നമുക്ക് ഇഷ്ടപ്പെട്ട ഉപകരണങ്ങൾ
നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട നൂറ് ഉപകരണങ്ങളുടെ പട്ടിക ടൈ വാരികയുടെ ടെക്നോളജി എഡിറ്റർ തയ്യാറാക്കിയിരിക്കുന്നു. ഫോൺ, ക്യാമറ, ഐപ്പോഡ് എന്നിങ്ങനെ. ഓരോരുത്തരുടെയും താല്പര്യം പോലെ ആ പട്ടിക മാറ്റി മറിക്കാം. ക്രമം തെറ്റിയേക്കാം. ഉപകരണങ്ങൾ അതൊക്കെത്തന്നെയായിരിക്കും. അവയിലൊന്നു പോലും ഞാൻ ഉപയോഗിക്കുന്നില്ല. കാലവുമായുള്ള എന്റെ ഇടപഴക്കത്തിന്റെ, എന്റെ യന്ത്രവൽക്കരണത്തിന്റെ, അളവ് അതാണെന്നു പറയാം. വളച്ചുകെട്ടാതെ പറഞ്ഞാൽ, അത്രയും പഴഞ്ചനാണ് ഞാൻ എന്നർത്ഥം.
ഞാൻ എന്റെ ദേഹം ഒന്നു കൂടി പരിശോധിച്ചു. ഇല്ല, പ്രകൃതിയുടേതല്ലാത്ത രണ്ടു സാധങ്ങളേ എന്റെ ദേഹത്തിൽ പറ്റിപ്പിടിച്ചിരിപ്പുള്ളൂ. മോതിരവും കണ്ണടയും. പ്രകൃതിയോടു ചേർന്നു ജീവിക്കാനുള്ള ശ്രമത്തിൽ, ഇലയും കമ്പും വെച്ച് വീടുണ്ടാക്കുകയും, കായ്കനികൾ ആഹാരമാക്കുകയും, മരവുരി ഉടുക്കുകയും ചെയ്തിരുന്ന ഋഷികളെ ഞാൻ ഓർത്തു. ആ ജീവിതചര്യയുടെ വികൃതമായ ഓർമ്മയിലാകണം, ചില ക്രിയകൾക്കിരിക്കുമ്പോൾ തയ്യൽക്കാരൻ തൊടാത്ത മുണ്ട് ചുറ്റണമെന്ന നിബന്ധന ഇന്നും ചിലർ പാലിച്ചു പോരുന്നു. അവരിൽ പലർക്കുമുൾപ്പടെ ആളുകൾക്ക് വന്നുചേർന്നിട്ടുള്ള യന്ത്രവൽക്കരണത്തെപ്പറ്റി ഞാൻ വീണ്ടും ആലോചിച്ചു.
എല്ലിലും പേശിയിലും കമ്പിയോ കമ്പ്യൂട്ടറോ പിടിപ്പിച്ചവർ. മാറ്റിവെച്ച കണ്ണോ യന്ത്രം ഘടിപ്പിച്ച കാതോ ഉള്ളവർ. കരളും വൃക്കയും ഹൃദയവും ശ്വാസകോശവും പുതുക്കിയെടുത്തവർ. ചോര മുഴുവൻ ചോർത്തിക്കളഞ്ഞ്, പുതിയ ചോരയോ മജ്ജയോ കുത്തിക്കേറ്റിയവർ. മാറ്റിവെക്കാൻ വയ്യാത്തതായ മനുഷ്യാവയവം ഒന്നേയുള്ളുവെന്നു തോന്നുന്നു: മസ്തിഷ്കം. അപ്പറഞ്ഞതും തീർത്തും ശരിയല്ല. മസ്തിഷ്കത്തിലെ ചില കോശങ്ങളെ, ന്യൂറോട്രാൻസ്മിറ്ററുകൾ എന്നറിയുന്ന രാസപദാർത്ഥങ്ങളെ, ഡി എൻ എയെ, പുതുതായി ക്രമീകരിക്കാം. അതുവഴി ഓർമ്മയെയും ശരീരസ്വാധീനത്തെയും ബാധിക്കുന്ന രോഗങ്ങൾ മാറ്റാമെന്നുവരെ വന്നിരിക്കുന്നു. ഇതിനെ മനുഷ്യന്റെ നവീകരണമെന്നോ യന്ത്രവൽക്കരണമെന്നോ പറയാം. തന്നെത്തന്നെ മാറ്റി ദൈവം ചമയുന്ന മനുഷ്യന്റെ സ്വരൂപം കാണാൻ രസമായിരിക്കുന്നു.
തന്നെയും പരിസ്ഥിതിയെയും ഇത്രയേറെ യന്ത്രവൽക്കരിച്ച ജീവി വേറെയില്ല. ഒരു ഉദാഹരണം. നടക്കാൻ ഉദ്ദേശിക്കപ്പെട്ട കാലിന്റെ ഉപയോഗം കാലക്രമത്തിൽ മാറി മറിഞ്ഞിരിക്കുന്നതു നോക്കുക. മഞ്ചലിൽനിന്ന് ചക്രത്തിലേക്കും മോട്ടോറിലേക്കും മാറാൻ അര നൂറ്റാണ്ടുപോലും വേണ്ടി വന്നില്ല. കാലപുരുഷൻ വിചാരിച്ചാൽ പോലും കാലുകൊണ്ട് കടക്കാൻ പറ്റാത്ത ദൂരം നിന്ന നില്പിൽ ഇമ വെട്ടിത്തീരുമ്പോഴേക്കും പിന്നിടാമെന്നു വന്നിരിക്കുന്നു. എഴുത്തും വായനയുമില്ലാതിരുന്നവർ, അര നൂറ്റാണ്ടുകൊണ്ട്, മണലും ഓലയും കടലാസും കളഞ്ഞ്, തൂവലും പെൻസിലും ബാൾ പോയന്റും ഇല്ലാതെ, അക്ഷരങ്ങൾ തെളിയിക്കുകയും മായ്ക്കുകയും ചെയ്യുന്നു. എഴുത്തില്ലാത്ത മനുഷ്യനെപ്പോലെ എഴുതുന്ന മനുഷ്യനും കാലഹരണപ്പെട്ടിരിക്കുന്നു---എഴുത്ത് യന്ത്രവൽക്കരിക്കപ്പെട്ടതോടെ. എന്നിട്ടും കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ഏഴു വയസ്സുകാരി ഗൌരിയുടെ കയ്യക്ഷരം നന്നാക്കാൻ ഞാൻ ശ്രമിക്കുന്നതാണ് കാലവുമായുള്ള എന്റെ ഇടപഴക്കത്തിന്റെ പൊളിയുന്ന അളവ്.
അര നൂറ്റാണ്ടിനുള്ളിൽ എന്റെ ചുറ്റുവട്ടത്ത് കയറി വന്ന യന്ത്രങ്ങൾ കാളവണ്ടിയും പേനയും കമ്പ്യൂട്ടറും മാത്രമല്ല. എന്റെ അടുക്കളയിൽ എന്നും എന്നെ വേദനിപ്പിച്ചിരുന്നത് അമ്മിയും ആട്ടുകല്ലുമാഇഡ്ഡല്യിഉടെയും ദോശയുടെയും പേരിൽ എത്ര മനുഷ്യവർഷങ്ങളാണ് അവ ബലി കഴിച്ചിട്ടുള്ളത്!. ആട്ടുകല്ലിൽനിന്ന് ഗ്രൈന്ററിലേക്ക് നമ്മുടെ വീട്ടടുകളകൾ വളർന്നത് എന്റെ ചെറുപ്പത്തിലായിരുന്നു. എന്തൊരു കുതിച്ചു ചാട്ടമായിരുന്നു അതെന്നോ!. അഴുക്കുതുണി കല്ലിൽ വീഴുന്ന വേദനയും മഴു മരത്തിൽ കൊള്ളുന്ന ഹുംകാരവും നിലപ്പിച്ചുകൊണ്ട് നിലവിൽ വന്ന വാഷിംഗ് മെഷിനും ഗ്യാസ് സ്റ്റവ്വുമോ? എനിക്ക് ഇഷ്ടമാണ് ഈ ഉപകരണങ്ങളെ, ഈ യന്ത്രങ്ങളെ.
ഞാൻ എന്നും ഭയപ്പാടോടെ ഓർക്കുന്നതാണ് ഒരു പുഴയുടെയും പാലത്തിന്റെയും കഥ. കവിഞ്ഞൊഴുകുന്ന പുഴക്കു കുറുകെ ഒരു തെങ്ങിൻ തെങ്ങിൻ പൊളി. പിന്നെ ഒരു പൊളി കൂടി. പിന്നെയും ഒരു പൊളി. പിന്നെ അക്കരെയായി. ജീവിതതിനും മരണത്തിനുമിടയിലെ കടമ്പയായി
തോന്നിയിരുന്ന ഒരു പീറപ്പാലം. ഓരോ കാൽ വെയ്പ്പിലും ഒരു ഭീഷണി പോലെ അതു ഞരങ്ങി. പകുതി കടന്നു ചെല്ലുമ്പോൾ, എതിരേ ഒരാൾ വന്നാൽ, പുഴയിൽ വീഴാൻ തയ്യാറാവുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. തെങ്ങിൻ പൊളിക്കു പകരം നാല്പതടി നീളവും പത്തടി വീതിയുമുള്ള
കോൺക്രീറ്റ് പാലം വന്നപ്പോൾ, ഞാൻ അതിലൂടെ പാട്ടും പാടി നടന്നു. വിർജീനിയ ഉൾക്കടലിനു കുറുകെ, വെള്ളത്തിനടിയിലൂടെയും മുകളിലൂടെയുമായി, പണിതിരിക്കുന്ന 35 കിലോമീറ്റർ പാലത്തിലൂടെ പോയപ്പോഴത്തെ അത്ഭുതം ആ പാട്ടിൽ ധ്വനിച്ചിരുന്നതു തന്നെയാകണം.
കുറ്റിപ്പുറം പാലം വന്നപ്പോൾ പുതിയൊരു സഞ്ചാരയുഗം പിറക്കുകയായിരുന്നു. എന്നിട്ടും, ഉല്പതിഷ്ണുവായ ഇടശ്ശേരി പോലും ഖിന്നനായി. അദ്ദേഹത്തിന്റെ ചോദ്യത്തിൽ ആ പാലമുയർത്തിയ സംസ്ക്കാരത്തെച്ചൊല്ലി സംശയവും ഭയവും നിഴലിച്ചിരുന്നു. കുറ്റിപ്പുറം പാലം എന്ന കവിത ഇങ്ങനെ അവസാനിക്കുന്നു:
കളിയും ചിരിയും കരച്ചിലുമായ്
കഴിയും നരനൊരു യന്ത്രമായാൽ
അംബ പേരാറേ നീ മാറിപ്പോമോ
ആകുലയാമൊരഴുക്കുചാലായ്?
യന്ത്രത്തെപ്പറ്റിയുള്ള ഭയം കാറ്റാടിയന്ത്രങ്ങൾക്കെതിരെ പടക്കിറങ്ങിയ ഡോൺ ക്വിഹാട്ടെയെയും ഇടശ്ശേരിയും മാത്രമല്ല ഗാന്ധിയെയും സർവ്വപ്രകൃതിവാദികളെയും എന്നും അലട്ടിയിരുന്നു. പലപ്പോഴും ഊഷരതയുടെ പേരിൽ വാഴ്ത്തപ്പെടുന്നതാണ് അതിനു പിന്നിലുള്ള ഗൃഹാതുരത. ആട്ടുകല്ലിൽ അരച്ചുണ്ടാക്കുന്ന മാവുകൊണ്ടുള്ള ദോശയുടെ സ്വാദ് ഒന്നു വേറെത്തന്നെയെന്നു വാദിക്കുന്ന കൃഷ്ണമൂർത്തി എടുത്തു വീശുന്നതും ആ ഗൃഹാതുരതയും മനുഷ്യാധ്വാനം ലഘൂകരിക്കുന്ന സംവിധാനത്തോടുള്ള പരാങ്മുഖത്വവും തന്നെ. മറ്റുള്ളവർ അധ്വാനിക്കട്ടെ, എന്റെ പഴയ സ്വർഗ്ഗം നില നിൽക്കട്ടെ എന്നാവും പ്രാർത്ഥന.
ഈ യന്ത്രവൽക്കരണം ഇങ്ങനെ പോയാൽ മനുഷ്യനെ മനുഷ്യനല്ലാതാക്കുമെന്ന വാദത്തിൽ കഴമ്പില്ലാതില്ല. മനുഷ്യൻ യന്തിരൻ ആയി മാറുന്നു. ഇപ്പോൾ അത് വിനോദമയി തോന്നുന്നെങ്കിൽ, അടുത്തു തന്നെ അത് യാഥർഥ്യമായി മാറും. അതിനെ ഭയപ്പെടേണ്ട. ഭയപ്പെട്ടാൽത്തന്നെ, തടയാനൊട്ടാവുകയുമില്ല. മനുഷ്യൻ മറ്റൊന്നായി പരിണമിക്കുകയാണെന്നു വാദിക്കുന്ന ചില ശാസ്ത്രജ്ഞരുണ്ട്, റോയൽ ഇൻസ്റ്റിറ്റ്യൂഷൻ എന്ന
ബ്രിട്ടിഷ് സ്ഥാപനത്തിന്റെ മേധാവിയായിരുന്ന സൂസൻ ഗ്രീൻബെർഗീനെപ്പോലെ. പരിണമിക്കട്ടെ. നീത്ഷേ എന്ന ദാർശനികൻ വിഭാവനം ചെയ്തപോലെ, മനുഷ്യൻ അതിമാനുഷൻ--superman--ആയി പരിണമിക്കുന്നതിന്റെ ഭാഗമായി കണക്കാക്കിയാൽ മതി ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും വർദ്ധമാനമായ ഈ ഉപയോഗത്തെ.
No comments:
Post a Comment