നാം തിന്നുന്ന രീതി
കന്യാകുമാരിയിലെ വഴിയരികിൽ സംഗം എന്നു കണ്ടപ്പോൾ ജയശ്രീക്ക് തൃപ്തിയായി. വണ്ടി പുറകോട്ട് സംഗത്തിലേക്ക് പോകട്ടെ എന്നായി അവർ. കനഡയിൽ ഏറെക്കാലം ജീവിച്ചിട്ടും സസ്യാഹാരവ്രതം അനുഷ്ഠിക്കുന്നവരാണ് ജയശ്രീ എന്നായിരുന്നു എന്റെ ധാരണ. എന്നിട്ടും സംഗത്തിന്റെ പരസ്യത്തിന്റെ സ്വഭാവവും മട്ടും മാതിരിയും കണ്ടിട്ടും അവർ പിൻ തിരിയാത്തതിൽ എനിക്ക് അത്ഭുതം തോന്നി. എന്റെ സസ്യാഹാരസംസ്ക്കാരം അവരുടേതിൽനിന്ന് വ്യത്യസ്തവും മൌലികവാദപരവുമാകാമെന്ന് ഞാൻ സംശയിച്ചു. ഞാൻ പറഞ്ഞു: “സംഗത്തിലാണെങ്കിൽ, ഞാൻ ഭക്ഷണത്തിനില്ല.” ഇഷ്ടമില്ലാത്തതു മണത്താൽ, വിശപ്പുള്ളപ്പോഴും ഒക്കാനിക്കാറുള്ള എന്റെ ഭാര്യ അകത്തുകയറിയപ്പോഴേ മുഖം ചുളിക്കാൻ തുടങ്ങി. ഞങ്ങൾ ഉടനേ പുറത്തിറങ്ങി വേറെ ഭക്ഷണശാല തിരഞ്ഞു. മിശിഹയുടെ ഔദ്ധത്യത്തോടെ ഞാൻ ജയശ്രീയോടു പറഞ്ഞു: സസ്യാഹാരം വിളമ്പുന്ന സ്ഥലമായാൽ പോരാ, കാലാകാലമായി നാം സസ്യാഹാരത്തോടു ബന്ധപ്പെടുത്തുന്ന അന്തരീക്ഷവും ഉണ്ടായാലേ മനസ്സിൽ പിടിക്കുകയുള്ളു.
മനസ്സിൽ പിടുത്തത്തിന്റെ രീതികൾ വിചിത്രമാണ്. കൊച്ചിയിലെ രാമവർമ്മ ക്ലബ്ബിൽ സുഹൃത്തുക്കളുമായി സൊള്ളിക്കൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ, പെട്ടെന്നെന്തോ തൊണ്ടയിൽ കുരുങ്ങി. കടിച്ചാൽ പൊട്ടാത്തതെന്തോ ഒന്ന്. പെരുമാറ്റത്തിൽ അയവുവരുത്തുന്ന ചിലതൊക്കെ അകത്തുള്ളതുകൊണ്ട് സ്വാദിനെപ്പറ്റി ഒരു പക്ഷേ ആദ്യം ഞാൻ ശ്രദ്ധിക്കാതെ പോയതാവാം. ശ്രദ്ധിച്ചപ്പോൾ, ഒപ്പമുണ്ടായിരുന്ന സസ്യാഹാരിയായ എം ജി ബാലകൃഷ്ണനോടു പറഞ്ഞു: എം ജി ബി ഇനി മതിയാക്കൂ. ഞങ്ങളൂടെ ഭക്ഷണത്തിൽ ഞങ്ങൾ ശീലിക്കാത്ത എന്തോ കേറിയിരിക്കുന്നു. ഒരു ശപഥം ലംഘിച്ച ഭാവമായിരുന്നു എനിക്കും എം ജി ബിക്കും. അടുത്തുള്ളവർക്കു തോന്നി, വേണ്ടെങ്കിൽ വേണ്ട. അതിനിത്ര ബഹളം വെക്കുന്നതെന്തിന്? അവർക്കറിയില്ല, വേണ്ടാത്തത് വായിൽ പെട്ടാൽ മറ്റു ചിലർക്കുണ്ടാകുന്ന വിഷമം. കാലാ പാനി എന്ന സിനിമയിൽ വേണ്ടാത്തത് വായിൽ കുത്തിക്കേറ്റിയ ഒരാൾ കടലിൽ ചാടി മരിച്ചതോർമ്മയില്ലേ?
ആദ്യത്തെ വിദേശയാത്രയിൽ എന്തു കഴിക്കണമെന്നറിയാതെ ഞാൻ കഷ്ടപ്പെട്ടതോർക്കുന്നു. ഡെൽറ്റ ചെത്സീ എന്ന ടൊറോന്റോയിലെ ഹോട്ടലിൽ പേരറിയാത്ത എന്തെല്ലാമോ ഭക്ഷണം നിരത്തിവെച്ചിരിക്കുന്നു. ഒരൊറ്റൊന്നും തൊടാൻ ധൈര്യമില്ല. എന്തിലും മാംസാംശം കാണാം. സസ്യാഹാരം നിർബ്ബന്ധമുള്ളവർക്ക്, തയ്യാറാക്കിയ ആഹാരത്തിൽ മാംസാംശമുണ്ടെങ്കിൽ, അതെടുത്തുമാറ്റി സസ്യാംശം മാത്രമാക്കി കൊടുത്താൽ പോരേ എന്നൊരു യുക്തികേട്ടു. അതുകൊണ്ട് ആദ്യമൊക്കെ പച്ച വെള്ളരിക്കയുടെയും കാരറ്റിന്റെയും തക്കാളിയുടെയും കഷണങ്ങളൂം മാംസം ഒട്ടും കലരാത്ത പുളിപ്പുള്ള പാനീയവും കഴിച്ച് മനസ്സിന് ചൊടി കൂട്ടി. മാംസമേ കഴിക്കൂ എന്നു നിർബ്ബന്ധമുള്ള അളിയൻ വേണുവിന് എന്നെ കളിയാക്കാൻ ഇതില്പരം നല്ലൊരു വിഷയം കിട്ടാനില്ലായിരുന്നു.
എന്റെ സസ്യാഹാരമൌലികവാദത്തെ പഴിക്കുന്നതും പുഛിക്കുന്നതുമായിരുന്നു മകൻ കാർത്തികേയൻ കഴിഞ്ഞ ആഴ്ച ന്യൂയോർക് ടൈംസിലെ ഭക്ഷണപംക്തിയിൽനിന്ന് എടുത്തയച്ചുതന്ന ലേഖനം. സസ്യാഹാരികൾ അറിയാതെ എഹ്റ്റ്ര മാംസാംശം അകത്താക്കുന്നു! പ്രധാനമായും മരുന്നിന്റെ രൂപത്തിലാണ് മാംസാംശം അവർ ഭക്ഷിക്കാൻ ഇട വരുന്നത്. രാസപദാർഥങ്ങളുടെ പേരാവുമ്പോൾ ഒന്നും തിരിച്ചറിയുകയില്ലല്ലോ. സന്ധികളിലെ വേദന മാറ്റാൻ കൈ കണ്ട ഔഷധമായി ഞങ്ങൾക്ക് വിശ്വാസമുള്ള ഒരു ഡോക്റ്റർ ഒരിക്കൽ ഒരു ഗുളിക നിർദ്ദേശിച്ചു. മൂന്നു മാസം കഴിക്കണം. അമേരിക്കയിൽ പലരും ഉപഹാരമായി കൊടുക്കുന്നതാണ്. വേദനക്കെന്നല്ല, വെപ്രാളത്തിനും വൈരത്തിനും വേപഥുവിനും മരുന്നു കണ്ടെത്തിയിട്ടുള്ളവരാണ് വമ്പൻ അരസ്യക്കാരായ അമേരിക്കൻ ഔഷധനിർമ്മാതാക്കൾ. അതറിഞ്ഞുകൊണ്ടെതന്നെ എന്റെ ശ്രീമതി അതു പരീസ്ക്ഷിച്ചുനോക്കി. നല്ല സുഖം. പക്ഷേ ആ സുഖം ഏറെക്കാലം നീണ്ടുനിന്നില്ല. അതിൽ കടൽക്കക്കയുടെ സത്ത് ചേർത്തിട്ടുണ്ടെന്ന് ഞാൻ കണ്ടുപിടിച്ചതോടെ ശ്രീമതി സുഖം വേണ്ടെന്നു വെക്കുകയായിരുന്നു.
