അല്പം കൂടി മധ്യവിചാരം
മധ്യവിചാരം ബുദ്ധന്റെ വഴിയായിരുന്നു. തികഞ്ഞ ലാലസയും തികഞ്ഞ നിരാസവും വെടിഞ്ഞ്, മധ്യമാർഗ്ഗത്തിൽ ചരിക്കണമെന്നായിരുന്നു ബുദ്ധന്റെ ഉപദേശം. അങ്ങനെ ഒരു മധ്യമാർഗ്ഗം മദ്യവിചാരത്തിലും സാധ്യമാകുമോ എന്നായിരുന്നു ശാസ്ത്രഗതിയുടെ ഏറ്റവും ഒടുവിലത്തെ ലക്കം കണ്ടപ്പോൾ എന്റെ വിചാരം. മദ്യത്തിനെതിരെ എം എൻ ഗോകുൽദാസ് എഴുതിയ വിശദമായ, പാണ്ഡിത്യം നിറഞ്ഞ, ലേഖനം മദ്യപാനികളെ ചിന്തിപ്പിക്കും. മദ്യവിരോധികൾക്ക് ലഹരി പിടിപ്പിക്കും.
ഗോകുൽദാസിന്റെ പ്രബന്ധത്തിൽ തെറ്റായ ഒരു വിവരവും കാണില്ല. അദ്ദേഹം നിരത്തുന്ന വാദങ്ങളും കണക്കുകളൂം നമുക്ക് അതേ പടി സ്വീകരിക്കാം. ഓണത്തിനും വിഷുവിനും വിറ്റഴിയുന്ന മദ്യത്തിന്റെ അളവും വിലയും എല്ലാ കൊള്ളവും മാധ്യമങ്ങൾക്ക് ആഘോഴിക്കാനുള്ള വാർത്തയാണ്. ചാലക്കുടിയും കരുനാഗപ്പള്ളിയും മദ്യവില്പനയിൽ, ഉപഭോഗത്തിൽ, മത്സരിച്ചങ്ങനെ മുന്നേറുന്നു, കൊല്ലം തോറും. അതിനെപ്പറ്റിയുള്ള വാർത്തയിൽ വീര്യം കലർത്താൻ, തയ്യാറാക്കുന്നവർ എന്തെങ്കിലും മരുന്നടിക്കാറുണ്ടോ ആവോ?
ശാസ്ത്രഗതി അവതരിപ്പിക്കുന്ന കുറച്ചു ഗണീതം ഉദ്ധരിക്കട്ടെ. ദക്ഷിണേഷ്യയിലെ മദോല്പാദനത്തിന്റെ 65 ശതമാനം ഇന്തയിൽ നടക്കുന്നു. ഇന്ത്യയുടെ ഇപ്പോഴത്തെ ഉല്പാദനം 670 കോടി ലിറ്റർ. മൂന്നുകൊല്ലം കൊണ്ട് ഉപഭോഗം മൂഇരട്ടിയാകും. വ്യാജോല്പന്നം ഇതിൽ പെടുന്നില്ല. ഇരുപതു ശതമാനത്തോളം ഉല്പാദനം വ്യാജമാണെന്നു കരുതപ്പെടുന്നു. ലോകത്തിൽ ഏറ്റവുമധികം വിസ്കി കുടിയന്മാർ ഇന്ത്യയിലാണ്. വിസ്കിയിൽനിന്നുള്ള വരുമാനം 40, 500 കോടി. അത് 2015 ആവുമ്പോഴേക്കും 54000 കോടിയാകും.
മദ്യപാനത്തിൽ ഒന്നാം സ്ഥാനം ഇന്ത്യയിൽ കേരളത്തിനു തന്നെ. കുറെ കൊല്ലങ്ങളായി ആ പദവി തുടർന്നുപോരുന്നു. ഇന്ത്യുയുടെ ഉല്പാദനത്തിന്റെ പതിനാറു ശതമാനം കുടിക്കുന്നത് കേരളക്കാരാണ്. ഒറ്റയടിക്ക് നേർപ്പിക്കാത്ത മദ്യം വിഴുങ്ങുന്ന ആപൽക്കരമായ ശീലമുള്ള പുരുഷന്മാരുടെ സമൂഹമെന്ന് ചില അന്താരാഷ്ട്രനിരീക്ഷകർ കേരളത്തെ വിശേഷിപ്പിച്ചിരിക്കുന്നു. ആരോഗ്യരംഗത്ത് കേരളം നേടിയ എല്ലാ നേട്ടങ്ങളെയും തകിടം മറിക്കാൻ മദ്യപാനം മതിയാകും എന്നാണ് വിദഗ്ധമതം.
കേരളത്തിലെ ആളോഹരി മദ്യോപഭോഗം 11 ലിറ്റർ ആണ്. നല്ല കുടിയന്മാരെന്നു നാം കണക്കാക്കുന്ന പഞ്ചാബിലെ ആളോഹരി ഉപഭോഗം 7.9 ലിറ്ററേ വരുന്നുള്ളു. ഈ കണക്കിലും അല്പം അവാസ്തവികതയുണ്ട്. ആളോഹരി കൂട്ടുന്നത് കുട്ടികളെയും സ്ത്രീകളെയും പ്രായം ചെന്നവരെയും ഉൾപ്പെടുത്തിയാണ്. അവരെയെല്ലാം ഒഴിവാക്കി ആളോഹരി കണക്കാക്കിയാൽ, കേരളം കുടിച്ചുതീർക്കുന്ന മദ്യത്തിന്റെ അളവു കേട്ട് ആരും കിറുങ്ങിപ്പോകും. രോഗം മാത്രം നേടിത്തരുന്ന ഈ ലഹരിയുടെ വിലയെന്ത്?
അത് ആരോഗ്യകരമായ ഉപയോഗങ്ങൾക്കുവേണ്ടി നീക്കിവെച്ചാൽ നേട്ടമെന്തായിരിക്കും? ലഹരി പിടിക്കാത്ത ലോകം ഉന്നയിക്കുന്ന ചോദ്യം തീർത്തും യുക്തിസഹം തന്നെ. അതൊക്കെ ബോധ്യമുണ്ടായിട്ടും ആരും കുടി കുറക്കുന്നില്ല.
ഭരണഘടനയുടെ മാർഗ്ഗനിർദ്ദേശകതത്വങ്ങളിൽ ഒന്ന് മദ്യവർജ്ജനം ആണല്ലോ. ഗാന്ധിയോട് കടുത്ത ആരാധനയുള്ള ചിലർ മദ്യവർജ്ജകരായി രംഗത്തുണ്ട്, ഇന്നും.
അവരിൽ ചിലർ ചിലപ്പോൾ മദ്യമന്ത്രിമാരായി വിളങ്ങുന്നതും കാണാം. പക്ഷേ അതുകൊണ്ടൊന്നും മദ്യോപഭോഗം കുറയുന്നില്ലെന്നു മാത്രമല്ല, കൂടുന്നുണ്ടു താനും. ദോഷം പറയരുതല്ലോ, സംസ്ഥാനത്തിന്റെ വരുമാനത്തിൽ നല്ലൊരു പങ്ക് മദ്യത്തിന്മേലുള്ള നികുതിയും മദ്യം വിറ്റുള്ള ലാഭവും ചേർന്നതാണ്. അതു മുഴുവൻ വേണ്ടെന്നു വെച്ചാൽ, കമ്മി എങ്ങനെ നികത്തും? സംസ്ഥാനത്തെ രാഷ്ട്രീയവും സാംസ്കാരികവുമായ പല സംരംഭങ്ങൾക്കും ഉദാരമായി സംഭാവന ചെയ്യുന്ന ആളുകൾ,
കള്ളുകച്ചവടം നിർത്തിയാൽ, ആ ഔദാര്യം പിന്നെ എങ്ങനെ പ്രകടിപ്പിക്കും.? നമ്മുടെ രാഷ്ട്രീയത്തിന്റെ എറ്റവും വലിയ ധനസ്രോതസ്സുകളിൽ ഒന്ന് മദ്യവ്യാപാരമാണെന്നോർക്കണം.
മദ്യവർജ്ജനത്തിനോ മദ്യനിരോധനത്തിനോ അനുകൂലമായി മാത്രമേ വാദങ്ങൾ നിരത്താനുള്ളുവെങ്കിലും മലയാളി കുടി കാര്യമായി തുടരുന്നു. ഏതാണ്ടൊരു പ്രവചനത്തിന്റെ ഈണത്തിൽത്തന്നെ പറയാം, കുടി മുട്ടുകയില്ല, കൂടുകയേ ഉള്ളു. ആവശ്യമില്ലാത്ത, ആപൽക്കരമായ ഒരു ശീലം ഏറെ പണം മുടക്കി തുടരുന്നതിലെ അയുക്തികത അത്ഭുതപ്പെടുത്തുന്നതാകുന്നു. വാസ്തവത്തിൽ, എല്ലാം യുക്തിപൂർവം മാത്രം കാണണമെന്നു നിർബ്ബന്ധമുള്ള മൃഗമല്ല മനുഷ്യൻ എന്ന് ഈ ഘട്ടത്തിൽ മനസ്സിലാക്കണം. വല്ലപ്പോഴും ഒന്നു മിനുങ്ങാൻ, ചിലപ്പോൾ ഒന്നു ഫിറ്റാവാൻ, അപൂർവം അവസരങ്ങളീൽ അവനവനിൽനിന്ന് അകന്നുമാറാൻ മനുഷ്യനുള്ള പ്രേരണ ഏറെ ശക്തമാണെന്നതാണ് വാസ്തവം.
“വൈകീട്ടെന്താ പരിപാടി?” എന്ന ചോദ്യം ശാസ്ത്രഗതിയിലെ ലേഖനത്തിൽ ഉദ്ധരിക്കുന്നുണ്ട്. ആ ചോദ്യം മനസ്സിലാകുന്നവരുടെ ഇടയിൽ “പരിപാടി” ഒന്നേ ഉള്ളു. വൈകീട്ടത്തെ പരിപാടിക്കായാലും പ്രത്യേകാഘോഷങ്ങൾക്കായാലും ഏർപ്പാട്
ഒന്നു തന്നെ. ഒരു തരം ലാഘവം ആഗ്രഹിക്കുന്നവരാാണ് പലരും. കുടിക്കില്ലെന്നു ശപഥം ചെയ്തവർ പോലും കഥയിലും കവിതയിലും മദ്യത്തിന്റെ ലഹരി അനുഭവിക്കുന്ന രംഗം ചിത്രണം ചെയ്യുന്നതു നോക്കുക. വളരെ മുതിർന്ന കവികൾ, അവരിൽ തികഞ്ഞ സാത്വികന്മാർ പോലും, മദ്യത്തിന്റെയും ലഹരിയുടെയും ബിംബകങ്ങൾ അവതരിപ്പിക്കുന്നതു കാണാം. ആനന്ദലഹരി എന്നു പറയുമ്പോൾ ആധ്യാത്മികാനന്ദത്തിന്റെ ലഹരി ആണെന്നു വാദിച്ചു നോക്കാം. അതല്ലാത്ത ലഹരിയുടെ അനുഭവങ്ങൾ മദ്യവിരോധികളായ കവികൾ ചിത്രീകരിക്കുമ്പോൾ, അവരുടെ ധൈഷണീകസത്യസന്ധതയെ സംശയിക്കണോ, അതോ മദ്യത്തിന് അപ്രതീക്ഷിതമായി കൈവരുന്ന ഒരു അംഗിക്കാരമായി അതിനെ കൂട്ടണോ?
പിന്നെ, യുക്തിയുടെ കാര്യം എടുത്താൽ, എന്തെല്ലാം അയുക്തികമായി തോന്നും? മനുഷ്യൻ മനുഷ്യനെ ഇഷ്ടപ്പെടുന്നതാണ് യുക്തി. യുക്തിക്കനുസരിച്ച് മനുഷ്യൻ പെരുമാറിയിരുന്നെങ്കിൽ, ഇപ്പോഴത്തെ ബദ്ധപ്പാടൊന്നും ഉണ്ടാകുമായിരുന്നില്ല.
മലയാളി കഴിഞ്ഞ നൂറുകൊല്ലത്തിനുള്ളിൽ ശീലിച്ച ചായകുടി നിർത്തിയാൽ എത്ര കോടി രൂപ ലാഭിക്കാം? സ്വർണ്ണത്തോടുള്ള ഭ്രമം ഇല്ലാതായാൽ, സ്ത്രീധനം കൊടുക്കാനില്ലാത്തതുകൊണ്ട് കല്യാണം മുടങ്ങിപ്പോകുന്ന എത്രയോ കുട്ടികളുടെ അഛനമ്മമാർക്ക് എത്ര സമാധാനം ഉണ്ടാകും? നരച്ച മുടി കറുപ്പിക്കുന്ന ഏർപ്പാട് വേണ്ടെന്നു വെച്ചാൽ, എത്ര പണച്ചിലവ് ഒഴിവാക്കാം? ദേഹം നിറം പിടിപ്പിക്കാനുപയോഗിക്കുന്ന സാധനങ്ങൾ വേണ്ടെന്നുവെച്ചാൽ, ഉണ്ടാകുന്ന മിച്ചം എത്ര? ആവശ്യമില്ലാതെ കരുതിവെക്കുന്ന പണത്തിൽ ഒരു പങ്ക് പട്ടിണീ കിടക്കുന്നവർക്ക് കൊടുത്താൽ ഉണ്ടാകുന്ന നന്മ എത്ര?
ഇതൊക്കെ യുക്തിക്കു ചേർന്ന പ്രവൃത്തികളാണ്. ആരും ഇതൊന്നും ചെയ്തുകൂടെന്നു പറയുകയില്ല. പക്ഷേ ആരും യുക്തി നോക്കിയല്ലല്ലോ അതൊക്കെ ചെയ്യാതിരിക്കുന്നത്. കള്ളു കുടിച്ചാൽ കരൾ വീങ്ങുമെന്നും കാശ് പൊലിയുമെന്നും തല തിരിയുമെന്നും വക്കാണത്തിനു കാരണമാകുമെന്നും ഒക്കെ അറിയാവുന്നവർ തന്നെ കുടിയന്മാരും കുടിക്കാത്തവരും. എന്നിട്ടും, ഗോകുൽദാസിന്റെ കണക്കുകളും വാക്കുകളും വായിച്ചിട്ടും, കുടി തുടരുന്ന മനുഷ്യൻ യുക്തിക്കനുസരിച്ചു നീങ്ങാത്ത മൃഗമാണെന്നു കരുതാമോ? അതോ മറ്റൊരാളാവാനുള്ള പ്രേരണകൊണ്ട് അല്പം മരുന്നടിച്ച് ലഹരി ഉണ്ടാക്കുന്നതുകൊണ്ടോ? ജീവിതം സഹനീയമാക്കാൻ പറ്റുന്നതെന്ന് കരുതി ഓരോരുത്തർ ഓരോരോ അടവ് പയറ്റുന്നു. വൈലോപ്പിള്ളി പറഞ്ഞ പോലെ, ചിലർ ചീട്ടു കളിക്കുന്നു, ചിലർക്ക് “ആകണ്ഠപാനം പ്രിയം”, ചിലർ നാമം ജപിക്കുന്നു, ചിലർ ശ്ലോകം ചൊല്ലിയിരിപ്പൂ, “ലോകം വിഭിന്നോത്സവം.”
No comments:
Post a Comment