക്ഷികൾ ഒന്നിനു പുറകേ ഒന്നായി തട്ടകം മാറ്റി ചവിട്ടുമ്പോൾ. നിയമത്തിന്റെ സങ്കീർണതയും നിസ്സഹായതയും വെളിപ്പെടുത്തുന്ന ആ പ്രശ്നം ദുരന്ധരന്മാർ ചർച്ച ചെയ്യട്ടെ.
പൊലിസിന്റെ ഇതുപോലൊരു മാനസിക പാപ്പരത്തം അടുത്തൊന്നും കണ്ടിട്ടില്ല. പൊലിസ് ദത്തെടുക്കുകയോ വാർത്തെടുക്കുകയോ ചെയ്യുന്ന സാക്ഷികൾ ഇല്ലാത്തവരല്ല. കൂടിയേ കഴിയൂ എന്നു വരുമ്പോൾ ഒന്നോ രണ്ടോ സാക്ഷികളെ മാപ്പിനായോ മാപ്പില്ലാതെയോ പൊലിസ് തന്നെ സ്ര്‌ഷ്ടിച്ചെടുക്കാറുണ്ട് എന്ന് എല്ലാർക്കും അറിയാം. അവരുണ്ടായിട്ടോ അവരെക്കാരണമോ പല പൊലിസ് കേസുകളും പൊളിഞ്ഞെന്നു വരാം. എല്ലാവർക്കും ഏറെക്കുറെ ഉറപ്പായ കുറ്റത്തിന് ശിക്ഷിക്കപ്പെടാതെ, സംശയത്തിന്റെ ആനുകൂല്യത്തോടെ പ്രതികൾ തലയൂരിപ്പോരുന്ന സന്ദർഭങ്ങൾ നന്നേ കുറവല്ല. അത് പൊലിസിന്റെ പരാജയമാണെന്നു തൂർത്തും പറഞ്ഞു കൂടാ. നാം അനുവർത്തിക്കുന്ന നിയമക്രമം അനുസരിച്ച്, ആയിരം കുറ്റവാളി തലയൂരിപ്പോയാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്നാണല്ലോ. ആർക്കും എതിർപ്പുണ്ടാകാൻ ഇടയില്ലാത്തതാണ് ആ പ്രമാണം. അതിൽനിന്ന് നേരേ ഉരുത്തിരിയുന്നതാണ് സംശയത്തിന്റെ നിഴൽ പോലുമേശാതെ തെളിയിക്കപ്പെടുന്ന കുറ്റത്തിനേ ശിക്ഷ പാടുള്ളു എന്ന ആചാരം. സ്ഥലത്തിന്റെയും കാലത്തിന്റെയും അംഗീകാരം നേടിയ ആ ആചാരം സർവ്വസമ്മതം തന്നെ.
അതുകൊണ്ട് തെളിവിന്റെ അവ്യക്തതയോ അപര്യാപ്തതയോ ചൂണ്ടിക്കാട്ടി, സംശയത്തിന്റെ പുകയോ മറയോ കെട്ടിപ്പൊക്കി, കുറ്റവാളിയെ രക്ഷിച്ചെടുക്കുന്നതായിരിക്കുന്നു പ്രതിഭാഗം വക്കീലിന്റെ സ്വയംസമർപ്പിതമായ ദൌത്യം. അവരിൽ കേമന്മാർ നിയമത്തിന്റെ പഴുതുകളെ അതിവിദഗ്ധമായി ഉപയോഗിച്ച് കുറ്റത്തെ ഫലത്തിൽ പവിത്രീകരിക്കുകയും പണമുണ്ടാക്കുകയും ചെയ്യുന്നു. കുറ്റത്തെപ്പറ്റി സംശയം അസാരവും ഇല്ലാതായാലേ ശിക്ഷ പാടുള്ളുവെന്ന സാഹചര്യത്തിൽ അതങ്ങനെയാവാതെ തരമില്ല. എനിക്കറിയാമായിരുന്ന ജി രാമസ്വാമി എന്ന പ്രഗൽഭനായിരുന്ന വക്കീലിനെപ്പറ്റി അദ്ദേഹം തന്നെയോ അദ്ദേഹത്തിന്റെ അനുജ്ഞയോടെയോ പറഞ്ഞുപരത്തിയിരുന്ന ഒരു ഫലിതമുണ്ട്. വക്കീലിന്റെ കർത്തവ്യത്തിന്റെ ജി ആർ നിർവചനമാണതെന്നു പറയാം. കേസു ജയിക്കൽ തന്നെ കർത്തവ്യം. അതിനുള്ള വഴിയോ? ആദ്യം കേസും നിയമവും പഠിച്ചു നിരത്തി തന്റെ ഭാഗം ന്യായാധിപനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുക. ന്യായാധിപനു തന്റെ ഭാഗം ബോധ്യപ്പെടുന്നില്ലെങ്കിൽ, ന്യാധിപനെ ചിന്താക്കുഴപ്പത്തിലാക്കുക, തീരുമാനം അസാധ്യമാക്കുക, സംശയത്തിന്റെ നിഴൽ കോടതിയിലെങ്ങും പരത്തുക. ഈ രണ്ടു വഴിയും പറ്റാതെ വരുമ്പോൾ, തന്റെ ഭാഗം ന്യായാധിപൻ തള്ളാൻ പോകുന്നുവെന്നു വരുമ്പോൾ, ചെയ്യാവുന്നതായി ഒരേ കാര്യമേയുള്ളു. ന്യായാധിപനെ വിലക്കെടുക്കുക. അതും ചിലപ്പോൾ ഫലിക്കും. പക്ഷേ ആ ഒടുവിലത്തെ കുറ്റം ഫലിതമായി തന്റെ പേരിൽ കെട്ടിവെക്കുന്നതാണെന്ന് ജി ആർ കള്ളച്ചിരിയോടെ തട്ടിവിടും. ഇംഗ്ലിഷിൽ ആ തന്ത്രത്തെ മൂന്ന് സി എന്ന അക്ഷരങ്ങളുടെ സമുച്ചയമായാണ് അറിയുക. Convince the judge. Confuse the judge. Corrupt the judge.
തീരുമാനം എടുക്കാൻ അമാന്തിക്കുന്നതാണെങ്കിലും, അത്തരം വൈതരണികളെയെല്ലാം മറികടന്ന്, ഏറെക്കുറെ ബലിഷ്ഠമായി നിലകൊള്ളുന്നതാണ് നമ്മുടെ നീതിന്യായവ്യവസ്ഥ. നിരപരാധികൾ ശിക്ഷിക്കപ്പെടാറില്ല. തെളിവില്ലാത്തതുകൊണ്ടോ സംശയം തീരാത്തതുകൊണ്ടോ അപരാധികൾ രക്ഷപ്പെടുമ്പോഴും വ്യ്‌വസ്ഥിതി അട്ടിമറിക്കപ്പെടുന്നതായി അനുഭവപ്പെടുന്നില്ല. പൊലിസിനോ വക്കീലിനോ പരാജയബോധമോ കോടതിക്ക് നിസ്സഹായതയോ തോന്നേ ണ്ട കാര്യമില്ല. പക്ഷേ പഴുതുകളെല്ലാം അടച്ചെന്നു കരുതി, പൊലിസ് ഏറെ പണിപ്പെട്ട് അവതരിപ്പിക്കുന്ന സക്ഷികൾ ഒന്നടങ്കം കൂറുമാറുമ്പോൾ ഉഉണ്ടാകുന്ന മലീമസത പരമമാകുന്നു. അന്വേഷണത്തിന്റെ സാധ്യതയും സത്യസന്ധതയും കേട്ടുമടുത്ത തമാശപോലെയായിപ്പോകുന്നു. ഈ സ്ഥിതിവിശേഷം എങ്ങനെ നേരിട്ട് തടയാമെന്ന് നിയ്മജ്ഞരും പൊലിസും ഒരുമിച്ചിരുന്ന് ആലോചിക്കേണ്ടതാണ്.
അതിനോളം, അതിനെക്കാളും, ആപൽക്കരമാണ് ആ പ്രവണത ഉയർത്തുന്ന രാഷ്ട്രീയപോക്കിരിത്തം. ഒരു കാലത്ത് സി പി എമ്മിൽ ആയിരുന്ന ടി പി ചന്ദ്രശേഖരന്റെ കൊലക്കു പിന്നിൽ അദ്ദേഹത്തെ വർഗ്ഗവഞ്ചകനും ശത്രുവുമായി കരുതിയിരുന്ന സി പി എം തന്നെയണെന്നായിരുന്നു ശ്രുതി. അതിനെ പിന്തുണക്കുന്നതായിരുന്നു അന്വേഷണത്തിൽ കണ്ടടെത്തതും കോടതിയിൽ അവതരിപ്പിക്കപ്പെട്ടതുമായ തെളിവും സാക്ഷികളും. സാക്ഷികൾ കൂറുമാറുകയും സി പി എമ്മുമായി ടി പി വധത്തെ ബന്ധപ്പെടുത്തുന്ന കേസ് പൊളിയുകയും ചെയ്താൽ, മെച്ചം സി പി എമ്മിനുതന്നെ. ആ വധത്തിന്റെ പേരിൽ പാർട്ടിയിലെ രണ്ടു ചേരികൾ തമ്മിൽ ഭിന്നതയുണ്ടെന്ന കാര്യവും എടുത്തു പറയണം.
സാക്ഷികളെ കൂറു മാറ്റിയതിനു പിന്നിൽ സി പി എം ആണെന്ന് ഇതുവരെ ആരും ഉറക്കെയോ, ഔപചാരികമായോ പറഞ്ഞിട്ടില്ല. കോടതിയിൽ കേസ് നടക്കുകയല്ലേ, തൊള്ളയിൽ തോന്നിയത് വിളിച്ചു പറയാമോ? എന്നാലും ഇങ്ങനെ ജനക്കൂട്ടം അഭിപ്രായം മാറ്റുന്നതുപോലെ സാക്ഷികൾ ഒന്നിനുപുറകേ അന്നായി കൂറു മാറി, സി പി എം നേതൃത്വത്തിനു രക്ഷപ്പെടാവുന്ന സാഹചര്യം സൃഷ്ടിക്കണമെങ്കിൽ, നേതൃത്വത്തിന്റെ കൂടി ഒത്താശയോ അനുഗ്രഹമോ ഇല്ലാതെ വരുമോ? പേടിപ്പെടുത്തുന്നതാണ് ആ ചോദ്യം.
പേടിപ്പെടുത്തുന്ന ആ ചോദ്യത്തെ രണ്ടു തരത്തിൽ കാണാം. പാർട്ടി വിട്ടുപോയ ചന്ദ്രശേഖരൻ വേറൊരു പാർട്ടി രൂപീകരിച്ചതിൽ അസഹിഷ്ണുവായ പാർട്ടി വളഞ്ഞ വഴിക്കോ നേരിട്ടോ അദ്ദേഹത്തെ കൊല്ലാൻ ഏർപ്പാടു ചെയ്തു എന്ന സംശയത്തിൽ ഉൾച്ചേർന്നിരിക്കുന്നത് തനിക്കെതിരായവരെ തട്ടിക്കളയും എന്ന ഫാസിസ്റ്റ് ഭീഷണിയാണ്. കമ്യൂണിസ്റ്റ് പിതൃഭൂമിയിലെ പല രാജ്യങ്ങളിലും നടപ്പാക്കിയിരുന്നതാണ് ആ ഭീഷണി. സ്റ്റാലിൻ അവർക്കു നൽകിയ ഉത്തേജനം ചരിത്രത്തെ കിടിലം കൊള്ളിക്കുന്നതാണ് ഇന്നും.
അതിനോടു ചേർത്തു വായിക്കണം ആ ചോദ്യത്തിന്റെ രണ്ടാമത്തെ വശത്തെ. ഉത്തരവാദിത്വമുള്ള, ജനാധിപത്യബോധമുള്ള, കയ്യാങ്കളികൊണ്ട് അധികാരം പറിച്ചുവാങ്ങുകയോ പങ്കിടുകയോ ചെയ്യേണ്ട എന്നു തീരുമാനിച്ചിട്ടുള്ള ഒരു പാർട്ടിയും കൊലക്ക് കൂട്ടുനിൽക്കുകയില്ല. അഥവാ, ആരെങ്കിലും പാർട്ടിയുടെ പേരിൽ കൊല നടത്തിയാൽ, അതിനെ തള്ളിപ്പറയാൻ ആർജ്ജവം കാട്ടുകയും ചെയ്യും. അങ്ങനെയൊരു പാരമ്പര്യമോ ദൊർബ്ബല്യമോ ഉള്ളതല്ല കേരളത്തിലെ സി പി എം. പാർട്ടി വിട്ടുപോയ എം വി രാഘവൻ വേട്ടയാടപ്പെട്ടിരുന്ന കാലത്ത്, അദ്ദേഹം വളർത്തിയിരുന്ന മുയലിനെയും മാടിനെയും രാജ്വെമ്പാലയെയും തീയിട്ടു കൊന്ന ജനക്കൂട്ടത്തിന്റെ ചുക്കാൻ സി പി എം പ്രവർത്തകർക്കായിരുന്നുവെന്ന് അന്ന് എല്ലാവരും അറിഞ്ഞിരുന്നു. അവരെ തള്ളിപ്പറയാൻ സി പി നേതൃത്വം തയ്യാറായില്ല.
ആ പശ്ചാത്തലത്തിൽ നോക്കുമ്പോൾ അടിക്കടിയുണ്ടാകുന്ന കൂറുമാറ്റം, പ്രത്യേകിച്ചും അത് സി പി എമ്മിന് അനുകൂലമാകുമ്പോൾ, ഭീതിയും സംശയവും ജനിപ്പിക്കുന്നു. കേരളത്തിലെ പ്രബലമായ ഒരു കക്ഷി, ജനസ്വാധീനം നേടിയിട്ടുള്ള ഒരു കക്ഷി, നിയമത്തെയും കോടതിയെയും കുറ്റത്തെയും സമീപിക്കുമ്പോൾ, ഇങ്ങനെയൊരു നയവും അഭിനയവും കാഴ്ച വെക്കുമ്പോൾ, വേറെ എന്താണ് തോന്നുക? ആ പാർട്ടിയെ എങ്ങനെയാണ് നിയമപരമായും രാഷ്ട്രീയമായും കൈകാര്യം ചെയ്യുകയെന്ന് അതിലെ ഉത്പതിഷ്ണു വിഭാഗവും മറ്റു രാഷ്ട്രീയവേദികളും അടിയന്തരമായി ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.
No comments:
Post a Comment