വീഴാനാണെങ്കിൽ, താജിലുമാകാം
വീഴാനാണെങ്കിൽ, കുണ്ടും കുഴിയും നിറഞ്ഞ വഴി വേണമെന്നില്ല. നടപ്പാതയിൽ പൊടുന്നനവേ കാണാതാവുന്ന സിമന്റ് പലക വേണമെന്നില്ല. വീഴാനാണെങ്കിൽ, എവിടെയും വീഴാം. താജിന്റെ പുൽത്തകിടിയിൽ പോലും വീഴാം. വീണു. എല്ലൊടിഞ്ഞു. രണ്ടെണ്ണം.
വീഴ്ച കണ്ടുനിന്നിരുന്ന ഭാഷാശാസ്ത്രജ്ഞ്നായ ഒരാൾ പറഞ്ഞു:“വെറും വീഴ്ചയല്ല, പഞ്ചനക്ഷത്രപതനം.” വാസ്തവത്തിൽ തെളിഞ്ഞ മാനത്തുനിന്ന് നക്ഷത്രങ്ങൾ വീഴുന്നതുപോലെത്തന്നെ തോന്നി. കടൽത്തിരകൾ പൊട്ടിച്ചിരിക്കുന്നതുപോലെ തോന്നി, എന്റെ വീഴ്ച കണ്ട്. ജപ്പാനിലെ കേമനായ ഒരു വാസ്തുശില്പി രൂപകല്പന ചെയ്തതാണത്രേ കോവളത്തെ താജിന്റെ പുൽത്തകിടി. വീഴാനാണെങ്കിൽ അതും മതിയെന്ന് ഞാൻ വീണ്ടും ഓർത്തു. അപ്പോൾ ആസ്പത്രിയിൽ എന്നെ കാണാൻ വന്ന അറിവുള്ള ഒരാൾ ഓർമ്മിപ്പിച്ചു: എല്ലൊടിയാൻ വീഴണമെന്നില്ല. കയ്യൊന്നു തിരിഞ്ഞാൽ മതി, കാലൊന്നു വലിഞ്ഞാൽ മതി, എല്ലു പൊട്ടാം. വീണാലും പൊട്ടണമെന്നില്ല. താജിന്റെ പുൽത്തകിടിയിൽ വീണു കിടക്കുന്ന എന്നെ നോക്കാൻ ഓടിവന്ന ഒരാളും വീണിരുന്നു. ഒന്നും പറ്റാതെ അയാൾ എണീറ്റു പോയി. എനിക്കു ചിരിക്കാനായില്ല. അത്ഭുതമേ തോന്നിയുള്ളു. വീണാലും എല്ലൊടിയാതിരിക്കാം. വീഴാതെയും ഒടിയാം. നമുക്ക് എന്തു ചെയ്യാൻ കഴിയും? താജല്ലേ, വക്കീലിനെ ഇറക്കി വ്യവഹാരമാകാമെന്ന് ഒരാൾ പറഞ്ഞു. അശ്രദ്ധ തെളിയിക്കാൻ പാടാകുമെന്ന് വേറൊരാൾ ഉപദേശിച്ചു. ഉപഭോക്തൃനിയമം നിലവിൽ വന്ന കാലത്ത് മെഡിക്കൽ കോളെജിൽ അപകടം പിണഞ്ഞ ഒരാളുടെ കേസ്സുമായി ഡൽഹിയിൽ പോയതോർത്തു. ഏറാടിയായിരുന്നു ന്യായാധിപൻ. വക്കീലിനും കോടതിക്കുമൊഴിച്ചാൽ, ആർക്കും അതുകൊണ്ട് ഒരു ഫലവുമുണ്ടായില്ല. അശ്രദ്ധ തെളിഞ്ഞില്ല. വ്യവഹാരം വേണ്ടെന്നു വെക്കാൻ തീരുമാനിച്ചത് പെട്ടെന്നായിരുന്നില്ല. ഓരോരോ ഞായം മനസ്സിൽ വന്നുകൊണ്ടിരുന്നു. വീട്ടിൽ വരുന്നൊരാൾ പടിക്കൽ കെട്ടിമറിഞ്ഞുവീണാൽ, അയാളുടെ ഭാരം മുഴുവൻ ഞാൻ ഏൽക്കണോ? ഞാൻ വിളിച്ചു വരുത്തി ജോലിക്കു വെച്ച ആളാണെങ്കിൽ, ശരി, ഭാരം ഞാനും താങ്ങേണ്ടിവരും. അല്ലാത്ത അവസരത്തിൽ, ഒരു കാണിയുടെ ധാർമ്മികോത്തരവാദിത്വമല്ലേ എനിക്കുള്ളൂ? അതല്ല, അമേരിക്കൻ രീതിയിൽ, അറിഞ്ഞോ അറിയാതെയോ അപകടത്തിനു വേദിയൊരുക്കുന്ന ആർക്കും അതിന്റെ ഉത്തരവാദിത്വത്തിനിന്ന് ഒഴിഞ്ഞുമാറാൻ പറ്റില്ലെന്ന വാദവും മുഴങ്ങി.
പക്ഷേ എനിക്ക് വ്യവഹാരത്തിനു മനസ്സു വന്നില്ല. എന്നെ ആസ്പത്രിയിൽ എത്തിച്ചു പോയ താജിലെ ഉദ്യോഗസ്ഥൻ പിന്നെ തിരിഞ്ഞു നോക്കാത്തതിൽ കാലുഷ്യം തോന്നി. എനിക്കു പരിചയമുള്ള വലിയൊരു മാനേജർ ഒഴിഞ്ഞുമാറിയതു കണ്ടപ്പോഴും വിഷമം തോന്നി. പക്ഷേ അതിനെയൊക്കെ നിസ്സാരമാക്കുന്ന വിധത്തിൽ എന്റെയുള്ളിൽ നന്ദി നിറയുകയായിരുന്നു. നന്ദി തോന്നുമ്പോൾ വ്യവഹാരത്തിനു മനസ്സു വരില്ല. അത്രയേറെ അടുപ്പമൊന്നുമില്ലാത്ത പലരും സഹായത്തിനെത്തി. റൂബിനും ഗൌരിയും നേരം പുലരും വരെ ആസ്പത്രിയിൽ കൂട്ടിരുന്നു. എന്റെയൊപ്പം ഗൌരി ഒരിടക്ക് ജോലി ചെയ്തിരുന്നെന്നേയുള്ളു. റൂബിനുമായി പരിചയപ്പെട്ടിട്ട് ഏറെക്കാലമായില്ല. തമ്പാനെയാകട്ടെ, ഏതാനും മണിക്കൂർ മുമ്പ് കണ്ടിരുന്നതേയുള്ളു, ആദ്യമായി. അവരുടെ സൌമനസ്യത്തിന്റെ ഓർമ്മയിലും നന്ദിയിലും വ്യവഹാരചിന്ത കെട്ടുപോയി. ഞാൻ ആവശ്യപ്പെടാത്ത സൌഹൃദങ്ങൾ കിട്ടിയാൽ, പിന്നെ എന്തു വേണം? അനന്തപുരി ആസ്പത്രിയിൽ എന്നെ കണ്ടപ്പോൾ ഡോ രാധാകുമാരി ഒരു തരത്തിൽ സന്തോഷിക്കുകയായിരുന്നു. ഞാൻ അനന്തപുരിയിലാണെന്നു കേട്ടപ്പോൾ, അവർ പേടിച്ചു: ഒന്നുകിൽ മാർത്താണ്ഡ പിള്ളയെ കാണാനാകും, അല്ലെങ്കിൽ ബാഹുലേയനെ. ഒന്നുകിൽ തലച്ചോറിനു കേട്, അല്ലെങ്കിൽ ഹൃദയത്തിന്. രണ്ടുമില്ല, എല്ലൊടിഞ്ഞതേയുള്ളു എന്നു മനസ്സിലായപ്പോൾ, എന്തിനോടെല്ലാമോ നന്ദി പറഞ്ഞു--അവരും ഞാനും. എന്റെ പൊട്ടിയ എല്ലുകൾ കൂട്ടിച്ചേർത്ത ഡോ ഗോപാൽ ആസ്പത്രി രഹസ്യം പങ്കിടാൻ എത്രയോ നേരം എന്റെ മുറിയിൽ തങ്ങി. വിശ്വസിക്കാൻ കൊള്ളാവുന്ന ആളാണു ഞാനെന്ന ധാരണ ഉളവാക്കി. ആ ധാരണ നേടാൻ വേണ്ടിയല്ലേ എല്ലാവരും ജീവിതം മുഴുവൻ വിനിയോഗിക്കുന്നത്? നഴ്സുമാർ എന്റെ കൂട്ടുകരായി. അവർ എന്നെ അങ്കിൾ എന്നു വിളിക്കുന്നതു കേട്ടപ്പോൾ, ഒരു കരിയർ മുഴുവൻ ആസ്പത്രിയിൽ, ഓപ്പറേഷൻ തിയേറ്ററിൽ, കഴിച്ച ഡോ മോഹനൻ അത്ഭുതപ്പെട്ടു. അവർ ജോലി ക്ഴിഞ്ഞു പോകുമ്പോൾ, എന്നോട് പ്രത്യേകം യാത്ര പറഞ്ഞു. പുതിയൊരു പിതൃപുത്രീബന്ധം പിറന്നതുപോലെ. ഓരോ ബന്ധത്തിന്റെയും പിറവിയുടെ പേരിൽ എനിക്ക് അകമഴിഞ്ഞ നന്ദി തോന്നി.
മുഷിഞ്ഞ ഒരു വൈകുന്നേരം എന്നെ കാണാൻ വന്ന ഡോ രാജശേഖരൻ നായർ കവിതയും മസ്തിഷ്കശാസ്ത്രവും മനുഷ്യന്റെ പരമമായ നിസ്സഹായതയും ഉപന്യസിക്കുന്ന കൂട്ടത്തിൽ, ഊറിച്ചിരിച്ചുകൊണ്ടുതന്നെ ഇങ്ങനെയും പറഞ്ഞു: “ഇതല്ലേ? ഇവിടേയല്ലേ? നന്നായി. താഴോട്ടോ മേലോട്ടോ ആയിരുന്നെങ്കിൽ, സംഗതി പോക്ക്. ഫീമറോ ഹിപ്പോ പൊട്ടിയെങ്കിൽ, ആറുമാസത്തിൽ കുറയാതെ കിടന്നേനെ. ഇതു സാരമില്ല. നന്ദി പറയുക.” ഞാൻ നന്ദി പറഞ്ഞു, പറ്റാതെ പോയ ആയിരം അപകടങ്ങൾക്ക്.
ഞാൻ പെട്ടെന്ന് വടക്കൻ വീരഗാഥ പാടി. കണ്ണപ്പൻ ചേകവരെ ഓർത്തു. കുട്ടികൾക്ക് സൌഭദ്രം എന്ന പുത്തൂരം അടവ് പറഞ്ഞുകൊടുക്കുമ്പോൾ, അദ്ദേഹം ഓർമ്മിപ്പിച്ചു: “മൂന്നു പന്തിപ്പഴുതു ഞാൻ കാണുന്നു. ഏതിലും തല വീഴാം. വീഴും.” ഒന്നും പറ്റാതെ പോകുന്ന പന്തിപ്പഴുതുകളുടെ പേരിൽ നന്ദി പറയുക
. ഞാൻ പെട്ടെന്ന് അയ്യപ്പപ്പണിക്കരെയും ഓർത്തു. ഞങ്ങൾ ഒരിക്കൽ നടത്താൻ ശ്രമിച്ച മസ്ത്ഷ്കപഠനകേന്ദ്രത്തിന്റെ യോഗത്തിൽ അദ്ദേഹം അധ്യക്ഷനായിരുന്നു. ഭ്രൂണത്തിന്റെ ഉത്ഭവത്തിനിടയിൽ, മസ്ത്ഷ്കത്തിന്റെ വികാസത്തിനിടയിൽ, വീഴ്ത്താതെ പോകുന്ന ആയിരം പന്തിപ്പഴുതുകളുടെ പേരിൽ ഞാൻ നന്ദി പറഞ്ഞു. അയ്യപ്പപ്പണിക്കരുടെ കുസൃതി പൊട്ടി: “പതിവില്ലാതൊരു വിനയം കേൾക്കുന്നല്ലോ. പ്രായമാകുകയാണോ?” ആണോ? നന്ദി തോന്നാൻ പ്രായമാകണോ?
No comments:
Post a Comment