Tuesday, February 19, 2013

ദേഷ്യം വരുമ്പോൾ എന്തു ചെയ്യും?



ദേഷ്യം വരുമ്പോൾ എന്തു ചെയ്യും?


എല്ലാ ആചാര്യന്മാരും എല്ലാ തത്വസംഹിതകളും ആദ്യവസാനം ഉന്നയിക്കുന്നതാണ് ഒരേ സമയം ലളിതവും സങ്കീർണ്ണവും ആയ ഈ ചോദ്യം: ദേഷ്യം വരുമ്പോൾ എന്തു ചെയ്യും? കഴിഞ്ഞ ആഴ്ച ഒരു പത്രത്തിന്റെ “ഇന്നത്തെ ചിന്താവിഷയ“ത്തിൽ ചോദ്യം വീണ്ടും ആവർത്തിച്ചുകണ്ടു.  ആവർത്തനത്തിനു ബലം കൊടുക്കാനെന്നോണം ജോബിന്റെ പുസ്തകത്തിലെ ഒരു വചനവും ഉദ്ധരിക്കപ്പെട്ടു.  വായിക്കാൻ ക്ഷമയുള്ളവർക്ക് ഏതു പുസ്തകത്തിലും കാണാവുന്ന ആ ചിന്ത ആയിരം കൊല്ലമായി ആവർത്തിക്കപ്പെട്ടിട്ടും വൈരസ്യം ജനിപ്പിക്കാതെ ഇന്നും ചർച്ച ചെയ്തു പോരുന്നു.  ദേഷ്യം വരുമ്പോൾ എന്തു ചെയ്യും?

എനിക്ക് കലശലായ ദേഷ്യം വരേണ്ടതായിരുന്നു, കഴിഞ്ഞൊരു വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ.  റോഡിന്റെ ഓരം ചേർന്ന് ആരെയും അലോസരപ്പെടുത്താതെ നടക്കുന്ന എന്റെ നേരേ ഒരു വിദ്വാൻ ബൈക് ഓടിച്ചു വരുന്നു.  തമാശയായിട്ടാ‍ായിരുന്നില്ല അയാളുടെ വരവ്.  എന്നെ ഇടിച്ചുവീഴ്ത്താനുള്ള കാരണവുമുണ്ടായിരുന്നില്ല.  എന്നിട്ടും എന്നെ വീഴ്ത്തി, വീഴ്ത്തിയില്ല എന്ന മട്ടിൽ ബൈക്ക് ഒച്ച വെച്ചുകൊണ്ടുനിന്നപ്പോൾ എനിക്ക് ദേഷ്യം പൊട്ടേണ്ടതായിരുന്നു.  ഇത്ര അശ്രദ്ധമായി, ഇത്ര ആപൽക്കരമായി, വണ്ടി ഓടിക്കാൻ ഇയാൾക്ക്, എന്താ, ഭ്രാന്തുണ്ടോ? റോഡ് ഇയാളുടെ ആരെഉടെയെങ്കിലും സ്വകാര്യസ്വത്താണോ? ചോദ്യങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടായിരുന്നു.

ഒന്നും ചോദിച്ചില്ല.  അങ്ങനെയൊക്കെ കേൾക്കാനും തഞ്ചം പോലെ പ്രതികരിക്കാനും  തയ്യാറായി ബൈക്കിൽ ഇരിക്കുകയായിരുന്നു ചെറുപ്പക്കാരൻ. ഒരു നിമിഷം പകച്ചതിനുശേഷം ഞാൻ അയാളെ നോക്കി ചെറുതായൊന്നു ചിരിച്ചു.  ഒരു നിമിഷം ചെറുപ്പക്കാരൻ എന്തു ചെയ്യണമെന്നറിയാതെ അന്തിച്ചിരുന്നു.  എന്റെ ചിരിക്ക് മറുചിരി ചിരിക്കാൻ അയാൾ അല്പസമയം എടുത്തു.  അതിനിടയിൽ യാഥാർഥ്യത്തെക്കുറിച്ചുള്ള അയാളുടെ ബോധവും പ്രതികരണത്തിലെ പതിവും പരീക്ഷിക്കപ്പെടുകയായിരുന്നു. പൊട്ടിച്ചിരിക്കേണ്ട ആൾ പുഞ്ചിരിക്കുമ്പോഴത്തെ അത്ഭുതം വെളിവാകുകയായിരുന്നു.

കുറച്ചു കഴിഞ്ഞ് ഞാൻ ഒരു കണക്കെടുപ്പ് നടത്തി--ഞാൻ ചൂടാവുന്നു; ചെറുപ്പക്കാരൻ ആദ്യം “സോറി” പറയുന്നു; ഞാൻ കത്തിക്കേറുന്നു; ചെറുപ്പക്കാരൻ ചെറുത്തുനോക്കുന്നു; :“പോ സാറേ, സാറിനെക്കൊണ്ട് പറ്റുന്നതൊക്കെ നോക്ക്.  നമുക്ക് കാണാം...” പിന്നെ എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല.  ഒരു കേസും ഉണ്ടാകാൻ പോകുന്നില്ല.  വെറുതെ കുറേ നേരം എന്റെ ചോര ചൂടാകുകയും വായു ക്ഷോഭിക്കുകയും ഒരാളെക്കൂടി ശത്രുവായി കാണുകയും ചെയ്യുന്നു.  അത്രമാത്രം.  

അതൊന്നും ഉണ്ടാകാൻ നിന്നുകൊടുക്കാതെ, ഞാൻ ചെറുപ്പക്കാരനുനേരേ പുഞ്ചിരിച്ചപ്പോൾ, അയാൾ കൊച്ചാവുന്നതുപോലെ അയാൾക്കു തോന്നിക്കാണും.  വൈകാരികമായ ഒരു തരം ആധിപത്യം ഞാൻ അയാളിൽ ചെലുത്തുന്നതുപോലെ അയാൾക്കും എനിക്കും തോന്നിക്കാണും.  ആ സംഭ്രമംകൊണ്ടാണല്ലോ അയാൾ മറുചിരി ചിരിക്കാൻ അല്പം വൈകിയത്.  എന്റെ ചിരിയുടെ ഉള്ളിൽ മറ്റൊരു വിചാരവും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ഇടിച്ചുവീഴ്ത്താൻ വന്ന ബൈക് ഒരു ഇഞ്ചകലെ സ്തംഭിച്ചുനിന്നില്ലേ? എനിക്ക് ഒന്നും  പറ്റിയില്ലല്ലോ. എന്തൊക്കെ പറ്റാമായിരുന്നു.  അതോർക്കുമ്പോൾ പൊട്ടിത്തെറിക്കാനല്ല, ഉള്ള് തുറന്ന് പ്രാർഥിക്കാനാണ് തോന്നുക.  പൊട്ടിത്തെറിച്ചിരുന്നെങ്കിൽ, പഴയ കൃഷ്ണവചനം ആവർത്തിക്കാമെങ്കിൽ, ക്രോധത്തിൽനിന്ന് ഉളവാകുന്ന സമ്മോഹത്തിൽ ഞാൻ വീണുപോകുമായിരുന്നു.

പകലന്തിയാവും മുമ്പ് ഇതുപോലെ എത്ര സന്ദർഭങ്ങളിൽ ഞാൻ പൊട്ടിത്തെറിക്കാൻ കാത്തിരിക്കുന്നു! ഒരു രാത്രിയുടെ ഉറക്കം കഴിഞ്ഞ് സന്തോഷമായി എനീറ്റുവരുമ്പോൾ ഭാര്യ എന്നെ കാണിച്ചു തരുന്നു, അയല്പക്കത്തെ അയയിൽ തൂക്കിയിട്ടിട്ടുള്ള കീറിയ അടിവസ്ത്രങ്ങൾ.  കാണാൻ കൊള്ളാത്ത കാഴ്ച.  അതും നന്നേ രാവിലെ.  മൂഡ് ഔട് ആക്കാൻ അതു മതി.  അവർ അത് അങ്ങനെ തൂക്കേണ്ടായിരുന്നു.  രണ്ടു വാക്കു പറഞ്ഞാലോ? പറഞ്ഞാൽ എന്റെയും അവരുടെയും പ്രഭാതം ഒരു പോലെ ബോറാവും.  പറഞ്ഞില്ലെങ്കിൽ എനിക്ക് ഉള്ളീൽ അല്പനേരം ചൊറിയും.  പിന്നെ അതങ്ങു മാറും.  എന്തു വേണം?

വെരിയർ എൽ വിന്റെ ഒരു നീണ്ട പ്രബന്ധത്തിലാണ് ഞാൻ ദേഷ്യത്തിന്റെ ദോഷത്തെപ്പറ്റി ആദ്യം വായിച്ചതെന്നു തോന്നുന്നു.  ശാസ്ത്രജ്ഞനായിരുന്ന എൽ വിൻ ഇന്ത്യയിൽ വന്ന് ആദിവാസികളെപ്പറ്റി പഠിച്ചു.  എന്നിട്ട് ആകാശവാണിയിൽ നടത്തിയ പ്രഭാഷണത്തിന്റെ പുസ്തകരൂപമായിരുന്നു ആ പ്രബന്ധം.  വിഷയം സ്നേഹത്തിന്റെ തത്വശാസ്ത്രം.  അതിൽ അദ്ദേഹം ഹണ്ടർ എന്ന പ്രശസ്ത ഡോക്റ്ററെ ഉദ്ധരിച്ചു.

തന്റെ ഓരോ ശത്രുവിണ്ടും താൻ കടപ്പെട്ടിരിക്കുന്നുവെന്നാണ് ഡോക്റ്റർ ഹണ്ടറുടെ സത്യവാചകം. ശത്രുവിന്  നന്ദി പറയുന്നത് തന്നെ ദേഷ്യപ്പെടുത്താനുള്ള ഓരോ അവസരവും ഉപയ്ഗിക്കാതിരുന്നതിനാണ്.  ഓരോ തവണയും ദേഷ്യപ്പെടുമ്പോൾ ദുർബ്ബലമായ തന്റെ ഹൃദയം പൊട്ടാൻ ഇടയുണ്ടെന്ന് നല്ലവണ്ണം അറിയുന്നയാളായിരുന്നു അതിനെപ്പറ്റി ആയുഷ്കാലം മുഴുവൻ ഗവേഷണം നടത്തിയ ഹണ്ടർ.  ദേഷ്യത്തിന്റെ ദൂഷ്യം അദ്ദ്/എഹത്തെക്കാൾ നന്നായി ആർക്കറിയാമായിരുന്നു?

പലർക്കും അറിയാമായിരുന്നുവെന്ന കാര്യം എനിക്കറിയാമായിരുന്നില്ല.  പിന്നെ ദേഷ്യത്തെപ്പറ്റി പുരാണം പറഞ്ഞ പലരെയും ഞാൻ പരിചയപ്പെട്ടു.  ദേഷ്യം വന്നാൽ എല്ലാം കുഴയുമെന്ന് അനുജനെ പറഞ്ഞു മനസ്സിലാക്കിയ ആളാണ് രാമൻ.  ശൃംഗേരിയിലെ ആചാര്യൻ അഞ്ഞൂറു കൊല്ലം മുമ്പ് ഒരു കൃതിയിൽ എഴുതിവെച്ചു,  ദേഷ്യം വരുന്നയാൾ ജീവിച്ചിരിക്കേ നരകത്തിൽ കഴിയുന്നു.  അങ്ങനെ ഉദ്ധരിച്ചുകൊണ്ടേ പോകാം.  തന്റെ ഭാഗം വെല്ലുവിളിക്കപ്പെടുമ്പോഴാണ് എല്ലാവർക്കും ദേഷ്യം വരുക. ധർമ്മരോഷം എന്ന നല്ല പേരിൽ അറിയപ്പെടുന്ന ദേഷ്യവും അതിൽ ഉൾപ്പെടുത്താം.

ദേഷ്യം എങ്ങനെ തടയാം? എന്റെ അമ്മയുടെ അമ്മ അമ്മക്ക് ഒരു ഉപദേശം കൊടുത്തു.  എന്റെ അമ്മ കുട്ടിയായിരുന്നപ്പോൾ മരിച്ചുപോയ അമ്മമ്മയുടെ ദർശനം ലളിതവും ഗഹനവുമായിരുന്നു.  ദേഷ്യം വരുമ്പൊൾ ഒരു പാത്രം വെള്ളം കുടിക്കുക.  ഉള്ളു തണുക്കും.  പൊട്ടിത്തെറിക്കാനിരിക്കുന്ന മനസ്സിൽ കുളിരു വീഴും.  അല്പം കഴിയൂമ്പോൾ ദേഷയ്ത്തിന് പ്രസക്തിയില്ലെന്നു മനസ്സിലാകും.  ജയരാജന്റെ ലൌഡ് സ്പീക്കർ എന്ന സിനിമയിൽ മമ്മുട്ടി അഭിനയിക്കുന്ന കഥാപാത്രം വഴക്കടിക്കുന്ന ദമ്പതികളെ ഒരുമിപ്പിക്കാൻ പ്രയോഗിക്കുന്ന മരുന്ന് എന്റെ അമ്മമ്മ നിർദ്ദേശിച്ചതു തന്നെ.  വലിയ കണ്ടുപിടുത്തങ്ങൾ പലപ്പോഴും ചെറിയ മനുഷ്യരുടെ ആയിരിക്കും.

No comments: