ഒരു കോടി നിറച്ച സ്യൂട്കേസ്
കെ ഗോവിന്ദന്‍ കുട്ടി
കിട്ടിയതൊന്നും ഓര്‍ക്കാതിരിക്കുന്ന മനുഷ്യസ്വഭാവം ഉള്ള ആളായിരുന്നിരിക്കണം പി വി നരസിംഹ റാവുവും. ഒരിക്കല്‍
ഒരു കോടി രൂപ നിറച്ച ഒരു സ്യൂട് കേസ് അദ്ദേഹത്തിനു കൊടുത്തുവെന്ന് അന്നത്തെ ഓഹരിസിംഹം ഹര്‍ഷദ് മേഹ്ത
പറഞ്ഞപ്പോള്‍, കൊള്ളണോ തള്ളണോഎന്നു നിശ്ചയിക്കാന്‍ റാവു ഒരാഴ്ചയിലേറെ എടുത്തത് അതുകൊണ്ടാവാനേ തരമുള്ളൂ.
സത്യത്തിനും അസത്യത്തിനും ഇടയിലുള്ള അതിര്‍വരമ്പ് ഇടിഞ്ഞുടഞ്ഞുപോകുന്നതുപോലെ തോന്നിച്ചതായിരുന്നു ആ കഥാസന്ദര്‍ഭം.
കഥയാകട്ടെ, പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിലെത്തി, ഒരു ഓഹരിവിപണിക്കാരന്‍ ഒരു കോടി രൂപ കാണിക്ക വെച്ചുവെന്നും.
വിചിത്രവും അതുകൊണ്ടുതന്നെ രസകരവുമായ ആ കഥയുടെ ലേഖനശാല ഇന്ത്യന്‍ എക്സ്പ്രസ് എഡിറ്ററുടെ മുറിയായിരുന്നു. എഡിറ്റര്‍
പ്രഭു ചാവ്ള കേട്ടറിഞ്ഞ വിവരം കഥയായി കൊരുത്തെടുത്തത് ഞാന്‍. ആരില്‍നിന്ന് ചാവ് ള എന്തു കേട്ടു, എത്ര അറിഞ്ഞു എന്ന്
ഇപ്പോഴും ഒരുപക്ഷേ അദ്ദേഹത്തിനുകൂടി തീര്‍ത്തും പറയാനാവില്ല. താന്‍ ഒരു കഥക്കതിനയുമായി പറന്നുവരുന്നുവെന്നും, നേരത്തേ പൊയ്ക്കളയരുതെന്നും മുംബയില്‍നിന്ന് എന്നെ വിളിച്ചുപറയുകയായിരുന്നു എഡിറ്റര്‍. വെറുതേ ന്യൂസ് റൂമില്‍ ഒന്നു ചുറ്റിയടിച്ചുപോകാമെന്നു മാത്രം കരുതി ഇറങ്ങിയിരുന്ന എന്റെ ഞായറാഴ്ച വൈകുന്നേരം അങ്ങനെ വൈകും വരെയും തിരക്കായി.
കൊള്ളാവുന്ന കഥ കിട്ടിയാല്‍ തുള്ളിച്ചാടുന്നതാണ് പ്രഭുവിന്റെ പ്രകൃതം. കഥ അദ്ദേഹത്തിന് കുറേ കിട്ടുകയും ചെയ്യും. കക്ഷിഭേദമില്ലാതെ ആളുകളെ കാണാനും കൂട്ടുകൂടാനും ഇത്രയേറെ തിടുക്കമുള്ളവരെ അധികം കാണീല്ല. രാഷ്ട്രീയത്തിലും ബ്യൂറോക്രസിയിലും ബിസിനസിലും പ്രഭുവിന്റെ പരിചയവൃത്തം എന്നും, വികസിക്കുന്ന പ്രപഞ്ചം പോലെ, വലുതായിക്കോണ്ടിരുന്നു. വാര്‍ത്ത ഉണ്ടാക്കാന്‍ സാധ്യത കുറഞ്ഞ അക്കാദമികമേഖലയില്‍ അദ്ദേഹത്തിന് വലിയ പ്രഭുത്വം ഉണ്ടായിരുന്നില്ല. അധികാരവിപണനമായിരുനു പ്രഭുവിന്റെ കര്‍മ്മവും കൌതുകവും. അതിന്റെ ഭാഗമായിരുന്നു സ്യൂട്കേസ് കഥ.
രാത്രി വൈകി എഴുതിയ ആ കഥക്കതിനയുടെ ഉള്ളടക്കം ഇത്രയുമായിരുന്നു: ഓഹരിവിപണിയെ തന്റെ ചൊല്‍പ്പടിക്കുനിര്‍ത്തിയിരുന്ന ഹര്‍ഷദ് മേഹ്ത ഒരു ദിവസം ഡല്‍ഹിയില്‍ വരുന്നു, കൊണോട് പ്ലേസിനടുത്തൊരു ഹോടലില്‍ താമസിക്കുന്നു, വ്യ്‌വസായിയായ ഒരു രാജ്യസഭാംഗത്തിന്റെ അകമ്പടിയോടെ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ എത്തുന്നു, ഒരു കോടി നിറച്ച സ്യൂട്കേസ് പ്രൈവറ്റ് സെക്രടറിയുടെ മുമ്പില്‍ വെക്കുന്നു, പ്രധാനമന്ത്രി വന്ന് അതിനെ തൊട്ടനുഗ്രഹിച്ചതിനുശേഷം സെക്രടറി അത് എടുത്തുമാറ്റുന്നു. ദാനധര്‍മ്മത്തിനായി വന്നയാള്‍ ഹോടലിലേക്കു മടങ്ങുന്നതോടെ കഥയുടെ ആദ്യകാണ്ഡം തീരുന്നു.
കഥ പൊടിപ്പും തൊങ്ങലും താങ്ങി അടിക്കുമ്പോള്‍, എന്റെ ഉള്ളില്‍ ഒരു കൊങ്ങന്‍ ചോദ്യം ഇഴഞ്ഞുനടന്നു: പ്രധാനമന്ത്രി പെട്ടി തൊട്ട് അനുഗ്രഹിച്ചതെന്തിന്? പണം കൊടുത്തോ, വാങ്ങിയോ, തികഞ്ഞോ, കുറഞ്ഞോ,എന്നൊന്നും അറിയാനായിരുന്നില്ല എന്റെ താല്പര്യം. പ്രാര്‍ഥിക്കുന്നവരെ തലയില്‍ കൈ വെച്ച് അനുഗ്രഹിക്കുന്ന ദൈവങ്ങളേയും മനുഷ്യരേയും ഏറെ കണ്ടിരിക്കുന്നു. അവര്‍, അനുഗ്രഹാര്‍ഥികള്‍, അതുംകൊണ്ട്, കിട്ടിയാലുടന്‍ പമ്പ കടക്കും. പക്ഷേ തനിക്കു തിരുമുല്‍ക്കാഴ്ചയായി കിട്ടുന്ന തുകല്‍പ്പെട്ടിയെ തൊട്ടനുഗ്രഹിച്ച് മാറ്റിവെക്കുന്നതിന്റെ മനശാസ്ത്രവും ധനശാസ്ത്രവും എനിക്ക് പിടി കിട്ടിയില്ല. നിര്‍ദ്ദോഷമായ എന്റെ ചോദ്യം കുസൃതിയാണെന്നായിരുന്നു എല്ലാം അറിയാത്ത പ്രഭുവിന്റെ ധാരണ.
അതൊരു കഥ തന്നെയായിരുന്നു. പാരമ്പര്യവാദിയായ ഒരു എഡിറ്ററും അച്ചടിക്കാന്‍ സമ്മതിക്കാത്ത കഥ. കഥയുടെ സാധ്യതയും സാധുതയും വായനക്കാര്‍ക്ക് ബോധ്യം വരുത്താന്‍ വേണ്ട സൂചനകളോ ഏറെക്കുറെ ആധികാരികമായ ഉദ്ധരണങ്ങളോ ഇല്ലാതെ വാര്‍ത്ത പ്രസിദ്ധീകരിക്കുകയില്ലെന്ന നിര്‍ബ്ബന്ധം പ്രഭുവിന്റെ ദൌര്‍ബ്ബല്യമായിരുന്നില്ല. മുംബയില്‍ ഒരു പ്രമാണി തനിക്കു തന്ന വാര്‍ത്ത സത്യമല്ലാതൊന്നുമല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അപ്പോള്‍ പിന്നെ പാരമ്പര്യം പറഞ്ഞ് വാര്‍ത്ത എന്തിനു പൂഴ്ത്തിവെക്കണം? അതും നരസിംഹ റാവുവിനെ വെട്ടിലാക്കുന്ന വാര്‍ത്തയാകുമ്പോള്‍? ആദ്യമാദ്യം റാവുവിനെ വാഴ്ത്തിനടന്നിരുന്ന ആളാണ് പ്രഭു ചാവ്ള. പ്രഭു പൊട്ടിച്ച ചില വാര്‍ത്തകള്‍ റാവിവിന്റെ നാലമ്പലത്തില്‍നിന്നു നേരിട്ടുവന്നതാണെന്ന് അക്കാലത്ത് സംസാരമുണ്ടായിരുന്നു. പിന്നെപ്പിന്നെ റാവുവിനെ തരം കിട്ടുമ്പോഴും കിട്ടാത്തപ്പോഴുംതാഴ്ത്തിക്കെട്ടുകയായി അദ്ദേഹത്തിന്റെ ദൌത്യം. കോടി നിറച്ച സ്യൂട്കേസിന്റെ കഥഅതിനൊരു സുവര്‍ണോപകരണമായി.
വിഷസര്‍പ്പത്തെപ്പോലെ ആ വാര്‍ത്ത ചുരുളഴിഞ്ഞപ്പോള്‍ എവിടേയും ആവേശവും സംശയവുമായി. ഏറെ ദിവസം വേണ്ടിവന്നു അത് ഉണങ്ങിയ ഒരു ഓലപ്പമ്പുമാത്രമാണെന്നു തെളിയാന്‍. ഒരു തുടര്‍ക്കഥയാക്കാന്‍ പാകത്തില്‍ പഴുതുകളും വിവാദസാധ്യതകളും ഉള്‍ച്ചേര്‍ത്തുകൊണ്ടുതന്നെയായിരുന്നു ആദ്യലേഖനത്തിന്റെ അവതരണം. കഴിയുമെങ്കില്‍ മറ്റുള്ളവരുടെ വെളിപ്പെടുത്തലുകള്‍ കണ്ടില്ലെന്നുനടിക്കാന്‍ ശീലിച്ചിട്ടുള്ള പത്രങ്ങള്‍ക്കും അതേറ്റുപിടിക്കേണ്ടി വന്നു. ചിലര്‍ അതിന്റെ അവ്യക്തത ചൂണ്ടിക്കാണീക്കെത്തന്നെ, അത് അസാധ്യമല്ലെന്ന മട്ടില്‍ അതുമിതും എഴുതിപ്പിടിപ്പിച്ചു. ചിലര്‍ സ്യൂട്കേസിന്റെ നീളവും വീതിയും അളന്നുനോക്കി, ഒരു കോടി രൂപ അതില്‍ കൊള്ളില്ലെന്നു സ്ഥാപിക്കാന്‍ ശ്രമിച്ചു. ചിലര്‍ പ്രധാനമന്ത്രിയുടെ വിലനിലവാരം ഒരു കോടിയിലേക്കു ചുരുങ്ങുന്നതിനെച്ചൊല്ലി പരിതപിച്ചു. ആയിടെ ഡല്‍ഹിയില്‍ വന്ന എം വി രാഘവന്‍, പി കെ കുഞ്ഞാലിക്കുട്ടി ഒരു സ്വകാര്യസംഭാഷണത്തില്‍ പൊട്ടിച്ചതായി, ഒരു ഫലിതം പറഞ്ഞു: “ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഒരു കോടി രൂപയോ! കൊച്ചുകേരളത്തില്‍ ഒരു പീക്കിരിവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുടെ പണക്കണക്കില്‍ പോലും ഒരു കോടി നന്നേ ചെറിയ തുകയാണല്ലോ!”
കഥ തുടരവേ, എല്ലാം കരുതിയും കണ്ടും ചെയ്യാറുള്ള റാഞ്ചിക്കാരന്‍ ബ്യൂറൊ ചീഫ് ദേവ് സാഗര്‍ സിംഗ്, ഒട്ടൊക്കെ അടക്കിപ്പിടിച്ചുകോണ്ട് ചോദിച്ചു: “നമ്മള്‍ ഈ എഴുതിപ്പിടിപ്പിക്കുന്നതിനെല്ലാം തെളിവ് വല്ലതുമുണ്ടോ...?“ വേറെ വാക്കുകളില്‍ ഇതേ ചോദ്യം നേരത്തേത്തന്നെ പ്രഭുവിനോട് ചോദിച്ചിരുന്നു. ഇത്തരം കാര്യങ്ങളില്‍ അദ്ദേഹത്തിന് സംശയം എന്നൊന്നില്ല. ആദ്യദിവസത്തെ കഥ ആരും തള്ളിപ്പറയാത്തതുകൊണ്ട് രണ്ടാം ദിവസം ഞങ്ങള്‍ ഒന്നുകൂടി അഴിഞ്ഞാടി. സ്യൂട്കേസ് കൊടുക്കുന്നതിന്റേയും വാങ്ങുന്നതിന്റേയും അതിനെ റാവു അനുഗ്രഹിക്കുന്നതിന്റേയുമൊക്കെ വിഡിയോ ചിത്രങ്ങള്‍ പോലും രാം ജേഠ്മലാനിയുടെ കൈവശം ഉണ്ടെന്ന് , സംശയാലുക്കളെ ഗീത ഉദ്ധരിക്കാതെ ഭര്‍ത്സിച്ചുകൊണ്ട്, പ്രഭു പ്രഖ്യാപിച്ചു.
അപ്പോള്‍ ജേഠ്മലാനി വഴി ആയിരുന്നിരിക്കണം സ്യൂട്കേസ് പുരാണത്തിന്റെ രചനയും വിക്ഷേപവും. പ്രധാനമന്ത്രിമാരുമായി അഭിനിവേശത്തോടെ കോര്‍ക്കുകയും, ക്രിമിനല്‍ കേസുകളില്‍പെട്ടു കുഴയുന്ന പ്രതികള്‍ക്ക് അഭയമരുളുകയും ചെയ്യുന്ന, വാശിയേറിയ അഭിഭാഷകവര്യനാണല്ലോ ജേഠ്മലാനി. രാജിവ് ഗാന്ധിയുമായി കോര്‍ത്തപ്പോള്‍, അദ്ദേഹത്തെ കുരുക്കിലാക്കനുള്ള തന്ത്രവുമായി ജേഠ്മലാനി ഒരു മാസം മുഴുവന്‍ ഓരോ ദിവസവും പത്തു ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി. ഉത്തരം തേടി നിരന്തരം ഉഴലുന്ന ഇത്രയേറെ ചോദ്യങ്ങള്‍ നിയമചരിത്രത്തിലോ രാഷ്ട്രീയേതിഹാസത്തിലോ മുമ്പൊന്നും ഉണ്ടായിട്ടില്ലത്രേ. ഓരോ ദിവസവും കുരുക്കുപോലുള്ള ആ ചോദ്യങ്ങള്‍ അച്ചടിച്ചതാണ് ഇന്ത്യന്‍ എക്സ്പ്രസ് ബോറായിത്തുടങ്ങാന്‍ ഒരു കാരണമെന്ന് പറയപ്പെടുന്നു. ജേഠ്മലാനിയുടെ പുതിയ അടവ് ആരെയാവും അടിച്ചുവീഴ്ത്തുകയെന്ന് പഴയ കഥ ഓര്‍മ്മയുള്ളവര്‍ ആരോടെന്നില്ലാതെ ചോദിച്ചുതുടങ്ങി.
അത്തരം ആശങ്കകളേയും ഓര്‍മ്മകളേയും അടിച്ചൊതുക്കാന്‍ പോന്നതായിരുന്നു നരസിംഹ റാവുവിന്റെ പ്രക്ഷുബ്ധമായ മൌനം. സ്യൂട്കേസ് പുരാണ സപ്താഹം പത്രങ്ങളില്‍ തുടര്‍ന്നപ്പോള്‍, ആ മൌനം ഗംഭീരമായി തുടര്‍ന്നു. പിന്നെ ആ കഥകള്‍ക്ക് അടിവര ഇടുന്ന മട്ടില്‍ ഹര്‍ഷദ് മേഹ്ത പത്രസമ്മേളനം നടത്തിയപ്പോഴും റാവു തന്റെ മൌനയജ്ഞത്തില്‍ തന്നെ മുഴുകിയിരുന്നു. ഏറെക്കഴിഞ്ഞാണ് മേഹ്ത സ്യൂട്കേസ് കൊടുത്തുവെന്നു പറയുന്ന ദിവസം പ്രധാനമന്ത്രി വേറെ ചടങ്ങുകളില്‍ പങ്കെടുക്കുകയായിരുന്നുവെന്ന വിജ്ഞാപനം വരുന്നത്. ആ വിജ്ഞാപനവും ശരിയല്ലെന്ന വാദവുമായി ചിലര്‍ മുന്നോട്ടുപോകാന്‍ ശ്രമിച്ചെങ്കിലും അവര്‍ അധികം കാറ്റുപിടിച്ചില്ല.
ഹര്‍ഷദ് മേഹ്ത എന്തിന് അങ്ങനെ ഒരു പത്രസമ്മേളനം നടത്തിയെന്നോ എന്ത് അതുകൊണ്ട് നേടിയെന്നോ ഇന്നും അറിയില്ല. അദ്ദേഹത്തിന്റെ ഉദയവും പതനവും അടയാളപ്പെടുത്തുന്ന ഒരു ലേഖനം ഒരിക്കല്‍ എഴുതേണ്ടിവന്നു. വായുവില്‍നിന്ന് ഉണ്ടാകുന്ന ഒന്നല്ല പണമെന്നാണ് പണത്തിന്റെ രൂപരേഖ എന്ന പ്രശസ്തപുസ്തകം എഴുതിയ ജ്യോഫ്രി ക്രൌതെറുടെ മൊഴി. ഹര്‍ഷദ് മേഹ്ത ഉണ്ടായത് ഒന്നുമില്ലായ്മയില്‍നിന്നുതന്നെ. പിന്നെ, ഓഹരിവിപണിയിലെ ഊഹവ്യാപാരം വഴി എല്ലാമായി. ഒടുവില്‍ വീണ്ടും ഒന്നുമില്ലായ്മയായി. മൈക്കലാഞ്ചലോ വരച്ച യേശുവിന്റേയും യൂദാസിന്റേയും ചിത്രങ്ങള്‍ പോലെയായി വിപണിയിലെ മിന്നല്പിണരായി വന്ന മേഹ്തയും. യേശുവിന്റെ വിശുദ്ധിക്കും യൂദാസിന്റെ കാളിമക്കും മാതൃകയായി അദ്ദേഹം സ്വീകരിച്ചത് ഒരേ ആളെ ആയിരുന്നു--കാലക്രമത്തില്‍ രൂപം മാറിപ്പോയ ഒരേ ആള്‍. അതുപോലെ മേഹ്തയും ആദ്യം അപദാനത്തിനും ഒടുവില്‍ അപലപനത്തിനും പാത്രമായി. പതനത്തിന്റെ നാളുകളില്‍ അദ്ദേഹത്തിന് ഉദിച്ച ബുദ്ധിയായിരുന്നു പ്രധാനമന്ത്രി റാവുവിനെ പഴി പറയാന്‍.
എന്തുവന്നാലും കുലുക്കമില്ലാത്ത ആളായിരുന്നു റാവു. കൊടുങ്കാറ്റ് വരുമ്പോള്‍, ഓരം ചാരി ഒഴിഞ്ഞുമാറി, അതിനെ അതിന്റെ വഴിയേ അടിച്ചുപോകാന്‍ വിടുകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതതന്ത്രം. സ്യൂട്കേസ് കഥ ഇറങ്ങിയപ്പോഴും റാവു തന്റെ തത്വശാസ്ത്രമനുസരിച്ചുതന്നെ പെരുമാറി. കുറേ ദിവസം ഒന്നും മിണ്ടിയില്ല. മേഹ്ത നാളും പക്കവും അക്കവും പറഞ്ഞ് രംഗത്തെത്തിയപ്പോഴേ പ്രധാനമന്ത്രിയുടേതായി ഒന്നുരണ്ടു വിശദീകരണക്കുറിപ്പ് പുറത്തിറങ്ങിയുള്ളു. അതുകൊണ്ടൊന്നും സ്യൂട്കേസിന്റെ മയികശോ മാഞ്ഞില്ലെന്നുമാത്രം. അധികാരത്തിലുള്ളവരെപ്പറ്റി ഉയരുന്ന എന്തു കിംവദന്തിയും വിശ്വസിക്കാനാണ് ജനത്തിനിഷ്ടം. മറിച്ചുപറഞ്ഞാല്‍, എന്തു കിംവദന്തിയും തങ്ങല്‍ക്കു ചേരും എന്ന സ്ഥിതിയിലേക്ക് ഉയര്‍ന്നിരിക്കുന്നു അധികാരമേല്‍ക്കുന്നവര്‍.
അങ്ങനെ സ്യൂട്കേസ് ദേശീയസംവാദത്തിലെ ഒരു ബിംബകമായി. സ്യൂട്കേസും സ്യൂടും ആഫ്രിക്കന്‍ നാടകങ്ങളില്‍ ഇഷ്ടപ്രതിരൂപങ്ങളായി വരുന്നതുകാണാം. പീറ്റര്‍ ബ്രൂക് പ്രശസ്തമാക്കിയ ദ സ്യൂട് എന്ന നാടകത്തിന്റെ ഒരു ഇന്ത്യന്‍ അവതരണം കണ്ടതോര്‍ക്കുന്നു. അതില്‍, ഒരാളുടെ ഭാര്യയുടെ ജാരന്‍ മറന്നിട്ടുപോകുന്ന അയാളുടെ സ്യൂട് സര്‍വവ്യാപിയായ പ്രതിരൂപമായി മാറുന്നു. ദ സ്യൂട്കേസ് എന്ന മറ്റൊരു നാടകത്തില്‍, ജീവിതം തകര്‍ന്ന, സത്യസന്ധനായ ഒരാള്‍ കട്ടെടുത്ത സ്യൂട്കേസ് പൊലിസ് പിടിച്ചെടുക്കുമ്പോള്‍, അതില്‍നിന്ന് കണ്ടെടുക്കുന്നത് ഒരു ചത്ത കുട്ടിയെ ആണ്. നമ്മുടെ സാമൂഹ്യസന്ദര്‍ഭത്തില്‍,ആ സ്യൂട്കേസും അതിലെ കൊച്ചുശവവും ആരുടേതായിരിക്കും?
(ജൂണ്‍ നാലിന് തേജസ്സില്‍ പ്രസിദ്ധീകരിച്ചത്)
...
1 comment:
First time seeing ur post. Thanks for the inside stories !
Post a Comment