അഡ്വാനിയുടെ യാത്രകൾ
ലാൽ കൃഷ്ണ അഡ്വാനിയുടെ ഗ്രഹപ്പിഴയെപ്പറ്റി ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ആ ആലോചന അദ്ദേഹത്തിന്റെ പാർട്ടിയുടെ ഗതിവിഗതികളെപ്പറ്റിയുള്ള ചിന്തയിലായിരിക്കും കലാശിക്കുക. അദ്ദേഹവുമായി കുറച്ചിട ഒട്ടൊക്കെ അടുത്തിടപഴകാൻ പറ്റിയതുകൊണ്ട് ആ ചിന്തയിൽ ചിലപ്പോൾ വികാരം കലർന്നിരിക്കും. വികാരമായി സംസ്ക്കരിക്കപ്പെടുന്ന ചിന്തയാണല്ലോ നമ്മുടെ മാനസിക വ്യകതിത്വം. വേണമെങ്കിൽ മറിച്ചും പറയാമെന്നതു പക്ഷേ ശരി തന്നെ.
ഞാൻ അഡ്വാനിയെ പരിചയപ്പെടുന്നത് അദ്ദേഹം കത്തിക്കേറി വരുമ്പോഴായിരുന്നു. ജോധ്പൂരിൽ ഒരു തിരഞ്ഞെടുപ്പുയോഗത്തിനു ശേഷം ഒരു വീട്ടിൽ അല്പം നേരം ചിലവഴിക്കാൻ എത്തിയ അദ്ദേഹത്തെ നാടൻ പെണ്ണുങ്ങൾ വളഞ്ഞു. ചിലർ മാല ഇട്ടു, ചിലർ പൊട്ടു തൊടുവിച്ചു, ചിലർ ലഡ്ഡു വിഴുങ്ങിച്ചു. അപ്പോഴൊക്കെ അദ്ദേഹം നാണം കുണുങ്ങി, രണ്ടും മൂന്നും വാക്കിൽ സംഭാഷണം ഒതുക്കി മുഖം മുന്നോട്ടു കുനിച്ചിരിക്കുകയായിരുന്നു. വികാരലേശമില്ലാതെ ആശയങ്ങൾ അവതരിപ്പിക്കുകയും അദ്ദേഹത്തിന്റെ പാർട്ടി അധികാരത്തിൽ എത്തിയാൽ ഏറ്റവുമധികം അധികാരം കയ്യാളാൻ ഇടയുള്ള ആളുമായ അഡ്വാനിയാണോ ഇങ്ങനെ നാണം കുണുങ്ങിയിരിക്കുന്നതെന്ന് ഞാൻ ആലോചിച്ചു പോയി.
എഴുപതുകളുടെ അവസാനം മുതൽ ബി ജെ പിയുടെ ഒന്നാം നിരക്കാരൻ ആയിരുന്നു അഡ്വാനി. അമ്പലത്തിൽ പോകാറില്ലെങ്കിലും ക്ഷേത്രരാഷ്ട്രീയം കരുപ്പിടിപ്പിച്ചവരിൽ പ്രധാനിയായിരുന്നു അദ്ദേഹം. എന്നാലും പാർട്ടി അധികാരത്തിൽ നുഴഞ്ഞുകേറിയപ്പോൾ,
ഭരണം നയിക്കാൻ പറ്റിയത് തീരെ സൌമ്യനും സരസനുമായ വാജപയി ആണ് ഉത്തമൻ എന്ന് പാർട്ടിക്കാരും അല്ലാത്തവരും വിചാരിച്ചു. കാര്യങ്ങൾ ഉറച്ചുപറയുന്നവരെയല്ല, എങ്ങനെ വേണമെങ്കിൽ വ്യാഖ്യാനിക്കാവുന്ന മൃദുത്വം മുദ്രയാക്കുന്നവരെയാകും പൊതുവേ ജനം ഇഷ്ടപ്പെടുക.
തൊണ്ണൂറുകളുടെ തുടക്കത്തിൽ അദ്ദേഹത്തിന്റെ ആദ്യത്തെ രഥയാത്ര അലസിപ്പോയി. വി പി സിംഗും മുലായം സിംഗും മത്സരിച്ച് അതിനെ അലസിപ്പിച്ചു എന്നും പറയാം. അന്നേ അഡ്വാനി പ്രധാനമന്ത്രിപദത്തിനു പറ്റിയ ആളാണെന്ന് അനുയായികൾ ഉൾപ്പടെ പലരും വിചാരിച്ചിരുന്നു. പക്ഷേ അതേ സമയം പാർട്ടിക്കുള്ളിൽത്തന്നെ അദ്ദേഹത്തിനെതിരെയുള്ള കലാപം മുനിഞ്ഞുതുടങ്ങിയിരുന്നു. അദ്ദേഹത്തെ ഊരും പേരും പറഞ്ഞ് ചില പാർട്ടി വേന്ദ്രന്മാർ രഹസ്യമായി അധിക്ഷേപിച്ചപ്പോൾ, അതിനെപ്പറ്റി ഞാൻ പരസ്യമായി എഴുതി. എഴുതിയതു മാത്രം വായിച്ചാൽ അഡ്വാനിക്ക് മുഷിയാൻ വകയുണ്ടായിരുന്നു. പക്ഷേ അദ്ദേഹം ചിരിച്ചതേയുള്ളു. പിന്നെ അനുയായികളിൽ ചിലർ തന്നെ ആദ്ദേഹത്തിനെതിരെ തിരിഞ്ഞു. അവരെ സഹായിക്കുന്നില്ലെന്നും നരസിംഹ റാവുവിനെപ്പോലെ പല കാര്യങ്ങളിലും ഉറച്ച നിലപാട് എടുക്കാതിരിക്കുകയാണെന്നും അവർ പരാതിപ്പെട്ടു. കമ്പ്യൂട്ടറിന്റെ ഷായത്തോടെ അഡ്വാനിയെ ഞങ്ങൾ റാവുവാക്കി. അഡ്വാനി ക്ഷോഭിക്കേണ്ടതായിരുന്നു. ഞാൻ പിന്നീടൊരവസരത്തിൽ ബന്ധപ്പെട്ടപ്പോൾ കമ്പ്യൂട്ടർ കുതന്ത്രത്തെപ്പറ്റി അദ്ദേഹം തന്നെ പറയുകയും ചിരിക്കുകയും ചെയ്തു. പണ്ടൊരിക്കൽ ഭൂപേശ് ഗുപ്ത എന്ന സി പി ഐ നേതാവ് രാജ്യസഭയിൽ മൌനം പാലിച്ചിരിക്കുന്ന അഡ്വാനിയെ നോക്കി പറയുകയുണ്ടായി: “ദാ, കണ്ടില്ലേ, ഒന്നുമ്മിണ്ടാതെ, ഒട്ടും ക്ഷോഭിക്കാതെ, ഒരാൾ ഇരിക്കുന്നു. ഇയാളെ സൂക്ഷിക്കണം.”
ബി ജെ പിയുടെ രണ്ടു തവണത്തെ ഭരണപരീക്ഷണത്തിനുശേഷം തിളങ്ങുന്ന ഭാരതത്തിന്റെ നേതാവായി അഡ്വാനി ഉയരുമെന്നു കരുതിയവർക്ക് വീണ്ടും പിഴച്ചു. അത്തവണ പാർട്ടി അധികാരത്തിനടുത്തേ എത്തിയില്ല. അപ്പോൾ അദ്ദേഹത്തിനെതിരെയുള്ള നീക്കങ്ങൾ കരുത്തു നേടി. പ്രായത്തിന്റെ പേരു പറഞ്ഞ് അദ്ദേഹം അധികാരത്തിനുള്ള ഊട്ടത്തിൽനിന്ന് മാറ്റിനിർത്തപ്പെട്ടു. പക്ഷേ അഴിമതിക്കെതിരെ മുദ്രാവാക്യം ഉയർത്തി മുന്നിട്ടിറങ്ങാൻ പാർട്ടി വീണ്ടും അദ്ദേഹത്തെ നിയോഗിച്ചിരിക്കുന്നു.
അമ്പലത്തിന്റെ രാഷ്ട്രീയം പറഞ്ഞ് അധികാരത്തിൽ കേറാമെന്നായിരുന്നു ആദ്യമൊക്കെ ധാരണ. അമ്പലമായോ ഹിന്ദിയുമായോ ബന്ധമില്ലാത്ത ജനവിഭാഗങ്ങളെയും പ്രദേശങ്ങളെയും ഒപ്പം നിർത്തിയാലേ ഇന്ത്യ ഭരിക്കാൻ കഴിയുകയുള്ളുവെന്ന ബോധം ഉദിക്കാൻ സമയം എടുത്തു. കുറച്ചിട കൈവന്ന അധികാരം ആവർത്തിക്കാൻ ക്ഷേത്രരാഷ്ട്രീയം കൊണ്ടു മാത്രമാവില്ലെന്ന് അതിനിടെ പലരും മനസ്സിലാക്കി. അതുകൊണ്ട് അഴിമതിക്കെതിരെ അട്ടഹസിക്കുന്നതാണ് നല്ലതെന്ന് അവരൊക്കെ തീരുമാനിച്ചു. അഴിമതിക്കെതിരെ പറയാണാണെങ്കിൽ പെരുത്ത് ഉണ്ടാക്കിവെക്കാൻ കോൺഗ്രസ് എന്നും ശ്രദ്ധിക്കുകയും ചെയ്തിരുന്നു.
അഴിമതിക്കെതിരെ ആദ്യമാദ്യം ശബ്ദം ഉയർത്തിയത് സോഷ്യലിസ്റ്റുകാരായിരുന്നു. ലോഹ്യയും ജെ പിയും ഉദാഹരണം. കമ്യൂണിസ്റ്റുകാർക്കും കാവിപ്പടക്കും ആദ്യം അഭിമതനായിരുന്നില്ല ജെ പി. ജെ പിയെ വഞ്ചകനായിപ്പോലും ചിത്രീകരിച്ചിരുന്നു കമ്യൂണിസ്റ്റുകാർ. പക്ഷേ അദ്ദേഹം ആദ്യം ഗുജറാതിലും പിന്നെ ബീഹാറിലും ഒടുവിൽ ഇന്ത്യിലാകെയും അറുപതുകളുടെ മധ്യം മുതൽ നടത്തിയിരുന്ന സമരത്തിൽ കോൺഗ്രസ്സിനെ തോല്പിക്കാൻ കച്ച കെട്ടിയിരുന്നവർക്കെല്ലാം ചേരേണ്ടി വന്നു. ആദ്യത്തെ കോൺഗ്രസ്സിതര മന്ത്രിസഭക്ക് പിറവി നൽകിയതും പ്രധാനമായും ജെ പിയുടെ സമരത്തിൽനിന്ന് ഉടലെടുത്ത്യ പ്രസ്ഥാനം തന്നെ.
ജെ പിയുടെ പ്രസ്ഥാനം ഏറിയ കൂറും തങ്ങളുടെ സൃഷ്ടിയാണെന്ന് പണ്ട് ചില കാവി ഗുരുക്കന്മാർ അവകാശപ്പെട്ടിരുന്നു. അങ്ങനെ ഉച്ചത്തിലും പരസ്യമായും ഒരു അവകാശവാദം ഉയർത്തിയാൽ കാവശത്രുക്കൾ ഇടയുമെന്ന് മനസ്സിലാകാൻ ഏറെ കാലം വേണ്ടിവന്നില്ല. എന്നാലോ, അഴിമതിക്കെതിരെ ഒരു പ്രസ്ഥാനം ഫലം ചെയ്യുകയും ചെയ്യും. അതിനെ ന്യായീകരിക്കുമാറ്, പല
അധികാരകേന്ദ്രങ്ങൾക്കെതിരെയും ആരോപണം ഉയരുകയുമുണ്ടായി
അണ്ണാ ഹസാരേ തുടങ്ങിവെച്ച പ്രസ്ഥാനത്തിന് പിൻ തുണ നൽകുമ്പോൾ തന്നെ, ബി ജെപി അതിന്റെ മുൻ നിര നേതൃത്വ്ത്തിലേക്ക് വരാതിരിക്കാൻ ശ്രദ്ധിച്ചു. രാം ദേവ് സന്യാസി ആയതുകൊണ്ടാകാം, അദ്ദേഹത്തിന്റെ പ്രസ്ഥാനവുമായുള്ള ബി ജെപി ബന്ധം കുറെക്കൂടി വ്യക്തമായിരുന്നു. പക്ഷേ രാം ദേവിന്റെ സംരംഭത്തിന്റെ ചായം പെട്ടെന്നിളകിപ്പോയി. ഹസാരേ അവതരിച്ചത് അതിന്റെ നിഴലിലായിരുന്നു. പക്ഷേ പിന്നണീഗാനം പാടിയാൽ ഹീറോ ആവാൻ സാധ്യമല്ല എന്ന സത്യം നേരിട്ടതുകൊണ്ടാകാം, അഴിമതിക്കെതിരെ ജനങ്ങളുടേ ചേതന ഉണർത്താനുള്ള സമരവുമായി അഡ്വാനി ഇറങ്ങത്തിർക്കുകയായിരുന്നു.
അദ്ദേഹത്തിന് വ്യക്തിപരമായി സ്വയം പുനരുജ്ജീവത്തിനുള്ള ഒരു അവസരം അങ്ങനെ വീണ്ടും കൈവന്നു. ആളുകളെയും ആശയങ്ങളെയും വെച്ച് ഒന്നാം തരം ചെപ്പും പന്തും കളി നടത്താറുള്ള അഡ്വാനി ഇടക്ക് കളിക്കളത്തിനു പുറത്തു പോകുകയായിരുന്നു. പാർട്ടി അധികാരത്തോടടുത്തുകൊണ്ടിരുന്ന കാലത്ത് അദ്ദേഹത്തെ ഊരും പേരും പറഞ്ഞ് അദ്ദേഹത്തെ ആക്രമിച്ചിരുന്നവർ പാർട്ടിക്കുള്ളിൽ തന്നെയുണ്ടായിരുന്നു. പലരും പറയാൻ മടിച്ചിരുന്ന ആ കാര്യം എന്റെ ഒരു ലേഖനത്തിൽ വന്നപ്പോൾ, അഡ്വാനി ചിരിച്ചു. കന്മഷം അല്പം പോലും കാട്ടാതെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. പിന്നീടൊരിക്കൽ കമ്പ്യൂട്ടർ ചിത്രത്തിന്റെ പിൻ ബലത്തോടെ, നരസിംഹ റാവുവിനെപ്പോലെ, സന്ദിഗ്ധ ഘട്ടത്തിൽ ഉറച്ച നിലപാടെടുക്കാൻ സംശയിക്കുന്ന ആളാണ് അഡ്വാനിയെന്ന ആശായഗതി അവതരിപ്പിച്ചപ്പോൾ, വീണ്ടും അഡ്വാനി ചിരിച്ചതേയുള്ളൂ.
ഇപ്പോൾ രാഷ്ട്രീയമായി ഏറെക്കുറെ മറവു ചെയ്യപ്പെട്ടിരിക്കുന്നുവെന്നു കരുതിയ ഘട്ടത്തിൽ,
അദ്ദേഹം വീണ്ടും സ്വന്തം ചേതനയും ജനത്തിന്റെ ചേതനയും ഉണർത്താൻ ഒരുങ്ങിയിരിക്കുന്നു. പക്ഷേ അതോടൊപ്പം ഗ്രഹപ്പിഴയും അദ്ദേഹത്തെ വീണ്ടും ബാധിക്കുകയും ചെയ്തിരിക്കുന്നു. ജനചേതനയാത്ര തുടങ്ങുമ്പോൾ ഇരുമ്പയിർ കുഴിച്ചെടുത്ത് പണമുണ്ടാക്കിയ ചില കർണ്ണാടകനേതാക്കൾക്കെതിരെ ആരോപണം ഉയർന്നിരുന്നതേയുള്ളു. പിന്നെപ്പിന്നെ അവരിൽ ചിലർ അകത്തായി. അഡ്വാനിക്കു പ്രിയപ്പെട്ട സുഷമാ സ്വരാജുമായി ഏറെ അടുപ്പമുള്ള ആളാണ്
അഴിമതിക്കേസിൽ ആദ്യം അകത്തായ ജനാർദ്ദന റെഡ്ഡി. അഡ്വാനിയല്ലെങ്കിൽ പിന്നെ കണക്കാക്കാവുന്ന ഒരാളായി സുഷമ സ്വയം എണ്ണിയിരുന്നു പോലും. തനിക്കല്ലെങ്കിൽ തന്റെ വോട്ട് അഡ്വാനി സുഷമക്ക് ചെയ്യുമായിരുന്നു. അപ്പോഴാണ് പാർട്ടിയെ പൊതുവേയും സുഷമയെ വിശേഷിച്ചും വെട്ടിലാക്കിയ ഖനികുംഭകോണം പൊട്ടിപ്പുറപ്പെട്ടത്. അതു മറികടക്കാനുള്ള വഴി ആലോചിച്ചുകൊണ്ടിരിക്കേ പാർട്ടിയുടെ ബംഗളൂരിലെ മേൽ വിലാസമായ യെഡിയൂരപ്പ തടവറായിലും ഐ സി യുവിലും മാറിമാറിക്കിടന്നു.
അഴിമതിക്കെതിരെ യെഡിയൂരപ്പയുടെ നാട്ടിൽ ഒരു രഥയാത്ര നടത്തിയാൽ സ്വന്തം പാർട്ടിയുടെ ചങ്കിലൂടേയാകും അതു നീങ്ങുക എന്ന സത്യം അഡ്വാനിക്കു മാത്രം അറിവുള്ളതല്ല. കോൺഗ്രസ്സിന്റെ സ്തംഭങ്ങൾ ഇളകുന്ന നേർത്ത് ഇങ്ങനെ ഒരു യാത്ര ഫലം ചെയ്യുമായിരുന്നു. പക്ഷേ അഴിമതിക്കെതിരെ ശബ്ദം ഉയർത്തുന്നവർ അഴിമതിയിൽ കുളിച്ചുനിൽക്കുന്നവരായാലോ, പിന്നെ ആ യാത്രകൊണ്ട് എവിടെ എത്താൻ?
No comments:
Post a Comment