ജോണ്‍ മാഷ് എന്തിനു കയര്‍ക്കുന്നു?
ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ മുന്നൂറു കൊല്ലം മുമ്പ് വടക്കാഞ്ചേരിക്കടുത്ത വേലൂരിലെ വെങ്ങലശ്ശേരിക്കുന്നിന്‍ ചരിവില്‍ പണിതുകൊടുത്തതാണെന്നു കരുതപ്പെടുന്നു അര്‍ണോസ് പാതിരിയുടെ മാളിക. കാലത്തിന്റെ വേഗവും പരിഷ്കാരത്തിന്റെ ധാര്‍ഷ്ട്യവും അതിന്റെ രൂപവും ഭാവവും ഏറെ മാറ്റിയിരിക്കുന്നു. ആ ഓര്‍മ്മയുടെ തിണ്ണയില്‍, അര്‍ണോസ് ഉണ്ടാക്കിയ പള്ളിയുടെ മതിലിനോട് ചേര്‍ന്ന് ജോണ്‍ മാഷ് നിന്നു. പൊക്കം കുറഞ്ഞ ആ മനുഷ്യരൂപത്തില്‍നിന്ന് ആയിരം സൂര്യന്മാരുടെ രോഷം വികിരണം ചെയ്യപ്പെട്ടു.
പള്ളിച്ചുമരിലെ വചനങ്ങള്‍ ഉറക്കെ ഉച്ചരിച്ചുകൊണ്ട് ജോണ്‍ മാഷ് പറഞ്ഞു: “അതിന്റെ ശീലും ശൈലിയും നോക്കൂ. എഴുത്തഛന്റെ കാവ്യഹൃദയം അതില്‍ സ്പന്ദിക്കുന്നതു കേള്‍ക്കാം. ഹൈന്ദവസംസ്കൃതി ഉള്‍ക്കൊണ്ട ആളായിരുന്നു അര്‍ണോസ്. ഉദയമ്പേരൂര്‍ സുന്നഹദോസ് വഴി മെനെസസ് മെത്രാന്‍ നല്‍കിയ തീട്ടൂരം തള്ളിക്കളഞ്ഞ്, ഈ മണ്ണിന്റെ മണവും സ്വരവും തന്റെ രചനകളില്‍ അവ്വഹിച്ച ജര്‍മ്മന്‍ പാതിരിയായിരുന്നു അര്‍ണോസ്....”
അക്ഷമനായി ജോണ്‍ മാഷ് സംസാരിച്ചുപോയപ്പോള്‍, ഞാന്‍ അര്‍ണോസിന്റെ വരികളിലൂടെ കടന്നുപോയി. രാമായണത്തിലും ജ്ഞാനപ്പാനയിലും കൃഷണഗാഥയിലും വിളങ്ങിനില്‍ക്കുന്ന ഒരു പദസംസ്കാരം അദ്ദേഹത്തിന്റെ പുത്തന്‍പാനയില്‍
മഹിതോദാരമായ ദിവ്യസ്നേഹത്തിന്റേയും സാഹിത്യസേവനത്തിന്റേയും ഓര്‍മ്മ ചുരത്തുന്ന വെങ്ങലശ്ശേരിക്കുന്നിലെ എടുപ്പുകള്‍ മാറിമാറിവന്ന ചില വൈദികരുടെേയും അവരുടെ വൈതാളികരുടെയും ചരിത്രവിരോധത്തില്‍ തകര്‍ന്നുവീണു. നവീനശൈലികളും സാമഗ്രികളും നിര്‍മ്മിതികളും ആയിരുന്നു, അര്‍ണോസിന്റെ പൈതൃകത്തേക്കാളേറെ, അവര്‍ക്കിഷ്ടം. തികഞ്ഞ അഭിനിവേശത്തോടെ അവര്‍ അദ്ദേഹം സ്വരൂപിച്ച തങ്കക്കാസ കുറേ നാണയങ്ങള്‍ക്ക് വിറ്റു. അഞ്ചു താക്കോലുകള്‍കൊണ്ടു തുറക്കാവുന്ന ഏഴു പൂട്ടുകളുള്ള പള്ളിയിലെ രഹസ്യ അറ അവര്‍ പൊളിച്ചു. അതിന്റെ പലകകള്‍ മീഞ്ചന്തയിലേക്കും മറ്റും സൌകര്യപൂര്‍വം കടത്തി. എന്നിട്ട് അവര്‍ ജോണ്‍ മാഷെ മുദ്ര കുത്തി: “പള്ളി പൊളിച്ച കള്ളന്‍.” ആ അസഭ്യം കേള്‍ക്കുന്നത് അര്‍ണോസ് പതിരിയുടെ പുതിയ പ്രവാചകന് എന്നും ഹരം ആയിരുന്നു.
ജോണ്‍ മാഷിന്റേയും മറ്റും നീണ്ട ദൌത്യത്തിന്റെ പരിണാമമായിരുന്നു വെങ്ങലശ്ശേരിക്കുന്നിലെ ദേവാലയം പുരാവസ്തുവാണെന്ന സര്‍ക്കാര്‍ പ്രഖ്യാപനം. അതു നന്നാക്കാന്‍ കുറെ സര്‍ക്കാര്‍ പണവും ചിലവായി. അങ്ങനയിരിക്കെ അര്‍ണോസ് പാതിരിയുടെ ഓര്‍മ്മയെ സര്‍ക്കാരിന്റേയോ സമൂഹത്തിന്റേയോ സംരക്ഷണത്തില്‍ വിടുന്നതിനോടെതിര്‍പ്പുള്ളവര്‍ പുതിയ അടവുകളുമായി രംഗത്തെത്തി. ഒരു ദിവസം ആരെല്ലമോ ചേര്‍ന്ന് വാസ്തുവിദ്യാപ്രാധാന്യമുള്ള പള്ളിമതിലിന്റെ ഒരു ഭാഗം പൊളിച്ചുകളഞ്ഞു. ക്ഷേത്രശില്‍പത്തില്‍നിന്ന് മാതൃക സ്വീകരിച്ചുകൊണ്ട് പള്ളി പണീതിരുന്ന ആളാണത്രേ അര്‍ണോസ്. മതില്‍ രണ്ടുതരമാണ്: കുടം പള്ള(ഘടോദരം), ആനപ്പള്ള(ഗജോദരം). രണ്ടും ചേര്‍ത്തായിരിക്കും മിക്ക മതിലുകളും. വേലൂര്‍ പള്ളിയില്‍ മുഴുവന്‍ ഗജോദരമായിരുന്നത്രേ. അതിന്റെ ഒരു ഭാഗം, കാറു കേറ്റാനുള്ള സൌകര്യത്തിനുവേണ്ടിയോ എന്തോ, ആരോ പൊളിച്ചുകളഞ്ഞു. അതൊക്കെ പുരാവസ്തുവിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുമ്പോഴാണിതെന്നോര്‍ക്കണം. കേസായി. പക്ഷേ സാക്ഷി ഇല്ലാതെ കേസ് തള്ളിപ്പോയി. ചരിത്രത്തിന്റെ നിതാന്തവിശുദ്ധിയില്‍ അഭിരമിക്കുന്ന ജോണ്‍ മാഷ് എങ്ങനെ കയര്‍ക്കാതിരിക്കും? കഴിഞ്ഞ അമ്പതു കൊല്ലത്തിനുള്ളില്‍ നാം നശിപ്പിച്ചുകളഞ്ഞ ദേവാലയങ്ങളുടെ പട്ടിക തയ്യാറാക്കുകയാണ് അദ്ദേഹം.
ചരിത്രം എവിടെ ആക്രമിക്കപ്പെടുമ്പോഴും ജോണ്‍ മാഷ് കയര്‍ക്കും. കുന്നംകുളത്തുനിന്ന് തൃശൂര്‍ക്കു പോകുമ്പോള്‍ ഒരു പ്രഭാതത്തില്‍ ജോണ്‍ കയര്‍ത്തത് വെടിയൊച്ച കേട്ടപ്പോഴായിരുന്നു. ചൂണ്ടല്‍ എന്ന സ്ഥലത്ത് ബസ് എത്തിയപ്പോഴായിരുന്നു സംഭവം. പാറപ്പുറത്തുള്ള ഒരു വിഷ്ണുക്ഷേത്രത്തിന്റെ ഓരത്ത് ജോസ് എന്ന ഒരു കരാറുകാരന്‍ പാറ വെടിവെച്ചുപൊട്ടിക്കുകയായിരുന്നു. ബസ്സില്‍നിന്ന് വെളിച്ചപ്പാടിനെപ്പോലെ ചാടിയിറങ്ങിയ ജോണ്‍ മാഷ് സംഗതി മനസ്സിലാക്കി, ഒരു സമരത്തിനുള്ള മരുന്നിട്ടതിനുശേഷമേ യാത്ര തുടര്‍ന്നുള്ളു. ഹരികന്യകപുരത്തെ ദീവീക്ഷേത്രത്തിന്റെ പുനരുദ്ധാരണവുമായും ഈയിടെ അദ്ദേഹം ബന്ധപ്പെടുകയുണ്ടായി. ക്ഷേത്രമായാലും പള്ളിയായാലും, പഴമയും പുരാവൃത്തവുമുണ്ടെങ്കില്‍, ആരാധകനും പ്രവാചകനുമായി ജോണ്‍ മാഷ് അവിടെ എത്തിയിരിക്കും. പഴമയാകുന്നു ദിവ്യത്വത്തിന്റെ ഒരംശം.
സംസാരിച്ചുമുന്നോട്ടുപോകുന്നതിനിടയില്‍, തനിക്കു പങ്കെടുക്കേണ്ടിയിരുന്ന കല്യാണം ജോണ്‍ മാഷ് മറന്നു. ഒര്‍ത്തപ്പോള്‍, തന്റെ പ്രാരാബ്ധം പറഞ്ഞൂകേള്‍പ്പിക്കാന്‍ ഒരാളെക്കൂടി കിട്ടിയ സന്തോഷത്തില്‍, അതൊക്കെ മറന്നതുനന്നായെന്നായി. ഞങ്ങള്‍ പിരിയുമ്പോള്‍്, ജോണ്‍ മാഷ് കൈകള്‍ ആകാശത്തിലേക്കുയര്‍ത്തിക്കൊണ്ട്, പുരോഹിതന്‍മാരെ പരിഹസിക്കുന്ന യേശുവിന്റെ വചനം ഉറക്കെ ഉരുവിടുകയായിരുന്നു. ആകാശങ്ങള്‍ക്കുവേണ്ടിയായിരുന്നു ആ ജപം എന്നു തോന്നി.
No comments:
Post a Comment