Tuesday, February 19, 2013

എല്ലാവർക്കും എന്തൊരു വിരോധം!




എല്ലാവർക്കും എന്തൊരു വിരോധം!



എല്ലാം ചിട്ടയോടെ നടക്കുന്നുവെന്നും വരാനിരിക്കുന്നതെല്ലാം നേരത്തേ നിഴൽ വീഴ്ത്തുമെന്നും വിശ്വസിക്കാനാണ് നമുക്ക് ഇഷ്ടം.  ആ ചിട്ട മനസ്സിലാക്കാനും വരാൻ പോകുന്നതൊക്കെ മുൻകൂട്ടി കണ്ടറിയാനുമുള്ള ശ്രമത്തിൽ നാം എന്നും മുഴുകിയിരിക്കുന്നു.  എന്നാലും ചില കാര്യങ്ങൾ, നല്ലതും ചീത്തയുമായ കാര്യങ്ങൾ, തമാശ തോന്നിക്കുന്ന കാര്യങ്ങൾ, അത്ഭുതവും അങ്കലാപ്പും ഉണ്ടാക്കുന്ന കാര്യങ്ങൾ, മുന്നറിയിപ്പൊന്നുമില്ലാതെ, പൊടുന്നനവേ, സംഭവിക്കുന്നു.  

ഒരു ഉദാഹരണം പറയട്ടെ.  നിങ്ങൾ എന്നെ കടത്തിവെട്ടി പറയുമായിരിക്കും: സുനാമി.  ശരി.  പക്ഷേ വേറൊന്നാണ് എന്റെ മനസ്സിൽ.  സുനാമിയുടെ ആകസ്മികതയോടെ, എന്നാൽ നമുക്ക് കുറെക്കൂടി അടുത്ത്, ഉണ്ടായതാണ് അണ്ണ ഹസാരെ.  വ്യാകരണം തെറ്റിപ്പറയുന്നതല്ല, അണ്ണ ഹസാരെ അതു തന്നെ, വെറുമൊരാളല്ല, വലിയ ഒരു സംഭവം.  വിശേഷിച്ചൊരു മുന്നറിയിപ്പുമില്ലാതെ ഈയിടെ നമുക്കിടയിൽ പൊട്ടിത്തെറിച്ച ഒരു സംഭവം.

നാലാന്നാൾ വരെ അണ്ണ ഹസാരെ അങ്ങകലെ ആകാശവീഥിയിൽ മങ്ങിയും മറഞ്ഞും കണ്ടിരുന്ന ഒരു സാന്നിധ്യമായിരുന്നു.  പേരു തന്നെ മിക്കവർക്കും ശരിക്കു പറയാൻ അറിയുമായിരുന്നില്ല.  ഒരു ദിവസം അതൊരു വീട്ടുപേരായി.  അണ്ണ ഹസാരെയെ അറിയാത്തവരും അഴിമതിയെ വെറുക്കാത്തവരും ആയി ആരുമില്ലാതായി.  എത്രയോ കാലത്തെ പരിശ്രമം വേണ്ടി വന്നു ഗാന്ധിക്ക് നിസ്സഹകരണവും സത്യഗ്രഹവുമൊക്കെ ഒരു സംഭവമാക്കാൻ.  അഴിമതിക്കെതിരെ ഒരു പ്രസ്ഥാനം ജനപ്രിയമാക്കാൻ ജയപ്രകാശ് നാരായണനും വേണ്ടി വന്നു ഏറെക്കാലം.  വന്നു, കണ്ടു, കീഴടക്കി എന്നതൊക്കെ സീസർക്കേ പറഞ്ഞിട്ടുള്ളു.  ഒന്നു തിരുത്തിക്കൂട്ടെ, അണ്ണ ഹസാരെക്കും.

സത്യഗ്രഹത്തിനുമുമ്പ് ഗാന്ധി ഏറെ തയ്യാറെടുപ്പ് നടത്തിയിരുന്നു.  തന്നെത്തന്നെ തയ്യാറാക്കണം; ഒരു ജനകീയസാഹചര്യവും തയ്യാറാക്കിയെടുക്കണം.  എന്നിട്ടേ അദ്ദേഹം സത്യഗ്രഹം തുടങ്ങിയിരുന്നുള്ളു.  ഗാന്ധിയുടെ മുപ്പതോളം സത്യഗ്രഹങ്ങളിൽ മൂന്നിലൊന്ന് ആത്മശുദ്ധിക്കുവേണ്ടിയായിരുന്നു.  വേറൊരു മൂന്നിലൊന്ന് സമൂഹത്തിലെ ദുർമര്യദകൾക്കെതിരെയും.  മൂന്നാമത്തെ മൂന്നിലൊന്നു മാത്രമായിരുന്നു ബ്രിട്ടിഷ് രാജിനെതിരെയെന്ന്, മഹാത്മാവിന്റെ പൌത്രനായ ഗോപാൽകൃഷ്ണ ഗാന്ധിയുടെ പിൻബലത്തോടെ, ഇവിടെ പറഞ്ഞുവെക്കട്ടെ.  

കളിയാക്കുകയല്ല, അണ്ണ ഹസാരെയുടെ നിരാഹാരപ്രഖ്യാപനത്തിന് അങ്ങനെയൊരു നീണ്ട സജ്ജീകരണമൊന്നും വേണ്ടിയിരുന്നില്ല.  ഒരു ദിവസം അദ്ദേഹം തീരുമാനിച്ചു, പ്രഖ്യാപിച്ചു, സീസറെപ്പോലെ, ജനമാനസം കീഴടക്കി.  ഇത്ര ചുരുങ്ങിയ കാലംകൊണ്ട്  ഇത്രയേറെ ജനപ്രിയം നേടിയ ഒരു അഴിമതിസമരം നടന്നതായി ചരിത്രം ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.  കത്തു വഴിയും പ്രസ്താവന വഴിയും ഫേസ്ബൂക് വഴിയും ട്വിറ്റർ വഴിയും നേരിട്ടും അണ്ണ ഹസാരെയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചവരുടെ എണ്ണം തിട്ടപ്പെടുത്താനാവില്ല.  ആയിരക്കണക്കിനാളുകൾ ദിവസേന അണി നിരക്കുകയായിരുന്നു, വർഗ്ഗഭേദമെന്യേ, വംശഭേദമെന്യേ.   അതായിരുന്നു അത്ഭുതം.

ഇത്രയേറെ ആളുകൾ അഴിമതിക്കെതിരാണെന്ന് ഞാൻ കരുതിയിരുന്നില്ല.  അണ്ണ ഹസാരെയെപ്പോലെ ചിലർ കാണും, അഴിമതിയെ വെറുക്കുകയും എതിർക്കുകയും ചെയ്യുന്നവർ.  വേറെ കുറെപ്പേർ വാക്കാൽ എതിർക്കുകയും കർമ്മവശാൽ അഴിമതിയിൽ പങ്കു കൊള്ളുകയും ചെയ്യുന്നവരാകും.  ഏറെപ്പേരും എല്ലാവർക്കും അണ്ണ ഹസാരെയാകാൻ പറ്റുമോ എന്ന ചോദ്യവുമായി ചെറുതും വലുതുമായ അഴിമതിയുമായി സമരസപ്പെട്ടുകൊണ്ടു സുഖിച്ചു കഴിയും.  അതായിരുന്നു നാലാന്നാൾ വരെ എന്റെ ധാരണ.  സിനിമാ നടികളും സാധാരണക്കാരും കോടീശ്വരന്മാരും വ്യവസായികളും അടുത്തൂൺ പറ്റിയ ധ്വരമാരും വക്കീൽമാരും മറ്റു പല വേൻദ്രന്മാരും മേത്തരം കാറുകളിലും കൃത്യാന്തരബാഹുല്യത്തിനിടയിലും  അണ്ണ ഹസാരെയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിറങ്ങിയതോടെ ആ ധാരണ മാറി.  അഴിമതിക്കെതിരല്ലാത്തവരായി നമ്മുടെ ഇടയിൽ ആരുമില്ല.  ശാന്തം പാപം!

ജയപ്രകാശ് നാരായൺ ജവാഹർലാൽ നെഹ്രുവിന്റെ സമകാലികനായിരുന്നു.  ഒട്ടൊക്കെ സമശീർഷനുമായിരുന്നു.  ജെപി എന്ന് അറിയപ്പെടുകയും പിന്നീട് ലോകനായകൻ എന്നു നാമകരണം ചെയ്യപ്പെടുകയും ചെയ്ത ജയപ്രകാശ് നടത്തിയ സമരം നെഹ്രുവിന്റെ മകളുടെ കാലത്ത് കൊടികുത്തിയ അഴിമതിക്കെതിരെ ആയിരുന്നു.  പിന്നീട് ഭാരതീയ ജനത പാർട്ടി ആയി മാറിയ വിഭാഗം അതിനെ നന്നായി മുതലാക്കി.  അന്നും അഴിമതിയെ വെറുക്കാത്തവരായി ആരുമില്ലെന്നു തോന്നി.  പക്ഷേ ആ സമരം വഴി ജെപി തുടങ്ങാൻ ഉദ്ദേശിച്ച പ്രസ്ഥാനത്തിന്റെ പേരുപോലും എല്ലാവരും മറന്നു കഴിഞ്ഞിരിക്കുന്നു.  തന്റെ ലക്ഷ്യത്തെ അദ്ദേഹം വിളിച്ചത് സമ്പൂർണവിപ്ലവം എന്നായിരുന്നു.

അണ്ണ ഹസാരെയുടെ സമരം തുടങ്ങുന്നതിനുമുമ്പുതന്നെ ഇന്ത്യയെ ശുദ്ധീകരിക്കാൻ കൂപ്പുകൂട്ടിയിരുന്ന ഒരാളെപ്പറ്റി ഞാൻ കഴിഞ്ഞ ദിവസം വായിക്കാനിടയായി.  ശാരീരികവും മാനസികവുമായ സ്വാസ്ഥ്യത്തിനുവേണ്ടിയുള്ള പ്രവർത്തനത്തിലായിരുന്നു അതുവരെ അദ്ദേഹത്തിന്റെ ശ്രദ്ധ.  യോഗാഭ്യാസം വഴി മനസ്സിനെയും ശരീരത്തെയും ക്രിയാത്മകമാക്കാനുള്ള സ്വാമി രാം ദേവിന്റെ യത്നത്തിന് ലോകതലസ്ഥാനങ്ങളിൽ പങ്കളികൾ ഉണ്ടായിരിക്കുന്നുവത്രേ.  സ്വാമി രാം ദേവ് അഴിമതിക്കെതിരെ തുടങ്ങാനിരുന്ന സമരത്തെ അനുകൂലിക്കുന്നവരിൽ അണ്ണ ഹസാരെയും ഉണ്ടായിരുന്നതായി വായിച്ചു.  അതിനിടയിലായിരുന്നു അണ്ണ ഹസാരെയുടെ തന്നെ, ഏറെ നീളും മുമ്പേ അവസാനിപ്പിച്ച, നിരാഹാരസമരം.  എല്ലാവരും അനുകൂലിക്കുകയും, കുറെപ്പേർ വാഴ്ത്തുകയും ചെയ്ത ആ സമരത്തിനൊടുവിൽ അണ്ണ, നരേന്ദ്ര മോഡിക്ക് യോഗ്യതാപത്രം നൽകിയതോടെ
ചിലരൊക്കെ പരുങ്ങലിലായി.  നാമെല്ലാം എതിരായിട്ടും അഴിമതി ഇല്ലാതാകുന്നില്ലല്ലോ എന്നതാണ് ഇനിയും മനസ്സിലാകാത്ത കാര്യം.

ഇതു പോലെ മനസ്സിലാകാത്ത ഒരു സംഭവം ഉണ്ടായതായി ഓർക്കുന്നു പത്തു പതിനഞ്ചൂ കൊല്ലം മുമ്പ്.  നാടു മുഴുവൻ ഒരു സംഭവം ഇത്ര പെട്ടെന്ന് പാട്ടായ ചരിത്രമില്ല.  ഉറക്കം തൂങ്ങിയ ഒരു ദിവസം എന്റെ ഒരു സ്നേഹിതൻ ഡൽഹിയിൽനിന്ന് വിളിച്ചു ചോദിക്കുകയായിരുന്നു: “കേട്ടില്ലേ, ഗണപതി പാലു കുടിക്കുന്നു.  ശരി തന്നെയത്രേ....” ഞാൻ കേട്ടിരുന്നില്ല, കണ്ടിരുന്നുമില്ല.  പിന്നെ കേൾക്കാൻ തുടങ്ങി, ഗണപതി പാലു കുടിച്ചുവെന്നും, കുടിച്ചുവോ, കുടിച്ചെങ്കിൽ എങ്ങനെ കുടിച്ചു  എന്നു ചിലർ പരിശോധിച്ചറിഞ്ഞുവെന്നും, ബി ബി സി വരെ അതു റിപ്പോർട് ചെയ്തിരിക്കുന്നുവെന്നും ഒക്കെ കേൾക്കാൻ തുടങ്ങി.  ബി ബി സി റിപ്പോർട് ചെയ്തെങ്കിൽ പിന്നെ ഗണപതിക്ക് പാൽ കുടിക്കാതിരിക്കാൻ കഴിയില്ലല്ലോ എന്നായി അതുവരെ ഒന്നും കേൾക്കാതിരുന്ന മറ്റു ചിലർ.  മോദകവും കദളിപ്പഴവും ഇഷ്ടമുള്ള ഗണപതി പാലും പ്രിയപാനീയമാക്കിയോ എന്നായിരുന്നു എന്റെ അന്വ്വേഷണം.  ഏതായാലും ഒരു ദിവസം കൊണ്ട്, ഏതാനും മണിക്കൂറുകൊണ്ട്, ഒരു കിവദന്തി വലിയൊരു നാടു മുഴുവൻ പടർന്ന വിശ്വാസമായി മാറുന്നത് അപൂർവസംഭവമായിരുന്നു.  

അതിനും മുമ്പായിരുന്നു ഒരു കണ്ടുപിടുത്തത്തിന്റെ വാർത്ത നാടെമ്പാടും രായ്ക്കുരാമാനം പടർന്നുകയറിയ സംഭവം.  മാതൃഭൂമിയിലെ പി  രാജനും കാർഷിക കോളെജിലെ തോമസ് വർഗീസും ഞാനും ഒരു വൈകുന്നേരം ആ കണ്ടുപിടുത്തത്തെപ്പറ്റി കേൾക്കാൻ പോയി.  ചോദ്യം ചെയ്യപ്പെടാൻ വയ്യാത്തതെന്ന മട്ടിലായിരുന്നു അതിന്റെ അവതരണം.  അതുകൊണ്ട് ചോദ്യം മതിയാക്കി ഞാൻ കേട്ടിരുന്നു.  ഒരു എണ്ണ കാച്ചിയെടുത്തിരിക്കുന്നു, അതു തേച്ചാൽ മുടി വളരുമെന്നു കണ്ടിരിക്കുന്നു! നീലിഭൃംഗാദി തേച്ചാൽ മുടി കൊഴിച്ചിൽ കുറയുമെന്ന് എന്റെ അമ്മ പറഞ്ഞിരുന്നല്ലോ എന്നു ഓർത്തപ്പോൾ കഥയിൽ ചോദ്യം പാടില്ലെന്ന് ആരോ എന്നെ ഓർമ്മപ്പെടുത്തി.

ഞാൻ ഓർത്തു.  ദേവതകളും മനുഷ്യരും തമ്മിലുള്ള മുഖ്യവ്യത്യാസം മുടിയുമായി ബന്ധപ്പെട്ടിരിക്കുന്നു.  മനുഷ്യരെ കഷണ്ടി ബാധിക്കും.  ദേവതകളെ ജരാനരയും മുടി കൊഴിച്ചിലും ബാധിക്കില്ല.  എന്റെ സ്നേഹിതൻ കാച്ചിയെടുത്തിരിക്കുന്ന എണ്ണ തേച്ചാൽ വരണ്ട മണ്ടയിലും മുടി വളരും.  അതോടുകൂടി മനുഷ്യന്റെ പദവി ഉയരും.  മനുഷ്യന് അമരത്വം നൽകുന്ന കണ്ടുപിടുത്തം എന്നൊരു അപ്രസ്തുതപ്രശംസയോടെ ഞാൻ എഴുതാൻ ഉദ്ദേശിച്ച ലേഖനം അല്പം വൈകിപ്പോയി.  അക്ഷമനായ കണ്ടുപിടുത്തക്കാരൻ വേറൊരു ലേഖകനെ വിളിച്ച് വാർത്ത ചോർത്തി.  “കഷണ്ടിക്ക് മരുന്ന്” എന്ന വെണ്ടക്കയോടുകൂടി വന്ന വാർത്ത ഇന്ത്യ മുഴുവൻ പരന്നത് ഒരാഴ്ചകൊണ്ടായിരുന്നു.  പിന്നെ എണ്ണ പര്യവേക്ഷണത്തിനായി നാനാജാതിമതസ്ഥരായ ആളുകൾ നാടിന്റെ നാനാഭാഗങ്ങളിൽനിന്നും അംബുജവിലാസം റോഡിലേക്ക് ഇരച്ചുകയറുകയായിരുന്നു.  എത്ര മുടി എവിടെയൊക്കെ വളർന്നുവെന്ന് ആർക്കും കണക്കു വെക്കാൻ നേരമുണ്ടായിരുന്നില്ല.

കാതലായ പ്രശ്നം ഇവിടെ അതല്ല.  ആർ എന്ത് എത്ര വേഗം എന്തുകൊണ്ട് വിശ്വസിക്കുന്നു?  നല്ലതെന്നു നാം കരുതുന്ന പല കാര്യങ്ങളും ആളുകൾ നേരെയങ്ങു വിഴുങ്ങാത്തതുകൊണ്ട്, ബോധവൽക്കരണം ദുഷ്കരമാകുന്നതും അതിനുവേണ്ടി പുതിയ സങ്കേതങ്ങൾ ആവിഷ്ക്കരിക്കേണ്ടിവരുന്നതും നാം ദിവസേന കാണുന്നതാണല്ലോ.  നികുതി കൊടുക്കണമെന്നും പുക വലിക്കരുതെന്നും ഇടതു വശം ചേർന്നു നടക്കണമെന്നുമൊക്കെ ആളുകളെ പറഞ്ഞു മനസ്സിലാക്കാനുള്ള പാട് ബോധവൽക്കരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കൊക്കെ അറിയാം.  അവർ അതിനു മെനക്കെട്ടുകൊണ്ടിരിക്കുമ്പോൾ ഇതാ വരുന്നു, അഴിമതിക്കെതിരെയുള്ള അണ്ണ ഹസാരെയുടെ സമരവും അഹംഹമികയാ അതിനെ പിൻതാങ്ങാനുള്ള ആളുകളുടെ ഇരച്ചുകയറ്റവും! എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്ന് ആരറിഞ്ഞു!

No comments: