Tuesday, February 19, 2013

ഐസ്ക്രീമിന്റെ രുചി, അരുചി






ഐസ്ക്രീമിന്റെ രുചി, അരുചി

ഐസ്ക്രീം പാർലറിൽ ഞാൻ പോകാറില്ല.  അങ്ങനെയായിരുന്നു ഇന്ത്യ വിഷനോടു ഞാൻ പറഞ്ഞ കാര്യങ്ങളുടെ തുടക്കം.  എന്തിനെന്നെക്കൊണ്ട് അതൊക്കെ പറയിച്ചുവെന്ന് അറിയില്ല.  പ്രക്ഷേപണം ചെയ്തതതായി കേട്ടുമില്ല.  എഡിറ്റർ അങ്ങനെ തീരുമാനിച്ചു കാണും.  വാർത്തയുടെ അപാരമായ സംസാരത്തിൽ എഡിറ്റർ ആണ് പ്രജാപതിയെന്ന് നമ്മളൊക്കെ ധരിച്ചുവെച്ചിരിക്കുന്നല്ലോ.   

ഐസ്ക്രീം വാർത്തയെപ്പറ്റി എന്നോടു പ്രതികരിക്കാൻ പറഞ്ഞു.  ഞാൻ ---കരിച്ചു.  ഏതാണ്ടിങ്ങനെ: “ഒട്ടൊക്കെ ധീരമായ അന്വേഷണം.  അഭിനന്ദനം.  മുമ്പൊന്നും ഇങ്ങനെയൊരു സാധനം ഒരു പത്രവും പൊട്ടിക്കില്ല.  ഒന്നോ രണ്ടോ ആളുടെ വാമൊഴി മാത്രമേ ആധാരമായുള്ളു. അതിനെതിരെ ആരും കേസുമായി വന്നില്ലെന്നത് സത്യത്തിന്റെ സൂചനയാണെന്ന് കണക്കാക്കാം.  പക്ഷേ അതുതന്നെ പറഞ്ഞുകൊണ്ടിരുന്നാൽ, പ്രചാരണമായി തോന്നും.  സത്യം വിശ്വസിക്കാൻ വയ്യാതാക്കാൻ ഏറ്റവും നല്ല വഴി അതിനെ പ്രചാരണത്തിന്റെ വിഷയമാക്കലാണ്.  ഇന്ത്യ വിഷന്റെ ഉടമസ്ഥതയുടെയും ഭരണത്തിന്റെയും സ്വഭാവം വെച്ചു നോക്കുമ്പോൾ അജണ്ട വേറെയെന്തോ അല്ലേ എന്ന സംശയം ഏറുകയും ചെയ്യും.  പിന്നെ, നമ്മുടെ നേതാക്കന്മാരുടെ രതിരുചികളിലാണ് കാണികൾക്ക് സ്ഥായിയയ താല്പര്യം എന്നു വരുന്നത് നന്നല്ല.”

ഇത്രയും പ്രതികരിച്ചപ്പോൾ ചോദ്യം വന്നു: “വാർത്തയും വ്യാഖ്യാനവും കൊടുക്കുമ്പോൾ, എഡിറ്റർ മാനേജ്മെന്റിനു വിധേയനാണോ?” ഞാൻ ഉള്ളിൽ പറഞ്ഞു: “കുഞ്ഞാലിക്കുട്ടിയെ വീണ്ടും വെട്ടിലാക്കിയ വാർത്ത കൊടുത്തത് മുനീർ അറിയാതെയും അനുവദിക്കതെയുമാണെന്നു സ്ഥാപിക്കുകയാണല്ലോ.” ഏതായാലും, ആ ചോദ്യത്തിന് ശൂന്യതയിൽ ഒരു ഉത്തരം കൊടുക്കാൻ പറ്റില്ല.  അതുകൊണ്ട് ഞാൻ സവിസ്തരം ഉപന്യസിച്ചു.

എന്താണീ മാനേജ്മെന്റ്‌? പണം മുടക്കുന്ന ആളോ?  അയാൾ നിയമിക്കുന്ന സി എ ഒയോ? എഡിറ്ററോ? ന്യൂസ് എഡിറ്ററോ?  ബ്യൂറോ ചീഫോ?  ഇവരിൽ ഓരോരുത്തരും ഓരോരോ വാർത്താസന്ദർഭങ്ങളിൽ തീരുമാനം എടുക്കുകയും നടപ്പാക്കുകയും ചെയ്യുക എന്ന അർത്ഥത്തിൽ മാനേജീരിയൽ കർത്തവ്യം നിർവഹിക്കുന്നുണ്ട്.  തീരുമാനത്തിന്റെ ധനപരവും രാഷ്ട്രീയവുമായ വ്യാപ്തിയനുസരിച്ച്, അത് എടുക്കുന്ന തലം ഉയർന്നു പോകും.  ചില നേരങ്ങളിൽ, ചില കാര്യങ്ങളിൽ, അവസാനത്തെ തീരുമാനം കമ്പൈ ഉടമയുടെ ആയിരിക്കും, പണം മുടക്കുന്ന ആളുടെ ആയിരിക്കും.  എഡിറ്ററും കമ്പനി മേധാവിയും തമ്മിൽ യോജിക്കുന്നില്ലെങ്കിൽ, മേധാവിയുടെ അഭിപ്രായം നടപ്പിലാകും. മറിച്ചു  പറയുന്നതൊക്കെ പാഴ്പാട്ടെന്നു കരുതിയാൽ മതി.

കമ്പനി മേധാവിയുടെ താല്പര്യത്തിനു നിരക്കാത്തതൊന്നും ഒരു മാധ്യമവും കൊടുക്കില്ല.  അങ്ങനെ കൊടുക്കാൻ ഒരുമ്പെടുന്ന എഡിറ്റർ യാഥാർഥ്യബോധമുള്ള ആളല്ല.  പണം മുടക്കുന്ന ആളെ പഴി പറയാൻ നിയോഗിക്കപ്പെടുന്ന ആളല്ല എഡിറ്റർ.  അതറിഞ്ഞോ അറിയാതെയോ തോന്ന്യാസം കാണിക്കുന്ന എഡിറ്റരുടെ കസാര ഇന്നലെയല്ലെങ്കിൽ ഇന്നു തെറിച്ചിരിക്കും.  എത്ര വിശാലമനസ്കനായ കമ്പനി മേധാവിയാണെങ്കിലും, തന്റെ താല്പര്യത്തിനെതിരെ തന്റെ തന്നെ മാധ്യമം പട പുറപ്പെടുന്നത് കണ്ടിരിക്കുകയില്ല.  ചിലപ്പോൾ, മറ്റുള്ളവരെല്ലാം കൊടുക്കുന്ന ഒരു വാർത്ത, അഹിതമാണെങ്കിലും, തന്റെ മാധ്യമത്തിലും മിനിമം രൂപത്തിൽ കൊടുക്കാൻ അനുവദിച്ചേക്കും--ഒരു തന്ത്രമെന്ന നിലയിൽ.  ഇന്ത്യൻ എക്സ്പ്രസ്സിന്റെ മേധാവിയായിരുന്ന രാം നാഥ് ഗോയങ്കക്കെതിരെ വയലാർ രവിയും കെ പി ഉണ്ണിക്കൃഷ്ണനും മറ്റും പാർലമെന്റിൽ പ്രസംഗിച്ചിരുന്ന കാലത്ത്, തന്റെ പത്രത്തിൽ അതും അടിക്കട്ടെ എന്ന് അദ്ദേഹം നിർദ്ദേശം കൊടുത്തിരുന്നു.  പക്ഷേ അത് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടർ എഴുതിയതാവരുത്; ഏതെങ്കിലും വാർത്താ ഏജൻസിയുടെ ഭാഷ്യം ആകണം.  

എന്നുവെച്ച്, അദ്ദേഹത്തിന്റെ താല്പര്യത്തിനു വിരുദ്ധമായ വാർത്ത കണ്ടെത്തിക്കൊടുക്കുകയോ അദ്ദേഹത്തിന്റെ ചൊൽ‌പ്പടിക്കു നിൽക്കാതിരിക്കുകയോ ചെയ്യുന്ന എഡിറ്റർ പ്രവരന്മാരെ പൊറുപ്പിക്കുമെന്നു കരുതരുത്.  അടിയന്തരാവസ്ഥയിൽ പത്രത്തിന്റെ ചുക്കാൻ പിടിച്ചിരുന്ന എഡിറ്റർ വി കെ നരസിംഹൻ, രാഷ്ട്രീയകാലാവസ്ഥ മാറിക്കഴിഞ്ഞ് ഒരു ദിവസം ആപ്പീസിലെത്തുമ്പോൾ, തന്റെ കസാലയിൽ വേറൊരാൾ, എസ് മുൾഗാവ്കർ, ഇരിക്കുന്നതു കണ്ടു.  അരുൺ ശൌരിയെ രണ്ടു തവണ പുറത്താക്കി.  രണ്ടാമത്തെ തവണ പുറത്താക്കപ്പെടുമ്പോൾ, അതിനുള്ള ഒരുക്കം നടക്കുന്ന കാര്യം ശൌരിയും രാം  നാഥ് ഗോയങ്കയും അറിഞ്ഞിരുന്നില്ലെന്നതാണ് തമാശ.  ഗോയങ്ക കിടപ്പിലായിരുന്നു; ശൌരി ഒന്നും മണത്തറിഞില്ല--എഡിറ്ററായ തന്റെ ലേഖനം ആരോ തടഞ്ഞുവെച്ചിട്ടുപോലും.

ഇതാകട്ടെ, എഡിറ്ററുടെ പരാധീനതയും മാനേജ്മെന്റിന്റെ സർവാധിപത്യവും വിളിച്ചോതുന്ന ആദ്യത്തെയോ അവസാനത്തെയോ സംഭവമല്ല.  എന്നെ ടൈംസ് ഒഫ് ഇന്ത്യയിൽ എടുക്കാൻ ദിലീപ് പഡ്ഗാംവ്കർ തീരുമാനിക്കുമ്പോൾ, അദ്ദേഹത്തെ പറഞ്ഞുവിടാൻ തീരുമാനമായിരുന്ന വിവരം അദ്ദേഹത്തിനറിയുമായിരുന്നില്ല.  ഹിന്ദുസ്ഥാൻ ടൈംസിന്റെ എഡിറ്റർ ബി ജി വർഗീസ് ഒരു വൈകുന്നേരം കോണി ഇറങ്ങിപ്പോകുമ്പോൾ, ഒരു കുറിപ്പ് കിട്ടി: അദ്ദേഹത്തിന്റെ കാലാവധി അവസാനിപ്പിച്ചിരിക്കുന്നു.  ഫ്രീ പ്രസ് ജർണലിന്റെ എഡിറ്റർ സി എസ് പണ്ഡിതിനോട് ഒന്നാം തിയതി ക്യൂവിൽ പോയി നിൽക്കാൻ പറഞ്ഞു, പ്യൂണിനോടും സെക്രട്ടറിയോടുമൊപ്പം, ശമ്പളം വാങ്ങാൻ.  അതും അദ്ദേഹം ചെയ്തത്രേ. ഏഷ്യൻ ഏജ് പടുത്തുയർത്തിയ എം ജെ അക്ബർ, തന്റെ പേർ പത്രത്തിൽനിന്ന് എടുത്തു മാറ്റിയ വിവരം ആരോ പറഞ്ഞപ്പോഴേ അറിഞ്ഞുള്ളു.

എഡിറ്ററുടെ സ്വാതന്ത്ര്യം ഉറപ്പു വരുത്താൻ ടാറ്റയുടെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ്സ്മാൻ ഒരു പ്രത്യേകസംവിധാനം ഒരുക്കിയിരുന്നു.  സ്റ്റേറ്റ്സ്മാന്റെ എഡിറ്റർ പത്രത്തിന്റെ ടസ്റ്റീ ബോർഡിനോടു മാത്രമേ ഇടപെടുകയുള്ളു.  ടാറ്റയുടെ ഡയറക്റ്റർ ബോർഡ് അദ്ദേഹത്തെ നിയന്ത്രിക്കുകയില്ല.  ആദ്യത്തെ ഇന്ത്യൻ എഡിറ്റർ ആയ പ്രാൺ ഒതുക്കാൻ ഡയറക്റ്റർ ബോർഡ് ആഗ്രഹിച്ചു.  പത്രത്തിന്റെ ട്രസ്റ്റീ ബോർഡ് അതു തടഞ്ഞു.  നിയമജ്ഞനായ എം സി സെതൽവാഡ് ആയിരുന്നു അതിന്റെ തലവൻ.  അദ്ദേഹം വിട്ടു കൊടുത്തില്ല.  അതുകൊണ്ട് എഡിറ്റർ പ്രാൺ ചോപ്ര കുറച്ചിട രക്ഷപ്പെട്ടു.  നാനി പാൽഖിവാല ഡയറാക്റ്റർ ബോർഡിന്റെ തലവനായി വന്നപ്പോൾ, ട്രസ്റ്റീ ബോർഡിനെത്തന്നെ നിർജ്ജീ‍വമാക്കി.  ഒടുവിൽ എഡിറ്ററെ ചാടിക്കുകയും ചെയ്തു.

ചരിത്രപരവും ഭരണപരവും ധനപരവും രാഷ്ട്രീയവുമായ ഈ പശ്ചാത്തലത്തിൽ വേണം എഡിറ്ററുടെ പ്രജാപതിത്വവും മാനേജ്മെന്റിന്റെ ഉദാരധീരതയും കാണാൻ.  മാനേജ്മെന്റിന്റെ താല്പര്യത്തെ വെല്ലുവിളിച്ചുപോകുന്ന എഡിറ്ററും, തന്റെ താല്പര്യത്തിനെതിരെ തന്റെ മാധ്യമത്തെ മേയാൻ വിടുന്ന ചെയർമാനും ഭൂമിയിൽ വസിക്കുന്ന മനുഷ്യരല്ല.  അങ്ങനെയൊക്കെ വരുത്തിത്തീർത്താൽ, മാനേജ്മെന്റിന്റെ അജണ്ട നടപ്പാക്കുകയും എഡിറ്ററുടെ സ്വാതന്ത്ര്യത്തിന്റെ വെന്നിക്കൊടി പാറിക്കുകയും ഒരുമിച്ചാകാം.  ആ ഭാഷ്യം വിഴുങ്ങാൻ കാണികളും വായനക്കാരും തയ്യാറാകണമെന്നു മാത്രം.  അവരാരും കുഞ്ഞാലിക്കുട്ടിയും മുനീറും തമ്മിലുള്ള മത്സരത്തിന്റെ മിന്നലാട്ടമായി ഈ സ്വാതന്ത്ര്യപ്രഖ്യാപനത്തെ കാണില്ല.

No comments: