Tuesday, February 19, 2013
കുറുകുന്ന വഴിൾ, ഏറുന്ന യാത്രക്കാർ
കുറുകുന്ന വഴിൾ, ഏറുന്ന യാത്രക്കാർ
ചമ്പാരൺ പ്രദേശത്തെ കൃഷിക്കാരെ കഷണിപ്പിച്ചുകൊണ്ടിരുന്ന അനീതിയായ ഒരു നിയമം ലംഘിച്ചുകൊണ്ടായിരുന്നു ഗാന്ധിയുടെ സ്വാതന്ത്ര്യസമരത്തിന്റെ തുടക്കം. നിയമം അറിഞ്ഞുകൊണ്ടുതന്നെ ലംഘിക്കുകയായിരുന്നു അദ്ദേഹം. കോടതിയിൽ അത് ഉത്സാഹത്തോടെ ഏറ്റുപറയുകയും പരമാവധി ശിക്ഷ ആവശ്യപ്പെടുകയും ചെയ്തപ്പോൾ, ന്യായധിപൻ അമ്പരന്നു. ഇങ്ങനെയും ഒരു മനുഷ്യനോ? നിയമം ലംഘിക്കുക, അതിൽ അഭിമാനിക്കുക, അതിനുള്ള ശിക്ഷ ആവശ്യപ്പെടുക—അത് പുതിയൊരു സമരമാർഗ്ഗമായിരുന്നു., സ്വാതന്ത്ര്യത്തിന്റെ മാർഗ്ഗമായിരുന്നു.
നിയമം ലംഘിക്കുക, അതു മറച്ചുവെക്കുക, വെളിപ്പെടുമ്പോൾ ഒളിക്കാൻ ശ്രമിക്കുക, അന്വേഷണവും ശിക്ഷയും വരുമ്പോൾ, അതിനെ ബലമായി ചെറുക്കാൻ നോക്കുക—അത് എന്തിന്റെ മാർഗ്ഗമായാലും സ്വാതന്ത്ര്യത്തിന്റേതല്ല. നീതിശൂന്യമായ നിയമം ലംഘിക്കാനും മാറ്റാനും വേണ്ടി കാലാകാലങ്ങളിൽ നടന്നിട്ടുള്ള പ്രയത്നം തന്നെയാണ് പുരോഗതിയും സ്വാതന്ത്ര്യവും. പക്ഷേ ഇഷ്ടമല്ലാത്ത നിയമം അനുസരിക്കുകയില്ലെന്നു വാശി പിടിക്കുന്നതും നിയമം നടപ്പാക്കാൻ വരുന്നവരെ ശാരീരികമായി നേരിടാൻ ഒരുമ്പെടുന്നതും സമൂഹത്തോടുള്ള വെല്ലുവിളിയാണ്. വിധി അനുകൂലമല്ലെങ്കിൽ, അതു നടപ്പാക്കാൻ സമ്മതിക്കില്ലെന്നു ശഠിക്കുന്നതാണ് ഫാസിസത്തിന്റെ ശബ്ദം.
കേരളത്തിന്റെ പല കോണുകളിലും ആ ശബ്ദം ഈയിടെയായി പല ഈണങ്ങളീൽ കേട്ടുവരുന്നു. ചിലർ ഇഷ്ടമില്ലാത്തതു പറയുന്ന കോടതിയെ തെറി പറയുന്നു, ചിലർ വിധിയുടെ ഉദ്ദേശശുദ്ധിയെപ്പറ്റി ശങ്ക പരത്തുന്നു, ചിലർ വിധി നടപ്പാക്കുന്നതു തടയാൻ ചട്ടം കെട്ടുന്നു. താൻ അനീതിയെന്നു കരുതുന്ന അഭിപ്രായം പറയുന്ന ന്യായാധിപനെ “ശുംഭ“നെന്നു വിളിക്കുന്ന മാർക്സിസ്റ്റ് നേതാവും തങ്ങളുടെ നേതാവിനെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നു ഭീഷണിപ്പെടുത്തുന്ന പി ഡി പി പ്രവർത്തകരും വൈകാരികമായി അയൽ പക്കക്കാർ തന്നെ. പൊതുവായ നിയമവും അഭിപ്രായവും തങ്ങളുടെ സൌകര്യത്തിന് ഉതകുന്നില്ലെങ്കിലും അനുസരിക്കുന്നതാണ് ജനാധിപത്യത്തിന്റെ രീതി. അതിനു വഴിപ്പെടാതെ നിയമം കയ്യിലെടുക്കുന്നവരെ വിപ്ലവകാരികളെന്നോ വിമോചകരെന്നോ അല്ല വിളിക്കുക. സമൂഹത്തിന്റെ പൊതുവായ നന്മക്കു വേണ്ടി നിയമത്തെ മാറ്റിയെടുക്കുകയല്ല, തങ്ങളുടെ പരിമിതമായ ഇഷ്ടം സമൂഹത്തിന്റെ താല്പര്യവും നിയമവും ആയി അടിച്ചേല്പിക്കുകയാണ് അവരുടെ പരിപാടി.
ഗാന്ധി കാണിച്ച വഴിയിൽനിന്നു വിപരീതമായി സഞ്ചരിച്ചിരുന്ന നേതാക്കളെ ചരിത്രത്തിൽ എന്നും എവിടെയും കാണാമായിരുന്നു. സത്യം ഏകവും നാമം അനേകവുമെന്ന പാരമ്പര്യത്തിന്റെ അവകാശിയും ആവിഷ്കർത്താവുമായിരുന്നു ഗാന്ധി. എതിർചേരികളുടെ ഒരുമയായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസപ്രമാണം. പല നാടുകളിൽ പല ശബ്ദങ്ങളിൽ അദ്ദേഹം സംസാരിച്ചു. ആഫ്രിക്കയിലെ ആർച് ബിഷപ് ഡെസ്മണ്ട് ടുടു പറഞ്ഞു, “നാം നമ്മുടെ വിവിധതകളിൽ ആഹ്ലാദിക്കുന്നു.” എന്നിട്ടും, വിവിധതകളെ വെച്ചുപൊറുപ്പിക്കില്ലെന്നും മറുപക്ഷത്തിന്റെ ഉന്മൂലനമാണ് ലക്ഷ്യവും ആദർശവുമെന്നും പ്രഖ്യാപിക്കുന്ന പ്രസ്ഥാനങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും കേരളത്തിലും വേരു പിടിക്കുന്നതാണ് നമ്മുടെ കാലം.
തിരഞ്ഞെടുപ്പിൽ രണ്ടേ കാൽ സംസ്ഥാനത്തേ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയിൽ പ്രസക്തി തെളിയിച്ചിട്ടുള്ളുവെങ്കിലും, അതിനെക്കാൾ എത്രയോ വ്യാപകമാണ് ഒറ്റപ്പെട്ടവരുടെയും നഷ്ടപ്പെട്ടവരുടെയും ഭാഗം പറയുന്ന സഖാക്കളുടെ പ്രശസ്തി. ഇന്ത്യൻ സാഹചര്യത്തിൽ നിർണ്ണായകമായ സ്വാധീനത അവർക്കുണ്ടാകാതിരിക്കുന്നതിന്റെ ഒരു കാരണം ഗാന്ധി ഉൾക്കൊണ്ട പാരമ്പര്യം അവർ പുഛത്തോടെ തിരസ്കരിച്ചതാണെന്നു തോന്നുന്നു. ലക്ഷ്യവും മാർഗ്ഗവും ഒന്നേ ഉള്ളുവെന്നും അതു രണ്ടും തങ്ങൾ നിർദ്ദേശിക്കുന്നതു മാത്രമാണെന്നും മറ്റൊരു വഴിയേ പോകാൻ തുനിയുന്നവരെ തട്ടിക്കളയുന്നതു പുണ്യമാണെന്നും അവർ വിശ്വസിച്ചുപോയതിന്റെ വിന ടിയാനെന്മെൻ സ്ക്വയറിൽ എന്ന പോലെ തലശ്ശേരിയിലും കൂടെക്കൂടെ കണ്ടതാണല്ലോ.
സാമൂഹ്യപ്രസ്ഥാനത്തിനായാലും രാഷ്ട്രീയപ്രസ്ഥാനത്തിനായാലും, ആർക്കായാലും, ഒന്നിനൊന്ന് ആപൽക്കരമാണ് വഴി ഒന്നേ ശരിയായുള്ളുവെന്നും വേറിട്ടൊരു വഴിയേ പോകുന്നവരെ വക വരുത്തണമെന്നുമുള്ള ചിന്ത. അന്ധമായ ആവേശമായും വികലമായ അഭിമാനമായും കുറെക്കാലമായി ഒരു കൂട്ടരിൽ കത്തിക്കേറിയിട്ടുള്ളതാണ് ആ ചിന്ത. തങ്ങൾക്കെതിരായവരെയും തങ്ങളെ വിട്ടുപോയവരെയും “ശരിപ്പെടുത്തും” എന്നു പറയുമ്പോൾ, ആ വാക്കിന് ഉണ്ടായിട്ടുള്ള അർഥവൈപരീത്യം ആലോചിച്ചുനോക്കുക. അവിടെ “ശരി ആക്കുക” അല്ല, “ഇല്ലതാക്കുക” ആണ് ഉദ്ദേശം. എത്രയോ കാലമായി എത്രയോ ആളുകൾ എത്രയോ ആവേഗത്തോടെ നടത്തുന്ന ഒരു ആക്രോശം കഴിഞ്ഞ ദിവസം നല്ലവനായ ഒരു മന്ത്രിയുടെ വായിൽനിന്നു കേട്ടപ്പോൾ, ഒരു നിമിഷം മനസ്സിൽ വിള്ളൽ ഉണ്ടായി: “ചെങ്കൊടി പിടി ച്ചു തഴമ്പിച്ചതാണീ കൈകൾ, ഓർമ്മ വേണം!“
തല്ലും, കൊല്ലും, എന്നല്ലേ അതിന്റെ അർഥം? ഇഷ്ടമില്ലാത്തവരെ തല്ലുമെന്നും കൊല്ലുമെന്നുമായാൽ, പിന്നെ ആർക്കാണ് രക്ഷ? വിഭിന്നതക്കും വിചിത്രതക്കുമുള്ള മൊലികമായ സ്വാതന്ത്ര്യം അവിടെ നിഷേധിക്കപ്പെടുന്നു. അതുകൊണ്ട് അതിനെ ഫാസിസം എന്നു പറയുന്നു. ഇതു വെറുതെ പറയുന്നതല്ല. ചേരി മാറിപ്പോകുന്നവരെ “ശരിപ്പെടുത്താനുള്ള” വിപ്ലവം നമ്മൾ എപ്പോഴും കാണുന്നതല്ലേ? എന്റെ ഓർമ്മയിൽ ഇപ്പോഴും നീറിക്കൊണ്ടിരിക്കുന്നത് ഒരു രാജവെമ്പാലയുടെയും കുറെ മുയലുകളുടെയും മുറിവുകളാണ്. അവയെ പോറ്റിവളർത്തിയിരുന്ന എം വി രാഘവനോടുള്ള വിരോധം അവയോടുള്ള രോഷമായി ആളി. അങ്ങനെ രാഘവന്റെ മുയലും വെമ്പാലയും ചുട്ടെരിക്കപ്പെട്ടു.
ഏറിയ കൂറും പാവപ്പെട്ടവർ ഉൾപ്പെട്ട ഒരു ജനസഞ്ചയവും അതിനെ നയിക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനവും, ആത്മനിന്ദയുടെയും അപമാനഭാരത്തിന്റെയും സമ്മർദ്ദത്താൽ ആപ്പിസ് പൂട്ടേണ്ടതായിരുന്നു ആ “മൃഗീയ”സന്ദർഭം. അതുണ്ടായില്ലെന്നല്ല, കാലക്രമത്തിൽ അതും കേരളം ശുദ്ധീകരിച്ചെടുത്തു. ഹിംസാവാസനയെയും വൈജാത്യവിരോധത്തെയും കേരളം പുണ്യവൽക്കരിക്കുന്നതുപോലെ തോന്നി അതിനോടുണ്ടായ പ്രതികരണം കണ്ടപ്പോൾ. മിണ്ടാതിരിക്കുകയോ പ്രതികരണം ഒരു പ്രസ്താവനയിൽ ഒതുക്കുകയോ ചെയ്തവർ അതിനെ പുണ്യവൽക്കരിച്ചില്ലെന്നു പറയാം; പക്ഷേ അവരും ഭയാനകമായ ഉദാസീനതയുടെ സംസ്ക്കാരത്തെ വളരാൻ അനുവദിക്കുകയായിരുന്നു.
ഒടുവിൽ കേരളം എവിടെ എത്തിനിൽക്കുന്നു? ഇഷ്ടമല്ലാത്തതൊന്നും വെച്ചുപോറുപ്പിക്കില്ലെന്നു പറയുന്നവരുടെ എണ്ണം ഏറിവരുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അനിഷ്ടം പറയുകയോ വിശ്വാസത്തെ മുറിപ്പെടുത്തുകയോ ചെയ്യുന്നവരുമായി വാദിച്ചും വിയോജിച്ചും ചേർന്നുപോകാൻ കഴിയുന്നതാണ് സാമൂഹ്യാരോഗ്യം. ഇഷ്ടമില്ലാത്തത് എഴുതുന്നവന്റെ കയ്യും പറയുന്നവന്റെ കഴുത്തും വെട്ടുമെന്നു വന്നാൽ, ഒന്നുകിൽ ആർക്കും ഒന്നും എഴുതാനും പറയാനും വയ്യാതാവും, അല്ലെങ്കിൽ എല്ലാവരും തമ്മിൽത്തമ്മിൽ വെട്ടിവീഴ്ത്തും. ആർ ആദ്യം വീഴുമെന്നേ സംശയമുള്ളു, എല്ലാവരും ഒടുവിൽ വീഴുമെന്നതു മൂന്നു തരം. നിരന്തരമായ സംഗരത്തിലും ഹിംസയിലും പുണ്യം കാണുന്നവർക്കേ അതിൽ അഭിരമിക്കാൻ കഴിയുകയുള്ളു. അവർ ഓരോ തവണ രസിക്കുമ്പോഴും, മനുഷ്യൻ യുഗങ്ങളിലൂടെ അഭ്യസിച്ചെടുത്ത അതിജീവനത്തിന്റെയും സഹജീവനത്തിന്റെയും മഹാമന്ത്രം പാഴ്വാക്കായി മാറുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment