അനുശോചനത്തിന്റെ ആവശ്യമെന്ത്?
നാല്പതു വയസ്സിൽ കുറഞ്ഞവർക്ക് , എൻ ജെ നാൻപോറിയയുടെ മരണം—ജീവിതവും—ഓർക്കപ്പെടേണ്ടതായിരിക്കണമെന്നില്ല. എൺപത്തെട്ടിലെ മരണം വിരസമായ ഒരു അനിവാര്യതയായി മാത്രമേ കണക്കാക്കപ്പേടാൻ ഇടയുള്ളു. ഉണ്ടായതും അങ്ങനെത്തന്നെ. ടൈംസ് ഒഫ് ഇന്ത്യയിലും ആ മരണം റിപ്പോർട് ചെയ്യപ്പെട്ടില്ലെന്ന് ആ പത്രം പതിവായി വായിക്കുന്ന ഒരാൾ എഴുതിക്കണ്ടു. സ്റ്റേറ്റ്സ്മാൻ എന്ന പത്രത്തിലും നാൻപോറിയയുടെ മരണം പരാമർശിക്കപ്പെട്ടിരിക്കില്ല. അദ്ദേഹം ആ രണ്ടു പത്രങ്ങളുടെയും എഡിറ്റർ ആയിരുന്നല്ലോ.
അറുപതുകളുടെ അവസാനവും എഴുപതുകളുടെ തുടക്കവും എന്റെ വായനയിൽ നാൻപോറിയയുടെ പംക്തിയും ഉൾപ്പെട്ടിരുന്നു. ടൈംസ് ഒഫ് ഇന്ത്യയിൽ അദ്ദേഹം എഴുതിയിരുന്ന Sunday Soliloquies എന്റെ ഭാഷയിൽ, എനിക്കിഷ്ടപ്പെട്ട, ഞായർ ഞായം ആയിരുന്നു. നിഷ്കൃഷ്ടമായ ശൈലി. ഔപചാരികത്വം ഏറും. ഗഹനമായ വിഷയങ്ങളെപ്പറ്റിയേ എഴുതൂ. കാഴ്ചപ്പാടിന് ഒരു ലിബറൽ സ്വഭാവമുണ്ട്. ആ പംക്തിയിൽ മാത്രമേ അദ്ദേഹത്തിന്റെ ബൈലൈൻ കാണൂ. പിന്നെ പത്രത്തിന്റെ പിന്നിലെ പേജിൽ അടിയിലായി എഡിറ്ററുടെ പേർ എഴുതേണ്ടയിടത്തും.
സ്ടേറ്റ്സ്മാനിൽ നാൻപോറിയ എഴുതിയിരുന്നത് One Man’s View ആയിരുന്നു. NJN എന്ന ത്ര്യക്ഷരി ആയിരുന്നു അദ്ദേഹത്തിന്റെ ബൈലൈൻ. വലിയ വിവാദങ്ങളൊന്നും ഉണ്ടാക്കാത്ത, രാഷ്ട്രീയത്തിൽ ലാഭകരമായ സൌഹൃദങ്ങളൊന്നും ഉണ്ടാക്കാത്ത നാൻപോറിയയുടെ പംക്തിയിൽ മാന്യതക്കു ചേരാത്ത എരിവോ പുളിയോ മണമോ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഓർക്കാനും മറക്കാനും അധികമാർക്കും താല്പര്യമോ അവസരമോ ഉണ്ടായില്ല.
അദ്ദേഹം എഡിറ്റർ ആയിരുന്ന രണ്ടു പത്രങ്ങളുമായി അദ്ദേഹത്തെ ബന്ധപ്പെടുത്തുന്ന രണ്ടു സംഭവങ്ങൾ പറഞ്ഞുകേട്ടതോർക്കുന്നു. ടൈംസ് ഒഫ് ഇന്ത്യയിൽ ഉടമസ്ഥൻ ജയിൻ നിസ്സാരമായ കാര്യത്തിൽ പോലും ഇടപെട്ടിരുന്നതിനെപ്പറ്റി രഹസ്യമായി നാൻ പോറിയ പ്രധാനമന്ത്രി നെഹ്രുവിനെഴുതി. അന്ന് നാൻപോറിയ എഡിറ്റർ ആയിക്കഴിഞ്ഞിരുന്നില്ല. ജയിൻ ആ രഹസ്യപത്രത്തെപ്പറ്റി അറിഞ്ഞിരുന്നുമില്ല. ഏതായാലും അധികം കഴിയും മുമ്പ് താൻ ആരെ അപഹസിച്ചുകൊണ്ട് പ്രധാനമന്ത്രിക്കെഴുതിയോ ആ ആൾ അദ്ദേഹത്തെ എഡിറ്റർ ആക്കി. അത് ജയിന്റെ മേന്മയായിരുന്നുവെന്നു കരുതേണ്ട. പിന്നീടൊരു ജയിൻ ആത്മഗൌരവമുള്ള ഒരു എഡിറ്ററെ കുരങ്ങു കളിപ്പിച്ചുകൊണ്ടിരുന്നു. എന്നെ പത്രത്തിൽ എടുക്കാൻ നിശ്ചയിച്ച വേറൊരു എഡിറ്ററെ, ആ നിശ്ചയം എടുത്തുകൊണ്ടിരിക്കുന്ന നിമിഷത്തിൽ, പുറത്താക്കാൻ പയ്യൻ ജയിൻ കോപ്പു കൂട്ടുകയായിരുന്നു.
സി ആർ ഇറാനി എന്ന ഏകഛത്രാധിപതിയായിരുന്നു ഏറെക്കാലം സ്റ്റേറ്റ്സ്മാന്റെ ഭരണാധികാരി. ഇറാനിയുമായി ഏറ്റുമുട്ടാതിരിക്കണമെങ്കിൽ എഡിറ്റർക്ക് ആത്മാഭിമാനം തീരെ കുറഞ്ഞിരിക്കണം. കുൽദീപ് നയ്യാരെ ഒരിക്കൽ ഇറാനി കശക്കാൻ നോക്കി. പദവി മറ്റി. ഫോൺ പിൻ വലിച്ചു. പിന്നെ അദ്ദേഹത്തിന്റെ പംക്തി നിർത്താൻ നോക്കി. അപ്പോൾ എഡിറ്റർ ആയിരുന്ന നാൻപോറിയ ഇടപെട്ടു. പംക്തി നിർത്താൻ പറ്റില്ല. അത്രക്കായതു തന്നെ ഭാഗ്യം. രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ നാൻപോറിയയുടെ കാലാവധി തീർന്നു. ഒരു കൊല്ലം കൂടി നീട്ടുമെന്ന് ശ്രുതി പരന്നു. പക്ഷേ ഉത്തരവ് ഇറങ്ങിയില്ല. അവസാനദിവസം വരെ
നാൻപോറീയ കാത്തു. എന്നിട്ടും ഉത്തരവ് വന്നില്ല. അങ്ങനെ ഒന്നും മിണ്ടാതെ നാൻപോറിയ പടി ഇറങ്ങി.
പകുതി പാഴ്സിയും പകുതി ജാപ്പനീസുമായ നാൻപോറിയയെപ്പറ്റിയുള്ള പല ‘പരാതി‘കളും ഒരുമിച്ചു ജോലി ചെയ്യുകയും പിന്നീട് സ്റ്റേറ്റ്സ്മാന്റെ എഡിറ്റർ ആകുകയും ചെയ്ത സുനന്ദ ദത്ത റായ് ശരി വെച്ചിട്ടുണ്ട്. നല്ല അറിവുള്ള ആളായിരുന്നു എൻ ജെ എൻ എന്നായിരുന്നു ഒരു പരാതി. മറ്റു പലരെയും പോലെ, തന്നെത്തന്നെ എപ്പോഴും ശ്രദ്ധാകേന്ദ്രമാക്കാൻ എൻ ജെ എൻ ശ്രമിച്ചിരുന്നില്ല എന്നായിരുന്നു വേറൊരു പരാതി. ആ പരാതിയൊക്കെ ശരിയായതുകൊണ്ടാകാം, ദത്ത റായ് പറയുന്നു, എഡിറ്റർ പദം ഒഴിഞ്ഞതോടെ ഒരു പത്രത്തിനും അദ്ദേഹത്തിന്റെ പംക്തി വേണ്ടെന്നായി. ഡെക്കാൻ ഹെരൾഡിലും ടെലഗ്രാഫിലും കുറച്ചിട അദ്ദേഹത്തിന്റെ പംക്തി എങ്ങനെ പ്രത്യക്ഷപ്പെട്ടു എന്ന വിഷയം ഗവേഷണത്തിനുതകും.
എൻ ജെ എൻ സ്തുത്യർഹമായ രീതിയിൽ നേടിയെടുത്ത മറ്റൊരു പരാതി അദ്ദേഹം ഒപ്പം ജോലി ചെയ്തിരുന്നവരെ കടയിൽ വെച്ചോ കളിക്കളത്തിൽ വെച്ചോ കണ്ടുമുട്ടിയാൽ തിരിച്ചറിയില്ലെന്നായിരുന്നു. അഥവാ ആരെങ്കിലും അദ്ദേഹത്തെ ബഹുമാനപുരസ്സരം സംബോധന ചെയ്ത്, സംഭാഷണം തുടരാൻ ശ്രമിച്ചാൽ, എൻ ജെ എൻ തന്റെ വശം ഒരു “ഹല്ലോ”യിൽ ഒതുക്കും. പക്ഷേ ഈ പരാതി അത്ര ശരിയല്ലെന്നും അറിവുള്ളവർ പറയുന്നു.
ഒരിക്കൽ റായിയുടെ മുറിയിൽ എഡിറ്റർ നാൻപോറീയ എന്തോ ആവശ്യത്തിന് എത്തി. ഒരു ജൂനിയർ സഹപ്രവർത്തകൻ മുറിയിൽ വന്ന് റായിയോട് എന്തോ പറഞ്ഞിട്ടുപോയി. അയാൾ പോകുന്നത് ജനലിലൂടെ നോക്കി നിന്നു എഡിറ്റർ എൻ ജെ എൻ. അയാളെ എൻ ജെ എൻ അറിയില്ലെന്നായിരുന്നു എല്ലാവരുടെയും ധാരണ. അയാൾ ആയിടക്ക് എന്തോ പാരിതോഷികം നേടിയിരുന്നു. അവർഡിനർഹനായ സഹപ്രവർത്തകൻ പോയപ്പോൾ, അതിനെപ്പറ്റി റായ് എഡിറ്ററോട് പറയാൻ തുടങ്ങി. അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് എല്ലാം അറിയാമായിരുന്നു. പിനെ എന്തുകൊണ്ട് അവാർഡ് ജേതാവിനെ തിരിച്ചറിയുകയോ അഭിനന്ദിക്കുകയോ ചെയ്തില്ല? അഭിനന്ദിച്ചാൽ വേതനവർദ്ധനയെപ്പറ്റി പ്രതീക്ഷ ഉയർത്തുമെന്നായിരുന്നു പേടി.!
വ്യത്യസ്തമായ ഒരു സന്ദർഭം ചൂണ്ടിക്കാട്ടാം. ഓണം വിശേഷാൽ പ്രതികൾ പലതും ഞാൻ കണ്ടു. ധാരാളം പരസ്യങ്ങൾ. അതിനിടെ മാതൃഭൂമിയുടെ വഴി രസകരമായി തോന്നി. ചരിത്രത്തിൽനിന്ന് ഒരു കഥ. ആ കഥ എഴുതിയ പശ്ചാത്തലം. ആ പ്രകരണത്തിൽ ഇരുട്ടിന്റെ ആത്മാവ് എന്ന കഥ എഴുതിയ പശ്ചാത്തലം വിവരിച്ചു എം ടി വാസുദേവൻ നായർ. അദ്ദേഹം മാതൃഭൂമി വാരികയിൽ സഹപത്രാധിപരായിരുന്നു. എൻ വി കൃഷ്ണവാര്യർ പത്രാധിപർ. മാതൃഭൂമിയിൽ തന്നെ കഥ അച്ചടിച്ചു വരികയും ചെയ്തു. എത്രയോ ആളുകൾ കഥയെ അഭിനന്ദിച്ച് എഴുതുകയും സംസാരിക്കുകയും ചെയ്തു.
എൻ വി എന്തു പറഞ്ഞു? അതായിരുന്നു എം ടിയുമായി അഭിമുഖം നടത്തിയ ആളുടെ ചോദ്യം. എം ടിയുടെ ഉത്തരം ഇങ്ങനെ പോയി: “അങ്ങനെ ഒരു പതിവില്ല.” സഹപ്രവർത്തകന്റെ കഥയെപ്പറ്റി ഒരു അഭിപ്രായം പറയുന്ന പതിവില്ലെന്ന്! എൻ വിക്ക് ഏറെ ഇഷ്ടപ്പെട്ടില്ലെങ്കിൽ അച്ചടിക്കില്ല. പക്ഷേ അങ്ങനെ ഇഷ്ടപ്പെട്ടു എന്ന് അത് എഴുതിയ സഹപ്രവർത്തകനോട് പറയില്ലത്രേ. ആ വൈരുധ്യം നോക്കൂ. എത്രയോ കവികളെയും കാഥികരെയും വായനക്കാർക്ക് പരിചയപ്പെടുത്തിയിരുന്ന ആളാണ് എൻ വി. അവരുടെ കൃതികൾ വെളിച്ചത്തുകൊണ്ടുവന്ന പത്രാധിപർ ആയിട്ടു മാത്രമല്ല, അവയെ വിലയിരുത്തുന്ന സൂക്ഷ്മഗ്രാഹിയായ നിരൂപകനായിട്ടും. പക്ഷേ നല്ല ഒരു കൃതി സഹപ്രവർത്തകൻ കയ്യിൽ കൊടുത്തപ്പോൾ, ഒരക്ഷരം മിണ്ടാനില്ല.
വീണ്ടും നാൻപോറിയയുടെ മരണത്തിലേക്കു വരാം. മരിച്ച വിവരം ടൈംസ് ഒഫ് ഇന്ത്യയുടെയോ സ്റ്റേറ്റ്സ്മാന്റെയോ ന്യൂസ് ഡസ്ക് വരെ എത്താതിരുന്നിട്ടാവില്ല. ഡസ്കിലുള്ളവർക്കൊന്നും അദ്ദേഹത്തെ കാണാൻ ഇടവന്നിരിക്കില്ല. കണ്ടതിനെയും കേട്ടതിനെയും മാത്രമേ വാർത്തക്കു വിഷയമാക്കൂ എന്നൊരു നിർബ്ബന്ധം വന്നാൽ വായനക്കാരൻ കുഴഞ്ഞു. പണ്ടൊരിക്കൽ ഇങ്ങനെയുമൊരു എഡിറ്റർ ഉണ്ടായിരുന്നു എന്നു പറയാമായിരുന്നു. അതിനും വേണ്ടേ ഒരു സൊമനസ്യവും ഭാവവിശാലതയും?
മരിച്ചാൽ കിട്ടുന്ന ഉദകക്രിയയുടെ വൈപുല്യം ജീവിതത്തിലെ കേമത്തത്തിന്റെ സൂചനയായിരിക്കാം. അതുകൊണ്ടാകാം ബെർണാർഡ് ഷാ പഴയ മൊഴിയെ തിരുത്തി: മരണം എല്ലാവരെയും സമീകരിക്കുകയല്ല, ആളുകൾ തമ്മിലുള്ള അന്തരം തെളിയിക്കുകയാണെന്ന്. ആർ മരിച്ചാൽ എത്ര കാളം വാർത്ത വരും? എത്ര ആചാരവെടി മുഴങ്ങും? എത്ര പ്രതിമകൾ കെട്ടിപ്പൊക്കും? ഇതൊക്കെ ഉണ്ടായാലും എത്ര പേർ എത്ര നാൾ ഓർമ്മിക്കപ്പെടും? ഒന്നു രണ്ടു ദിവസം കഴിഞ്ഞാൽ മറക്കപ്പെടാവുന്നതേ ഉള്ളു മിക്കവരുടെയും മഹത്വം എന്നറിയുന്നവർ ചുരുക്കം.
അവരിലൊരാൾ, കുഞ്ഞുണ്ണി മാഷ്, പറഞ്ഞു: ഞാൻ ഉണർന്നപ്പോൾ എന്നെ കണ്ടില്ല, ഭാഗ്യം, ഭാഗ്യം!
No comments:
Post a Comment