പീഡനത്തിന്റെ കാലം
ഇത് പീഡനത്തിന്റെ കാലമാകുന്നു. ഒന്നിനു പുറകേ ഒന്നായി പീഡനകഥകളുടെ പരമ്പര വരുന്നു. എല്ലാവരും ഒരുപോലെ ഞെട്ടുന്നു. എല്ലാവരെയും ഒരുപോലെ ഞെട്ടിക്കുന്ന ഇത്തരം പീഡനം എങ്ങനെ നടക്കുന്നു എന്നതാണ് അത്ഭുതം. അതോ പരസ്യമായി കാണിക്കുന്ന ദുഖവും ദയയും രോഷവും രാജ്യസ്നേഹവുമെല്ലാം മനുഷ്യന്റെ ജാടയാണെന്നുണ്ടോ? പീഡനം ബുദ്ധിസ്ഥിരതയോടെ നടത്തുന്ന പലരും ഉണ്ടെങ്കിലും അതിനെ പരസ്യമായി അനുകൂലിക്കുന്ന ഒരൊറ്റ ആളെയെങ്കിലും ഞൻ കണ്ടിട്ടില്ല. മുതലക്കും മനുഷ്യനും മാത്രമുള്ളതാണ് ഈ ഹിപ്പോക്രിസി എന്നു വരുമോ? ഏതോ ചാനൽ എഡിറ്ററുടെ ക്രൂരമായ ഫലിതബോധംകൊണ്ടു തന്നെയാവണം, പി ജെ കുര്യൻ സൂര്യനെല്ലിക്കേസിൽ വീണ്ടും കുരുക്കിലാകുന്നു എന്ന വാർത്തയോടൊപ്പം തന്നെ സ്ത്രീശാക്തീകരണം കേരളത്തിൽ വേണ്ടത്ര മുന്നേറിയിട്ടില്ലെന്ന കുര്യന്റെ അഭിപ്രായവും വാർത്തയായി ഒഴുകുന്നതു കണ്ടു.
കഴിഞ്ഞയഴ്ച എന്നെ പീഡിപ്പിച്ചത് പീഡനത്തിന്റെ ഒരു ഉപകഥയായിരുന്നു. എട്ടുകൊല്ലത്തെ അമാന്തത്തിനുശേഷം സുപ്രീം കോടതി സൂര്യനെല്ലിയിലെ പീഡനത്തെപ്പറ്റിയുള്ള ഹൈക്കോടതി വിധി റദ്ദാക്കി. എല്ലാവരും നിയമം പുലരുന്നതിന്റെ ഗരിമയെപ്പറ്റി കാവ്യം ചമച്ചു. സുപ്രീം കോടതിയിൽ കിടന്നു കഷണിച്ചിരുന്നവർ മൂക്കിൽ വിരൽ വെച്ചുകാണും: നീതിമാന്റെ രക്തമൊഴുകുന്ന സിരകളുള്ള ഇവരൊക്കെ ഈ എട്ടുകൊല്ലവും ഇവിടെയൊക്കെ ഉണ്ടായിരുന്നോ? അത്രയും നീണ്ടുപോകാൻ കാരണമെന്ത് എന്നൊരു ചിന്ത ഉയരേണ്ടതായിരുന്നു. വൈകിവരുന്ന നീതി നിഷേധിക്കപ്പെടുന്ന നീതി പോലെയാണെന്ന ആപ്തവാക്യം ഇനിയും നിലവിലുണ്ടെങ്കിൽ, അങ്ങനെ നീതി നിഷേധിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും ഒരാവശ്യം കേൾക്കുമായിരുന്നു.
അതു പോകട്ടെ. എ കെ പട്നായക്, ഗ്യാൻ സുധ മിശ്ര എന്നീ ന്യായാധിപന്മാരാണ് ഹൈക്കോടതി വിധി റദ്ദാക്കുകയും ശിക്ഷാനടപടികളുമായി മുന്നോട്ടുപോകാൻ നിർദ്ദേശിക്കുകയും ചെയ്തത്. ഹൈക്കോടതിയുടെ വിധി വായിച്ച് അവർ ഞെട്ടിപ്പോയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഞെട്ടാനുള്ള കാരണമായി ഉന്നയിക്കപ്പെട്ടുകണ്ടത് ഹൈക്കോടതിയുടെ ഒരു നിഗമനമായിരുന്നു: സൂര്യനെല്ലി പെൺകുട്ടിക്ക് ആ അനുഭവമൊക്കെ ഉണ്ടായത് അവളുടെ സമ്മതത്തോടെയായിരുന്നതുകൊണ്ട് പ്രതികളെ വെറുതെ വിടണം! അതിനുമുമ്പ് സെഷൻസ് കോടതിയിൽ ശശിധരൻ നമ്പ്യാർ എന്ന ന്യായാധിപൻ അവരെയൊക്കെ ശിക്ഷിച്ചതാണെന്നോർക്കണം. വിധിന്യായങ്ങളുടെ സങ്കീർണ്ണതകളിലേക്കൊന്നും കടക്കാതെ ഒരു കാര്യം ചുരുക്കിപ്പറയാം: ശിക്ഷ അർഹിക്കുന്ന എന്തെങ്കിലും സൂര്യനെല്ലി വീരന്മാർ ചെയ്തതായി തെളിഞ്ഞിട്ടില്ലെന്ന ഹൈക്കോടതി വിധിയും ആ പെൺകുട്ടിയെപ്പറ്റിയുള്ള കമന്റടിയും കേട്ട് പട്നായക്കും മിശ്രയും ഞെട്ടിപ്പോയി. പതിനേഴുകൊല്ലം മുമ്പ് ഹൈക്കോടതി വിധി വന്ന ദിവസം തന്നെ നമ്മളിൽ മിക്കവരും ഞെട്ടിപ്പോയിരുന്നിരിക്കും. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റാറിൽ നടന്നതല്ലേ, വിശദാംശങ്ങളുടെ ഓർമ്മ മങ്ങിയിരിക്കുന്നു.
കഴിഞ്ഞയാഴച സുപ്രീം കോടതി ഞെട്ടിയ വാർത്ത വന്നപ്പോൾ, ഞാൻ പഴയ കഥ ഓർത്തെടുക്കാൻ നോക്കി. എന്റെ നോട്ടത്തിൽ ഈ കേസിൽ ഈ പതനത്തിൽ ഏറ്റവും പ്രധാനപ്പെട്ട പേരുകൾ സുപ്രിം കോടതിയെ ഞെട്ടിച്ച വിധി പുറപ്പെടുവിച്ച ഹൈക്കോടതിയിലെ ന്യായാധിപന്മാരുടേതായിരിക്കും. വേറെ പേരുകളും നാളുകളും നാൾവഴികളും പലതും കേട്ടു. ആ ഞെട്ടിക്കുന്ന ന്യായാധിപന്മാരുടെ പേരോ പടമോ എവിടെയും കണ്ടില്ല. ഞെട്ടുന്നവനെക്കാൾ കൂടുതൽ വാർത്താപ്രാധന്യമുണ്ട് ഞെട്ടിക്കുന്നവന് എന്ന മൌലികസിദ്ധാന്തം സ്വീകരിക്കാമെങ്കിൽ, പട്നയക്കിന്റെയും മിശ്രയുടെയൂം ഒപ്പം എങ്കിലും ആ ഹൈക്കോടതി ജഡ്ജിമാരും നാമത്തിലും രൂപത്തിലും അവതരിപ്പിക്കപ്പെടുമായിരുന്നു. പക്ഷേ അവർ അരൂപികളായി നിലകൊണ്ടു.
സുപ്രീം കോടതി വാർത്ത വാനതുമുതലേ ഞാൻ പരതുകയായിരുന്നു. എന്തെല്ലാം പറഞ്ഞാലും, ഹൈക്കോടതി ജഡ്ജികളുടെ കാര്യം വരുമ്പോൾ, പേരു പറയാതെ, ഹൈക്കോടതി എന്നേ പറയൂ. ഞാൻ കണ്ട ചാനൽ വാർത്തയുടെയൊക്കെ സ്ഥിതി അതായിരുന്നു. ഒടുവിൽ ഞാൻ പതിവില്ലാതെ ഒരു ചാനൽ ചർച്ചയിൽ ഇടപെടാൻ നോക്കി. ആ ജഡ്ജിമാരുടെ പേരും ഊരും പറയുന്നില്ലല്ലോ എന്നു ചോദിക്കാനേ ഉദ്ദേശമുണ്ടായിരുന്നുള്ളു. പക്ഷേ ഫോൺ എപ്പോഴും ബിസി ആയിരുന്നു. അപ്പോൾ ക്ഷമ കെട്ട് പരിചയക്കാരനായ ഒരു ചാനൽ എഡിറ്ററെ വിളിക്കാമെന്നു വിചാരിച്ചു.
ആവുന്ന പേരൊക്കെ പറയുന്ന കൂട്ടത്തിൽ ഹൈക്കോടതി ജഡ്ജിമാരുടെ പേരുകൾ വിട്ടുപോകുന്നതെന്തേ? സുപ്രീം കോടതിയെ ഞെട്ടിച്ച വിധി പറഞ്ഞവരാണ് അവർ. എഡിറ്റർ ആലോചനാനിരതനായി. അതെ, ശരിയാണല്ലോ. ആ പേരുകൾ വിട്ടുപോയിരിക്കുന്നല്ലോ. എന്റെ വശം ജയിക്കുന്നുവെന്നു തോന്നിയപ്പോൾ, ഞാൻ ഒന്നുകൂടി കേറിക്കളിച്ചു: മറ്റുപേരുകളെല്ലാം അഭിനിവേശത്തോടെ പറയുകയും ഈ രണ്ടു പേരുകൾ മാത്രം ഒളിക്കുകയും ചെയ്യുന്നത് ഗൂഢാലോചനയുടേ ഭാഗമാണെന്ന് വിപ്ലവകാരികൾ പറഞ്ഞാൽ മറുത്തു പറയാൻ പറ്റുമോ? പിന്നെ, പ്രതിഫലമൊന്നും നിശ്ചയിക്കാതെ, ഒരു ഉപദേശവും ഞാൻ കൊടുത്തു. എന്റെ ബൃഹത് ചിന്ത ഈ വിധം ആയിരുന്നു:
ഒരു അഭിപ്രായമോ വിധിയോ മേലധികാരിയോ മേൽക്കോടതിയോ തള്ളിയാൽ കീഴ്ഘടകം ഇറങ്ങിപ്പോകേണ്ട കാര്യമില്ല. ഒരേ വസ്തുതകളുടെ പട്ടിക രണ്ടു പേർ വിലയിരുത്തുമ്പോൾ രണ്ടാകാം നിഗമനം. ആത്മാർഥവും സത്യസന്ധവുമാണ് ആ അഭിപ്രായഭിന്നത രൂപപ്പെട്ട സാഹചര്യമെങ്കിൽ, ആർക്കും സംശയമോ അതിനെപ്പറ്റി ചർച്ച ചെയ്യാൻ സങ്കോചമോ ഉണ്ടാവില്ല. മേൽഘടകത്തിന്റെ അഭിപ്രായത്തിന് പ്രാബല്യം കൈവരുന്നു എന്നു മാത്രമേയുള്ളു. ഇവിടെയാകട്ടെ, അഭിപ്രായവ്യത്യാസത്തിന് ഇടയായ വിഷയം വരണ്ട വസ്തുതകളോ വെറും തെളിവുകളോ അല്ല. ബലാൽ സംഗം ചെയ്തുവെന്ന് കീഴ്ക്കോടതിയിൽ തെളിയുകയും അതിന് നാല്പതോളം പേർ ശിക്ഷിക്കപ്പെടുകയും ചെയ്തതാണ് കേസ്. വസ്തുതർക്കം പോലെയോ നിയമനത്തീയതിയെപ്പറ്റിയുള്ള വ്യവഹാരം പോലെയോ കൈകാര്യം ചെയ്യാവുന്നതല്ലല്ലോ അതും അതിന്റെ ഭവിഷ്യത്തും.
ആ നിലക്ക് ഹൈക്കോടതിയിൽ, എട്ടുകൊല്ലത്തിനുശേഷം സുപ്രീം കോടതിയെ ഞെട്ടിച്ച നിലപാട് എടുത്ത ന്യായാധിപന്മാരുടെ പേരും പടവും പരസ്യമാകണം. അതുകൊണ്ട് ആരും ആരെയും അവഹേളിക്കുന്നുവെന്നു വരില്ല. അത്രയും പോരാ, അവർ ആ നിഗമനത്തിൽ എങ്ങനെയെത്തിയെന്നു സ്ഥാപിക്കാൻ അവരുടെ വിധിയിലെ പ്രസക്തഭാഗങ്ങൾ വീണ്ടും വീണ്ടും ഉദ്ധരിച്ചുകൊടുക്കണം. അതോടൊപ്പം ആ നിഗമനത്തെ സുപ്രീം കോടതി എങ്ങനെ നോക്കിക്കണ്ടു എന്നും വ്യക്തമാക്കണം. ചെയ്യാൻ എളുപ്പമുള്ള കാര്യമാണ് രണ്ടും. രണ്ടു വിധിന്യായങ്ങളും കണ്ടുപിടിച്ചു വായിച്ചുനോക്കുകയല്ലേ വേണ്ടൂ. ശരിയാണല്ലോ എന്നായിരുന്നു ചാനൽ എഡിറ്ററുടെ ആത്മഗതം. പിന്നെ എന്തുണ്ടായി എന്നെനിക്കറിയില്ല.
പിറ്റേ ദിവസം ഞാൻ വായിക്കുന്ന മലയാളപത്രത്തിൽ ഒരു പാടു പേരുകൾ ഉണ്ടായിരുന്നെങ്കിലും ആ രണ്ടു പേരുകളും കണ്ടില്ല. വിട്ടുപോയതായിരിക്കാം. ഇന്റർനെറ്റിൽ ഒരു ആംഗലപത്രം നോക്കി. അതിലും കണ്ടില്ല. പേരു മനസ്സിലാക്കാനുള്ള കൌതുകത്തെക്കാൾ കലശലായി അത് എവിടെയും അച്ചടിച്ചുകാണാത്തതിലെ അത്ഭുതവും സംശയവും. അങ്ങനെ ഗൂഢാലോചനയെപ്പറ്റിയൊന്നും സംശയിക്കേണ്ട കാര്യമില്ലെങ്കിലും, ഇത്തരം സന്ദർഭങ്ങളിൽ സ്വയംഭൂവായി തലപൊക്കുന്നതാണ് ആ സർപ്പം. എനിക്ക് മടുത്തു.
പിന്നെ, അലസമായി, ഇന്റെർനെറ്റിൽ ചുറ്റിക്കറങ്ങിയപ്പോൾ, ഹൈക്കോടതിയുടെ വിധിയെച്ചൊല്ലിയുള്ള രോഷവും നിരാശയും പ്രകടിപ്പിക്കുന്ന ഒരു റിപ്പോർട് കണ്ടു. കൊള്ളവുന്ന ഒരു ലിങ്ക് എന്നു തോന്നി. മാനുഷിയുടെയും അജിതയുടെയും രോഷം അവതരിപ്പിക്കുന്നതായിരുന്നു റിപ്പോർട്. ഏഴുതിയതോ പണ്ടൊരിക്കൽ എന്നോടൊപ്പം ജോലി ചെയ്തിരുന്ന എം സുചിത്രയും. ഞാൻ റിപ്പോർട് അക്ഷരം പ്രതി വായിച്ചു.
ഹൈക്കോടതി ജഡ്ജികൾ അവിടെയും അനാമികരായി, പരബ്രഹ്മം പോലെ വെറും ഹൈക്കോടതിയായി, ഒതുങ്ങിയിരിക്കുമോ? സുചിത്രക്കും അവരുടെ പേരു പറയാൻ മടിയാകുമോ? ഭാഗ്യം, സുചിത്ര കാര്യം പറഞ്ഞിരുന്നു. കാരണവും. ജസ്റ്റിസ് ആർ ബസന്തും ജസ്റ്റിസ് കെ എ അബ്ദുൽ ഗഫൂറും ചേർന്നു പ്രസ്താവിച്ച വിധിയുടെ കാതൽ അവരുടെ റിപ്പോർട്ടിൽ കാണാം. അപ്പോൾ വേണ്ടവർക്ക് വേണ്ടത് എവിടെ വേണമെങ്കീലും കിട്ടും. എനിക്കതിനെപ്പറ്റി സംശയമൊന്നുമില്ല. ഒരിടത്തും ഗൂഢാലോചനയൊന്നും നടക്കുന്നില്ല. ആലോചന തന്നെ നടക്കുന്നില്ലെന്നതാകാം യഥാർഥപ്രശ്നം. അല്ലെങ്കിൽ, ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ പറയുന്നവരുടെ നാൾവഴി പേരേട് നമ്മൾ മറച്ചുവെക്കുമോ?
ഹൈക്കോടതി ജഡ്ജികൾ അവിടെയും അനാമികരായി, പരബ്രഹ്മം പോലെ വെറും ഹൈക്കോടതിയായി, ഒതുങ്ങിയിരുന്നു. സുചിത്രക്കും അവരുടെ പേരു പറയാൻ തോന്നിയില്ല. എനിക്കതിനെപ്പറ്റി സംശയമൊന്നുമില്ല. ഒരിടത്തും ഗൂഢാലോചനയൊന്നും നടക്കുന്നില്ല. ആലോചന തന്നെ നടക്കുന്നില്ലെന്നതാകാം യഥാർഥപ്രശ്നം. അല്ലെങ്കിൽ, ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ പറയുന്നവരുടെ നാൾവഴി പേരേട് നമ്മൾ മറച്ചുവെക്കുമോ?
No comments:
Post a Comment