സസ്യാഹാരമാണ് കൂടുതൽ ആരോഗ്യകരം എന്നൊരു തിയറി പല കോണുകളിലും പ്രചരിച്ചുവരുന്നുണ്ട്. പച്ചക്കറി മാത്രം കഴിക്കുന്നവരിൽ ചില രോഗങ്ങൾ കണ്ടിട്ടില്ലത്രേ. കൊഴുപ്പുകൂടിയ മാംസം ക്ഷണിച്ചുവരുത്തുന്ന രോഗങ്ങൾ പലതാണ്. പക്ഷേ ആരോഗ്യത്തിനുവേണ്ടി മാത്രമല്ലലോ ഭക്ഷണം. രസനയെ ഉദ്ദീപിപ്പിക്കുന്നതും ലഹരി പിടിപ്പിക്കുന്നതുമായിരിക്കണം പലർക്കും ഭക്ഷണം. പച്ചക്കറിയെത്തന്നെ മാംസത്തിന്റെ ചുവയുള്ളതാക്കി മാറ്റുന്ന ചില പാചകപാകങ്ങൾ നമുക്കുണ്ട്. പച്ചക്കറിയേ കഴിക്കൂ എന്നു നിർബ്ബന്ധം പിടിക്കുകയും മാംസത്തിന്റെ രുചി ഇഷ്ടപ്പെടുകയും ചെയ്യുന്ന ഹിപ്പോക്രിറ്റുകൾക്കു വേണ്ടി ആവിഷ്കരിക്കപ്പെട്ടവയാണ് ആ പാകങ്ങൾ.
പുതിയ പാചകപാക്ങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ആപത്തിനെ ഉയർത്തിക്കാട്ടുന്ന ചില ഭക്ഷ്യപ്രസ്ഥാനങ്ങളും നിലവിൽ വന്നിരിക്കുന്നു. കാർഷികോല്പന്നങ്ങളുടെ തനിമ വള്രെയൊന്നും കൈമോശം വന്നുപോകാത്ത രീതിയിലായിരുന്നു ഒരു കാലത്ത് പാചകം. മസാലയുടെ ചേരുവ അത്രയൊന്നും ഉണ്ടായിരുന്നില്ല. പച്ചക്കറിയെ വളരെ സങ്കീർണ്ണവും അതിന്റെ തനിമ തമസ്ക്കരിക്കുന്നതുമായ പാചകപ്രക്രിയക്കു വിധേയമാക്കിയിരുന്നുമില്ല. ഇപ്പോൾ രുചിഭേദം ആവശ്യപ്പെടുന്നതനുസരിച്ച് കാർഷികോല്പന്നങ്ങളെ അതാണെന്നു തിരിച്ചറിയാത്ത രീതിയിൽ ഭക്ഷണത്തിനൊരുക്കുന്നു. രാസവളം ഉപയോഗിച്ചുണ്ടാക്കുന്ന പച്ചക്കറി വർജ്ജിക്കാനും പ്രകൃതിഭോജനശാലകൾ സ്ഥാപിക്കാനും ഈയിടെയായി ചിലർ ഉത്സാഹിച്ചുവരുന്നതുകാണാം.
ഫാസ്റ്റ് ഫുഡ് എന്നൊരു ഫാഷൻ നിലവിൽ വന്നിരിക്കുന്നു. അതിന്റെ ദോഷങ്ങളെപ്പറ്റി കാവ്യാത്മകമായ വിശദീകരണങ്ങൾ നിലവിലുണ്ട്. കാർലോസ് പെറ്റ് റിനി എന്നൊരാൾ സ്ലോ ഫുഡ് എന്നൊരു പ്രസ്ഥാനം തന്നെ ബദലായി തുടങ്ങിയിരിക്കുന്നു. പക്ഷേ ആഹാരം രുചികരമായും വേഗത്തിലും താരതമ്യേന വില കുറഞ്ഞും കിട്ടാൻ ഭാഗ്യം തന്നെ വേണം. ഫാസ്റ്റ് ഫുഡ് ശൃഖലകൾ വളരുന്നത് വലിയ ഭക്ഷണശാലകളുടെ ഔപചാരികത്വത്തിനോടുള്ള ഒരു വെല്ലുവിളീയായിട്ടുകൂടിയാണ്.
കൂട്ടത്തിൽ പറയട്ടെ, നമ്മുടെ ഭക്ഷണശാലകൾ വിളമ്പുന്ന മട്ടിലുള്ള ഭക്ഷണം ആവശ്യമാണോ? ഉച്ചഭക്ഷണത്തിന് ഇത്രയേറെ വിഭവങ്ങൾ ഇത്ര അളവിൽ മേശപ്പുറത്ത് നിരത്തേണ്ടതുണ്ടോ? ചോറും തൈരും അല്ലെങ്കിൽ ചപ്പത്തിയും കറിയും മാത്രം കഴിക്കാൻ ചെല്ലുന്ന ആൾക്കും നൂറു കറികളും പായസവും ഗുലാബ് ജാമുനും കഴിച്ചേ പോരാൻ പറ്റൂ. കഴിക്ക്കാൻ താല്പര്യമില്ലാത്ത കുറേ വിഭവങ്ങൾ ചെറിയ അളവിൽ വിളമ്പി വലിയ അളവിൽ ലാഭം ഉണ്ടാക്കുക എന്നതാണ് ഭക്ഷണവ്യവസായത്തിന്റെ ലക്ഷ്യം.
ആ വ്യ്‌വസായത്തിന്റെ പുഷ്കലദശയിൽ ജൈവസദാചാരം ലംഘിക്കപ്പെടുന്നുവെന്ന് “നാം ഭക്ഷിക്കുന്ന രീതി” എന്ന പുസ്തകത്തിൽ പീറ്റർ സിംഗർ തുടങ്ങിയ സാമൂഹ്യശാസ്ത്രജ്ഞർ സമർഥമായി തെളിയിച്ചിട്ടുണ്ട്. ഏഴുകൊല്ലത്തിനകം മാംസത്തിന്റെ ലോകോപഭോഗം ഇരട്ടിക്കുമെന്നാണ് കണക്ക്. ആ ആവശ്യം നിറവേറ്റാൻ അത്ര പെട്ടെന്ന് മാംസത്തിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കണം. ഉല്പാദനം വർദ്ധിപ്പിക്കാനുള്ള തത്രപ്പാടിൽ പറക്കാൻ വയ്യാത്ത പക്ഷികളെയും നടക്കാൻ വയ്യാത്ത ആടുകളെയും വികസിപ്പിച്ചെടുത്ത് നമ്മൾ പ്രകൃതിയുടെ നിയമത്തെത്തന്നെ അട്ടിമറിക്കുകയണെന്നാണ് സിംഗറുടെ അഭിപ്രായം. പക്ഷേ ഈ മാംസാഹാരികൾ മുഴുവൻ സസ്യാഹാരികളായാലത്തെ സ്ഥിതിയോ? അവർക്കു വേണ്ട പച്ചക്കറി ഉണ്ടാക്കാൻ പോന്ന വിധത്തിലല്ല ലോകകൃഷിയുടെ ഗതിയെന്നു കേൾക്കുന്നു. ജൈവസദാചാരതിന്റെ കാര്യത്തിലും സസ്യാഹാരോല്പാദനത്തിന്റെ കാര്യത്തിലും അങ്ങനെ ഒരു വെല്ലുവിളി ഉയരുന്നു.
No comments:
Post a Comment