Tuesday, February 19, 2013

അനുകരണത്തിന്റെ സംസ്ക്കാരം









അനുകരണത്തിന്റെ സംസ്ക്കാരം

മഴവിൽ മനോരമയിൽ പുതിയ മൂന്നു പരിപാടികൾ വരുന്നു.  എല്ലാം പഴയതു തന്നെ.  നിമിഷം തോറും എന്താണോ പുതുതായി തോന്നുന്നത്, അതാണ് സൌന്ദര്യത്തിന്റെ രൂപമെന്ന് പണ്ടൊരു കവി പറഞ്ഞുവെച്ചിരുന്നു.  നമ്മുടെ ദൃശ്യമാധ്യമം കവിയെ വികലമാക്കിക്കൊണ്ട്, പുതിയതിനെയെല്ലാം പഴയതാണെന്നു തോന്നിക്കുന്ന ഒരു തരം സൌന്ദര്യരസതന്ത്രം പ്രയോഗിച്ചു നോക്കുന്നു.  ദൃശ്യമാധ്യമം എന്ന ഏകവചനം എല്ലാ ചാനലുകളെയും ഉൾക്കൊള്ളാ‍ൻ ഉദ്ദേശിച്ചുള്ളതാണ്.
ആദ്യം  വരാൻ പോകുന്ന മൂന്നു പരിപാടികളെപ്പറ്റി ആലോചിക്കാം.  ഒന്നിന്റെ വിഷയം  കണ്ടും കേട്ടും പഴകിയ അമ്മായിയമ്മപ്പോരാണ്.  ഏതോ ഒരു ചാനൽ തമ്മിലടിക്കുന്ന അമ്മായിയമ്മയെയും മരുമകളെയും വെച്ചുകൊണ്ട്  നീണ്ടുനീണ്ടുപോയ പരിപാടി അവതരിപ്പിച്ചിട്ട് ഏറെ ആയില്ല.  ഹാസ്യം എന്ന പേരിൽ, ഊഹിക്കാവുന്ന നടികളെ വെച്ചുകൊണ്ട് അവതരിപ്പിച്ച ആ പരിപാടി നിന്നുപോയത്  പരസ്യം കിട്ടാത്തതുകൊണ്ടായിരിക്കും.  അങ്ങനെയിരിക്കേ, അതാ വരുന്നു വീണ്ടും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള അങ്കം.
വിവാഹം എന്ന സ്ഥാപനം ഉണ്ടാകുമ്പോൾ ഉണ്ടായിരുന്നിരിക്കും അമ്മയിയമ്മയും മരുമകളും തമ്മിലുള്ള പോര്.  അതിനെ ആരൊക്കെ എങ്ങനെയൊക്കെ ചിത്രീകരിച്ചിരിക്കുന്നു, നൂറ്റാണ്ടുകളിലൂടെ? പൊതുവേ അമ്മായിയമ്മ ബഹളക്കാരിയും  മരുമകൾ ദുരിതം സഹിക്കുന്നവളുമായാണ് ചിത്രീകരിക്കാറ്.  എല്ലാറ്റിലും സന്തുലനം വേണമെന്ന നിർബ്ബന്ധം കാരണം രണ്ടു പേരും ഒരു പോലെ കിണ്ണവും കുടവുമെടുത്ത് തമ്മിലടിക്കുന്നതായി കാണിക്കുന്നുവെന്നേയുള്ളു. ചിത്രീകരിച്ചു ചിത്രീകരിച്ച്, അത് നമ്മുടേ സമൂഹസ്മൃതിയുടെ ഭാഗമായിരിക്കുന്നു, ഭാഷയിലെ ഒരു പ്രയോഗമായിരിക്കുന്നു.
പക്ഷേ കുടുംബബന്ധങ്ങളിൽ വന്ന മാറ്റങ്ങളോടൊപ്പം അമ്മായിയമ്മയുടെ സ്ഥാനത്തിനും മരുമകളുടെ വീക്ഷണത്തിനും എത്രയോ മാറ്റം വന്നിട്ടുണ്ട്.   അമ്മായിയമ്മക്കും മരുമകൾക്കും അടി കൂടാനുള്ള അവസരം തന്നെ ഏറെ ചുരുങ്ങിയിരിക്കുന്നു.   ഒന്നുകിൽ അവർ ഒരേ വീട്ടിൽ താമസിക്കുന്നുണ്ടാവില്ല.  അല്ലെങ്കിൽ, ഒരിക്കൽ അലോഹ്യം തോന്നിയാൽ, പിന്നെ തമ്മിൽത്തമ്മിൽ കണ്ടെന്നു തന്നെ വരില്ല. പിന്നെ ക്ലാസിക്കൽ രീതിയിലുള്ള അമ്മായിയമ്മ-മരുമകൾ പോരിനെവിടെ സ്ഥാനം?  കുടുംബകലഹത്തിന്റെ പ്രധാന കക്ഷികളായി അവരെ അവതരിപ്പിക്കുന്നതുതന്നെ ശരിയാവില്ല.  എന്നാലും നമ്മുടെ മാധ്യമവീരന്മാർക്ക്, പണ്ടത്തെ കേട്ടുകേൾവിയുടെ ഓർമ്മ പുതുക്കുന്ന പഴയ വിഭവം തന്നെ മതി കാണികളെ സൽക്കരിക്കാൻ.
വേറൊന്നാണ് കോമഡി.  ഈടുറ്റ ഹാസ്യപാരമ്പര്യമുള്ള സമൂഹമാണ് മലയാളം.  ഇവിടെ ആഘോഷിക്കപ്പെട്ടവരാണ് തോലനും വെണ്മണിയും നമ്പ്യാരും സഞ്ജയനും.  ചിരിക്കാനും കളിയാക്കാനും കേളി കേട്ടതാണ്  മലയാളത്തിന്റെ സംവേദനശീലം.  വിനോദഭാവന നമുക്ക് വിപ്ലവവീര്യത്തോളമുണ്ട്.  ഇങ്കിലാബ് വിളിക്കുന്നതും പൊട്ടിച്ചിരിക്കുന്നതും നമുക്ക് ഒന്നിച്ചാവാം.  കാർട്ടൂൺ വരക്കാനുള്ള നമ്മുടെ കഴിവ്  യാഥാർഥ്യത്തെ തല കീഴാക്കി നിർത്തി ഊറിച്ചിരിക്കാനുള്ള താല്പര്യത്തെ എടുത്തോതുന്നു.  ആ ഹാസ്യപാരമ്പര്യം വന്നവസാനിച്ചിരിക്കുന്നതോ സുരാജ് വെഞ്ഞാറമൂട്ടിലും.  മുതുകുളവും എസ് പി പിള്ളയും പല വേഷത്തിൽ, പല ഭാവത്തിൽ, എപ്പോഴും നമ്മുടെ സ്വീകരണമുറികളിൽ ഉരുണ്ടുകളിക്കുന്നതുപോലെ.
അതൊക്കെ കാണിക്കാൻ പുതിയൊരു ഹാസ്യപരിപാടി ഒരു ചാനൽ പ്രഖ്യാപിച്ചിരിക്കുന്നു.  ഹാസ്യാനുകരണമാണ് നമുക്ക് പഥ്യം.  പരിചയമുള്ള ആരെയെങ്കിലും അനുകരിച്ചു കാണിച്ചാൽ  ഹാസ്യമായി.  അതിൽ വിശേഷിച്ചൊരു സാമൂഹ്യവിമർശനമൊന്നും വേണമെന്നില്ല.  ഒരാൾ നടക്കുന്നതും നോക്കുന്നതും ഇളിക്കുന്നതും എല്ലാം അതേ പോലെ കാണിച്ചാൽ കാണീകൾ ചിരിയായി.  അതുകൊണ്ടാണല്ലോ അച്യുതാനന്ദനെക്കാൾ നന്നായി അദ്ദേഹത്തിന്റെ അനുകർത്താവ് അച്യുതാനന്ദനായി വിലസുന്നത്.  ഏതു ചാനലായാലും അര മണിക്കൂറെങ്കിലും മിമിക്രിക്കുവേണ്ടി മാറ്റി വെക്കും.  കണ്ടും കേട്ടും മടുത്ത നമ്പറുകൾ പുതിയ പേരിൽ നിഴലായും വെളിച്ചമായും അവതരിക്കും.
അതിന്റെ ഉപോല്പന്നമായി, രസം തോന്നിയ ഒന്നുണ്ടായി.  സുകുമാർ അഴിക്കോടും അദ്ദേഹത്തെ അനുകരിച്ചിരുന്ന ജയരാജ് വാര്യരും ഒരുമിച്ച്  ഒരിടത്ത് സംസാരിക്കാൻ പോകേണ്ട അവസരമുണ്ടായി.  അപ്പോൾ അഴിക്കോട് വാര്യരോടു പറഞ്ഞു: “നമ്മളിൽ ഒരാൾ പോയാൽ മതി അഴിക്കോടാവാൻ.” വാര്യരുടെ നമ്പർ മാതമായിരുന്നോ അത് എന്നറിയില്ല.  നമുക്ക് അറിയാവുന്ന കര്യം ഇത്രമാത്രം:  കോമഡി പരിപാടികൾ കണ്ടു കണ്ട് കരച്ചിൽ വന്നു തുടങ്ങിയിരിക്കുന്നു.  ഇന്നിയുമിനിയും കരയാൻ അവസരം  ഉണ്ടാകുമെന്നാണ്  പുതിയ പരിപാടികളുടെ വിളംബരത്തിൽനിന്നു കിട്ടുന്ന സൂചന.
മൂന്നാമത്തെ പുതിയ പരിപാടി കോടീശ്വരൻ.  കോടീശ്വരന്മാരെ ഉണ്ടാക്കാനുള്ള മലയാളിയുടെ ദൌത്യം പി കെ കുഞ്ഞിന്റെ കാലത്ത് തുടങ്ങിയതാണ്.  ആദ്യത്തെ ഭാഗ്യക്കുറി അദ്ദേഹത്തിന്റെ വക ആയിരുന്നു പോലും.  അതിനു മുമ്പ് ആന ഒന്നാം സമ്മാനമായുള്ള ഭാഗ്യക്കുറി പത്രപ്രവർത്തകയൂണീയൻ സംഘടിപ്പിച്ചിരുന്നുവത്രേ.  എട്ടണക്ക് ടിക്കറ്റ് വാങ്ങിയ ആൾക്ക് ആനയെ കിട്ടിയിരുന്നെങ്കിൽ എവിടെ കൊണ്ടുപോയി കെട്ടുമായിരുന്നു!  ഭാഗ്യം, ഒന്നാം സമ്മാനത്തിന് ആർക്കും നറുക്ക് വീണില്ല.  പിന്നെ കോടീശ്വരന്മാരെ സൃഷ്ടിക്കാനുള്ള കോലാഹലമായി.  സിക്കിമിൽനിന്നും ഭൂട്ടാനിൽനിന്നും ആളുകൾ വന്നു, മലയാളികളെ കോടീശ്വരന്മാരാക്കാൻ.
ചുളുവിൽ കോടീശ്വരനാകാനുള്ള ആ അഭിവാഞ്ഛ അസ്സലായും, മലയാളിയുടെ അതിശയോക്തിയോടെയും പ്രതിഫലിപ്പിച്ചിരിക്കുന്നു ഓരോ ചാനലും ഇറക്കുന്ന കോടീശ്വരപരിപാടിയുടെ പരിഷ്ക്കരിച്ച പതിപ്പുകളിൽ.  തുടങ്ങിവെച്ചത് അമിതാഭ് ബച്ചനായിരുന്നു.  മലയാളത്തിലല്ലാത്ത ഒരു പരിപാടി മലയാളത്തിൽ ഏറ്റവുമധികം കണ്ടത് ബച്ചന്റെ കോടീശ്വരനായിരുന്നു.  ബച്ചൻ ചെയ്താൽ എന്തും നന്നാവും.  ഗോവിന്ദനെപ്പറ്റി ഓട്ടൂർ ഉണ്ണി നമ്പൂതിരിപ്പാട് പറഞ്ഞത് ഓർമ്മ വരുന്നു.: ഗോവിന്ദൻ ചെയ്‌വതെന്താകിലുമതു മുഴുവൻ ഭംഗിയായി തീർന്നിടുന്നു.  ബച്ചൻ ചെയ്തതെല്ലാം ഭംഗിയായി.  ഒരു കോടീശ്വരനുണ്ടായി.  പിന്നെ കുറെ  കാൽ-അരക്കാൽ കോടീശ്വരന്മാരും.  ചാനലും പരസ്യക്കാരും ബച്ചനും എത്ര കോടി ഉണ്ടാക്കിയെന്ന കണക്ക് ആരും അന്വേഷിച്ചില്ല.
ബച്ചൻ അനുകരിക്കുകയായിരുന്നുവെന്നു പറഞ്ഞുകൂടാ.  പക്ഷേ അദ്ദേഹത്തിന്റെ പരിപാടിയുടെ മൂലരൂപം അമേരിക്കയിൽ പയറ്റിത്തെളിഞ്ഞതായിരുന്നു.  കോടീശ്വരനാകാനുള്ള ആളുകളുടെ ത്വര.  ചോദ്യം ചോദിക്കാൻ ഒരു താരം.  ഉത്തരം ആലോചിക്കാനും പറയാനും കാണികൾക്കുള്ള അവസരം.  മത്സരത്തിന്റെ ഹരം.  എല്ലാം കൂടിയായപ്പോൾ പരിപാടി പൊടിപൊടിച്ചു.  ബച്ചനല്ലേ, പൊടിഒപൊടിക്കതെ വയ്യ.
പിന്നെ ആ വഴിക്കായി തിരക്കിട്ട നീക്കം.  “ഇല്ലനുകർത്താവിനില്ല തൻ ജീവിത വല്ലരിയിൽ പൂ വിരിഞ്ഞു കാണാൻ വിധി“  എന്ന അക്കിത്തത്തിന്റെ വരികൾ അവരൊന്നും കേട്ടിട്ടേ ഉണ്ടാവില്ല.  എന്നിട്ടു വേണ്ടേ അനുസരിക്കുന്ന കാര്യം ആലോചിക്കാൻ.  മുകേശ് അതു പോലൊരു പരിപാടിയുമായി വന്നു.  അനുകരണം കയ്യടി നേടാണമെങ്കിൽ അസ്സലിനെക്കാൾ കേമമാ‍കണം.  കോടീശ്വരന്മാരെ ഉണ്ടാക്കാനുള്ള വേറൊരു പരിപാടി വേറൊരു ഫോമാറ്റിൽ മുകേശ് അവതരിപ്പിച്ചപ്പോൾ ഹിറ്റായി.   ആ പരിപാടി തീരാറായപ്പോൾ ഇതാ വരുന്നു മമത മോഹൻ ദാസ്,  കയ്യിൽ ഒരു കോടി,  ആർ യു റെഡി എന്ന ചോദ്യവുമായി.  പിന്നെ വെട്ടുകയും തട്ടുകയും വീരപ്രസംഗം വർഷിക്കുകയും ചെയ്യുന്ന സുരേഷ് ഗോപിയുടെ ഊഴമായി, നിങ്ങൾക്കുമാകാം കോടീശ്ഡബ്ലിയുഅരൻ എന്നു വിളിച്ചു കൂവാൻ.  അതുകൊണ്ടൊന്നുമായില്ലെന്ന മട്ടിൽ വേറൊരു ചാനൽ പുതിയൊരു കോടീശ്വരൻ പരിപാടി ഇറക്കാൻ പോകുന്നു.  സിദ്ദിഖ് ആണത്രേ അവതാരകൻ.  താരമല്ലാതെ തരമില്ലല്ലോ.  .
തൃശൂർ പൂരത്തിലെ കുടമറ്റം പോലെ അതങ്ങനെ ഏറിയും മാറിയും മുന്നോട്ടു പോകുന്നു.  കോടീശ്വരൻ പരിപാടികളും കോമഡികളും അടുത്തൊന്നും നമ്മെ വിട്ടുപോവില്ല.  ചോദ്യോത്തരപംക്തി പോലെ  ക്വിസ് പരിപാടികൾ വന്നു.  ഒരു ചാനൽ തുടങ്ങിയാൽ, മ്റ്റൊരു ചാനലിനു തുടങ്ങാതെ വയ്യെന്നായി.  ഇംഗ്ലിഷും മലയാളവും കലർത്തി പറയുന്ന അവതാരകയെ ഒരു കൂട്ടർ ഇറക്കിയാൽ, മലയാളം ഇംഗ്ലിഷ് പോലെ പറയുന്ന അവതാരകയെ ഇറക്കുകയായി മറ്റൊരു കൂട്ടർ.  മലയാളം അറിയില്ലെന്നു നടിക്കുന്നവരെ കയ്യടിച്ചു സ്വീകരിക്കുന്നു മലയാളിസമൂഹം  എന്ന ദുരന്തമാണ് ഇതിലൂടെ തെളിയുന്ന ഒരു സത്യം.  മറ്റൊരു സത്യം സംവേദനശീലത്തിന്റെ ഏറ്റവും അശിക്ഷിതമായ തലത്തിൽ മാത്രം വ്യാപരിക്കുന്നതാണ് ചാനൽ ചിന്ത എന്നതാണ്. നമ്മുടെ സമീപകാലത്തെ ദൃശ്യശ്രാവ്യാനുഭവത്തിന്റെ കണക്കെടുത്താൽ എന്തായിരിക്കും കണ്ടെത്തുക?  തമ്മിൽത്തമ്മിൽ അനുകരിക്കുന്ന,  അവനവനെത്തന്നെ അനുകരിക്കുന്ന, ആവർത്തിക്കുന്ന  പ്രവണതയുടെ തീവ്രതയും തുടർച്ചയും തന്നെ.

No comments: