Tuesday, February 19, 2013

അനാഥത്വത്തിന്റെ അനുഭവം








അനാഥത്വത്തിന്റെ അനുഭവം



അഖില വാര്യരോട് സാമാന്യമര്യാദയുടെ പേരിൽ ചോദിച്ചതേയുള്ളു. പക്ഷേ അത് ഉള്ളിൽ പടർന്നുകയറിയ തീ കൊളുത്താൻ പോന്നതയായിരുന്നു.  ഞങ്ങളുടെ മുറി കാണിച്ചു തന്ന അഖിലയോട് നന്ദി പറന്ന്യുന്ന കൂട്ടത്തിൽ ഇത്ര കൂടി ചോദിച്ചു: “എവിടെയാണ് വീട്?”  മറുപടി മറിച്ചൊരു രീതിയിലായിരുന്നു: “വളർന്നത് അധികവും മൈസൂറിലായിരുന്നു.”  “അഛന് അവിടെയായിരുന്നോ ജോലി?” “ജനിച്ച സ്ഥലം എന്നു പറഞ്ഞാൽ കോഴിക്കോട്ടെ ഗോവിന്ദപുരമാകും.”  

ഗോവിന്ദപുരമോ?  നാല്പതു കൊല്ലം മുമ്പ് ഞാൻ താമസിച്ച അതേ ഗോവിന്ദപുരമോ?  പുതിയപാലം എന്നറിയപ്പെടുന്ന പഴയ പാലം കടന്നെത്തുന്ന ഗ്രാമമായ പുരം.  പുതിയപാലം തന്നെ പോയി അവിടെയൊക്കെ നാലുചക്രവാഹനങ്ങൾക്ക് പോകാവുന്ന സ്ഥിതിയായിട്ടുതന്നെ ഏറെക്കാലമായെന്നു കേട്ടു.  കഴിഞ്ഞ തവണ കോഴിക്കോട്ടു പോയപ്പോൾ തളി വരെ പോയെങ്കിലും ഗോവിന്ദപുരത്തെത്തിയില്ല.  ആ ചിന്ത അനാഥമായി ഉള്ളിൽ കിടക്കുമ്പോഴായിരുന്നു ഗോവിന്ദപുരത്തുകാരി അഖില വാര്യരുമായി സംസാരിക്കാനുണ്ടായ അവസരം.

കോയമ്പത്തൂരിൽനിന്ന് മുപ്പതു കിലോമീറ്റർ അകലെ സുലൂരിൽ പതിനഞ്ചുകൊല്ലം മുമ്പ് സ്ഥാപിക്കപ്പെട്ട മൈക്കേൽ ജോബ് സെന്ററിലെ കോളേജിൽ ബിരുദവിദ്യാർഥിനിയാണ് അഖില.  സംസാരം ഒരു ഘട്ടമെത്തിയപ്പോൾ എന്തുകൊണ്ടോ എനിക്കു തോന്നി, ഇനി കൂടുതൽ ചുഴിഞ്ഞറിയാൻ നോക്കേണ്ട.  അടുത്ത ദിവസം കാണാൻ വരുന്ന അഛനമ്മമാരോടുകൂടി മംഗളം പറയാൻ ഏല്പിച്ചിട്ട് ഞാൻ മറ്റുകാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.  

തന്റെ പേരിൽ ഇങ്ങനെ ഒരു സ്ഥാപനം ഉയരുമെന്ന് മൈക്കേൽ ജോബ് കരുതിയിരിക്കില്ല മരിക്കുമ്പോൾ.  ഡൽഹിയിൽ ഏതോ വാഹനം ഇടിച്ചു വീണു മരിക്കുകയായിരുന്നു മൈക്കേൽ.  അതിനെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങൾ ഇനിയും മാഞ്ഞിട്ടില്ല.  അനന്തമായി ആവർത്തിച്ചുകൊണ്ടിരുന്നിട്ടും ദുരൂഹമായി തുടരുന്ന മരണത്തെപ്പറ്റി കത്തിപ്പടർന്ന എന്റെ ആലോചനക്ക് നാഥനില്ലായിരുന്നു.  തണുത്തുറഞ്ഞ ഡൽഹിയിലെ രാത്രിയിൽ, മൈക്കേൽ ജോബ് മരണത്തിലേക്ക് വീണ മണിക്കൂറുകൾ സനാഥമായിരുന്നോ?  ഏതായാലും തന്റെ മരണത്തിലൂടെ, നൂറു കണക്കിനു ജന്മങ്ങൾ സനാഥമാക്കാനുള്ള സംരംഭത്തിനു കാരണമാകുകയായിരുന്നു മൈക്കേൽ.  

മൈക്കേലിന്റെ അഛൻ ജോബ് ഉപദേശി ആയിരുന്നു.  നന്മയുടെ സന്ദേശം പറഞ്ഞു നടന്ന അദ്ദേഹത്തിന്റെ രണ്ടു മക്കളും അപകടത്തിൽ മരിച്ചു.  ആദ്യം മൈക്കേൽ, പിന്നെ ജോൺ.  ഒടുവിൽ “മുരളീരാഗമധുരമുഖനാം ഒരു യാത്രികൻ” എന്ന് ജി ശങ്കരക്കുറുപ്പ് വിശേഷിപ്പിച്ച മരണം ജോബിനെയും കീഴ്പ്പെടുത്തി.  ജിയുടെ വിശേഷണം ജോബ് അംഗീകരിച്ചിരുന്നോ എന്നറിയില്ല.  കവിതയിൽ കേറ്റിച്ചൊല്ലാമെന്നല്ലാതെ അങ്ങനെയൊരു രാഗമാധുര്യമൊക്കെ മരണത്തിനുണ്ടോ?  ഒരുപക്ഷേ ഉണ്ടാവാം, മൈക്കേൽ ജോബ് സെന്ററിൽ അഭയം കണ്ടെത്തുന്നവരെപ്പോലുള്ളവരിൽ, ജീവിതം തീർത്തും അനാഥമാണെന്ന ഭയം പുകഞ്ഞുപടരുമ്പോൾ.

സുലൂരിൽ ചെറുതായി തുടങ്ങിയ മൈക്കേൽ ജോബ് സെന്റർ അടുത്തുള്ള അമ്പതേക്കറിലേക്കും ഏതാനും കെട്ടിടങ്ങളിലേക്കും വളരാൻ പത്തു പന്ത്രണ്ടു കൊല്ലമെടുത്തു.  സ്കൂൾ പ്രായമാകാത്തവരും ബിരുദാനന്തരബിരുദത്തിനുവേണ്ടി പഠിക്കുന്നവരും അവിടെയുണ്ട്.  പുറമേ താമസിച്ച് ഫീസ് കൊടുത്ത് പഠിക്കാൻ എത്തു ഭാഗ്യശാലികൾ ഒരു വിഭാഗം.  അഛനും അമ്മയും  ആരെന്നറിയാതെ പോകുന്നതുമുതൽ പല തലത്തിലുള്ള അനാഥത്വം അനുഭവിക്കുന്ന വിദ്യാർഥികൾ വേറൊരു വിഭാഗം.  ഒരർഥത്തിൽ പരമമായ പ്രപഞ്ചകാരുണ്യം അറിയാൻ പോന്ന ഭാഗ്യം ചെയ്തവരാണ് അവരെന്നും പറയാം.  പക്ഷേ അതൊക്കെ അവരുടെ കഥയിലെ ദൈന്യം സഹനീയമാക്കാനുള്ള സർഗ്ഗസംവാദമേ ആകൂ.

ഗുരുവായൂർക്കു പോകുന്ന വഴിയിൽ, ഉണ്ടത്തെച്ചി ഇടതൂർന്നു വളരുന്ന മുറ്റത്തോടുകൂടിയ കന്യാസ്ത്രീമഠത്തിന്റെ അനുബന്ധമായി ഒരു അനാഥാലയം ഉണ്ടായിരുന്നു.  അതായിരുന്നു ഞാൻ കണ്ട ആദ്യത്തെ അനാഥാലയം.  ആലയം എന്ന വാക്കുപോലെ അപരിചിതമായിരുന്നു അന്നൊക്കെ അനാഥത്വത്തിന്റെ അനുഭവവും.  കല്യാണം കഴിക്കാത്ത അമ്മുക്കുട്ടിയുടെ മകൻ, അമ്മയുള്ളതുകൊണ്ട്, തീർത്തും അനാഥനായിരുന്നില്ല.  എന്നാലും അഛന്റെ പേരു പറയാൻ അവസരം വരുമ്പോൾ കൊഞ്ഞനം കാട്ടിയോ മുഖം കുനിച്ചോ നിൽക്കേണ്ടിവരുന്നവരുടെ രോഷവും വിഷമവും അന്നും എന്നിൽ വിഷം വിതച്ചിരുന്നു.  തന്റെ മകന്റെ അഛൻ ആരാണെന്ന് ഉറപ്പുവരുത്താൻ കേസ്സു കൊടുത്ത് തോറ്റുപോയ സ്ത്രീ എന്നും എന്നെ അലോസരപ്പെടുത്തി. കല്യാണത്തിന്റെ കുറി അടിക്കുമ്പോൾ അഛന്റെ പേരിൽ ആകണമെന്നു മാത്രം ആഗ്രഹിച്ച അകനെ തള്ളിപ്പറഞ്ഞ അഛൻ ഹജൂരാപ്പീസ്സിലെ പൊക്കം കൂടിയ കസാരയിൽ ഞെളിഞ്ഞിരിക്കുന്നത് ഞാൻ കണ്ടു.

അവരുടെ അവസ്ഥയോട് ഇട തട്ടിക്കാവുന്നതല്ല മദർ തെരേസയുടെ അനുയായികൾ തിരുവനന്തപുരത്ത് സർവകലാശാലക്കടുത്തു നടത്തുന്ന സ്ഥാപനത്തിലെ കുട്ടികളുടേത്.  ഒരു ദിവസം അവരെ കാണാൻ ഞങ്ങൾ പോയി. നിര നിരയായി ഇട്ടിട്ടുള്ള തൊട്ടിലുകളിൽ കയ്യും കാലും ഇട്ടടിക്കുന്ന കുരുന്നുകൾ.  പ്രസവം കഴിഞ്ഞ് ആസ്പത്രിയിൽനിന്നോ വീട്ടിൽനിന്നോ നേരേ ആ സ്ഥാപനത്തിലെത്തിക്കപ്പെടുന്നവരായിരുന്നു ആ കുരുന്നുകൾ.  മനുഷ്യർ ഉപേക്ഷിച്ചുപോയ ആ കുർന്നുജീവനുകളെ സനാഥമാക്കുന്നതാണ് മദർ തെരേസയുടെ അനുയായികളുടെ അവിടാത്തെ ദൌത്യം.  ഏറെ കുട്ടികൾക്കും നാഥന്മാരായി ആരെങ്കിലും എത്തും.  എന്നുവെച്ചാൽ ആരെങ്കിലും അവരെ ദത്തെടുക്കും.  രണ്ടു മാസത്തിനുള്ളിൽ ദത്തെടുത്തുപോകുന്നവരാകും ഏറെയും.  ദത്തെടുക്കാൻ വൈകിയാൽ എന്തെങ്കിലും പോരായ്മ ഉണ്ടെന്നു കരുതാം.  അവർ മദർ തെരേസയുടെ കാരുണ്യത്തിൽ അവിടെത്തന്നെ കഴിഞ്ഞുകൂടുന്നു.  

അങ്ങനെ അനാഥമായോ ദത്തെടുക്കപ്പെട്ടോ  വളർന്നു വരുന്ന കുട്ടികൾ എങ്ങനെ ചിന്തിക്കുന്നു, എങ്ങനെ പെരുമാറുന്നു, എങ്ങനെ സമൂഹത്തിനു വേണ്ടതെന്തെങ്കിലും ചെയ്യുന്നു എന്ന്  അന്വേഷിച്ചറിയുന്നത് കൌതുകമായിരിക്കും.  അവരുടെ മനശ്ശാസ്ത്രം രൂപപ്പെടുന്നത് എങ്ങനെ എന്നറിയുന്നത് സമൂഹത്തിനെ ആവശ്യമായിരിക്കും.  അവരുടെ സ്വകാര്യതകളെ ഒട്ടും മുറിപ്പെടുത്താതെ, അനാഥരെന്നു നാം ഒട്ടൊക്കെ അനുതാപത്തോടെ വിളിക്കുന്ന ആളുകളുടെ രീതി മനസ്സിലാക്കാൻ പഠനം വേണം.  അങ്ങനെ ഒരു നിർദ്ദേശം ഉന്നയിക്കുമ്പോൾത്തന്നെ അതിനെതിരെ ഉന്നയിക്കാവുന്ന വാദവും മനസ്സിൽ വരുന്നു.  ലോകത്തിലെ ഏറ്റവും അധികം മൂല്യവർദ്ധനവു നേടിയ കമ്പ്യൂട്ടർസ്ഥാപനമായ ആപ്പിളീന്റെ സ്ഥാപകൻ സ്റ്റീവ് ജോബ് സ്  ദത്തെടുക്കപ്പെട്ട കുട്ടിയായിരുന്നു.  തന്നെ വളർത്തിയവർ ജീവശാസ്ത്രീയമായി തന്റെ മാതാപിതാക്കളല്ലെന്ന് സ്റ്റീവ് നേരത്തേ മനസ്സിലാക്കിയിരുന്നു.  അതൊന്നും ധിഷണയുടെ മണ്ഡലത്തിൽ സ്റ്റീവ് നടത്തിയ അശ്വമേധത്തിനു തടസ്സമല്ലായിരുന്നു.  പിന്നെ, നാമൊക്കെ സ്തുതിക്കുന്ന മാതൃത്വത്തിന്റെ പാവനത്വം പോലും സമൂഹശാസ്ത്രീയമായ ശീലം മാത്രമണെന്നു വാദിക്കുന്നു ഒരു കൂട്ടം സ്ത്രീവാദികൾ.  അവരുടെ നോട്ടത്തിൽ അനാഥത്വം പ്രശ്നമായേക്കില്ല.

പക്ഷേ അതു പ്രശ്നം തന്നെയാണെന്നറിയണമെങ്കിൽ മൈക്കേൽ ജോബ് സെന്ററിലേതുപോലുള്ള കുട്ടികളുമായി ഇടപഴകണം.  അതായിരിക്കുന്നു ഏണസ്റ്റ് & യങ് എന്ന ആഗോളസ്ഥാപനത്തിൽ ഉയർന്ന ഉദ്യോഗത്തിലിരിക്കുന്ന തമ്പി കോശിയുടെ നിയോഗം.  പെങ്ങളുടെ ഭർതാവായ ജോബ് മരിച്ചപ്പോൾ അനാഥമായ അനാഥാലയവും അനുബന്ധസ്ഥാപനങ്ങളും കൊണ്ടുനടത്തുക തമ്പി കോശിയുടെ ജോലിയായി.  എഞ്ചിനീയറിം ബിരുദവും മാനേജ്മെന്റ് ബിരുദാനന്തരബിരുദവും പകരുന്നതിൽനിന്നു വ്യത്യസ്തമായ യോഗ്യത വേണ്ടതാണ് ആ ജോലി. പേരറിയാത്ത എത്രയോ മനുഷ്യാത്മാക്കൾക്ക് ഒരു വിധം സനാഥത്വം പകരുന്ന ജോലിയും ആഗോളസ്ഥാപനത്തിന്റെ ബിസിനസ്സും തമ്മിൽ അദ്ദേഹം തന്റെ സമയം പങ്കുവെക്കുന്നു.  കൂട്ടിനായി സതീർഥ്യരായ രണ്ടു മാനേജ്മെന്റ് വിദഗ്ധരെയും ചേർത്തു:  സജുവും മാത്യുവും.  കുട്ടികളെ നോക്കുന്ന ജോലിയുടെ വലുപ്പവും വൈവിധ്യവും മാനേജ് മെന്റ് ശാസ്ത്രത്തിന്റെ പരിധിയിൽ ഒതുങ്ങുന്നതല്ലെന്ന് അവർ അറിയുന്നു.  

No comments: