Monday, May 6, 2013

ആത്മവിദ്യാലയമേ...!



ആത്മവിദ്യാലയമേ...!


കമുകറ പുരുഷോത്തമൻ പാടി ഇതിഹാസമാക്കിയ ആത്മവിദ്യാമേ എന്ന  ഗാനത്തിന്റെ ഓർമ്മ വീണ്ടും തെളിഞ്ഞത് കഴിഞ്ഞയാഴ്ച ഹിന്ദുവിന്റെ ബംഗളൂരു എഡിഷൻ വായിക്കുമ്പോഴായിരുന്നു.  അതിലെ ഒരു വാർത്താശകലത്തിൽനിന്നു പൊങ്ങിയ പൊടിപടലമായിരുന്നു പിന്നെ കുറേ ദിവസം മനസ്സിൽ.  അവിടെ ഒരു മുറിയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന് ഒരു സർവകലാശാല സ്ഥാപിക്കാൻ അനുമതി കിട്ടിയിരിക്കുന്നു.  നിയമസഭ പസ്സാക്കിയതാണ് അതിനുള്ള നിയമം.  അതിനു മാത്രമല്ല, വേറെ കുറേ സ്വകാര്യസർവകലാശാലകൾ രൂപീകരിക്കാനും ബിൽ ആയിട്ടുണ്ടു പോലും.  സർവകലാശാല ഇല്ലാത്തതുകൊണ്ട് കലയും ശാലയും സർവവും ഇല്ലെന്നു വരരുതല്ലോ.  

അമൃത സിഞ്ചൻ അധ്യാത്മ സർവകലാശാല എന്നായിരിക്കും സ്ഥാപനത്തിന്റെ നാമധേയം.  ബിരുദ-ബിരുദാനന്തര കോഴ്സുകൾ ഉണ്ടായിരിക്കും.  നാല്പതേക്കർ സ്ഥലത്ത് പഠനവും ഗവേഷണവും പൊടി പൊടിക്കും.  മനുഷ്യകാന്തികവലയം, രുദ്രാക്ഷസംഖ്യാശാസ്ത്രം, വാസ്തുവിദ്യ അങ്ങനെയങ്ങനെ പല വിചിത്രവിഷയങ്ങളും പാഠ്യപദ്ധതിയിൽ ഉണ്ടായിരിക്കും.  ഏതു തരം അസുഖം മാറ്റാനുമുള്ള ഒറ്റമൂലികളെപ്പറ്റിയും ഇരട്ടപ്രയോഗങ്ങളെപ്പറ്റിയും അവിടെ സൈദ്ധാന്തികവും പ്രായോഗികവുമായ ജ്ഞാനം വിതരണം ചെയ്യപ്പെടും.

അതിനൊക്കെയുള്ള പ്രാപ്തി അധ്യാത്മ സർവകലാശാലയുടെ തുടക്കക്കാരനായ ഹരീശ് എന്നൊരാൾക്ക് ഉണ്ടെന്നു സമ്മതിക്കാതെ വയ്യ. ചികിത്സകനും പ്രോപദേശകനും പരിശീലകനും മറ്റും മറ്റും മറ്റുമാണ് പ്രസ്തുത ഹരീശ്.  ഹൃദ്രോഗവും ആമാശയരോഗവും മസ്തിഷ്കരോഗവും പിടിപെട്ട ഒന്നര ലക്ഷം ആളുകളെ അദ്ദേഹം ഇതിനകം സുഖപ്പെടുത്തിയിട്ടുണ്ടത്രേ.  ഇനി ചികിത്സ വേണ്ടവർ ഇല്ലാതെ ചികിത്സകൻ കഷണിക്കുന്ന കാലം വരാതിരുന്നാൽ മതി.  അങ്ങനെയുള്ള ഹരീശിന്റെ നിയന്ത്രണത്തിൽ നടക്കുന്ന ട്രസ്റ്റിന്റെ അധ്യാത്മ സർവകലാശാല അറിവിന്റെ പാരാവാരം ആകുമെന്നതിൽ സംശയമില്ല.

ശാസ്ത്രജ്ഞന്മാരും വിദ്യാഭ്യാസവിചക്ഷണന്മാരും മുറക്ക് എതിർക്കുന്നുണ്ട്.  അതു ശരിയല്ലെങ്കിലും പതിവാണ്.  അവർ പരിചയിക്കാത്ത വിഷയങ്ങളും വഴികളും വേണ്ടെന്നാണ് അവരുടെ പക്ഷം.  ഒരാൾ പറഞ്ഞിരിക്കുന്നു, ഇത്രയും അശാസ്ത്രീയമായ ഒരു സർവകലാശാല വേറെ ഇല്ല.  ഇനിയും അതുപോലത്തെ സ്ഥാപനങ്ങൾ വരുമ്പോൾ ആ വാദം പൊളിഞ്ഞുകൊള്ളും.  അതിനുള്ള ബിൽ അവതരിപ്പിക്കപ്പെട്ടിട്ടുമുണ്ട്.  രാഷ്ട്രീയാവശ്യത്തിനും കുത്സിതമായ ചിന്താഗതിക്കും ഉതകുന്നതായിരിക്കും ഇത്തരം സ്ഥാപനങ്ങൾ എന്നതാണ് വേറൊരു പരാതി.  അത്രയേറെ വിദ്യാർഥികളും അധ്യാപകരും ഗവേഷകരും കുത്സിതമായ മനസ്സുകളുടെ ഉടമകളാകാൻ കാത്തിരിക്കുകയാണെങ്കിൽ ആർക്ക് ആരെ രക്ഷിക്കാൻ കഴിയും?

ഇത്തരം തമാശയെ തമാശ അർഹിക്കുന്നതിനെക്കാൾ കൂടുതൽ ഗൌരവത്തോടെ കാണുന്നതാണ് ആപത്ത്.  പണ്ടൊരിക്കൽ രാജസ്ഥാൻ സർവകലാശാലയിൽ എച് എൻ മുഖർജി എന്നോ മറ്റോ പേരുള്ള ഒരാൾ അതുവരെ കേട്ടിട്ടില്ലായിരുന്ന ഒരു വകുപ്പിന്റെ തലവനായി വന്നു.  അധിമനശ്ശാസ്ത്രം എന്നു വിളിക്കാവുന്ന പാരാസൈക്കോളജി ആയിരുന്നു ആ നൂതനഗവേഷണവിഭാഗം.  പുനർജ്ജന്മവും കൂടുവിട്ടുകൂടുമാറ്റവുമൊക്കെയായിരുന്നു അനിവാര്യമായും മുഖർജിയുടെ നേതൃത്വത്തിലുള്ള പഠനപ്രക്രിയയുടെ വിഷയം.  കുറച്ചിട മുഖർജി ഇല്ലസ്റ്റ്രേറ്റഡ് വീക്കിലിയിലും മറ്റും വിളങ്ങി.  പിന്നെ ജനനചക്രം തുടർന്നോ ഇല്ലയോ എന്നറിയില്ല, മരുഭൂമിയിലെ ആ ഗവേഷണവിഭാഗം അടഞ്ഞു.

ശാസ്ത്രത്തിന്റെ അറിയപ്പെട്ട വഴിയിലൂടെയല്ലാതെ, അതേ സമയം പക്വമായ സാധാരണബുദ്ധിക്കും യുക്തിക്കും നിരക്കുന്ന രീതിയിൽ, അനുഭവങ്ങളും അസംബന്ധങ്ങളും ഒരുപോലെ അന്വേഷണത്തിനു വിഷയമാക്കണമെന്നാണ് എന്റെ പക്ഷം.  ഗൌരവമായി റിപ്പോർട് ചെയ്യപ്പെടുന്ന ഒരു മനുഷ്യാനുഭവത്തെയും തള്ളീക്കളയേണ്ടതില്ല.  പുനർജ്ജന്മസങ്കല്പത്തിൽ ഊന്നിനിൽക്കുന്നതാണ് ടിബറ്റൻ ബുദ്ധമതം.  അവരുടെ അനുഭവസത്യം പഠിക്കേണ്ടതാല്ലേ?  നമ്മൾ യുക്തിവാദത്തിന്റെ കാർക്കശ്യത്തോടെ പുഛിച്ചുതള്ളൂന്ന മന്ത്രവാദം പയറ്റുന്നവരുടെയും പരീക്ഷിച്ചുനോക്കുന്നവരുടെയും എണ്ണം ചെറുതാണോ?  അതിന്റെ ഉള്ളടക്കവും വ്യാപനശേഷിയും മനസ്സിലാക്കാൻ ഗൌരവമായ ശാസ്ത്രീയശ്രമം തന്നെ വേണം.  അതിനൊരു സർവകലാശാല വേണോ, അമൃത സിഞ്ചൻ അധ്യാത്മ സർവകലാശാല അതിനു ശ്രമിക്കുമോ എന്നത് വേറെ കാര്യം.  

മനസ്സിന്റെ വിചിത്രസാധ്യതകളും സ്വഭാവങ്ങളും പഠിക്കുന്ന ഒരു ഗവേഷണസ്ഥാപനമുണ്ട് കാലിഫോർണീയയിൽ.  ഒരു തവണ അതിന്റെ പ്രധാനചർച്ചാവിഷയം ഇന്ദ്രജാലമായിരുന്നു.  കാർ വിഴുങ്ങുന്ന ഗോപിനാഥ് മുതുകാട് ഒന്നും വിഴുങ്ങുന്നില്ല എന്നു കാണികൾക്കറിയാം; എന്നാലും അദ്ദേഹം കാർ വിഴുങ്ങുന്നതായി അവർക്ക് തോന്നുന്നു.  അസത്യം സത്യമാണെന്ന് സത്യമായും അനുഭവപ്പെടുന്നു.  മനസ്സിന്റെ ഈ വിചിത്രതയായിരുന്നു തികച്ചും ശാസ്ത്രീയമായി നടത്തുന്ന ആ സ്ഥാപനത്തിന്റെ അന്വേഷണവിഷയം.  പ്രഗൽഭനും പൊറാട്ടുനാടകം കളിക്ക് കിട്ടാത്തയാളുമായ പ്രൊഫസർ മൈക്കേൽ ഗസനിഗയായിരുന്നു അതിന്റെ അധ്യക്ഷൻ.  

അത്തരം അധ്യയനഗവേഷണങ്ങൾ നമുക്ക് എല്ലാ മണ്ഡലങ്ങളിലും വേണം.  മരുന്നായാലും മന്ത്രമായാലും മണ്ണാപ്പേടിയായാലും മനുഷ്യസമൂഹത്തെ വിപുലമായും സ്ഥിരമായും ബാധിക്കുന്ന വിശ്വാസങ്ങളും പ്രയോഗങ്ങളും പഠിക്കാൻ പറ്റിയ സ്ഥാപനങ്ങൾ ഉണ്ടാവണം.  മുന്വിധികൾ ഇല്ലാത്ത, സർഗ്ഗാത്മകമായ യുക്തിബോധമുള്ള ഗവേഷകരെ വേണം അവയുടെ തലപ്പത്തിരുത്താൻ എന്നു മാത്രം.  മൺ മറഞ്ഞ ഏതോ ആചാരത്തിന്റെ പുനർനിർമ്മിതിക്കും അതുവഴി ചില്ലറ രാഷ്ട്രീയലാഭത്തിനും വേണ്ടി അത് ഉപയോഗപ്പെടുത്തരുതെന്നേയുള്ളു.  

പഴയ ചാർവാകനും പുതിയ റിച്ചാർഡ് ഡോക്കിൻസും ഒരു പുരുഷായുസ്സു മുഴുവൻ യുക്തിവാദം പറഞ്ഞുനടന്ന എം സി ജോസഫും എ ടി കോവൂരും എത്ര സമർഥമായി വാദിച്ചിട്ടും വിശ്വാസവും ആധ്യാത്മികതയും മനുഷ്യനെ വിട്ടു മാറുന്നില്ല.   
അദിമഭാവനയിലും അധുനാധുനകവിതയിലും അതു പൂവിട്ടുനിൽക്കുന്നു.  ഉപനിഷത്തുകളിലെന്നല്ല, റൂമിയുടെ ആത്മാവിഷ്കാരത്തിലും ടഗോരിന്റെ ഗീതാഞ്ജലിയിലും ജിയുടെ വന്ദനകേകളിലും കേൾക്കാവുന്നത് ഈ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ അന്തരിച്ച ഇരുപത്തൊന്നുകാരനായ തിരൂർകാരൻ കവിയുടെ വരികൾ തന്നെ.  “പാരാവാരം കരേറി കരകളെ മുഴുവൻ മുക്കിമൂടാതെ“ നിർത്തുന്ന ചൈതന്യത്തെ നമിക്കുന്ന വി സി ബാലകൃഷ്ണപണിക്കരുടെ ഭാവം സ്വാംശീകരിക്കാൻ കഴിയുന്നവരാണ് അധികവും.  അവരുടേ അനുഭവമാണ് ആധ്യാത്മികത.  അതു പഠിക്കാൻ ഒരു സ്ഥാപനമുണ്ടായാൽ തെറ്റൊന്നുമില്ല.  പക്ഷേ ഒന്നും  പഠിക്കുകയില്ലെന്ന ശാഠ്യത്തോടെ, മറ്റെന്തെല്ലാമോ നേടാൻ വേണ്ടി നടത്തുന്ന അധ്യാത്മഗവേഷണം ബോറാകാനേ തരമുള്ളുവെന്നും ഓർക്കണം.

അധ്യാത്മികതയെപ്പറ്റി കുരുട്ടുബുധിയുള്ളവർക്ക് മുന്നറിയിപ്പു നൽകാനെന്നോണം ചില വാർത്തകളും കഴിഞ്ഞ ആഴ്ച തന്നെ വരുകയുണ്ടായി.  പുതുതായി സ്ഥാനം ഏറ്റ ഫ്രാൻസിസ് മാർപ്പാപ്പയുടെ വെല്ലുവിളികളെപ്പറ്റി പറയുന്ന കൂട്ടത്തിൽ ഒരു വിദഗ്ധൻ തുറന്നടിച്ചതാണ് ഒരു വാർത്ത.  ലത്തീൻ അമേരിക്കയിലെന്നല്ല, പടിഞ്ഞാറൻ നാടുകളിൽ പൊതുവേ പുരോഹിതരുടേയും വിശ്വാസികളുടെയും എണ്ണം കുറഞ്ഞുവരുകയാണത്രേ.  അമേരിക്കയിൽ പുരോഹിതരുടെ ശരാശരി പ്രായം 64 ആയി ഉയർന്നിരിക്കുന്നു പോലും.  എന്നുവെച്ചാൽ, പുരോഹിതരാകാൻ ചെറുപ്പക്കാരെ കിട്ടാതായിരിക്കുന്നു എന്നർഥം.  

മറ്റൊരു വാർത്ത ലണ്ടനിലെ മനശ്ശാസ്ത്രഗവേഷകനായ പ്രൊഫസർ മൈക്കേൽ കിംഗും സഹപ്രവർത്തകരും നടത്തിയ സർവേയെപ്പറ്റിയായിരുന്നു.  പഴയ മട്ടിലുള്ള മതവിശ്വാസിയോ തികഞ്ഞ അവിശ്വാസിയോ സന്ദേഹവാദിയോ ആകാതെ, ചുമ്മാ അധ്യാത്മചിന്താപരനായ് നടക്കുന്നവർക്ക് മനോരോഗം പിടിപെടാൻ കൂടുതൽ ഇടയുണ്ടെന്നാണ് അവരുടെ നിഗമനം.  വിശ്വാസം ഭ്രമമല്ലെന്നും അതു മനസ്സിന്റെ ആരോഗ്യത്തിനുതകുമെന്നും വാദിച്ചുകൊണ്ടിറ്ങ്ങിയിട്ടുള്ള ഒരു പുസ്തകത്തെ പ്രൊഫസർ കിംഗ് നിശിതമായി വിമർശിച്ചതും അടുത്തിടെ തന്നെ.  അധ്യാത്മസർവകലശാലയിലെ പഠനവും ഗവേഷണവും ക്രമപ്പെടുത്തുമ്പോൾ ഇതുകൂടി ഓർത്താൽ നന്നായിരിക്കും.

2 comments:

Anonymous said...

വളരെ നല്ലോരു ലേഖനം ....അഭിനന്ദനങ്ങള്‍ .

Anonymous said...

വളരെ നല്ലോരു ലേഖനം ....അഭിനന്ദനങ്ങള്‍ .