Tuesday, February 19, 2013

നീതി, ന്യായം, നിയമം





നീതി, ന്യായം, നിയമം


യാദൃച്ഛികത എന്ന ആശയം എന്നെ കൂടുതൽ രസിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. നീതിയെയും ന്യായത്തെയും പറ്റിയുള്ള ഒരു പുസ്തകം---അമർത്യ സെൻ എഴുതിയ The Idea of Justice(നീതി എന്ന ആശയം)---വായിച്ചുകൊണ്ടിരിക്കുകയായിരുന്നു ന്യായാധിപന്മാർ കൂട്ടിൽ കയറാൻ ഇടയാക്കുന്ന കേസുകൾ പൊട്ടിപ്പുറപ്പെടുമ്പോൾ.  നീതിയും ന്യായവും തമ്മിൽ ഇന്ത്യൻ ചിന്തകർ കല്പിക്കുന്ന വ്യത്യാസവും, ഭഗവദ് ഗീതയിൽ കൃഷ്ണൻ എടുക്കുന്ന നിലപാറ്റും, “ലോകം തുലയുന്നെങ്കിൽ തുലയട്ടെ, നീതി നടപ്പാക്കുക” എന്ന് ആജ്ഞാപിച്ച ഫെർഡിനാന്റ് ഒന്നാമൻ എന്ന റോമൻ ചക്രവർത്തിയുടെ വീക്ഷണവും, പരോപകാരം ചെയ്യാൻ നിഹിതമായ ഒരു വാസന മനുഷ്യനുണ്ടൊ എന്ന ചോദ്യവും അങ്ങനെ എന്തെല്ലാമോ കാര്യങ്ങളും പരിശോധിക്കുന്നതാണ് ആ പുസ്തകം.  അതിലൂടെ കടന്നുപോകുമ്പോൾ ന്യായാധിപന്മാർ കാടു കയറുന്നതും കൂട്ടിൽ കയറാവുന്ന പരുവത്തിലാകുന്നതും കണ്ട് ഞാൻ രസിച്ചിരുന്നു. 

മനുഷ്യന്റെ  സാമൂഹികക്രമത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും യുക്തിസഹമായ സംഭവമാണ്  നിയമവാഴ്ചയുടെ ഉത്ഭവം.  “നിങ്ങൾ എത്ര ഉയർന്നവനാകട്ടെ, നിയമം നിങ്ങളെക്കാൾ ഉയർന്നിരിക്കുന്നു” എന്ന പ്രമാണം ആകുന്നു അതിന്റെ കാതൽ.  അതു നടപ്പാകണമെങ്കിൽ, നിയമത്തിന്റെ വാഴ്ചയും നീതിയുടെ പാലനവും ഉറപ്പുവരുത്തേണ്ട ന്യായപീഠം ഒരേ സമയം സംയമവും പ്രത്യുല്പന്നമതിത്വവും അനുഷ്ഠിക്കണം.  ന്യായപീഠം ന്യായം ചെയ്താൽ മാത്രം പോരാ,  ന്യായസ്ഥമാണെന്നു തോന്നിക്കുകയും വേണം.  അതാണ് പഴമൊഴി. അതാണ് ശരിയും.
                                                                                                                                                                    ആപത്ക്കരമായ രണ്ടു പ്രവണതകൾ നീതിനിർവഹണത്തിൽ വേരൂന്നിവരുന്നതായി കാണാം.  ഒന്നിനൊന്ന് ആപൽക്കരമായ പ്രവണതകൾ.  ആദ്യത്തേത് ന്യായപീഠത്തിന്റെ കർത്തവ്യത്തെപ്പറ്റിയുള്ള സങ്കല്പവുമായി ബന്ധപ്പെട്ടതാകുന്നു.  ന്യായാധിപൻ നിയമവും തെളിവും വ്യാഖ്യാനിച്ചും വിലയിരുത്തിയും ഇരുന്നാൽ പോരാ, സാമൂഹ്യയാഥാർഥ്യങ്ങൾ കണ്ടറിഞ്ഞ്, പൊതുജീവിതം ആരോഗ്യപൂർണമാക്കാൻ നിയമം വഴി  മുൻ കൈ എടുക്കുകയും വേണമെന്ന ചിന്താഗതി ബലപ്പെട്ടു വന്നിരിക്കുന്നു.  അതു വേണ്ടതു തന്നെ.  പക്ഷേ സമൂഹത്തിന്റെ ആരോഗ്യത്തിന്റെയും സദാചാരത്തിന്റെയും മാതൃക തിട്ടപ്പെടുത്താനും അതു നിലവിൽ വരുത്താനും കോടതി വേണമെന്നു വന്നാലോ?    

                                                                                                                                                                            
 എന്തിനും കോടതിയിൽ പോകാം, പോകണം, പോയാലേ കാര്യം നടക്കൂ എന്ന സ്ഥിതി കൊള്ളില്ല.  എന്നല്ല, ആപൽക്കരമാണെന്നുതന്നെ പറയണം.  കാരണം, എന്തും നടക്കണമെങ്കിൽ കോടതി വിചാരിക്കണം എന്നു വരുമ്പോൾ, ന്യായാധിപന് അദ്ദേഹം അറിയാതെതന്നെ രാജാവിന്റെ സ്വഭാവം ഉണ്ടായിപ്പോകുന്നു. സമൂഹത്തിലെ ആശയപരമായ സംഘട്ടനങ്ങളുടെയും സമന്വയങ്ങളുടെയും ആകത്തുകയായി ഉരുത്തിരിയേണ്ട ചിന്തയും നിർണ്ണയവും കോടതിയുടെ കല്പനയായി വരുമ്പോൾ, ജനഹിതത്തിൽ ഒരു തരം കയ്യേറ്റം നടക്കുന്നതുപോലെ തോന്നും. അഭിലഷണീയമല്ല ആ സ്ഥിതി.                                                                                                                 

                                                                                                                                                                                            ഉദാഹരണമായി,  ആനയെ എഴുന്നള്ളിക്കുന്നതും മരുന്നുമണി നടത്തുന്നതും വഴിയോരത്ത് യോഗം കൂടുന്നതും നിരോധിച്ചുകൊണ്ട് കോടതി ഉത്തരവു പുറപ്പെടുവിക്കുമ്പോഴത്തെ സ്ഥിതി വിലയിരുത്തുക.  ഉത്തരവിന് അനുകൂലമായി പലതും പറയാൻ കാണും.  പ്രാകൃതമായ, പുതിയ നാഗരികയാഥാർഥ്യങ്ങൾക്കു നിരക്കാത്തതും സാങ്കേതികസിദ്ധികളെ കൊഞ്ഞനം കാട്ടുന്നതുമായ ആചാരങ്ങൾ അവസാനിക്കണമെന്നു വാദിക്കാം.  പക്ഷേ അതു വാദിച്ചും പ്രതിവാദിച്ചും തീരുമാനിക്കേണ്ട കാര്യമാണ്, ഒരു ന്യായാധിപന്റെ കല്പനയിൽ ഒതുക്കേണ്ടതല്ല.  ആ വാദത്തെയും പ്രതിവാദത്തെയും കരുപ്പിടിപ്പിക്കാവുന്ന അഭിപ്രായപ്രകടനം കോടതിയിൽനിന്നുണ്ടാകട്ടെ; അതിനു പകരം കോടതിയുടെ ഉത്തരവുകൊണ്ട് കാര്യം നടത്താമെന്നു വരുമ്പോൾ എവിടെയോ എന്തെല്ലാമോ അട്ടിമറിയുന്നു.  

                                                                                                                                     വാസ്തവത്തിൽ കോടതിക്ക് ഇടപെടേണ്ടിവരുന്ന സ്ഥിതി എത്ര കുറഞ്ഞിരിക്കുന്നോ, അത്രയും  ബലപ്പെട്ടിരിക്കും നിയമവാഴ്ച എന്നുപോലും,  ഒട്ടൊക്കെ വിരോധാഭാസമെന്ന മട്ടിൽ, പറയാം.   നിയമം  പൊതുവേ അനുസരിക്കപ്പെടുകയും, അതിനെപ്പറ്റി   ഭിന്നാഭിപ്രായം ഉണ്ടാകാതെ വരികയും ചെയ്യുമ്പോഴാണല്ലോ നിയമം മാതൃകാപരമായി വാഴുക.     അതല്ലാതെ, എന്തിലും ഏതിലും ഇടപെടാമെന്ന ധാരണയും ഇടപെടുമ്പോഴത്തെ അഭിനിവേശവും കോടതിക്ക് വേറൊരു പരിവേഷം നൽകുന്നു.  കെട്ടിക്കിടക്കുന്ന കേസ്സുകൾ കൂടുതൽ കെട്ടിക്കിടക്കാൻ അത് ഇടയാക്കുമെന്നത്  ഒരു പാർശ്വഫലമേ ആകുന്നുള്ളു.

                                                                                                                           `                                     രണ്ടാമത്തെ, കൂടുതൽ ആപൽക്കരമായ, പ്രവണത ന്യായപീഠത്തിൽ അന്യായം നടക്കുന്നുവെന്ന ധാരണ വ്യാപകമാകുന്നതാണ്.  വേറിട്ട രണ്ടു വഴികളിലൂടെയാണ് ഈയിടെ ആ ധാരണ  ശക്തമായത്.  ആദ്യം ശാന്തിഭൂഷൺ എന്ന മുതിർന്ന അഭിഭാഷകൻ ഔപചാരികമായി ഒരു ആരോപണം ഉന്നയിച്ചു:  മുഖ്യന്യാധിപന്മാരായവരിൽ പലരും അഴിമതിക്കാരായിരുന്നു പോലും.  വെറുതെ എന്തെങ്കിലും പറഞ്ഞുപോകുന്ന ആളല്ല ശാന്തിഭൂഷൺ.  എന്നിട്ട് എന്തുണ്ടായി?  പകൽ പോലെ തെളിഞ്ഞ, സ്വാഭാവികമായ ഒരു പ്രതിഭാസമായി നമ്മ്ല് അതിനെ ചെവിക്കൊണ്ട്, സ്വാഭാവികമായി, അതു മറക്കുകയും ചെയ്തു.  ഇതിലൊക്കെ എന്തിരിക്കുന്നു  എന്ന മട്ടിൽ!                                                                                                                                 



മുഖ്യന്യായാധിപനായിരുന്ന കെ ജി ബാലകൃഷ്ണൻ ആപ്പിലായത് ആയിടക്കാണ്.  ആരോപണം ശരിയോ തെറ്റോ എന്ന ചോദ്യത്തെക്കാൾ പ്രധാനമാണ്, ആപൽക്കരമാണ്, ആരോപണം ഉന്നയിക്കാമെന്നു വരുന്ന സ്ഥിതി.  ആരോപണത്തിനപ്പുറം നിന്നാലേ ചില പദവികൾക്ക് അവയുടെ ശോഭയും ഗരിമയും ഉണ്ടാകൂ.  മുഖ്യന്യായാധിപന്റെ പദവി അവയിൽ ഒന്നാകുന്നു.  പക്ഷേ ആരോപണം വന്നാലെന്ത്? വന്നില്ലെങ്കിലെന്ത്?  എന്ന മട്ടിൽ ബാലകൃഷ്ണൻ തന്റെ കോട്ടും സ്യൂട്ടുമായി നടക്കുന്നു.  അദ്ദേഹത്തെ വിടുതലാക്കേണ്ടവരുടെ നോട്ടം വേറെ എവിടേയോ തറച്ചിരിക്കുന്നു.                                                                                                                                                                                                                                          കോടതിക്ക് കൈക്കൂലി കൊടുത്തുവെന്ന് വേറൊരാൾക്കുവേണ്ടി കൈക്കൂലി കൊടുത്തുവെന്ന് ഊറ്റം കൊള്ളുന്ന മട്ടിൽ വെളിപ്പെടുത്തിയ വേറൊരു മിശിഹ ശാന്തിഭൂഷണോളം പ്രശസ്തിയോ വിശ്വാസ്യതയോ ഉള്ള ആളല്ല.  പൊള്ളുന്ന വെളിപാടുകളുമായി പ്രത്യക്ഷപ്പെട്ടിട്ടുള്ള നമ്മുടെ സാക്ഷാൽ റഉഫ് മുമ്പൊന്നും   സത്യവാചകങ്ങളുമായോ സാമൂഹ്യപ്രതിരോധങ്ങളുമായോ  ബന്ധപ്പെട്ടുകണ്ട ആളല്ല.  എന്നാലും ന്യായാധിപന്മാർക്കു  കൈക്കൂലി കൊടുത്തുവെന്ന അദ്ദേഹത്തിന്റെ സാക്ഷ്യവും നാം കൊണ്ടാടുന്നു.  എന്ത് ആരോപണവും ശരി ആകുന്നുവെന്നല്ല, ശരി ആകണമെന്നു നാം ആഗ്രഹിക്കുന്നുവെന്നതാണ്  പരമമായ ദൈന്യം.


No comments: